

ചൈനയിൽ സേവനമനുഷ്ഠിച്ച ജെസ്വിട്ട് മിഷനറിയും ശാസ്ത്രജ്ഞനുമായിരുന്നു പോളണ്ടിൽ നിന്നുള്ള മിക്കാൾ പിയോതർ ബോയും. ചൈനീസ് വൻകരയുടെ ഉൾഭാഗങ്ങളിൽ സഞ്ചരിച്ച ആദ്യ പാശ്ചാത്യനാണ് അദ്ദേഹം. ഏഷ്യയിലെ ജന്തു-സസ്യജാലങ്ങളെക്കുറിച്ചും ഭൂപ്രകൃതിയെക്കുറിച്ചും അദ്ദേഹം അനേകം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1670 ൽ പ്രസിദ്ധീകരിച്ചിരിക്കുന്ന ചൈനീസ് നിഘണ്ടു അദ്ദേഹത്തിന്റെ പേരിലാണ് അറിയപ്പെടുന്നത്.
പോളണ്ടിലെ ലവോവ് (Lwów) നഗരത്തിൽ എ. ഡി. 1614 ലാണ് മിക്കാൾ പിയോതർ ബോയും ജനിച്ചത് (ഇന്ന് ഈ നഗരം ഉക്രൈൻ രാജ്യത്തിന്റെ ഭാഗമാണ്). അദ്ദേഹത്തിന്റെ പിതാമഹൻ ജേർസി ബോയും ഹംഗറിയിലെ രാജാവ് സ്റ്റീഫന്റെ സഹായിയായി പോളണ്ടിലേക്കു വരികയും പിന്നീട് അവിടെ സ്ഥിരതാമസമാക്കുകയും ചെയ്തതാണ്. അദ്ദേഹത്തിന്റെ പിതാവ് പോളണ്ടിലെ രാജാവായിരുന്ന സിജിസ്മുണ്ട് മൂന്നാമന്റെ രാജസദസ്സിലെ പ്രധാന ഡോക്ടർ ആയിരുന്നു. മിക്കാളിന്റെ മറ്റൊരു സഹോദരൻ ബെനഡിക്റ്റും ജെസ്വിട്ട് സന്യാസ സഭയിലെ അംഗമായിരുന്നു.
1631 ൽ മിക്കാൾ പിയോതർ ബോയും ക്രാക്കോവിലെ ജെസ്വിട്ട് ആശ്രമത്തിൽ ചേർന്നു. ഇവിടെവച്ച് ഒരു വൈദികനായതിനുശേഷവും അദ്ദേഹം തന്റെ പഠനം തുടരുകയും 1643 ൽ മിഷൻ പ്രവർത്തനത്തിനായി ഏഷ്യയിലേക്ക് തിരിക്കുകയും ചെയ്തു. ആദ്യം റോമിലെത്തി അർബൻ എട്ടാമൻ മാർപാപ്പയുടെ അനുഗ്രഹം വാങ്ങി അവിടെനിന്നും ലിസ്ബണിൽ എത്തി. ഇവിടെനിന്നും മറ്റു അഞ്ച് വൈദികരോടൊത്ത് ഗോവയിലേക്കും തുടർന്ന് മക്കാവിലേക്കും യാത്ര ചെയ്തു. മക്കാവിലെ സെന്റ് പോൾ കോളേജിൽ അധ്യാപനം നടത്തുകയും ഹൈനാൻ ദ്വീപിൽ ഒരു മിഷൻ ആരംഭിക്കുകയും ചെയ്തു. 1649 ൽ മിക്കാളിനെ അധികാരികൾ മിങ് രാജവംശത്തിലെ അവസാന ചക്രവർത്തിയായിരുന്ന യോഗ്ലിയുടെ രാജസദസിലെ പ്രതിനിധിയായും ജെസ്വിട്ട് വൈസ് പ്രൊവിൻഷ്യൽ ആയും നിയമിച്ചു. അദ്ദേഹത്തിന്റെ സ്വാധീനത്താൽ രാജകുടുംബത്തിലെ അനേകർ ക്രിസ്തീയവിശ്വാസം സ്വീകരിച്ചു.
ചൈനീസ് രാജകുടുംബത്തിന് സൈനികസഹായം ആവശ്യപ്പെട്ടുകൊണ്ട് ഗോവ വഴി യൂറോപ്പിലേക്കു തിരിച്ച മിക്കാൾ, വലിയ പ്രതിബന്ധങ്ങൾ നേരിട്ടു. ഗോവയിൽനിന്നും അദ്ദേഹം ഹൈദ്രാബാദിലും സൂററ്റിലുമൊക്കെ സഞ്ചരിച്ച് ഇറാനിൽ എത്തി. അവിടെനിന്നും തുർക്കിവഴി വെനീസിൽ എത്തിച്ചേർന്നു. പിന്നീട് റോമിൽ മാർപാപ്പയെ സന്ദർശിച്ച് കാര്യങ്ങൾ ബോധ്യപ്പെടുത്തി തിരികെ യാത്രചെയ്ത് ചൈനയിൽ എത്തിയെങ്കിലും ദൗത്യം പൂർത്തിയാക്കുന്നതിനുമുൻപ് – ജൂൺ 22 ന് – അദ്ദേഹം അന്തരിച്ചു. മിക്കാളിനെ എവിടെയാണ് അടക്കിയിരിക്കുന്നത് എന്നതിനെക്കുറിച്ച് ഇന്ന് ചരിത്രരേഖകൾ ഒന്നുമില്ല.
ഇന്ന് മിക്കാൾ പ്രശസ്തനായിരിക്കുന്നത് ജന്തു-സസ്യജാലങ്ങളെക്കുറിച്ചുള്ള പഠനത്തെപ്രതിയാണ്. അദ്ദേഹം സഞ്ചരിച്ച രാജ്യങ്ങളിലെ ജൈവവൈവിധ്യങ്ങളും മറ്റു പ്രത്യേകതകളും ലോകത്തിന് പരിചയപ്പെടുത്തി. അദ്ദേഹത്തിന്റ ചൈനയിലേക്കുള്ള ആദ്യയാത്രയിൽ മൊസാംബിക്കിലെ സസ്യങ്ങളെക്കുറിച്ചും മൃഗങ്ങളെക്കുറിച്ചും ഒരു ഗ്രന്ഥം എഴുതി റോമിലെ അധികാരികൾക്ക് അയച്ചുകൊടുത്തു. ചൈനയിലെയും ഏഷ്യയിലെ പല സ്ഥലങ്ങളുടെയും ഭൂപടം അദ്ദേഹം തയ്യാറാക്കി. കൊറിയയെക്കുറിച്ച് അദ്ദേഹം തയ്യാറാക്കിയ ഭൂപടമാണ് യൂറോപ്പിൽ പ്രചരിച്ച ഏറ്റം കൃത്യമായിട്ടുള്ളതെന്ന് പറയപ്പെടുന്നു. ഇതിലൂടെയാണ് പാശ്ചാത്യർക്ക് ചൈനയിലെ പല പ്രദേശങ്ങളെക്കുറിച്ചും ശരിയായ വിവരണം ലഭിച്ചത്.
മിക്കാളിന്റെ ഏറ്റം പ്രധാനകൃതി 1656 ൽ വിയന്നായിൽ പ്രസിദ്ധീകരിച്ച ‘ചൈനീസ് സസ്യജാലം’ (Flora Sinensis) എന്നതായിരുന്നു. ഈ പ്രദേശത്തെ സസ്യ-ജന്തുവൈവിധ്യങ്ങളെക്കുറിച്ച് യൂറോപ്പിൽ പ്രസിദ്ധീകരിച്ച ഇത്തരത്തിലുള്ള ആദ്യ കൃതിയാണിത്. ചൈനയിലുള്ള ചില സസ്യങ്ങളുടെ ഔഷധഗുണങ്ങളെക്കുറിച്ച് ഈ കൃതി വിശദമായി ചർച്ച ചെയ്യുന്നു. ചൈനയിലെ ക്രിസ്തീയചക്രവർത്തിക്ക് സഹായാഭ്യർഥനയും ഈ ഗ്രന്ഥത്തിൽ അദ്ദേഹം നടത്തുന്നുണ്ട്. യൂറോപ്യൻ ഭാഷയിലുള്ള ആദ്യ ചൈനീസ് നിഘണ്ടുവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 1670 ൽ പ്രസിദ്ധീകരിച്ച ചൈനീസ് – ഫ്രഞ്ച് നിഘണ്ടു ചൈനീസ് ഭാഷ യൂറോപ്പിൽ പരിചയപ്പെടുത്തുന്നതിന് സഹായിച്ചിട്ടുണ്ട്. ചൈനയിലെ പരമ്പരാഗത ചികിത്സാരീതികളെ യൂറോപ്പിൽ പരിചയപ്പെടുത്തുന്ന മറ്റൊരു ഗ്രന്ഥവും അദ്ദേഹം രചിച്ചിട്ടുണ്ട്. നാഡിത്തുടിപ്പ് അളക്കുന്നതിനുള്ള മാർഗങ്ങൾ ഉൾപ്പെടെ പല പുതിയ അറിവുകളും ഇതിലൂടെ അദ്ദേഹം പകർന്നുനൽകി.
ഫാ. മാത്യു ചാർത്താക്കുഴിയിൽ




