ആദിയിൽ ദൈവം

ജിൻസി സന്തോഷ്

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” (ഉല്പ. 1:1). തിരുവെഴുത്തുകളിൽ എല്ലാറ്റിന്റെയും ആരംഭങ്ങളുടെ പുസ്തകമാണ് ഉല്പത്തി. പ്രപഞ്ചം,മനുഷ്യൻ, പാപം, കുടുംബം, രക്ഷാകരചരിത്രം ഇങ്ങനെ എല്ലാറ്റിന്റെയും ആരംഭം കുറിക്കുന്ന പുസ്തകത്തിന്റെ ആദ്യത്തെ വരികളിലെ ആദ്യത്തെ രണ്ടു വാക്ക്. ‘ആദിയിൽ ദൈവം’ എല്ലാം ആരംഭിച്ചപ്പോൾ ദൈവം എല്ലാം ആരംഭിക്കേണ്ടത് മനുഷ്യനിൽ നിന്നല്ല, ദൈവത്തിൽ നിന്നാണ്.

“സൃഷ്‌ടികര്‍മ്മം പൂര്‍ത്തിയാക്കി, തന്റെ പ്രവൃത്തികളില്‍ നിന്നു വിരമിച്ച്‌ വിശ്രമിച്ച ഏഴാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധമാക്കി” (ഉല്പ. 2:3). ഭൂമിയുടെ ചരിത്രത്തിൽ ദൈവത്തിന്റെ ഏഴാം ദിവസം, മനുഷ്യന്റെ ഒന്നാം ദിവസത്തെ ദൈവം അനുഗ്രഹിച്ചു വിശുദ്ധീകരിച്ചു.

മനുഷ്യജീവിതത്തിന്റെ സമസ്തമേഖലകളും ആരംഭിക്കേണ്ടത് ദൈവത്തിൽ നിന്നാണ്. നിന്റെ ജീവിതയാത്രയിലെ ഇരവു-പകലുകൾ. നിന്റെ ദാമ്പത്യം, കുടുംബം, ശുശ്രൂഷാമേഖലകൾ, സമർപ്പിതജീവിതം എല്ലാം ആരംഭിക്കേണ്ടത് ദൈവത്തിൽ നിന്നാവണം; ദൈവത്തോടു കൂടിയാവണം. മനുഷ്യൻ തന്റെ കഴിവുകളിലും ശക്തിയിലും ആശ്രയിക്കുമ്പോൾ അവന്റെ പരാജയവും ആരംഭിക്കുന്നു.

ദൈവത്തിന് നമ്മുടെ ജീവിതപ്രതിസന്ധികളിൽ ഇടപെടാൻ അവസരം നൽകാതിരിക്കുക എന്നതാണ് മനുഷ്യന്റെ ഏറ്റവും വലിയ പരാജയങ്ങളിലൊന്ന്. ആത്മീയതയുടെ ആഘോഷങ്ങൾ പള്ളികളിലും ധ്യാനകേന്ദ്രങ്ങളിലും മാത്രമാണെന്ന് ധരിച്ചതാണ് നമ്മുടെ തെറ്റ്.

മനുഷ്യന്റെ അനുദിന ജീവിതാനുഭവക്കളെ ദൈവസാന്നിധ്യത്താൽ ആഘോഷമാക്കാനാണ് ദൈവം തന്റെ രൂപം പോലും ചോർത്തിക്കളഞ്ഞ്, ഊതിയാൽ പറക്കുന്ന വെറും ഒരു ഗോതമ്പപ്പത്തിലേക്ക് തന്നെ മുഴുവനായും ആവാഹിച്ച് മനുഷ്യന് ഭക്ഷ്യയോഗ്യമായി. നമ്മുടെ അബദ്ധത്തിലുള്ള ഒരു വിളി പോലും കേട്ട് ഇറങ്ങിവരാൻ വെമ്പൽ കൊണ്ട് ലോകമെമ്പാടുമുള്ള സക്രാരികളിൽ
കാത്തിരിക്കുന്നത്. പ്രഭാതങ്ങളിൽ പ്രത്യാശയോടെ ദൈവസാന്നിധ്യത്തെ ചേർത്തുപിടിക്കാം, നന്മയുടെ പുതിയ ദിനങ്ങൾക്കായ്.

ജിൻസി സന്തോഷ് 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.