ദുരന്തമുഖത്തെ അന്നദാതാക്കൾ: വേൾഡ് സെൻട്രൽ കിച്ചൺ

ഗാസയിലെ വേൾഡ് സെൻട്രൽ കിച്ചണിലെ ജീവനക്കാർക്കുനേരെ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഏഴുപേർ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയ, പോളണ്ട്, ബ്രിട്ടൺ എന്നീ രാജ്യങ്ങളിൽ നിന്നുള്ള ജീവനക്കാരാണ് കൊല്ലപ്പെട്ടത്.

ഗാസയിലേക്കെത്തിയ 100 ടൺ ഭക്ഷ്യസഹായം ഇറക്കിയതിനുശേഷം ദേർ അൽബലാഹിലെ വെയർഹൗസിലേക്കു മടങ്ങിപ്പോകുന്നതിനിടെയാണ് ഇവർക്കെതിരെ ആക്രമണം ഉണ്ടായത്. വേൾഡ് സെൻട്രൽ കിച്ചണിന്റെ ലോഗോ പതിച്ച വാഹനങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. സംഘടനയ്‌ക്കെതിരെ കരുതിക്കൂട്ടി നടന്ന ആക്രമണമല്ലെന്നും അറിയാതെ സംഭവിച്ച തെറ്റിൽ ഖേദിക്കുന്നുവെന്നും ഇസ്രായേൽ പ്രധാനമന്ത്രി ബഞ്ചമിൻ നെതന്യാഹു പ്രതികരിച്ചിരുന്നു.

എന്താണ് വേൾഡ് സെൻട്രൽ കിച്ചൺ

ആഗോളതലത്തിൽ പ്രവർത്തനം നടത്തുന്ന ഒരു സന്നദ്ധസംഘടനയാണ് വേൾഡ് സെൻട്രൽ കിച്ചൺ. ലോകമെമ്പാടുമുള്ള സംഘർഷങ്ങളിലും ദുരന്തങ്ങളിലും കഷ്ടപ്പെടുന്ന ജനങ്ങൾക്ക് ഭക്ഷണമെത്തിക്കുന്ന യു.എസ്. ആസ്ഥാനമായി, ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയാണിത്.

ഷെഫായ ജോസ് ആൻഡ്രൂസും ഭാര്യ പെട്രീഷ്യ ഫെർണാണ്ടസും ചേർന്ന് 2010-ലാണ് വേൾഡ് സെൻട്രൽ കിച്ചൺ സ്ഥാപിച്ചത്. പ്രതിദിനം 1.07 ലക്ഷം പേർക്കാണ് ഇവർ ഭക്ഷണം വിളമ്പുന്നത്. 2.5 ലക്ഷത്തിലധികം പേർ കൊല്ലപ്പെടുകയും ഒരു ദശലക്ഷത്തിലധികം പേർ ഭവനരഹിതരാവുകയും ചെയ്ത 2010-ലെ ഹെയ്തിയിലെ ഭൂകമ്പത്തെ തുടർന്ന് അവിടം സന്ദർശിച്ച ശേഷമാണ് ഈ ദമ്പതികൾ വേൾഡ് സെൻട്രൽ കിച്ചൺ സ്ഥാപിച്ചത്.

ഭൂകമ്പം, ചുഴലിക്കാറ്റ്, കാലാവസ്ഥാവ്യതിയാനം തുടങ്ങിയ സംഘർഷങ്ങളിലും പ്രതിസന്ധികളിലും അകപ്പെട്ട ആളുകൾക്ക് ഭക്ഷണം നൽകുന്നതിനാണ് സംഘടന ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഹെയ്തി ഭൂകമ്പത്തിനുശേഷം യു.എസ്., ലാറ്റിനമേരിക്ക, യൂറോപ്പ് എന്നിവയുൾപ്പെടെ ലോകമെമ്പാടും ഇവർ പ്രവർത്തനം വ്യാപിപ്പിച്ചു. ഫെബ്രുവരിയിൽ ചിലിയിലുണ്ടായ കാട്ടുതീയിലും ജനുവരിയിലെ ജപ്പാൻ ഭൂകമ്പത്തിലുംപെട്ടവർക്ക് സഹായമെത്തിക്കാൻ മുൻപന്തിയിലായിരുന്നു വേൾഡ് സെൻട്രൽ കിച്ചൺ.

പ്രകൃതിദുരന്തത്തിലകപ്പെട്ടവർ, അഭയാർഥികൾ, കോവിഡ് കാലത്തെ ആരോഗ്യപ്രവർത്തകർ തുടങ്ങിയവരെല്ലാം വേൾഡ് സെൻട്രൽ കിച്ചണിന്റെ സഹായം ലഭിച്ചവരാണ്. നിലവിൽ യുക്രൈനിലും ഗാസയിലും യുദ്ധത്തിലകപ്പെട്ടവരുടെ സഹായത്തിനായി ഓടിനടക്കുകയായിരുന്നു വേൾഡ് സെൻട്രൽ കിച്ചണിന്റെ ടീം. അതിനിടെയാണ് ഇവരുടെ ടീമിലെ ഏഴുപേർ കൊല്ലപ്പെട്ടത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.