വിഷമഘട്ടങ്ങളിൽ സഹായകമാകുന്ന വിശുദ്ധരുടെ ആശ്വാസവചനങ്ങൾ

വിശുദ്ധന്മാർ ജ്ഞാനത്തിന്റെ ഒരു വലിയ സ്രോതസ്സാണ്. ജീവിതത്തിൽ നമ്മെ തളർത്തുന്ന സാഹചര്യങ്ങൾ ഉണ്ടാകുമ്പോൾ, നമ്മളെപോലെ തന്നെ ഈ ഭൂമിയിൽ സാധാരണ മനുഷ്യന്മാരായി ജീവിച്ച് മരിച്ച, ഇതുപോലുള്ള സാഹചര്യങ്ങളിലൂടെ കടന്നു പോയിട്ടുള്ള വിശുദ്ധർ തരുന്ന ഉപദേശങ്ങൾ തീർച്ചയായും ഒരാശ്വാസമാകും. ഇതാ വിശുദ്ധർ നൽകുന്ന പത്ത് ആശ്വാസവചനങ്ങൾ. കത്തോലിക്കർ എന്ന നിലയിൽ, നമ്മുടെ സാധാരണ ജീവിതത്തിലെ പ്രതിസന്ധികൾ തരണം ചെയ്യുവാനും ശാന്തതയോടെ കൈകാര്യം ചെയ്യുവാനും ഈ വാക്കുകൾ നമ്മെ സഹായിക്കും.

1. “എപ്പോഴും സന്തോഷിക്കൂ! നിങ്ങൾ എവിടെയാണെങ്കിലും, ഇവിടെയുള്ളിടത്തോളം കാലം ഒന്നിനെക്കുറിച്ചും ആകുലപ്പെടരുത്. കർത്താവ് കൂടെയുണ്ട്.” (വി. അഗസ്റ്റിൻ)

2. “യേശുക്രിസ്തുവിനോട് എല്ലായ്‌പ്പോഴും ഐക്യപ്പെടാൻ, ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ആകുലപ്പെടാതെ എല്ലാം ശാന്തമായി ചെയ്യണം. ദൈവം കലങ്ങിയ ഹൃദയങ്ങളിലല്ല ജീവിക്കുന്നത്. (വി. അൽഫോൻസ് ലിഗോരി)

3. “തന്റെ ആകുലതകളൊഴിവാക്കാതെയും വികാരങ്ങളെ നിയന്ത്രിക്കാതെയും ദൈവത്തിങ്കലേക്ക് നടക്കുന്ന ആത്മാവ് ഒരാൾ വണ്ടി മുകളിലേക്ക് തള്ളുന്നത് പോലെയാണ്.” (വി. ജോൺ ഓഫ് ദി ക്രോസ്)

4. “നിങ്ങൾ എന്തുതന്നെ ചെയ്താലും, മുൻവിധി മാറ്റാതെയും സ്വയം സമർപ്പിക്കാതെയും പഴയ നിങ്ങളെ ഉരിഞ്ഞുകളയാതെയും നിങ്ങൾക്ക് പൂർണതയിലേക്ക് എത്തിച്ചേരാൻ സാധിക്കുകയില്ല. (വി. ജോൺ ഓഫ് ദി ക്രോസ്)

5. “സ്വയം അസ്വസ്ഥനാകാൻ അനുവദിക്കരുത്. പ്രാർഥന മുടക്കുകയുമരുത്. അതാണ് പിശാച് ആഗ്രഹിക്കുന്നത്.” (ആവിലയിലെ വി. തെരേസ)

6. “നമ്മുടെ ചിന്തകളും ഭാവനകളും നമ്മെ അസ്വസ്ഥരാക്കാതിരിക്കട്ടെ. ദൈവസ്നേഹത്തിനുവേണ്ടിയുള്ള ക്ഷമയും സഹനവുമാണ് അതിനുള്ള പ്രതിവിധി.” (ആവിലയിലെ വി. തെരേസ)

7. “ഞാൻ ദൈവത്തോട് ഐക്യപ്പെടാത്ത സന്ദർഭങ്ങളിലാണ് എന്നിൽ ഭിന്നതയും ഭിന്നസ്വരങ്ങളും ഉണ്ടാകുന്നത്.” (വി. ബെർണാഡ്)

8. “എന്റെ ബലഹീനത വലുതാണ്, എന്നാൽ എന്റെ ദൈവം സർവ്വശക്തനാണ്; അവനിൽ മാത്രമാണ് ഞാൻ എന്റെ എല്ലാ വിശ്വാസവും അർപ്പിക്കുന്നത്. (വി. ഫ്രാൻസിസ് സേവ്യർ)

9. “സമാധാനത്തോടെ ജീവിക്കുക, പിശാചിനാൽ വഞ്ചിക്കപ്പെടരുത്.” (വി. പാദ്രെ പിയോ)

10. “വിഷമിക്കേണ്ട. പ്രാർഥിക്കുക, കാത്തിരിക്കുക. അസ്വസ്ഥത ഗുണം ചെയ്യില്ല. ദൈവം കരുണയുള്ളവനാണ്, നിങ്ങളുടെ പ്രാർഥന അവിടുന്ന് കേൾക്കും. (വി. പാദ്രെ പിയോ)

ജീവിതത്തിൽ ആശങ്കകൾ ഒഴിച്ചുകൂടാനാവാത്തതാണ്; ചെറുതോ വലുതോ ആയവ ഇടയ്ക്കിടെ നമ്മെ മാനസികമായി പീഡിപ്പിക്കാൻ പ്രത്യക്ഷപ്പെടും. എന്നിരുന്നാലും, വിശുദ്ധരെ അനുകരിക്കുന്നതിലൂടെ, നാം കർത്താവിനോടൊപ്പമാണെങ്കിൽ, സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് മനസിലാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.