കുടുംബ ജീവിതത്തിലെ പൊരുത്തപ്പെടലുകൾ

നിങ്ങൾക്ക്‌ സ്പോർട്സിൽ താത്പര്യമുണ്ട് എന്നാൽ നിങ്ങളു​ടെ പങ്കാളിയ്ക്ക് വായനയാണ്‌ ഇഷ്ടം. നിങ്ങൾ സൂക്ഷ്‌മ​ത​യോ​ടെ​യും കാര്യ​പ്രാ​പ്‌തി​യോ​ടെ​യും പ്രവർത്തി​ക്കുന്ന ആളാണ്‌; എന്നാൽ ഇണയ്‌ക്കാ​ണെ​ങ്കിൽ അടുക്കും ചിട്ടയും അത്ര പോരാ. നിങ്ങൾക്ക്‌ എല്ലാവ​രു​മാ​യി ഇടപഴ​കാൻ താത്‌പ​ര്യ​മുണ്ട്‌; ഇണയ്‌ക്കാ​കട്ടെ സ്വകാ​ര്യ​ത​യാണ്‌ ഇഷ്ടം.

ചില പൊരു​ത്ത​ക്കേ​ടു​കൾ ഗൗരവ​മേ​റി​യ​താണ്‌. ഒരു സ്‌ത്രീ​യും പുരു​ഷ​നും വിവാ​ഹ​ത്തി​നു മുമ്പ്‌ അടുത്തു​പ​രി​ച​യ​പ്പെ​ടാൻ ശ്രമി​ക്കു​ന്ന​തി​ന്റെ ഉദ്ദേശ്യം അവർ തമ്മിൽ എത്ര​ത്തോ​ളം യോജി​പ്പുണ്ട്‌ എന്ന്‌ അറിയു​ന്ന​തി​നു​വേ​ണ്ടി​യാണ്‌. ആ സമയത്ത്‌ ഗുരു​ത​ര​മായ പൊരു​ത്ത​ക്കേ​ടു​കൾ മനസ്സി​ലാ​ക്കു​ന്നത്‌ വിവാ​ഹ​ത്തി​നു ശേഷം രണ്ട്‌ ധ്രുവ​ങ്ങ​ളിൽ ജീവി​ക്കു​ന്ന​തി​നു​പ​കരം ആ ബന്ധം വേണ്ടെ​ന്നു​വെ​ക്കാൻ അനേകരെ സഹായി​ക്കു​ന്നു. എന്നാൽ, ഏതൊരു വിവാ​ഹ​ബ​ന്ധ​ത്തി​ലും ഉണ്ടായേക്കാ​വുന്ന അത്ര ഗുരു​ത​ര​മ​ല്ലാത്ത വ്യത്യാ​സ​ങ്ങളെ നേരിടാൻ നമ്മെ സഹായിക്കുന്ന ചില ചിന്തകളാണ് ചുവടെ ചേർക്കുന്നത്.

എല്ലാ കാര്യ​ത്തി​ലും പൊരു​ത്ത​മുള്ള രണ്ട്‌ വ്യക്തികൾ ഇല്ല. അതു​കൊണ്ട്‌, ഒന്നോ അതില​ധി​ക​മോ കാര്യ​ങ്ങ​ളിൽ ഇണകൾ തമ്മിൽ വ്യത്യ​സ്‌ത​തകൾ ഉണ്ടായി​രി​ക്കു​ന്നത്‌ സ്വാഭാ​വി​കം മാത്ര​മാണ്‌:

“വീടി​നു​പു​റ​ത്തുള്ള വിനോ​ദ​ങ്ങ​ളിൽ എനിക്ക്‌ ഒട്ടും താത്‌പ​ര്യ​മില്ല” എന്ന്‌ ഭാര്യ​ പറയുന്നു. “എന്നാൽ, എന്റെ ഭർത്താ​വി​നാ​കട്ടെ, മഞ്ഞുമൂ​ടിയ മലനി​രകൾ കയറു​ന്ന​തും വനങ്ങളി​ലൂ​ടെ ദിവസ​ങ്ങ​ളോ​ളം യാത്ര ചെയ്യു​ന്ന​തും ഒക്കെ വളരെ ഇഷ്ടമാണ്‌.”

ചിലപ്പോൾ വ്യത്യസ്തതകൾ ശീലങ്ങളിലാണ്. “രാത്രി വളരെ വൈകി ഉറങ്ങാ​നും എന്നാൽ അഞ്ച്‌ മണിയാ​കു​മ്പോൾ ചാടി​യെ​ഴു​ന്നേൽക്കാ​നും എന്റെ ഭാര്യക്ക്‌ ഒരു പ്രയാ​സ​വും ഇല്ല. എനിക്കാ​ണെ​ങ്കിൽ ഏഴോ എട്ടോ മണിക്കൂർ ഉറക്കം കിട്ടി​യി​ല്ലെ​ങ്കിൽ അടുത്ത ദിവസം വളരെ അസ്വസ്ഥ​ത​യാ​യി​രി​ക്കും” എന്ന്‌ ഭർത്താ​വ് പറയുന്നു.

സ്വഭാവങ്ങളിലും ഇതൊക്കെ വ്യത്യാസമാണ്. നിങ്ങൾ ഒരു സംസാ​ര​പ്രി​യ​ന​ല്ലാ​യി​രി​ക്കാം. നിങ്ങളു​ടെ ഭാര്യ നേരെ തിരി​ച്ചും. ഇണകൾ തമ്മിലുള്ള പൊരു​ത്ത​ക്കേ​ടു​കൾ ഗുണക​ര​മാ​യേ​ക്കാം. “ഞാൻ ചെയ്യുന്ന വിധം ശരിയാ​യി​രി​ക്കാം. പക്ഷെ, അതു മാത്ര​മാണ്‌ ഒരേ​യൊ​രു വഴി എന്ന്‌ അതിന്‌ അർഥമില്ല” എന്നാണ് ഇരുവരും ഇക്കാര്യത്തിൽ മനസിലാക്കേണ്ടത്.

പിന്തുണ നൽകു​ന്ന​വ​രാ​യി​രി​ക്കുക

“എന്റെ ഭാര്യക്ക് കായി​ക​ വി​നോ​ദ​ങ്ങ​ളിൽ ഒട്ടും താത്‌പ​ര്യ​മില്ല. എങ്കിൽപ്പോ​ലും പല കായി​ക​വി​നോ​ദ​ങ്ങൾക്കും അവൾ എന്നോ​ടൊ​പ്പം വരിക​യും കളി ആസ്വദി​ക്കു​ക​യും ചെയ്യുന്നു. നേരെ​മ​റിച്ച്‌, അവൾക്ക് കലാമ്യൂ​സി​യ​ങ്ങ​ളോ​ടാണ്‌ താത്‌പ​ര്യം. അതു​കൊണ്ട്‌ ഞാൻ അവളോ​ടൊ​പ്പം പോകു​ക​യും അവൾക്ക്‌ താത്‌പ​ര്യ​മു​ള്ള​ത്ര​യും സമയം അവിടെ ചെലവ​ഴി​ക്കു​ക​യും ചെയ്യും. ഇത്തരത്തിൽ പരസ്പരം പിന്തുണ നല്കുന്നവരായാൽ വൈരുധ്യങ്ങൾക്കിടയിലും നമുക്ക് സന്തോഷം കണ്ടെത്താൻ സാധിക്കും.

നിങ്ങളു​ടെ വീക്ഷണം വിശാ​ല​മാ​ക്കുക

ജീവിത പങ്കാളിയുടെ വീക്ഷണം നിങ്ങളു​ടേ​തിൽനിന്ന്‌ വ്യത്യ​സ്‌ത​മാ​ണെന്ന കാരണ​ത്താൽ അത്‌ തെറ്റാ​യി​ക്കൊ​ള്ള​ണ​മെ​ന്നില്ല. എ-യിൽ നിന്ന്‌ ബി-യിലേ​ക്കുള്ള ഏറ്റവും ചുരു​ങ്ങിയ ദൂരം അവയെ തമ്മിൽ ബന്ധിപ്പി​ക്കുന്ന ഒരു നേർരേ​ഖ​യാ​ണെ​ന്നും അല്ലാത്ത​തെ​ല്ലാം വളഞ്ഞ വഴിക​ളാ​ണെ​ന്നും നമുക്ക് തോന്നിയേക്കാം. എന്നാൽ വിവാ​ഹ​ശേഷം ആ ചിന്താ​ഗ​തിക്ക്‌ മാറ്റം വരുത്തുന്നത് നമ്മെ സഹായിക്കും. എ-യിൽ നിന്ന്‌ ബി-യിലേക്ക്‌ എത്താൻ അനേകം വഴിക​ളു​ണ്ടെ​ന്നും ഓരോ വഴിയും അതി​ന്റേ​തായ വിധത്തിൽ മെച്ച​പ്പെ​ട്ട​വ​യാ​ണെ​ന്നും ഇരുവരും മനസ്സിലാക്കിയാൽ കുടുംബ ജീവിതം സന്തോഷകരമാക്കാം.

യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക

രണ്ടുപേർ തമ്മിൽ യോജി​പ്പുണ്ട്‌ എന്നു പറയു​മ്പോൾ അവർ ഒരു​പോ​ലെ​യാണ്‌ ചിന്തി​ക്കു​ന്ന​തെന്ന്‌ അർഥമാ​ക്കു​ന്നില്ല. അതു​കൊണ്ട്‌, നിങ്ങൾക്കി​ട​യി​ലെ ചില ‘പൊരു​ത്ത​ക്കേ​ടു​കൾ’ ഇപ്പോൾ കൂടുതൽ വ്യക്തമാ​യി എന്നതു​കൊണ്ട്‌ വിവാ​ഹ​ജീ​വി​തം പരാജ​യ​പ്പെട്ടു എന്ന്‌ ചിന്തി​ക്ക​രുത്‌. ഓരോ ദിവസ​വും നിങ്ങൾ സന്തോ​ഷ​ത്തോ​ടെ ജീവി​ച്ചു​പോ​കു​ന്നത്‌, ചില പൊരു​ത്ത​ക്കേ​ടു​കൾ ഉണ്ടെങ്കി​ലും നിങ്ങൾക്ക്‌ പരസ്‌പരം സ്‌നേ​ഹി​ക്കാൻ കഴിയും എന്നാണ്‌ കാണി​ക്കു​ന്നത്. അതുകൊണ്ട് പരസ്പരം ക്ഷമിക്കാനുള്ള ഒരു മനസ്സ് കാണിക്കാൻ മറക്കരുത്.

നിങ്ങളുടെ പങ്കാളിയെക്കുറിച്ചു നിങ്ങൾ ഇഷ്ടപ്പെ​ടു​ന്ന​തും സ്‌നേ​ഹി​ക്കു​ന്ന​തും പൊരു​ത്ത​മു​ണ്ടെന്ന്‌ തോന്നു​ന്ന​തും ആയ കാര്യങ്ങൾ പട്ടിക​പ്പെ​ടു​ത്തുക. തുടർന്ന്‌ പൊരു​ത്ത​ക്കേ​ടു​ക​ളെന്ന്‌ നിങ്ങൾ വിചാ​രി​ക്കുന്ന കാര്യ​ങ്ങ​ളും എഴുതുക. ഇതു ചെയ്‌തു​ക​ഴി​യു​മ്പോൾ നിങ്ങൾ തമ്മിലുള്ള പൊരു​ത്ത​ക്കേ​ടു​കൾ അത്ര ഗുരു​ത​ര​മാ​യ​വ​യ​ല്ലെന്ന്‌ നിങ്ങൾ കണ്ടെത്തും. കൂടാതെ, ഏതെല്ലാം വശങ്ങളിൽ കൂടുതൽ സഹിഷ്‌ണുത കാണി​ക്കണം, ഇണയ്‌ക്ക്‌ കൂടുതൽ പിന്തുണ നൽകണം തുടങ്ങിയ കാര്യങ്ങൾ മനസ്സി​ലാ​ക്കാ​നും ഈ പട്ടിക സഹായി​ക്കും. ‘ഭാര്യ/ഭർത്താവ് എന്റെ ആഗ്രഹ​ങ്ങ​ളു​മാ​യി പൊരു​ത്ത​പ്പെ​ടു​ന്നത്‌ ഞാൻ വിലമ​തി​ക്കു​ന്നു. അതു​പോ​ലെ, ഞാൻ അവളുടെ/ അദ്ദേഹത്തിന്റെ താത്‌പ​ര്യ​ങ്ങ​ളോട്‌ പൊരു​ത്ത​പ്പെ​ടു​ന്നത്‌ അവളും വിലമ​തി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ അറിയാം. അതിനാ​യി എന്റെ ഭാഗത്തു​നിന്ന്‌ ചില ത്യാഗങ്ങൾ ചെയ്യേ​ണ്ടി​വ​രു​ന്നെ​ങ്കിൽപ്പോ​ലും അവളുടെ/ അദ്ദേഹത്തിന്റെ സന്തോഷം കാണു​ന്നത്‌ എന്നെയും സന്തോ​ഷി​പ്പി​ക്കു​ന്നു’ എന്ന തോന്നൽ നിങ്ങൾക്കുണ്ടാകട്ടെ.

സുനീഷ വി. എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.