ആതിഥ്യമര്യാദയുടെ പേരിൽ രക്തസാക്ഷിയായി മാറിയ സന്യാസി

ആതിഥ്യമര്യാദയുടെ പര്യായമായി, രക്തസാക്ഷിയായി മാറിയ സന്യാസി. തന്നെ സന്ദർശിക്കുന്ന എല്ലാവരെയും ക്ഷമയോടും സൗമ്യതയോടും കൂടെ കേൾക്കുകയും അവരെ സ്നേഹത്തോടെ പരിചരിക്കുകയും ചെയ്ത ദൈവദാസൻ. അതായിരുന്നു എട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ ജർമ്മനിയിലെ ഒരു പ്രഭുകുടുംബത്തിൽ ജനിച്ച, മെയിൻറാഡ് ഓഫ് ഐൻസീഡെലിൻ എന്നറിയപ്പെടുന്ന, ഹോഹെൻസോളെർനിലെ വി. മെയിൻറാഡ്. പ്രഭുകുടുംബത്തിലാണ് ജനിച്ചതെങ്കിലും തനിക്കു ലഭിച്ചിരുന്ന ജീവിതസൗകര്യങ്ങൾക്കു വിപരീതമായി സന്യാസത്തിന്റെയും ഏകാന്തതയുടെയും ഭക്തിയുടെയും പാതയാണ് അദ്ദേഹം തെരഞ്ഞെടുത്തത്.

ജർമ്മനിയിലെ റെയ്‌ചെനൗ ബെനഡിക്‌ടൈൻ ആശ്രമത്തിൽ വിദ്യാഭ്യാസം നേടിയ അദ്ദേഹം, ഒരു താപസനായി ധ്യാനവും ഏകാന്തവാസവും തേടുന്നതിനുമുമ്പ് ഒരു സന്യാസിയായും പുരോഹിതനായും സേവനമനുഷ്ഠിച്ചിരുന്നു. ധ്യാനത്തിലും പ്രാർഥനയിലും മുഴുവനായി സ്വയം സമർപ്പിക്കാനുള്ള വിളിയായിരുന്നു അദ്ദേഹം ശിഷ്ടജീവിതത്തിനായി സ്വീകരിച്ചത്.

‘ഡെസേർട്ട് ഫാദേഴ്സിന്റെ’ ആത്മീയാചാരങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കഠിനമായ സന്യാസജീവിതം സ്വീകരിച്ച മെയിൻറാഡ്, 829-ൽ സ്വിറ്റ്‌സർലണ്ടിലെ എറ്റ്സെൽ പാസിന്റെ ചരിവുകളിൽ തന്റെ ആശ്രമം സ്ഥാപിച്ചു. ഏകാന്തതയാണ് ആഗ്രഹിച്ചതെങ്കിലും മെയിൻറാഡിന്റെ ജ്ഞാനത്തെക്കുറിച്ചും വിശുദ്ധ ജീവിതത്തെക്കുറിച്ചും നാട്ടിലാകെ പരന്നതിനാൽ അദ്ദേഹത്തിന്റെ ഉപദേശവും പ്രാർഥനയും തേടി ജനങ്ങൾ അദ്ദേഹത്തെ സമീപിച്ചുതുടങ്ങി.

ക്രമേണ, മെയിൻറാഡിന്റ്റെ ആതിഥ്യം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ  കേന്ദ്രമായി മാറി. തന്നെ സന്ദർശിക്കുന്ന എല്ലാവരുടെയും ശാരീരികവും ആത്മീയവുമായ ആവശ്യങ്ങൾ അദ്ദേഹം കൃപയോടെ നിറവേറ്റി. പലപ്പോഴും തനിക്കു ലഭിച്ച സമ്മാനങ്ങൾ ദരിദ്രരുമായി പങ്കിട്ടു. മറ്റുള്ളവരെ സ്വാഗതം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ തീക്ഷ്ണതയും ഭക്തിയും അതുല്യമായിരുന്നു.

തികച്ചും അപ്രതീക്ഷിതമായിരുന്നു മെയിൻറാഡിന്റെ മരണം. 861-ൽ രണ്ട് കവർച്ചക്കാർ മെയിൻറാഡിന്റെ പക്കൽ നിധിയുണ്ടെന്നു കരുതി ആ താപസനെ കൊലപ്പെടുത്തി. മെൻറാഡിന്റെ വിശുദ്ധ ജീവിതവും നിസ്വാർഥ സ്വഭാവവും അദ്ദേഹത്തെ കത്തോലിക്കാ-ഓർത്തഡോക്സ് പാരമ്പര്യങ്ങളിൽ ആദരണീയനായ വ്യക്തിയാക്കി. ആ വിശുദ്ധ ജീവിതത്തെ അംഗീകരിച്ചുകൊണ്ട് വിശുദ്ധപദവിയിലേക്കും അദ്ദേഹത്തെ ഉയർത്തി. തുടക്കത്തിൽ ജർമ്മനിയിലെ റെയ്‌ചെനൗവിലാണ് മെയിൻറാഡിനെ അടക്കം ചെയ്‌തിരുന്നെങ്കിലും, പിന്നീട് സ്വിറ്റ്‌സർലണ്ടിലെ ഐൻസീഡെലിനിൽ അദ്ദേഹത്തിന്റെ ബഹുമാനാർഥം സ്ഥാപിച്ച ആശ്രമത്തിൽ ഭൗതീകാവശിഷ്ടങ്ങൾ സംസ്കരിക്കുകയുണ്ടായി. ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളെ ആകർഷിക്കുന്ന തീർഥാടനകേന്ദ്രമാണ് ഐൻസീഡെലിൻ ആബി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.