പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ പങ്കെടുക്കാൻ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ

പലപ്പോഴും പലരും പറയുന്ന ഒരു കാര്യമാണ് പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ പങ്കെടുക്കാൻ പറ്റുന്നില്ല എന്നത്. പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ ആയിരിക്കുന്നതിനു തടസമായി നിൽക്കുന്ന അനേകം കാര്യങ്ങളുണ്ടാകാം. അവയെ ഒഴിവാക്കിയാൽ നമുക്ക് വിശുദ്ധ ബലിയർപ്പണത്തിൽ ശ്രദ്ധയോടെ പങ്കെടുക്കാൻ സാധിക്കും. ഒപ്പം പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ ആയിരിക്കാനുള്ള കൃപയ്ക്കായി പ്രാർഥിക്കുകയും വേണം. പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ പങ്കെടുക്കാൻ നമ്മെ സഹായിക്കുന്ന ഏതാനും മാർഗങ്ങൾ ഇതാ.

1. അഞ്ചു മിനിറ്റ് നേരത്തെയെങ്കിലും ദൈവാലയത്തിൽ എത്താം

പരിശുദ്ധ കുർബാനയിൽ ഏറ്റവും ഭക്തിയോടെ പങ്കെടുക്കണമെങ്കിൽ കുർബാന തുടങ്ങുന്നതിന് അഞ്ചു മിനിറ്റ് മുൻപെങ്കിലും ദൈവാലയത്തിൽ എത്തണം. തിരക്കുപിടിച്ച് ഓടിവന്നു പരിശുദ്ധ കുർബാനയ്ക്കു കയറുമ്പോൾ പലപ്പോഴും നമ്മുടെ മനസ്സ് ശാന്തമായിരിക്കില്ല. എന്നാൽ അഞ്ചു മിനിറ്റ് മുൻപ് ദൈവാലയത്തിലെത്തി ശാന്തമായി പ്രാർഥിച്ചുകൊണ്ട് പരിശുദ്ധ കുർബാന അർപ്പണത്തിലേക്കു കടക്കുമ്പോൾ ആ ശാന്തതയും ശ്രദ്ധയും കുർബാന തീരുന്നതുവരെ പുലർത്താൻ നമുക്കു സാധിക്കും.

2. മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യുക

ദൈവാലയത്തിൽ പ്രവേശിക്കുന്നതിനു മുൻപായി, സാധിക്കുമെങ്കിൽ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾത്തന്നെ ഫോൺ സ്വിച്ച് ഓഫ് ചെയ്തുവയ്ക്കുന്നത് ഉചിതമാണ്. പറ്റുമെങ്കിൽ ആ സമയം നിങ്ങളെ വിളിക്കാൻ സാധ്യതയുള്ളവരോട് ‘പരിശുദ്ധ കുർബാനയിൽ ആയിരിക്കും; കഴിയുമ്പോൾ വിളിക്കാം’ എന്ന് അറിയിക്കുക. അപ്പോൾ സ്വസ്ഥമായും ടെൻഷനില്ലാതെയും പരിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ നമുക്കു സാധിക്കും.

3. പരിശുദ്ധാത്മാവിന്റെ സഹായം തേടാം

ഒരു വ്യക്തി പരിശുദ്ധ കുർബാനയിൽ ഭയഭക്തിയോടെ പങ്കെടുക്കുമ്പോൾ സ്വർഗം കൂടുതൽ സന്തോഷിക്കും. ഇത് ഇഷ്ടപെടാത്ത തിന്മയുടെ ശക്തികൾ അതിന് തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കും. അതിനാൽ പരിശുദ്ധ കുർബാനയിൽ ശ്രദ്ധയോടെ ആയിരിക്കാനുള്ള കൃപയ്ക്കായി പരിശുദ്ധാത്മാവിനോട് പ്രത്യേകം പ്രാർഥിക്കാം.

4. തിരുവചനഭാഗങ്ങൾ ശ്രദ്ധിക്കാം

പലപ്പോഴും പലരും ആലസ്യത്തോടെ ഇരിക്കാൻ സാധ്യതയുള്ള സമയമാണ് തിരുവചന വായനയുടെയും പ്രസംഗത്തിന്റെയും സമയം. ഈ സമയം ഏറ്റവും ശ്രദ്ധയോടെ ആയിരിക്കാൻ ശ്രദ്ധിക്കാം. വചനശുശ്രൂഷയിൽ പങ്കുവയ്ക്കപ്പെടുന്ന ആശയങ്ങൾ കുറിച്ചെടുക്കുകവഴിയോ, വീട്ടിലെത്തിയ ശേഷം വചനസന്ദേശത്തെക്കുറിച്ചു പങ്കുവയ്ക്കുന്നതുവഴിയോ ഈ സമയം കൂടുതൽ ശ്രദ്ധയോടെ ആയിരിക്കാൻ നമുക്കു കഴിയും.

5. ഈശോയുടെ തിരുരക്തത്തോടും തിരുശരീരത്തോടും നമ്മുടെ ജീവിതത്തെ ചേർത്തുവയ്ക്കാം

പരിശുദ്ധ കുർബാനയിൽ നമുക്ക് നമ്മുടെ ഭാരങ്ങളും വേദനകളും പ്രതീക്ഷകളും സ്വപ്നങ്ങളും ചേർത്തുവയ്ക്കാൻ കഴിയണം. നമ്മുടെ വേദനകളും പ്രശ്നങ്ങളും ദൈവം ഏറ്റെടുക്കുന്ന സമയമാണ് പരിശുദ്ധ കുർബാന എന്ന ബോധ്യം കൂടുതൽ ശ്രദ്ധയോടും ഭക്തിയോടും കൂടെ മുഴുവൻ സമയവുമായിരിക്കാൻ നമ്മെ സഹായിക്കും. ഒപ്പം നമുക്കു നൽകിയ അനുഗ്രഹങ്ങൾക്ക് നന്ദി പറയാനുള്ള അതുല്യമായ നിമിഷങ്ങൾ കൂടിയാണ് ഇത്.

6. ഒരുക്കത്തോടെ പരിശുദ്ധ കുർബാന സ്വീകരിക്കാം

പരിശുദ്ധ കുർബായിൽ ദിവ്യകാരുണ്യ ഈശോയെ സ്വീകരിക്കാനായി അണയുമ്പോൾ അത് നല്ല ഒരുക്കത്തോടെ ആയിരിക്കാൻ ശ്രദ്ധിക്കണം. സാധിക്കുമെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ കുമ്പസാരിക്കുന്നത് നമ്മുടെ ആത്മീയ ഒരുക്കത്തെ കൂടുതൽ മനോഹരമാക്കാൻ സഹായിക്കും. കുമ്പസാരിച്ച്, പരിശുദ്ധ കുർബാന സ്വീകരിക്കുമ്പോൾ, സ്വീകരിക്കുന്ന ഓരോ വ്യക്തിയും ദൈവത്തിന്റെ ആലയമായി മാറും.

7. കുർബാനയ്ക്കു ശേഷം അല്പസമയം പ്രാർഥനയിൽ ആയിരിക്കാം

പരിശുദ്ധ കുർബാന കഴിഞ്ഞയുടനെ തന്നെ ദൈവാലയത്തിൽ നിന്നും ഇറങ്ങിയോടുന്നവരാണെങ്കിൽ ഒന്ന് ശ്രദ്ധിക്കാം. കുർബാനയ്ക്കു ശേഷം അല്പസമയം ദൈവാലയത്തിനുള്ളിൽ പ്രാർഥനാപൂർവം ചിലവിടുന്നത് നിങ്ങളുടെ ആത്മീയജീവിതത്തെയും ക്രിസ്തുവുമായുള്ള ബന്ധത്തെയും ഏറെ സഹായിക്കും. ഇത് വീണ്ടും പരിശുദ്ധ കുർബാനയ്ക്കു അണയുന്നതിനുള്ള നിങ്ങളുടെ തീക്ഷ്‌ണതയെ ശക്തിപ്പെടുത്തും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.