കേൾക്കാം, വിധിക്കാതെ: ഇതാ ചില എളുപ്പവഴികൾ

പുറമേ ചിരിക്കുന്ന ഒരാളുടെ ഉള്ളിൽ വലിയൊരു പോരാട്ടം നടക്കുകയായിരിക്കാം. വിഷമങ്ങളും ആശങ്കകളും നിരാശയും പലരും ആരോടും പറയാതെ ഉള്ളിലൊതുക്കാറുണ്ട്. അത്തരമൊരു സമയത്ത് ഉപദേശങ്ങളേക്കാൾ വിലപ്പെട്ടത് ചിലപ്പോൾ ഒപ്പം നിൽക്കുന്ന ഒരാളാണ്. ശ്രദ്ധയോടെ കേൾക്കാനും മനസ്സിലാക്കാനും, ആവശ്യമായപ്പോൾ സഹായത്തിനായി കൈത്താങ്ങാകാനും നമുക്ക് കഴിയണം.

ആദ്യം കേൾക്കാം, വിധിക്കരുത്

മാനസികമായി ബുദ്ധിമുട്ടുന്ന ഒരാളോട് സംസാരിക്കുമ്പോൾ അവരുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കുക. ഉടൻ പരിഹാരം പറയാനോ കുറ്റപ്പെടുത്താനോ ശ്രമിക്കേണ്ടതില്ല. അവരുടെ വികാരങ്ങളെ ചെറുതാക്കി കാണാതെ, അവർ കടന്നുപോകുന്ന അവസ്ഥ മനസ്സിലാക്കാൻ ശ്രമിക്കാം. “നിനക്ക് പറയാനുള്ളത് ഞാൻ കേൾക്കാം” എന്നൊരു വാക്കുപോലും അവർക്ക് വലിയ ആശ്വാസമായേക്കാം.

ഒറ്റയ്ക്കല്ലെന്ന് അറിയിക്കാം

“എനിക്ക് നിന്നെക്കുറിച്ച് കരുതലുണ്ട്” എന്നറിയിക്കുന്നത് വളരെ പ്രധാനമാണ്. ഇടയ്ക്കിടെ വിളിച്ച് അന്വേഷിക്കുക, ഒരു സന്ദേശം അയയ്ക്കുക, ആവശ്യമെങ്കിൽ ചെറിയ കാര്യങ്ങളിൽ സഹായിക്കുക. നമ്മുടെ സാന്നിധ്യം തന്നെ ചിലപ്പോൾ അവരുടെ മനസ്സിലെ വലിയൊരു ഭാരത്തിന് ആശ്വാസമാകാം.

സഹായം തേടാൻ കൈപിടിക്കാം

മാനസിക ബുദ്ധിമുട്ടുകൾ തുടരുകയോ കൂടുതൽ ശക്തമാകുകയോ ചെയ്താൽ മാനസികാരോഗ്യ വിദഗ്ധന്റെ സഹായം തേടാൻ സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാം. സഹായം തേടുന്നത് ദൗർബല്യത്തിന്റെ അടയാളമല്ല. മറിച്ച്, സ്വന്തം ജീവിതത്തെയും ആരോഗ്യത്തെയും വിലമതിക്കുന്നതിന്റെ ഭാഗമാണ്. ആവശ്യമെങ്കിൽ വിദഗ്ധനെ കണ്ടെത്താനും അപ്പോയിന്റ്മെന്റ് എടുക്കാനും ഒപ്പം നിൽക്കാം.

ചെറിയ കരുതലുകൾ വലിയ ആശ്വാസമാകും

ഒരു ഫോൺ കോൾ, സ്നേഹത്തോടെ അയക്കുന്ന ഒരു സന്ദേശം, ഒപ്പമിരുന്ന് സംസാരിക്കാൻ മാറ്റിവയ്ക്കുന്ന കുറച്ച് സമയം—ഇവയെല്ലാം ചെറിയ കാര്യങ്ങളായി തോന്നാം. എന്നാൽ മാനസികമായി ബുദ്ധിമുട്ടിലൂടെ കടന്നുപോകുന്ന ഒരാൾക്ക് ഇവ വലിയ ആശ്വാസമായേക്കാം. “ഞാൻ ഒറ്റയ്ക്കല്ല, എനിക്കൊപ്പം ഒരാളുണ്ട്” എന്നൊരു തോന്നൽ അവർക്ക് നൽകാൻ ഈ ചെറിയ കരുതലുകൾക്ക് കഴിയും. അതിനാൽ, അവരുടെ മനസ്സിനും സമയത്തിനും അനുസരിച്ച് മുന്നോട്ടുപോകാൻ അവസരം നൽകുകയും ക്ഷമയോടെ ഒപ്പം നിൽക്കുകയും ചെയ്യാം.

വാക്കുകൾ സൂക്ഷിച്ചുപയോഗിക്കാം

“ഇതൊക്കെ എല്ലാവർക്കും ഉണ്ടാകുന്നതാണ്”, “അധികം ചിന്തിക്കേണ്ട” തുടങ്ങിയ വാക്കുകൾ ഒഴിവാക്കുന്നതാണ് നല്ലത്. പകരം, അവരുടെ വിഷമത്തെ അംഗീകരിക്കുന്ന വാക്കുകൾ ഉപയോഗിക്കാം. കേൾക്കുക, മനസ്സിലാക്കുക, കൂടെയിരിക്കുക—ഇവയാണ് ഏറ്റവും നല്ല പിന്തുണയുടെ തുടക്കം.

ഒരാളുടെ മനസ്സിലെ വേദന നമുക്ക് പൂർണമായി മനസ്സിലാക്കാനോ അവരുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാനോ കഴിഞ്ഞെന്നുവരില്ല. എന്നാൽ, അവരുടെ പ്രയാസങ്ങളിൽ അവർക്കൊരു ആശ്വാസവും താങ്ങുമായി നമുക്ക് മാറാൻ കഴിയും. ഒരു സ്നേഹവാക്ക്, ശ്രദ്ധയോടെ കേൾക്കുന്ന ഒരു മനസ്സ്, ആവശ്യമുള്ളപ്പോൾ നീട്ടുന്ന ഒരു കൈ—ഇവയ്ക്ക് വലിയ ശക്തിയുണ്ട്. ചിലപ്പോൾ ഒരാളുടെ ജീവിതത്തിൽ മാറ്റം വരുത്താൻ വലിയ കാര്യങ്ങളൊന്നും വേണ്ട; സ്നേഹത്തോടെ ഒപ്പം നിൽക്കുന്ന ഒരാൾ മാത്രം മതി.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.