എപ്രകാരമുള്ള പ്രാർഥനയാണ് ദൈവം കേൾക്കുന്നത്?

“എത്ര പ്രാർഥിച്ചിട്ടും എന്റെ പ്രാർഥനയ്‌ക്ക് ഉത്തരം ലഭിക്കുന്നില്ലല്ലോ…” ജീവിതത്തിലെ ഏതെങ്കിലും ഒരു ഘട്ടത്തിൽ നമ്മളിൽ പലരും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടാകാം. ചില പ്രാർഥനകൾക്ക് പെട്ടെന്ന് ഉത്തരം ലഭിക്കുമ്പോൾ, മറ്റു ചിലതിനായി വർഷങ്ങളോളം കാത്തിരിക്കേണ്ടിവരുന്നു. അപ്പോൾ ഒരു ചോദ്യം ഉയരുന്നു: ചില പ്രാർഥനകൾക്ക് മറ്റുള്ളവയേക്കാൾ കൂടുതൽ ശക്‌തിയുണ്ടോ?

വലിയ വാക്കുകളോ ദീർഘനേരം നീളുന്ന പ്രാർഥനയോ ആണോ കൂടുതൽ ഫലപ്രദം? ക്രൈസ്‌തവ വിശ്വാസം നൽകുന്ന ഉത്തരം മറ്റൊന്നാണ്. പ്രാർഥനയുടെ ശക്തി വാക്കുകളുടെ എണ്ണത്തിലോ അതിന്റെ ദൈർഘ്യത്തിലോ അല്ല; മറിച്ച് ദൈവത്തിലുള്ള വിശ്വാസത്തിലും സ്നേഹത്തിലും ആത്മാർഥതയിലുമാണ്.

ഹൃദയങ്ങൾ അറിയുന്ന ദൈവം

പ്രാർഥനയ്‌ക്ക് മനോഹരമായ വാക്കുകൾ ആവശ്യമില്ല. കണ്ണീരോടെ പറയുന്ന ഒരു വാക്കോ, നിശബ്‌ദമായ ഒരു നെടുവീർപ്പോ, “ദൈവമേ, എന്നെ സഹായിക്കണമേ” എന്ന ചെറിയ അപേക്ഷയോ പോലും ആഴമേറിയ പ്രാർഥനയാകാം. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ഭയങ്ങളും പ്രതീക്ഷകളും ദൈവത്തിന്റെ സന്നിധിയിൽ തുറന്നുപറയാം. കാരണം, നാം പറയുന്നതിനു മുമ്പുതന്നെ നമ്മുടെ ഹൃദയം അറിയുന്നവനാണ് ദൈവം.

വിശ്വാസമാണ് പ്രാർഥനയുടെ ശക്‌തി

ദൈവം നമ്മെ സ്നേഹിക്കുന്നുവെന്നും നമ്മുടെ പ്രാർഥനകൾ കേൾക്കുന്നുവെന്നും വിശ്വസിച്ചുകൊണ്ടാണ് പ്രാർഥിക്കേണ്ടത്. എന്നാൽ നാം ആഗ്രഹിക്കുന്നതെല്ലാം അതേപടി ലഭിക്കണമെന്നല്ല വിശ്വാസത്തിന്റെ അർഥം. ദൈവത്തിന്റെ ജ്ഞാനത്തിലും സ്നേഹത്തിലും വിശ്വസിച്ച്, നമുക്ക് ഏറ്റവും നല്ലത് അവിടുന്ന് നൽകുമെന്ന പ്രതീക്ഷയോടെ പ്രാർഥിക്കുകയാണ് പ്രധാനം.

ജപമാലയും വ്യക്തിപരമായ പ്രാർഥനയും

ജപമാല ക്രൈസ്‌തവ പ്രാർഥനാജീവിതത്തിലെ വിലപ്പെട്ട പ്രാർഥനയാണ്. ക്രിസ്‌തുവിന്റെ ജീവിതത്തെ ധ്യാനിക്കാനും മനസ്സിനെ ദൈവത്തിലേക്ക് അടുപ്പിക്കാനും അത് സഹായിക്കുന്നു. അതുപോലെ, സ്വന്തം വാക്കുകളിൽ ദൈവത്തോട് ഹൃദയം തുറന്ന് സംസാരിക്കുന്ന വ്യക്തിപരമായ പ്രാർഥനയ്‌ക്കും വലിയ പ്രാധാന്യമുണ്ട്.

അതുകൊണ്ട് ഏത് പ്രാർഥനയാണ് കൂടുതൽ ശക്തിയുള്ളത് എന്നതിലല്ല കാര്യം; ഏത് പ്രാർഥനയിലൂടെയാണ് നമ്മുടെ ഹൃദയം ആത്മാർഥമായി ദൈവത്തിലേക്ക് തിരിയുന്നത് എന്നതാണ് പ്രധാനം.

ഉത്തരം വൈകുമ്പോഴും പ്രാർഥിക്കുക

പ്രാർഥിച്ചിട്ടും ഉത്തരം ലഭിക്കാത്തതുപോലെ തോന്നുമ്പോഴാണ് പലപ്പോഴും നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടുന്നത്. എന്നാൽ പ്രാർഥനയുടെ ഉത്തരം എല്ലായ്‌പ്പോഴും പ്രശ്‌നങ്ങളുടെ ഉടനെയുള്ള പരിഹാരമായിരിക്കണമെന്നില്ല.

ചിലപ്പോൾ പ്രാർഥന നമ്മിൽ ക്ഷമയും പ്രതീക്ഷയും വളർത്തുന്നു; പ്രതിസന്ധികളെ നേരിടാനുള്ള ശക്‌തി നൽകുന്നു. സാഹചര്യങ്ങൾ മാറിയില്ലെങ്കിലും, അവയെ നേരിടാനുള്ള നമ്മുടെ മനസ്സിനെ പ്രാർഥന മാറ്റിയേക്കാം. അതും പ്രാർഥനയ്‌ക്കുള്ള ദൈവത്തിന്റെ ഉത്തരമായിരിക്കാം.

ഏറ്റവും ശക്തമായ പ്രാർഥന

ഏറ്റവും ശക്തമായ പ്രാർഥന നീണ്ട വാചകങ്ങളോ അലങ്കാര വാക്കുകളോ നിറഞ്ഞതായിരിക്കണമെന്നില്ല. “അങ്ങയുടെ ഹിതം പോലെ നടക്കട്ടെ” എന്ന് ഹൃദയത്തിന്റെ ആഴങ്ങളിൽനിന്ന് പറയുന്നതും ദൈവസന്നിധിയിൽ നിശ്ശബ്ദമായി ഇരിക്കുന്നതും പ്രാർഥന തന്നെയാണ്. അതിന്റെ ശക്തി വാക്കുകളുടെ എണ്ണത്തിലല്ല, വിശ്വാസത്തിലും ആത്മാർഥമായ സമർപ്പണത്തിലുമാണ്.

നീണ്ട പ്രാർഥനയായാലും ചെറിയൊരു വാക്കായാലും, ജപമാലയായാലും നിശ്ശബ്ദമായ കണ്ണീരായാലും, സ്നേഹത്തോടെ ദൈവത്തെ സമീപിക്കുന്ന ഓരോ പ്രാർഥനയ്ക്കും വിലയുണ്ട്. നാം പ്രതീക്ഷിക്കുന്ന രീതിയിൽ എല്ലാ പ്രാർഥനകൾക്കും ഉടൻ ഉത്തരം ലഭിച്ചെന്നുവരില്ല. എന്നാൽ ആത്മാർഥമായി പ്രാർഥിക്കുമ്പോൾ ദൈവത്തോടുള്ള നമ്മുടെ ബന്ധം കൂടുതൽ ആഴപ്പെടുന്നു.

അതിനാൽ വിശ്വാസത്തോടെ പ്രാർഥിക്കുകയും പ്രത്യാശയോടെ കാത്തിരിക്കുകയും ദൈവത്തിന്റെ സമയത്തിൽ വിശ്വസിക്കുകയും ചെയ്യാം. അവിടുത്തെ ഹിതത്തിന് സ്വയം സമർപ്പിക്കുന്ന ഹൃദയത്തിൽനിന്നുയരുന്ന പ്രാർഥനയാണ് ഏറ്റവും വിലപ്പെട്ടത്.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.