
“… അവൻ ഭയപ്പെട്ട് വെള്ളത്തിൽ മുങ്ങാൻ തുടങ്ങി” (വാക്യം 30).
രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ ‘ജനതകളുടെ പ്രകാശം’ (Lumen gentium) എന്ന പ്രാമാണിക മാർഗരേഖയിൽ ഏഴാം അധ്യായത്തിൽ തിരുസഭയെ ‘തീർഥാടക സമൂഹം’ (Pilgrim Community) എന്നാണ് വിളിച്ചിരിക്കുന്നത്. ‘വള്ളം’ തീർഥാടക സഭയെയും ‘പത്രോസും മറ്റു ശിഷ്യരും’ തീർഥാടകരെയും ‘തിരമാലകൾ’ തീർഥാടനത്തിൽ അനുഭവിക്കേണ്ടിവരുന്ന പരീക്ഷണങ്ങളെയും പ്രതിസന്ധികളെയും ക്ലേശങ്ങളെയും ഞെരുക്കങ്ങളെയും സൂചിപ്പിക്കുന്നു.
ക്രൈസ്തവജീവിതമാകുന്ന തീർഥാടനം ക്രിസ്‌തുവിൽ ദൃഷ്‌ടി കേന്ദ്രീകരിച്ചുള്ള ഒരു യാത്രയാണ്. ജലത്തിനു മുകളിൽ നടക്കുന്ന യേശുവിന്റെ മുഖത്ത് ശ്രദ്ധ – ദൃഷ്‌ടി – കേന്ദ്രികരിച്ചു നടന്ന പത്രോസ് ജലത്തില്‍ മുങ്ങുന്നില്ല. എന്നാൽ, ഭയവും സംശയവും അൽപവിശ്വാസവും മൂലം പത്രോസിന്റെ ശ്രദ്ധ യേശുവിൽ നിന്നും കടലില്‍ ആഞ്ഞടിക്കുന്ന കാറ്റിലേക്കും കോളിലേക്കും തിരിഞ്ഞപ്പോൾ അവൻ വെള്ളത്തിൽ മുങ്ങാൻ തുടങ്ങി. പ്രതിസന്ധികൾക്കിടയിലും ക്രിസ്‌തുവിൽ ദൃഷ്‌ടി കേന്ദ്രികരിച്ചു യാത്ര ചെയ്യുന്ന ക്രൈസ്തവന് ക്ലേശങ്ങൾക്കു മുകളിലൂടെ പ്രത്യാശയോടെ നടന്നുനീങ്ങാൻ സാധിക്കും.
ഞെരുക്കങ്ങളിൽ, പേടിച്ചുവിറയ്ക്കുന്ന നിമിഷങ്ങളിൽ പത്രോസിനെപ്പോലെ ദൈവകരങ്ങളാൽ എഴുന്നേൽക്കാനായി കൈകൾ ഉയർത്തുക. എഴുന്നേൽക്കുമ്പോൾ ജീവിതപ്രതിസന്ധികൾ എന്നെ ദൈവത്തോട് കൂടുതൽ അടുപ്പിക്കുന്നതായി തിരിച്ചറിയാൻ സാധിക്കും. ആമ്മേൻ.
ഫാ. ജെറി വള്ളോംകുന്നേൽ MCBS




