പ്രതീക്ഷയുടെ യാത്ര 169: സ്നേഹിതന്‍

ബ്രസീലിലെ റിയോ ഡി ജനീറോ തീരത്തിനടുത്തുള്ള പ്രൊവെറ്റ ഗ്രാമത്തിൽ നടന്ന ഒരു അപൂർവ സൗഹൃദത്തിന്റെ കഥ ലോകത്തെ അദ്ഭുതപ്പെടുത്തിയ ഒന്നാണ്. 2016 സെപ്റ്റംബര്‍ 28 ന് ആ സംഭവം സിഎന്‍എന്‍ (CNN) ല്‍ പ്രസിദ്ധീകരിച്ചിരുന്നു. ജോവോ പെരെയ്റ ഡി സൗസ (Joao Pereira de Souza) എന്ന മത്സ്യത്തൊഴിലാളിയുടെയും അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് യാദൃശ്ചികമായി കടന്നുവന്ന ‘ഡിൻഡിം’ (Dindim) എന്ന് പേരിട്ട പെൻഗ്വിന്റെയും ആത്മബന്ധത്തിന്റെ കഥയാണത്.

2011 ൽ ബ്രസീലിലെ ഇൽഹാ ഗ്രാൻഡെയിലുള്ള ബീച്ചിൽ വച്ചാണ് ജോവോ ഈ ചെറിയ പെൻഗ്വിനെ അവശനിലയിൽ കണ്ടെത്തുന്നത്. കട്ടിയുള്ള എണ്ണ പുരണ്ട് അനങ്ങാൻപോലും കഴിയാതെ മരണത്തോട് മല്ലടിച്ചിരുന്ന നിലയിലായിരുന്നു ആ പെന്‍ഗ്വിന്‍. ആ കാഴ്ച ജോവോയുടെ മനസ്സിൽ വലിയ നൊമ്പരമുണ്ടാക്കി.

അതിനെ തന്റെ ചെറിയ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ ജോവോ, ദിവസങ്ങളോളം തന്റെ ഷവറിനടിയിൽ കിടത്തി അതിന്റെ ശരീരത്തിലെ എണ്ണക്കറകൾ കഴുകിക്കളഞ്ഞു. ദിവസവും ചെറിയ മീനുകള്‍ ഭക്ഷണമായി നൽകി അദ്ദേഹം അതിനെ സ്നേഹത്തോടെയും ക്ഷമയോടെയും പരിചരിച്ചു. ‘ഡിൻഡിം’ എന്ന് പേരിട്ട ആ പെന്‍ഗ്വിന്‍ ക്രമേണ ആരോഗ്യവാനായി മാറി. മാസങ്ങളോളം അദ്ദേഹത്തോടൊപ്പം തങ്ങിയ അത് ആരോഗ്യം വീണ്ടെടുത്തതിനു ശേഷമാണ് ഒടുവിൽ കടലിലേക്ക് തിരികെപ്പോയത്. എല്ലാവരും ഇനി അത് തിരിച്ചുവരില്ല എന്ന് കരുതിയെങ്കിലും, എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അടുത്ത വർഷം ഡിൻഡിം വീണ്ടും ജോവോയെ തേടി ആ കടൽത്തീരത്തേക്ക് നീന്തിയെത്തി. പിന്നീടത്‌ എല്ലാ വര്‍ഷത്തിലുമെത്തി. വർഷംതോറും ആയിരക്കണക്കിന് മൈലുകൾ നീന്തിയാണ് തന്റെ സ്നേഹിതനെ കാണാൻമാത്രമായി ഈ പെന്‍ഗ്വിന്‍ എത്തിച്ചേരുന്നത്.

ജോവോയെ കാണുമ്പോൾ സന്തോഷത്താൽ ശബ്ദമുണ്ടാക്കുന്ന കാഴ്ച വളരെ ഹൃദ്യമാണ്. സ്വന്തം മകനെപ്പോലെയാണ് ജോവോ ആ പെൻഗ്വിനെ സ്നേഹിച്ചത്. വീട്ടിലെ മറ്റാരെങ്കിലും തൊടാൻ ശ്രമിച്ചാൽ കൊത്താൻ ചെല്ലുന്ന ആ പെന്‍ഗ്വിന്‍, ജോവോയുടെ സ്പർശനത്തിൽ മാത്രം പൂർണ്ണ ശാന്തതയോടെ കൂടെ നിൽക്കും.

2024 ൽ, ഈ സംഭവം ‘മൈ പെന്‍ഗ്വിന്‍ ഫ്രണ്ട്’ (My Penguin Friend) എന്ന പേരില്‍ സിനിമയായി. അര്‍ജന്റീനയില്‍ നിന്നും ബ്രസീലിലേക്ക് 5000 മൈല്‍ നീന്തി ഈ പെന്‍ഗ്വിന്‍ തുടര്‍ച്ചയായി എട്ടു വര്‍ഷങ്ങള്‍ തന്റെ സ്നേഹിതനെ സന്ദര്‍ശിക്കാന്‍ വന്നിരുന്നു എന്ന് ഈ സിനിമയുടെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്.   ജോവോയും പെന്‍ഗ്വിനും കടല്‍തീരത്ത് ഇരിക്കുന്നതിന്റെ യഥാർഥ വീഡിയോദൃശ്യങ്ങള്‍ കാണിച്ചുകൊണ്ടാണ് സിനിമ അവസാനിക്കുന്നത്‌.

ഈ സംഭവം ലോകത്തിന് നൽകുന്ന സന്ദേശം വളരെ വലുതാണ്. മനുഷ്യനും മറ്റു ജീവജാലങ്ങളും തമ്മിൽ നിസ്വാർഥമായ സൗഹാർദത്തോടെയും പരസ്പരസ്നേഹത്തോടെയും ജീവിക്കാൻ കഴിയുമെന്നതിന്റെ ഉത്തമ ഉദാഹരണമാണിത്. ഭാഷയുടെയും വർഗത്തിന്റെയും അതിരുകളില്ലാത്ത, ജീവന്റെ തുടിപ്പുകളെ തിരിച്ചറിയുന്ന ഹൃദയങ്ങളുടെ സംഗമമാണിത്. അപകടത്തിൽപെട്ട ഒരു ജീവന് നൽകിയ അഭയവും സ്നേഹവും, വർഷങ്ങൾ കഴിഞ്ഞാലും ആ ജീവി മറക്കില്ലെന്നതിന്റെ തെളിവാണ് ഡിൻഡിമിന്റെ ഈ കടൽയാത്രകൾ.

സ്നേഹവും കരുണയും പ്രകൃതിയോടുള്ള അനുകമ്പയും ദിനംപ്രതി നഷ്ടപ്പെട്ടുപോകുന്ന ആധുനിക ലോകത്ത് ഈ കഥ നൽകുന്ന പാഠം ചെറുതല്ല. ലാഭത്തിനായി പ്രകൃതിയെയും ജീവജാലങ്ങളെയും ചൂഷണം ചെയ്യുന്ന മനുഷ്യന്, ഇതരജീവജാലങ്ങളോടും ഹൃദയബന്ധം സ്ഥാപിക്കാൻ കഴിയുമെന്ന വലിയൊരു ഓർമ്മപ്പെടുത്തലാണ് ജോവോയും ഡിൻഡിമും. നാം ചെയ്യുന്ന ചെറിയ നന്മകൾ പോലും വ്യർഥമാവില്ലെന്നും, എപ്പോഴെങ്കിലും അത് വലിയ രൂപത്തിൽ നമ്മെ തേടിയെത്തുമെന്നും ഇത് നമ്മെ പഠിപ്പിക്കുന്നു. പകയുടെയും വിദ്വേഷത്തിന്റെയും സ്വാർഥതയുടെയും ലോകത്ത്, അന്യന്റെ വേദന കാണാൻ കഴിയുന്ന മാനവികതയാണ് ഏറ്റവും വലിയ ശക്തി.

സ്വന്തം ആവാസവ്യവസ്ഥയുടെ അതിരുകൾ ഭേദിച്ച്, ആയിരക്കണക്കിന് മൈലുകൾ താണ്ടി സ്നേഹത്തിനായി മാത്രം നീന്തിയെത്തുന്ന ഡിൻഡിമിന്റെ യാത്ര, മനുഷ്യഹൃദയങ്ങളെ സ്പർശിക്കുന്ന അനശ്വരമായ സ്നേഹത്തിന്റെ പ്രതീകമായി എന്നും നിലനിൽക്കും. പ്രകൃതിയോടും ചുറ്റുമുള്ള എല്ലാ ജീവനുകളോടും അലിവോടെ വർത്തിക്കാൻ ഈ അപൂർവസൗഹൃദം നമ്മെ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും.

ഫാ. ജി. കടൂപ്പാറയിൽ MCBS

ഫാ. ജി. കടൂപ്പാറയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.