
കുടുംബമാണ് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ താങ്ങും ആശ്വാസവും. എന്നാൽ അഭിപ്രായവ്യത്യാസങ്ങളും തെറ്റിദ്ധാരണകളും ചിലപ്പോൾ കുടുംബബന്ധങ്ങളിൽ അകൽച്ചയ്ക്കും സംഘർഷങ്ങൾക്കും ഇടയാക്കാം. പരസ്പരം മനസ്സിലാക്കുകയും സ്നേഹത്തോടെയും ക്ഷമയോടെയും ഇടപെടുകയും ചെയ്യുന്നതിലൂടെ ഇത്തരം പ്രശ്നങ്ങളെ സമാധാനത്തോടെ മറികടക്കാം. അതിനായി കുടുംബജീവിതത്തിൽ ചില നല്ല ശീലങ്ങൾ വളർത്തിയെടുക്കേണ്ടത് പ്രധാനമാണ്.
1. പ്രതികരിക്കുന്നതിന് മുമ്പ് ചിന്തിക്കുക
കോപമോ വിഷമമോ തോന്നുന്ന നിമിഷങ്ങളിൽ പെട്ടെന്ന് പ്രതികരിക്കാതെ അൽപ്പസമയം ശാന്തമായിരിക്കാൻ ശ്രമിക്കുക. ആഴത്തിൽ ശ്വാസമെടുത്ത് മനസ്സിനെ ശാന്തമാക്കിയ ശേഷം ചിന്തിച്ചും ആലോചിച്ചും സംസാരിക്കുന്നത് അനാവശ്യമായ തർക്കങ്ങൾ ഒഴിവാക്കാനും പ്രശ്നങ്ങൾ കൂടുതൽ വഷളാകാതിരിക്കാനും സഹായിക്കും.
2. ശ്രദ്ധയോടെ കേൾക്കുക
കുടുംബാംഗങ്ങൾ പറയുന്ന കാര്യങ്ങൾ ഇടയ്ക്ക് തടസ്സപ്പെടുത്താതെ ശ്രദ്ധയോടെ കേൾക്കുക. അവരുടെ വാക്കുകൾക്കപ്പുറം ഒളിഞ്ഞിരിക്കുന്ന വികാരങ്ങളും ആവശ്യങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. പരസ്പരം ശ്രദ്ധയോടെ കേൾക്കാനും മനസ്സിലാക്കാനും കഴിയുമ്പോൾ കുടുംബബന്ധങ്ങളിൽ കൂടുതൽ സ്നേഹവും അടുപ്പവും വളർത്തിയെടുക്കാൻ സാധിക്കും.
3. വികാരങ്ങൾ തുറന്നു പറയുക
കോപം, വിഷമം, നിരാശ തുടങ്ങിയ വികാരങ്ങളെ ഉള്ളിലൊതുക്കാതെ ആരോഗ്യകരമായ രീതിയിൽ പ്രകടിപ്പിക്കാൻ ശ്രമിക്കുക. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിനുപകരം സ്വന്തം വികാരങ്ങളും ആവശ്യങ്ങളും ശാന്തമായി പങ്കുവയ്ക്കുക. തുറന്ന മനസ്സോടെയുള്ള ഇത്തരം സംഭാഷണങ്ങൾ പരസ്പരം മനസ്സിലാക്കാനും കുടുംബബന്ധങ്ങൾ കൂടുതൽ ശക്തമാക്കാനും സഹായിക്കും.
4. ശാന്തമായ ശേഷം പ്രശ്നം പരിഹരിക്കുക
സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ ഉടൻ പ്രതികരിക്കാതെ അൽപ്പസമയം വിട്ടുനിൽക്കുക. എല്ലാവരുടെയും മനസ്സ് ശാന്തമായ ശേഷം പ്രശ്നത്തെക്കുറിച്ച് സമാധാനത്തോടെ സംസാരിക്കുന്നത് തെറ്റിദ്ധാരണകൾ ഒഴിവാക്കാനും പരസ്പരം അംഗീകരിക്കാവുന്ന ഒരു പരിഹാരത്തിലെത്താനും സഹായിക്കും.
5. ഒരുമിപ്പിക്കുന്ന കാര്യങ്ങൾ കണ്ടെത്തുക
അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുമ്പോഴും കുടുംബാംഗങ്ങളെ പരസ്പരം ചേർത്തുനിർത്തുന്ന കാര്യങ്ങൾ ഓർക്കുക. പരസ്പര സ്നേഹവും കുടുംബത്തിന്റെ നന്മയും മനസ്സിൽ സൂക്ഷിക്കുന്നത് ഭിന്നതകൾ മറികടക്കാനും ഐക്യവും അടുപ്പവും നിലനിർത്താനും സഹായിക്കും.
6. കുടുംബത്തിനായി സമയം മാറ്റിവയ്ക്കുക
ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും യാത്രകൾ പോകാനുമൊക്കെയായി സമയം കണ്ടെത്തുക. തിരക്കുകൾക്കിടയിലും കുടുംബത്തിനായി മാറ്റിവയ്ക്കുന്ന ഈ ചെറിയ നിമിഷങ്ങൾ പരസ്പര സ്നേഹവും അടുപ്പവും വളർത്താനും കുടുംബബന്ധങ്ങൾ കൂടുതൽ ഊഷ്മളമാക്കാനും സഹായിക്കും.
7. നന്ദി പറയുന്ന ശീലം വളർത്തുക
കുടുംബാംഗങ്ങൾ ചെയ്യുന്ന ചെറിയ സഹായങ്ങൾക്കുപോലും നന്ദി പറയുക. പരസ്പരം അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്യുന്നത് വീട്ടിൽ സന്തോഷകരമായ അന്തരീക്ഷം സൃഷ്ടിക്കും.
8. പരസ്പരം പിന്തുണ നൽകുക
ഓരോരുത്തരുടെയും പ്രശ്നങ്ങളും വികാരങ്ങളും മനസ്സിലാക്കാൻ ശ്രമിക്കുക. വിമർശിക്കുന്നതിന് പകരം ആവശ്യമുള്ളപ്പോൾ പിന്തുണയും പ്രോത്സാഹനവും നൽകുക.
9. സ്വന്തം ആരോഗ്യം ശ്രദ്ധിക്കുക
നല്ലൊരു കുടുംബാന്തരീക്ഷം നിലനിർത്താൻ ഓരോരുത്തരുടെയും മാനസികവും ശാരീരികവുമായ ആരോഗ്യം പ്രധാനമാണ്. ആവശ്യത്തിന് വിശ്രമിക്കാനും സ്വന്തം താൽപര്യങ്ങൾക്കും സന്തോഷത്തിനുമായി അൽപ്പസമയം മാറ്റിവയ്ക്കാനും ശ്രദ്ധിക്കുക.
കുടുംബത്തിൽ സ്നേഹവും സമാധാനവും നിലനിർത്തുന്നത് ഓരോ കുടുംബാംഗത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണ്. പരസ്പരം ശ്രദ്ധയോടെ കേൾക്കുകയും മനസ്സിലാക്കുകയും ക്ഷമയോടെയും കരുതലോടെയും പെരുമാറുകയും ചെയ്യുമ്പോഴാണ് ഊഷ്മളമായ കുടുംബബന്ധങ്ങൾ വളരുന്നത്. ചെറിയ ചെറിയ നല്ല ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുന്നതിലൂടെ സ്നേഹവും സന്തോഷവും സമാധാനവും നിറഞ്ഞൊരു കുടുംബാന്തരീക്ഷം നമുക്ക് സൃഷ്ടിക്കാം.
വിവർത്തനം: ഡിൻസി തോമസ്




