നവംബര്‍ 26: വി. ജോണ്‍ ബര്‍ക്കുമാന്‍സ്

അള്‍ത്താര ബാലന്മാരുടെ പ്രത്യേക മദ്ധ്യസ്ഥനാണ് വി. ജോണ്‍ ബര്‍ക്കുമാന്‍സ്. അദ്ദേഹം 1599 മാര്‍ച്ച് 13-ാം തീയതി ബല്‍ജിയത്തിലെ ഡീസ്റ്റ് എന്ന സ്ഥലത്ത് ഒരു ചെരുപ്പുകുത്തിയുടെ പുത്രനായി ജനിച്ചു. ഭക്തയായിരുന്ന മാതാവ് ജോണിനെ ഉത്തമ ക്രൈസ്തവ വിശ്വാസത്തില്‍ വളര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ബാല്യത്തില്‍ പ്രതിദിനം മൂന്നു കുര്‍ബാനകളില്‍ ശുശ്രൂഷിയായി വിശുദ്ധന്‍ കൂടിയിരുന്നു.

വെറും പത്തു വയസുള്ളപ്പോള്‍ തന്നെ വൈദികനാകാന്‍ ആഗ്രഹിച്ച ജോണ്‍, സിസ്റ്റിലെ ഫാ. പീറ്ററിന്റെ കീഴില്‍ പഠനം ആരംഭിച്ചു. സാമ്പത്തികമായി വളരെ പരുങ്ങലിലായിരുന്നു ജോണിന്റെ കുടുംബം. അതിനാല്‍ അദ്ദേഹം സ്വയം ജോലി ചെയ്താണ് തന്റെ പഠനം മുമ്പോട്ടു കൊണ്ടുപോയിരുന്നത്.

1615- ല്‍ ഈശോസഭക്കാര്‍ മെര്‍ക്ക്‌ലിനില്‍ ഒരു കോളജ് ആരംഭിച്ചു. അവിടെ ഒരു വിദ്യാര്‍ത്ഥിയായി ചേര്‍ന്ന ജോണ്‍ താമസിയാതെ തന്നെ ഈശോസഭയില്‍ ചേരാന്‍ തീരുമാനിച്ചു. തന്റെ പുത്രന്‍ ഒരു ഇടവക വൈദികനായി കാണാനാഗ്രഹിച്ച പിതാവിന് മകന്റെ ഈശോസഭാ പ്രവേശനം ഒട്ടും സ്വീകാര്യമായിരുന്നില്ല. എന്നാല്‍ അവസാനം അദ്ദേഹം മകന്റെ ആഗ്രഹത്തിന് അദ്ദേഹം അനുവാദം നല്‍കി. അങ്ങനെ 1616 സെപ്റ്റംബര്‍ 24-ാം തീയതി ജോണ്‍ ഈശോസഭയില്‍ ചേര്‍ന്നു.

ഏറ്റം നിസാരമായ നിയമം പോലും കണിശമായി പാലിക്കുന്നതില്‍ ജോണ്‍ മറ്റുള്ളവര്‍ക്ക് ഒരു വിശിഷ്ടമാതൃകയായിരുന്നു. ‘മനഃപൂര്‍വ്വം ആശ്രമത്തിലെ ഏറ്റവും ചെറിയ നിയമത്തെപ്പോലും ലംഘിക്കുന്നതിനേക്കാള്‍ മരിക്കുകയാണ് നല്ലത്’ – ഇതായിരുന്നു നിയമാനുഷ്ഠാനത്തെക്കുറിച്ചുള്ള ജോണിന്റെ ചിന്ത. ഈ കാലത്ത് വിശുദ്ധന് ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ജോലി കുട്ടികളെയും അഗതികളെയും വേദപാഠം പഠിപ്പിക്കുക എന്നതായിരുന്നു.

1619- ല്‍ ജോണ്‍ തത്വശാസ്ത്ര പഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെട്ടു. ജോണ്‍ പഠനത്തില്‍ അത്ര സമര്‍ത്ഥനായിരുന്നില്ലെങ്കിലും ഭാവിയില്‍ ഉത്തമനായ ഒരു പ്രേഷിതനായിത്തീരുന്നതിനു വേണ്ടി അത്യുത്സാഹത്തോടു കൂടി പരിശ്രമിച്ചിരുന്നു. കഠിനരോഗത്താല്‍ പീഡിതരായിരുന്ന സാധുക്കളെ അവസരം കിട്ടുമ്പോഴെല്ലാം വിശുദ്ധന്‍ സന്ദര്‍ശിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു. എല്ലാവരുടെയും പ്രിയപ്പെട്ടവനായിരുന്ന ജോണ്‍ 1621- ല്‍ തത്വശാസ്ത്രപഠനം വിജയകരമായി പൂര്‍ത്തിയാക്കി. എന്നാല്‍ അധികം താമസിയാതെ ജോണിന്റെ ആരോഗ്യം ക്ഷയിക്കുകയും ശയ്യയെ പ്രാപിക്കുകയും ചെയ്തു. ഒരു ജപമാലയും കുരിശുരൂപവും നിയമപുസ്തകവും കൈയില്‍ പിടിച്ചുകൊണ്ട് ജോണ്‍ പറഞ്ഞു: “ഇവയാണ് എന്റെ മൂന്നു നിധികള്‍. ഇവ കൈയില്‍ പിടിച്ച് മരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.”

1621 ആഗസ്റ്റ് 3-ാം തീയതി തന്റെ 22-ാമത്തെ വയസില്‍ വിശുദ്ധന്‍ നിത്യസമ്മാനത്തിനായി യാത്രയായി.

വിചിന്തനം: ദൈവവരപ്രസാദം കൂടാതെ പ്രവചന വരവും അത്ഭുതപരവര്‍ത്തനവരവും സമുന്നതവുമായ ധ്യാനനിഷ്ഠയും നിസ്സാരമാണ്. അത്രയ്ക്കു വിശിഷ്ടമാണ് ദൈവവരപ്രസാദം.

ഇതരവിശുദ്ധര്‍ : കോണ്‍റാഡ് (+975)/അമാതോര്‍(മൂന്നാം നൂറ്റാണ്ട്) ഔതിയുമിലെ മെത്രാന്‍/ ബെല്ലിനൂസ് (+1151) പാദുവായിലെ മെത്രാന്‍/ ഫൗസ്റ്റസ് (+311) ഈജിപ്ഷ്യന്‍ രക്തസാക്ഷി/മാര്‍ട്ടിന്‍ (+726)/ഫിലിയസ് (+307) രക്തസാക്ഷി/ അലിപ്പിയൂസ് (നാലാം നൂറ്റാണ്ട്)/ ഡോമിനിക്ക് ഡോണ്‍ (+1839)/നിക്കോണ്‍

ഫാ. ജെ. കൊച്ചുവീട്ടില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.