ക്രൂരതയുടെ തന്ത്രങ്ങൾ മെനഞ്ഞ്‌ ഉക്രൈൻ മണ്ണിൽ റഷ്യ

ഉക്രൈനിൽ റഷ്യ നടത്തുന്നത് ആസൂത്രിതമായ കൊലപാതകങ്ങളും ആക്രമണങ്ങളുമാണെന്ന വെളിപ്പെടുത്തലുകളുമായി യുദ്ധത്തെയും പീഡനങ്ങളെയും അതിജീവിച്ച ആളുകൾ. ഉക്രൈൻ സൈന്യത്തെ സഹായിക്കുന്നു എന്ന് സംശയമുള്ള പൗരന്മാരെ കൊന്നുകളയുന്നതിനുള്ള സൈനിക ഉത്തരവുകളാണ് പലപ്പോഴും റഷ്യൻ പട്ടാളക്കാർ ഉക്രൈനിലെ യുദ്ധഭൂമിയിൽ നടപ്പിലാക്കുന്നത്. പ്രഥമദൃഷ്ട്യാ, ആക്രമണങ്ങളിൽ കൊല്ലപ്പെടുന്ന ഉക്രൈൻ ജനങ്ങൾ; എന്നാൽ പലപ്പോഴും യുദ്ധത്തിന്റെ അതിക്രമങ്ങൾക്കപ്പുറം തങ്ങളുടെ എതിരാളികളെ നിശേഷം ഇല്ലാതാക്കുന്ന ക്രൂരമായ മനോഭാവവും റഷ്യ ഉക്രൈനിലെ സമാധാനം ആഗ്രഹിക്കുന്ന സാധാരണ പൗരന്മാരോട് പ്രകടിപ്പിക്കുകയാണ്.

“ഒസേറ, ബേബിൻ‌സി, സെഡ്‌വിജിവ്ക തുടങ്ങിയ ചൈക്കോയുടെ കീഴിലുള്ള എല്ലാ പ്രദേശങ്ങളിലും റഷ്യൻ സൈന്യം അതിക്രൂരമായിട്ടാണ് പെരുമാറുന്നത്. ഉക്രേനിയൻ സൈന്യത്തെ സഹായിക്കുമെന്ന ചെറിയ സംശയത്തിന്റെ പേരിൽ പോലും നിരവധി ആളുകളെ പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ഇവിടെ. റഷ്യൻ സൈനികർക്ക് ദയയില്ലാത്ത സമീപനം സ്വീകരിക്കുന്നതിനുള്ള നിർദ്ദേശമാണ് ലഭിച്ചിരിക്കുന്നത്” – അതിക്രമങ്ങളെ അതിജീവിച്ചവർ വെളിപ്പെടുത്തുന്നു.

യഥാർത്ഥ സൈനികർ ഭൂഗർഭ അറകളിൽ ഉണ്ടായിരുന്നപ്പോൾ തെരുവിലിറങ്ങിയ സാധാരണ ജനങ്ങൾക്കു നേരെ തങ്ങൾ ആക്രമണം നടത്തുകയും ആളുകളെ കൊല്ലുകയും ചെയ്തതായി റഷ്യൻ സൈനികർ തങ്ങളുടെ നാട്ടിലുള്ള അമ്മമാരോടും പ്രിയപ്പെട്ടവരോടും വെളിപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്.

അലക്‌സാണ്ടർ ചൈക്കോയുടെ നേതൃത്വത്തിൽ പ്രദേശത്ത് നൂറുകണക്കിന് സാധാരണക്കാരെ മർദ്ദിക്കുകയും പീഡിപ്പിക്കുകയും വധിക്കുകയും ചെയ്തതായുള്ള വെളിപ്പെടുത്തലുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ‘അവർ സാധാരണക്കാരനോ, അല്ലയോ എന്നത് പ്രശ്നമല്ല. എല്ലാവരെയും കൊല്ലുക. ഇതാണ് ഞങ്ങൾക്ക് കിട്ടിയിരിക്കുന്ന ഉത്തരവ്’ – വാഡിം എന്ന പട്ടാളക്കാരൻ തന്റെ അമ്മയെ വിളിച്ചപ്പോൾ പറഞ്ഞതാണ് ഇത്. ഈ വാക്കുകൾ ഉക്രൈനിലെ റഷ്യൻ പട്ടാളക്കാരുടെ മനോഭാവത്തെയും ഒപ്പം നിസ്സഹായതയെയും സൂചിപ്പിക്കുന്നു.

യുദ്ധത്തടവുകാരെ പിടിക്കരുതെന്ന് ഞങ്ങൾക്ക് ഉത്തരവുണ്ട്, മറിച്ച് അവരെയെല്ലാം നേരിട്ട് വെടിവച്ചു കൊല്ലാനാണ് നിർദ്ദേശം എന്ന് ലിയോണിയ എന്ന് വിളിപ്പേരുള്ള ഒരു സൈനികൻ തന്റെ ഫോൺ കോളിൽ പറയുന്നു. 18 വയസുള്ള ഒരു ആൺകുട്ടി തടവുകാരനായിരുന്നു. ആദ്യം, അവർ ഒരു മെഷീൻ ഗൺ ഉപയോഗിച്ച് അവന്റെ കാലിൽ വെടിവച്ചു, തുടർന്ന് അവന്റെ ചെവികൾ വെട്ടിമാറ്റി. ഈ വേദനകളിലൂടെയെല്ലാം കടന്നുപോയ അവനെ ഒടുവിൽ സൈനികർ വെടിവച്ചു കൊലപ്പെടുത്തി. ഞങ്ങൾ തടവുകാരെ പിടിക്കുന്നില്ല; അതിനർത്ഥം, ഞങ്ങൾ ആരെയും ജീവനോടെ വിടില്ല എന്നാണ് – ലിയോണി അമ്മയോട് പറഞ്ഞത് ഇപ്രകാരമാണ്.

മരിയ ജോസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.