ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: സെപ്റ്റംബർ 26

പ്രശസ്ത സാമൂഹ്യപരിഷ്കർത്താവും ബംഗാൾ നവോത്ഥാന നായകരിൽ പ്രധാനിയുമായ ഈശ്വരചന്ദ്ര വിദ്യാസാഗർ ജനിച്ചത് 1820 സെപ്റ്റംബർ 26 നായിരുന്നു. ഠാക്കൂർദാസിന്റെയും ഭഗവതിദേവിയുടെയും മകനായായിട്ടായിരുന്നു ജനനം. കൽക്കട്ട സംസ്കൃത കോളേജിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം 1841 ൽ അദ്ദേഹം ഫോർട്ട് വില്യം കോളേജിൽ സംസ്കൃതവിഭാഗം തലവനായി. സംസ്കൃത കോളേജിൽ ബ്രാഹ്മണരല്ലാത്തവർക്കും പ്രവേശനം നൽകിത്തുടങ്ങിയത് അദ്ദേഹത്തിന്റെ കാലത്താണ്. ബംഗാളിൽ അഡ്മിഷൻ ഫീസ്, ട്യൂഷൻ ഫീസ് തുടങ്ങിയവ ആരംഭിച്ചതും അദ്ദേഹമാണ്. അധ്യാപനശൈലിയിൽ ഐക്യരൂപം കൊണ്ടുവരാനുദ്ദേശിച്ച് ഒരു അധ്യാപകപരിശീലന കേന്ദ്രവും അദ്ദേഹം ആരംഭിച്ചു. സ്ത്രീസമുദ്ധാരണത്തിനായി അദ്ദേഹം നടത്തിയ ഇടപെടലുകളുടെ ഫലമായാണ് ഹിന്ദു വിധവാ പുനർവിവാഹ നിയമം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി നടപ്പിലാക്കിയത്. 1891 ൽ അദ്ദേഹം അന്തരിച്ചു.

1960 സെപ്റ്റംബർ 26 നാണ് ആദ്യമായി അമേരിക്കയിലെ പ്രസിഡൻഷ്യൽ ഡിബേറ്റ് ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്തത്. സ്ഥാനാർഥികളായിരുന്നു ജോൺ എഫ്. കെന്നഡിയും റിച്ചാർഡ് നിക്സണും തമ്മിലായിരുന്നു ഡിബേറ്റ്. സിബിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന കൊളംബിയ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റമാണ് ടിവിയിലൂടെ ‘ഡിബേറ്റ്’ ആളുകളിലേക്കെത്തിച്ചത്. ചിക്കാഗോയിലെ ഇല്ലിനോയിസിലുള്ള സിബിഎസ് സ്റ്റുഡിയോയിൽ വച്ചായിരുന്നു ഡിബേറ്റ്. ഓരോ സ്ഥാനാർഥിക്കും ഓപ്പണിംഗ് സ്റ്റേറ്റ്മെന്റിന് എട്ടു മിനിറ്റുകളും ക്ലോസിംഗ് സ്റ്റേറ്റ്മെന്റിന് മൂന്നു മിനിറ്റുകളുമാണ് അനുവദിച്ചിരുന്നത്. ഹോവാർഡ് കെ. സ്മിത്തായിരുന്നു മോഡറേറ്റർ. രണ്ടു സ്ഥാനാർഥികളുടെയും ഓപ്പണിംഗ് റിമാർക്കുകൾക്കു ശേഷം സ്റ്റുഡിയോയിലുണ്ടായിരുന്ന നാലുപേർ അവരോട് ചോദ്യങ്ങൾ ചോദിച്ചു. ആഭ്യന്തരനയം, വിദ്യാഭ്യാസം, ആരോഗ്യസംരക്ഷണം, കൃഷി, സമ്പദ് വ്യവസ്ഥ, തൊഴിൽ, ശീതയുദ്ധം തുടങ്ങിയവയായിരുന്നു ഡിബേറ്റിന്റെ വിഷയങ്ങൾ.

പ്രശസ്ത ഇംഗ്ലീഷ് റോക്ക് ബാന്റായിരുന്ന ദി ബീറ്റിൽസിന്റെ അവസാനം റെക്കോർഡ് ചെയ്ത ആൽബം പുറത്തിറങ്ങിയത് 1969 സെപ്റ്റംബർ 26 നായിരുന്നു. ആബി റോഡ് എന്നായിരുന്നു ആൽബത്തിന്റെ പേര്. ഈ ആൽബത്തിനു ശേഷം ലെറ്റ് ഇറ്റ് ബി എന്ന ഒരു ആൽബം കൂടി അവർ പുറത്തിറക്കിയെങ്കിലും, ആബി റോഡിന്റെ റെക്കോർഡിംഗിനു മുമ്പേ അതിന്റെ റെക്കോർഡിംഗ് പൂർത്തിയായിരുന്നു. 1969 ഫെബ്രുവരി 22 നാണ് ആബി റോഡിന്റെ റെക്കോർഡിംഗ് തുടങ്ങിയത്. എട്ട് ട്രാക്ക് റീൽ ടു റീൽ ടേപ്പ് മെഷീനിലാണ് ആൽബം റെക്കോർഡ് ചെയ്തത്. 17 പാട്ടുകളാണ് ആൽബത്തിലുണ്ടായിരുന്നത്.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.