
സൺസ്ക്രീൻ എന്നത് വെറുമൊരു മേക്കപ്പ് സാധനമല്ല, മറിച്ച് ചർമ്മത്തെ അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്നും അർബുദത്തിൽ നിന്നും രക്ഷിക്കുന്ന ഒരു പ്രതിരോധ കവചമാണ്! കുട്ടിക്ക് സൺസ്ക്രീൻ ഇട്ടുകൊടുത്ത അമ്മയും, ‘വെയിലുകൊണ്ടു വളർന്നതാണ്’ എന്ന് വാദിക്കുന്ന വല്യമ്മയും തമ്മിലുള്ള രസകരമായ സംഭാഷണത്തിലൂടെ സൺസ്ക്രീനിന്റെ പിന്നിലെ ശാസ്ത്രവും, അത് ഉപയോഗിക്കേണ്ട ശരിയായ രീതികളും വിശദമായി വായിക്കാം. ഡോ. ജോജോ ജോസഫ് എഴുതുന്നു.
ഒരു ഞായറാഴ്ച രാവിലെ നടന്ന സംഭവമാണ്. പത്തുവയസ്സുകാരന്‍ അപ്പു ക്രിക്കറ്റ് കളിക്കാന്‍ പോകാന്‍ തയ്യാറാവുന്നു. അപ്പുവിന്റെ അമ്മ ബിന്ദു അവന്റെ മുഖത്തും കഴുത്തിലും കൈകളിലും സണ്‍സ്‌ക്രീന്‍ പുരട്ടിക്കൊടുക്കാൻ തുടങ്ങി. ഇതുകണ്ട അടുത്തുനിന്ന വല്യമ്മ ഇടപെട്ടു:
“എന്തിനാ അവനെ പെണ്‍കുട്ടികളെപ്പോലെ അണിയിച്ചൊരുക്കുന്നത്?”
ബിന്ദു പറഞ്ഞു: “ഇപ്പോള്‍ യുവി റേസ് (UV Rays) കൂടുതലാണ് പുറത്ത്. അമ്മ എപ്പോഴും ഫേസ്ബുക്ക് നോക്കി ഇരിക്കുന്നതാണല്ലോ. ദുരന്തനിവാരണ മെസ്സേജ് ഒന്നും കാണുന്നില്ലേ. ഇത് സ്‌കിന്‍ കാന്‍സര്‍ വരെ ഉണ്ടാക്കാം. അല്ലാതെ ഇതൊരു മേക്കപ്പ് അല്ല.”
വല്യമ്മ വിട്ടുകൊടുത്തില്ല:
“പിന്നെ, ഇതുവരെ എന്നും വെയിലില്‍ പാടത്ത് പണിയെടുത്താണ് നിന്റെ അച്ഛന്‍ നിന്നെ വളര്‍ത്തിയത്. അദ്ദേഹം എത്ര ആരോഗ്യവാനാണ്. കുട്ടികളായാല്‍ അല്‍പം വെയില്‍ കൊണ്ടുവേണം വളരാന്‍.”
ഒപ്പം വല്യമ്മ യ്ക്ക് ഫേസ്ബുക്കില്‍ നിന്നു കിട്ടിയ ഒരു അറിവ് കൂടി ബിന്ദുവിന് പറഞ്ഞുകൊടുത്തു:
“നീ വെയില് കൊള്ളാത്തതുകൊണ്ടാണ് നിനക്ക് വിറ്റാമിന്‍ ഡി കുറവായി ഗുളിക കഴിക്കേണ്ടിവന്നത്. സൂര്യനെ ആരും പേടിക്കരുത്. സൂര്യന്‍ നമുക്ക് എല്ലാം തരുന്ന ഭഗവാനാണ്.”
ഈ സംസാരത്തില്‍ ഉയര്‍ന്ന സണ്‍സ്‌ക്രീന്‍ (Sunscreen) ഒരു കോസ്‌മെറ്റിക് (Cosmetic) ആണോ, സൂര്യപ്രകാശം നാം നേരിട്ടേല്‍ക്കുന്നത് നല്ലതാണോ, ചീത്തയാണോ തുടങ്ങിയ കാര്യങ്ങള്‍, സണ്‍സ്‌ക്രീനിന്റെ പിന്നിലെ ശാസ്ത്രം ഒക്കെയാണ് ഇന്നത്തെ ലേഖനം.
സൂര്യപ്രകാശത്തെക്കുറിച്ച്
ഒരല്‍പം സയന്‍സ് പറഞ്ഞുകൊണ്ട് നമുക്ക് തുടങ്ങാം. സൂര്യപ്രകാശം അഥവാ വിസിബിള്‍ ലൈറ്റ് (Visible Light) എന്നത് ഒരു ഇലക്ട്രോ മാഗ്‌നെറ്റിക് റേഡിയേഷന്‍ (Electro Magnetic Radiation) ഗ്രൂപ്പിലെ ഒരു ഭാഗം മാത്രമാണ്. അങ്ങനെ വേവ്ലെങ്ത് (Wave Length) അനുസരിച്ച് നിരവധി ഇലക്ട്രോ മാഗ്‌നെറ്റിക് വേവുകള്‍ ഒരുമിച്ചാണ് ഭൂമിയില്‍ വീഴുന്നത്. ഇതില്‍ നമുക്ക് കാണാന്‍ സാധിക്കുന്ന അതായത് വിസിബിള്‍ ലൈറ്റ് എന്നത് 400 മുതല്‍ 700 വരെ നാനോമീറ്റര്‍ വേവ് ലെങ്ത് ഉള്ളവയാണ്. ഇതില്‍ 400 നു താഴെ 100 വരെ വേവ്ലെങ്തുള്ള നമ്മുടെ കണ്ണിന് കാണാന്‍ പറ്റാത്ത കിരണങ്ങളാണ് അള്‍ട്രാവയലറ്റ് റേസ് (Ultraviolet Rays) എന്ന് വിളിക്കുന്നത്. ഇത്തരം അള്‍ട്രാവയലറ്റ് കിരണങ്ങളുടെ തീവ്രതയ്ക്ക് ചൂടുമായും യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് അള്‍ട്രാവയലറ്റ് കിരണങ്ങളുടെ ശക്തി നമ്മള്‍ സെപ്പറേറ്റ് ആയി യുവി ഇന്‍ഡക്‌സ് (UV Index) എന്ന പേരില്‍ അളക്കുന്നത്. ഇത് വായിക്കുമ്പോൾ ചിലരൊക്കെ, ഇതൊക്കെ ഞാന്‍ സ്‌കൂളില്‍ പഠിച്ചിട്ടുണ്ട്, അതുകൊണ്ട് ശരീരത്തിന് എന്താണ് പ്രശ്‌നം എന്നു ചോദിക്കും. പക്ഷേ, ചില പ്രശ്നങ്ങൾ ഉണ്ട്. അത് നമ്മൾ മനസിലാക്കണം.
അള്‍ട്രാവയലറ്റ് കിരണങ്ങള്‍
അള്‍ട്രാവയലറ്റ് കിരണങ്ങളെ നമുക്ക് മൂന്നായി തിരിക്കാം. യുവിഎ (UVA), ബി (B), സി (C). യുവിഎ (UVA) ആണ് വേവ് ലെങ്ത് കൂടുതലുള്ളത്. ഇതിന് ചര്‍മ്മത്തിന്റെ ഉള്ളിലെ ഡെര്‍മിസ് (Dermis) വരെ കടക്കാനും അവിടെ റിയാക്ട് (React) ആയ O2 തന്മാത്ര സൃഷ്ടിക്കാനും കഴിവുണ്ട്. അതെതുടര്‍ന്ന് ചര്‍മ്മത്തില്‍ വിവിധതരം ഡാമേജ്, ഉദാഹരണമായി കോളേജന്‍ (Collagen), ഇലാസ്റ്റിക് ഡാമേജ്, അതെ തുടര്‍ന്ന് ചുളിവ്, കറുത്ത നിറം എന്നിവയൊക്കെ ഉണ്ടാകും. ഒപ്പം ഫോട്ടോ ഏജിങ്ങിനും കാരണമാകും. അങ്ങനെ പ്രായമാകല്‍ പെട്ടെന്ന് ആകും. അതോടൊപ്പം സ്‌കിന്‍ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും.
യുവിഎ (UVA) ക്കാള്‍ അല്‍പം കൂടി വേവ് ലെങ്ത് കുറഞ്ഞതാണ് യുവിബി (UVB). അതിനാല്‍ തന്നെ ഇതിന് എനര്‍ജി കൂടുതലാണ്. ഇതിന്റെ പെനട്രേഷൻ (penetration) പവര്‍ കുറവായതിനാല്‍ തൊലിയുടെ ഏറ്റവും പുറത്തെ ഭാഗമായ എപ്പിഡേര്‍മിസില്‍ (Epidermis) മാത്രമാണ് ഇത് ബാധിക്കുക. അതിനാല്‍ തന്നെ സണ്‍ബേണ്‍ (Sunburn) ഉണ്ടാകുന്നതിന്റെ പ്രധാന കാരണക്കാരന്‍ യുവിബി (UVB) ആണ്.
ഏറ്റവും പ്രധാന പ്രശ്‌നമെന്നത് ഇത് നേരിട്ട് ഡിഎന്‍എ ഡാമേജ് ഉണ്ടാക്കി സൈക്ലോബ്യൂട്ടേൻ പിരിമിഡിൻ ഡൈമറുകൾ (Cyclobutane pyrimidine dimers), ഫോട്ടോപ്രൊഡക്റ്റുകൾ (Photoproducts) പോലെയുള്ള കെമിക്കലുകള്‍ ഉണ്ടാക്കുകയും, അങ്ങനെ ആവര്‍ത്തിച്ചുള്ള എക്‌സ്‌പോഷര്‍ സ്‌കിന്‍ കാന്‍സറിനും കാരണമാകും എന്നുള്ളതാണ്. എന്നാല്‍, യുവിബിക്ക് ഒരു ഗുണമുണ്ട്. വിറ്റാമിൻ ഡി ഉത്പാദനം നടക്കാന്‍ യുവിബി ആവശ്യമാണ് എന്നതാണ് ആ ഗുണം.
ഇനി യുവിസി-യെക്കുറിച്ചു പറയാം. ഇത് ഏറ്റവും അപകടകാരിയായ റേഡിയേഷനാണ്. എങ്കിലും ഇത് ഭൂമിയില്‍ എത്തുന്നതിനു മുന്‍പ് അന്തരീക്ഷം (ഓസോണ്‍ പാളി) തടഞ്ഞുനിര്‍ത്തും. അതിനാല്‍ ഭൂമിയിലെ ജീവന് അതൊരു പ്രശ്നമേ അല്ല എന്നേ ഇതുവരെ തോന്നിയിട്ടുള്ളൂ.
ഇത് മനസ്സില്‍ വച്ചുകൊണ്ട് കാര്യത്തിലേക്ക് വരാം. ഭൂമധ്യരേഖയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന നമ്മുടെ പ്രദേശത്ത് സൂര്യന്റെ കിരണങ്ങൾ കൂടുതൽ തീവ്രതയോടെ പതിക്കുന്നുണ്ട്. പ്രത്യേകിച്ച് സെപ്റ്റംബർ മാസത്തിലെ വിഷുവം (Equinox) സമയത്ത് സൂര്യൻ നേരെ ഭൂമധ്യരേഖയ്ക്ക് മുകളിലൂടെയാണ് കടന്നുപോകുന്നത്. അതിനാല്‍, കേരളത്തില്‍ യുവി കിരണങ്ങൾ കൂടുതല്‍ വീഴുന്ന സമയമാണ്. ഒപ്പം ‘എൽ നിനോ’ (El Nino) കാരണം അന്തരീക്ഷത്തില്‍ മഴമേഘങ്ങള്‍ ഇല്ലാതാനും. ഇതൊക്കെയാണ് ഇത്തരമൊരു ലേഖനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നത്. ഇത്രയും ഡാമേജ് ഉണ്ടാക്കുന്ന യുവി കിരണങ്ങളെ ശരീരത്ത് വീഴിക്കാതെ സൂക്ഷിക്കാനാണ് നാം സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നത്. അതിനാല്‍ സണ്‍സ്‌ക്രീന്‍ ഒരു കോസ്‌മെറ്റിക് അല്ല എന്നതാണ് പ്രധാനമായും ഓര്‍ക്കേണ്ടത്.
സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുന്നതുകൊണ്ട് മലയാളിക്ക് എന്തെല്ലാം ഗുണങ്ങളാണ് കിട്ടുക?
ഏറ്റവും പ്രധാനം ഡിഎന്‍എ ഡാമേജ് കുറച്ച് കാന്‍സറില്‍ നിന്നും രക്ഷപെടുക എന്നതാണ്. രണ്ടാമത്തെ ഗുണം എന്നത് തൊലിയിലെ ഇലാസ്റ്റിക് ഡാമേജ്, കൊളാജന്‍ എന്നിവയുണ്ടാക്കുന്ന ഡാമേജ് മൂലം ഉണ്ടാകുന്ന ഫോട്ടോ ഏജിങ് അഥവാ തൊലിയെല്ലാം ചുക്കിച്ചുളിഞ്ഞു പോകുന്ന അവസ്ഥ ഒഴിവാക്കുക എന്നതും.
മൂന്നാമത്തേതാണ് സണ്‍ബേണ്‍ ഒഴിവാക്കുക എന്നത്. ഇതിനോടൊപ്പം പ്രധാനമാണ് പിഗ്മെന്റേഷന്‍ (pigmentation) അഥവാ കളര്‍ ഉണ്ടാകുന്നത് ഒഴിവാക്കുക എന്നത്. ഇത് പറയുമ്പോള്‍ പ്രത്യേകം ഓര്‍ക്കുക കറുത്ത സ്‌കിന്‍ ഉള്ളവര്‍ ഇത് തങ്ങള്‍ക്ക് ആവശ്യമില്ലെന്ന് കരുതും. എങ്കിലും അവര്‍ക്കും ഇതെല്ലാം ഗുണം നല്‍കുന്ന കാര്യമാണ്. അതിനാല്‍ സണ്‍സ്‌ക്രീന്‍ ശരീരത്തിന്റെ കളര്‍ നോക്കി ഉപയോഗിക്കേണ്ടതല്ല എന്ന് പ്രത്യേകം ഓര്‍ക്കുക.
ഏത് സണ്‍സ്‌ക്രീന്‍ എപ്പോള്‍ ഉപയോഗിക്കണം?
ഇനി ഏത് സണ്‍സ്‌ക്രീന്‍ എപ്പോള്‍ ഉപയോഗിക്കണമെന്നു നോക്കാം. അതിനു മുന്‍പ് ഒരു കാര്യം കൂടി പറഞ്ഞുപോകാം. നമുക്ക് ദുരന്തനിവാരണ അതോറിറ്റി നല്‍കുന്ന അറിയിപ്പിലെ ഒരു കാര്യം കൂടി മനസ്സിലാക്കാം. അതിനെ ‘യുവി ഇന്‍ഡക്‌സ്’ എന്നാണ് വിളിക്കുന്നത്. നമ്മുടെ സ്‌കിന്നില്‍ യുവി റേസ് എത്ര വേഗത്തില്‍ ഡാമേജ് ഉണ്ടാക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ സ്റ്റാൻഡേർഡ് ഇൻഡിക്കേറ്റര്‍ (Standard Indicator) ആണ് യുവി ഇന്‍ഡക്‌സ്.
യൂവി ഇൻഡക്സ് (UV Index) അളവുകൾ താഴെ പറയുന്ന രീതിയിലാണ് മനസ്സിലാക്കേണ്ടത്:
0 – 2 (കുറഞ്ഞത്): അപകടസാധ്യത വളരെ കുറവാണ്.
3 – 5 (ഇടത്തരം): മിതമായ തോതിലുള്ള ദോഷം ഉണ്ടാകാം.
6 – 7 (ഉയർന്നത്): ചർമ്മത്തിന് പെട്ടെന്ന് പൊള്ളലേൽക്കാൻ സാധ്യതയുണ്ട്, സംരക്ഷണം ആവശ്യമാണ്.
8 – 10 (വളരെ ഉയർന്നത്): അതീവ ജാഗ്രത പാലിക്കേണ്ട അവസ്ഥയാണ്.
11+ (അതീവ തീവ്രം): പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കേണ്ട അപകടകരമായ അവസ്ഥ.
നമ്പർ കൂടുന്തോറും സൂര്യന്റെ അൾട്രാവയലറ്റ് കിരണങ്ങളുടെ തീവ്രത വർദ്ധിക്കുകയും, അത് ചർമ്മത്തിന് വേഗത്തിൽ കേടുപാടുകൾ ഉണ്ടാക്കുകയും ചെയ്യും.
സണ്‍സ്‌ക്രീന്‍ എന്നാല്‍ ചര്‍മ്മത്തില്‍ ഏല്‍ക്കുന്ന യുവി കിരണങ്ങളെ തടയുന്ന ഒരു ഫിസിക്കല്‍/കെമിക്കല്‍ കോട്ടിംഗ് (Physical/Chemical Coating) ആണ്. രണ്ടു രീതിയിലാണ് ഇത് പ്രവര്‍ത്തിക്കുക. ചിലത് ഈ യുവി റേസിനെ റിഫ്‌ലക്റ്റ് (Reflect) ചെയ്യുകയോ, സ്‌കാറ്റര്‍ (Scatter) ചെയ്യുകയോ ചെയ്ത് ആഘാതം കുറയ്ക്കും. മറ്റുചിലത് യുവി റേസിനെ ആഗിരണം ചെയ്ത് സ്‌കിന്നില്‍ എത്താതെ സൂക്ഷിക്കുന്നു.
അതുപോലെ തന്നെ അതിലെ കണ്ടന്റ് (Content) അനുസരിച്ച് രണ്ട് വിധമുണ്ട്. മിനറല്‍ സണ്‍സ്‌ക്രീന്‍ (Mineral Sunscreen) അതായത് സിങ്ക് ഓക്‌സൈഡ് (Zinc Oxide), ടൈറ്റാനിയം ഡയോക്‌സൈഡ് (Titanium Dioxide) എന്നിവ. ഇതിന്റെ ഒരു പ്രശ്‌നം വെളുത്ത കളര്‍ വരുന്നു എന്നതാണ്.
മറ്റൊരു ഗ്രൂപ്പാണ് കെമിക്കല്‍, അല്ലെങ്കില്‍ ഓര്‍ഗാനിക് സണ്‍സ്‌ക്രീന്‍. അതിന്റെ ഉദാഹരണമാണ് റോസിബെന്‍സോണ്‍ (Rosibenzone), അവോബെന്‍സോണ്‍ (Avobenzone) തുടങ്ങിയവ. ഇതിന്റെ ഗുണം വെളുത്ത കളര്‍ ഉണ്ടാവില്ല, എളുപ്പം പുരട്ടാം എന്നുള്ളതാണ്. അപ്പോള്‍ കോസ്‌മെറ്റിക് ലുക്ക് കൂടുതലാണ്. ഇതുകൂടാതെ രണ്ടിനെയും മിക്‌സ് ചെയ്ത് ഹൈബ്രിഡ് സണ്‍സ്‌ക്രീന്‍ ലഭ്യമാണ്.
കെമിക്കല്‍ വിഷമാണ്. അതുകൊണ്ട് മിനറല്‍ മാത്രമേ പുരട്ടാവും എന്നൊക്കെ കപടശാസ്ത്രങ്ങള്‍ പ്രചരിപ്പിക്കുമെങ്കിലും നിങ്ങള്‍ക്ക് ഇറിറ്റേഷന്‍ ഉണ്ടാക്കാത്ത, അലര്‍ജി ഉണ്ടാക്കാത്ത സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക എന്നതാണ് അടിസ്ഥാന നിയമം.
സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ
1. എസ്.പി.എഫ് (SPF – Sun Protection Factor)
സൺസ്ക്രീൻ തിരഞ്ഞെടുക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് എസ്.പി.എഫ്. സൺസ്ക്രീൻ പാക്കറ്റുകളിൽ 15, 30, 50 എന്നിങ്ങനെ എഴുതിയിരിക്കുന്നത് കാണാം. ഇത് സൂര്യന്റെ യൂ.വി.ബി കിരണങ്ങളെ എത്രത്തോളം തടയുന്നു എന്നാണ് കാണിക്കുന്നത്:
SPF 15: അൾട്രാവയലറ്റ് കിരണങ്ങളെ ഏകദേശം 93% വരെ ഫിൽട്ടർ ചെയ്ത് സംരക്ഷണം നൽകുന്നു.
SPF 30: ഏകദേശം 97% കിരണങ്ങളെ പ്രതിരോധിക്കുന്നു.
SPF 50: ഏകദേശം 98% വരെ ഫിൽട്ടർ ചെയ്യാനുള്ള ശേഷിയുണ്ട്.
നമ്പർ കൂടുന്തോറും സൺസ്ക്രീൻ നൽകുന്ന സംരക്ഷണത്തിന്റെ അളവ് ചെറുതായി കൂടുമെങ്കിലും, 100% പൂർണ്ണമായ സംരക്ഷണം ഒരു സൺസ്ക്രീനും നൽകില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ സാഹചര്യത്തിന് അനുയോജ്യമായ എസ്.പി.എഫ് ഉള്ളവ തിരഞ്ഞെടുക്കുക.
2. പി.എ (PA) റേറ്റിംഗ് (UVA സംരക്ഷണം)
എസ്.പി.എഫ് എന്നത് യുവിബി കിരണങ്ങളെ മാത്രമാണ് പരിഗണിക്കുന്നത്. അതിനാൽ ചർമ്മത്തിന് ആഴത്തിൽ കേടുപാടുകൾ വരുത്തുന്ന യു.വി.എ കിരണങ്ങളെ പ്രതിരോധിക്കാൻ പി.എ റേറ്റിംഗ് കൂടി നോക്കേണ്ടതുണ്ട്:
PA+: കുറഞ്ഞ സംരക്ഷണം (Mild)
PA++: ഇടത്തരം സംരക്ഷണം (Moderate)
PA+++: ഉയർന്ന സംരക്ഷണം (High)
PA++++: അതിശക്തമായ സംരക്ഷണം (Very High)
ഏറ്റവും മികച്ച തിരഞ്ഞെടുപ്പ്: നിങ്ങളുടെ ചർമ്മത്തിന് പൂർണ്ണമായ സംരക്ഷണം ലഭിക്കാൻ SPF 30 മുതൽ 50 വരെയുള്ളതും, PA++++ റേറ്റിംഗ് ഉള്ളതുമായ സൺസ്ക്രീൻ വാങ്ങാൻ എപ്പോഴും ശ്രദ്ധിക്കുക.
സണ്‍സ്‌ക്രീന്‍ എങ്ങനെ ഉപയോഗിക്കണം?
ഇനി ശരിയായ സണ്‍ പ്രൊട്ടക്ഷന്‍ കിട്ടാന്‍ സണ്‍സ്‌ക്രീന്‍ എങ്ങനെ ഉപയോഗിക്കണം എന്നുകൂടി നോക്കാം. ‘ടു ഫിംഗര്‍ റൂള്‍’ (Two Finger Rule) ആണ് ഏറ്റവും പ്രായോഗികം. അതായത് ടു ഫിംഗര്‍ ഫുള്‍ ലെങ്ത്തില്‍ എടുത്ത് മുഖം, കഴുത്ത്, ചെവി, കൈകള്‍, കാലിന്റെ എക്‌സ്പോസ്ഡ് പാര്‍ട്ടില്‍ (Exposed Part) പുരട്ടണം എന്നാണ് പറയുക. രണ്ടു മണിക്കൂര്‍ കഴിയുമ്പോഴും അല്ലെങ്കില്‍ കുളിക്കുക, നല്ലതുപോലെ വിയര്‍ക്കുക, തുണി കൊണ്ട് തുടയ്ക്കുക ഒക്കെ ചെയ്താല്‍ വീണ്ടും പുരട്ടുക. അതുപോലെ തന്നെ സണ്‍ പ്രൊട്ടക്ഷന്‍ എന്നാല്‍ സണ്‍സ്‌ക്രീന്‍ എന്ന് മാത്രമല്ല, തണലില്‍ നില്‍ക്കുക, കുട, തൊപ്പി, കവര്‍ ചെയ്യുന്ന വസ്ത്രങ്ങള്‍ ധരിക്കുക എന്നതുകൂടി വേണം എന്ന് ഓര്‍ക്കുക.
സണ്‍സ്‌ക്രീന്‍ വൈറ്റമിന്‍ ഡി ഇല്ലാതാക്കുമോ?
സണ്‍സ്‌ക്രീന്‍ ഉപയോഗിച്ചാല്‍ വൈറ്റമിന്‍ ഡി ഇല്ലാതാകുമോ എന്നത് ചിലരുടെ സംശയമാണ്. തിയറി പറഞ്ഞാല്‍ ഏതാണ്ട് ശരിയാണ്. യുവി മുഴുവൻ ബ്ലോക്ക് ആയാല്‍ പ്രശ്‌നമാണ്. എന്നാല്‍ പ്രാക്ടിക്കല്‍ ആയി ഇത് ഒരിക്കലും സംഭവിക്കില്ല. അത്തരത്തിലുള്ള ടോട്ടല്‍ ബ്ലോക്ക് (Total Block) സാധ്യമല്ല. എത്ര കൃത്യമായി സണ്‍സ്‌ക്രീന്‍ അപ്ലൈ ചെയ്താലും വിറ്റാമിൻ ഡി കുറയും എന്ന പേടി കൂടാതെ ധൈര്യമായി ഉപയോഗിക്കാം.
യുവത്വം നിലനിര്‍ത്താന്‍, പ്രായമാകല്‍ കുറയ്ക്കാന്‍, കാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ ഇനിമുതല്‍ കൃത്യമായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. അത് നിങ്ങള്‍ വെളുത്തതോ, കളര്‍ ഉള്ളവരോ ആരായാലും.




