കണ്ണുചിമ്മി ആശീർവദിച്ച് ലെയോ പാപ്പ; ആൻഡ്രൂ ഫൂട്ടിന് ഇത്‌ അനുഗ്രഹീത നിമിഷം

ലോകമെമ്പാടും വിശ്വാസത്തിന്റെ പേരിൽ പീഡനം അനുഭവിക്കുന്ന ക്രൈസ്തവർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് ലണ്ടനിൽനിന്ന് ജെറുസലേമിലേക്ക് 2,246 മൈൽ (ഏകദേശം 3,614 കിലോമീറ്റർ) സൈക്കിൾ തീർഥാടനം നടത്തിയ ആൻഡ്രൂ ഫൂട്ടിനു ഇത്‌ അനുഗ്രഹീത നിമിഷം ആണ്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ ബുധനാഴ്ച (സെപ്റ്റംബർ 23) നടന്ന മാർപാപ്പയുടെ പൊതു കൂടിക്കാഴ്ചയിലാണ് ആൻഡ്രൂ പങ്കെടുത്ത് മാർപാപ്പയെ അടുത്തുകണ്ടത്.

സെന്റ് പീറ്റേഴ്സ് സ്ക്വയറിലൂടെ നീങ്ങിയ പോപ്പ് മൊബീൽ വാഹനത്തിൽ നിന്ന് ആറടി മാത്രം അകലെയാണ് ആൻഡ്രൂ നിന്നിരുന്നത്. ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടിയ ചടങ്ങിൽ മാർപാപ്പ തന്റെ ടി-ഷർട്ട് ശ്രദ്ധിക്കുകയും, തന്നിലേക്ക് നോക്കി കണ്ണ് ചിമ്മി അനുഗ്രഹം നൽകുകയും ചെയ്തതായി ആൻഡ്രൂ വ്യക്തമാക്കി. ആ നിമിഷം വലിയൊരു അംഗീകാരവും അനുഗ്രഹവുമായി തനിക്ക് അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു.

പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവരെ സഹായിക്കുന്ന ‘എയ്ഡ് ടു ദി ചർച്ച് ഇൻ നീഡ്’ എന്ന ജീവകാരുണ്യ പ്രസ്ഥാനത്തിന്റെ ‘ടീം റെഡ്’ ടി-ഷർട്ട് ധരിച്ചായിരുന്നു ആൻഡ്രൂ പൊതു കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ എത്തിയത്.

12 ആഴ്ച നീളുന്ന സാഹസിക യാത്ര

ലണ്ടനിലെ വില്ലെസ്ഡെൻ ഗ്രീനിൽ നിന്നുള്ള തോട്ടം തൊഴിലാളിയാണ് ആൻഡ്രൂ. ഓഗസ്റ്റ് 15-നാണ് ആൻഡ്രൂ ലണ്ടനിൽനിന്ന് തന്റെ 12 ആഴ്ച നീളുന്ന സൈക്കിൾ യാത്ര ആരംഭിച്ചത്. ഫ്രാൻസും ഇറ്റലിയും കടന്നുള്ള യാത്രയിൽ 30 ഡിഗ്രി സെൽഷ്യസിനു മുകളിലുള്ള കഠിനമായ ചൂടും പ്രതികൂല കാലാവസ്ഥയും തരണം ചെയ്താണ് മുന്നേറുന്നത്. ദിവസവും 60 മുതൽ 70 മൈൽ വരെയാണ് ആൻഡ്രൂ സൈക്കിൾ ഓടിക്കുന്നത്.

റോമിലെത്തിയ അദ്ദേഹത്തെ ‘ചെൻട്രോ ജിയോവന്നി XXIII’ കേന്ദ്രത്തിൽ വികാരിയായ ഫാദർ ആന്റണിയോ ലോറിയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. യൂറോപ്പിനെയും ജെറുസലേമിനെയും ബന്ധിപ്പിച്ചിരുന്ന പുരാതന തീർഥാടന വഴികളുടെ സ്മരണ ഉണർത്തുന്നതാണ് ആൻഡ്രൂവിന്റെ ഈ യാത്രയെന്ന് ഫാദർ ആന്റണിയോ പറഞ്ഞു.

ഇതൊരു കായിക മത്സരമല്ലെന്നും മറിച്ച് ആത്മീയ തീർഥാടനമാണെന്നും ആൻഡ്രൂ ഓർമ്മിപ്പിച്ചു. വഴിനീളെയുള്ള കുരിശടികളും ദൈവമാതാവിന്റെ രൂപങ്ങളും കന്യാസ്ത്രീകളുടെയും വൈദികരുടെയും പിന്തുണയുമാണ് യാത്രയിൽ തനിക്ക് കരുത്ത് പകരുന്നത് എന്ന് അദ്ദേഹം പ്രത്യേകം അനുസ്മരിച്ചു.

യേശുക്രിസ്തു കുരിശിലേറ്റപ്പെടുകയും അടക്കം ചെയ്യപ്പെടുകയും ഉയിർത്തെഴുന്നേൽക്കുകയും ചെയ്ത ജെറുസലേമിലെ വിശുദ്ധ കല്ലറ ദൈവാലയമാണ് ആൻഡ്രൂവിന്റെ തീർഥാടനത്തിന്റെ അന്തിമ ലക്ഷ്യസ്ഥാനം. അവിടെയെത്തി വിശുദ്ധ കല്ലറയിലെ പാറയിൽ കൈതൊട്ട് പ്രാർഥിക്കുക എന്നതാണ് തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.