
വിശുദ്ധ ഫ്രാൻസിസിന്റെ 800-ാം ചരമവാർഷികത്തിന്റെ പ്രധാന ആഘോഷങ്ങൾ നടക്കാനിരിക്കുന്ന ഒക്ടോബർ 3, 4 തീയതികളിൽ ആയിരക്കണക്കിന് തീർഥാടകരെ സ്വീകരിക്കാൻ അസ്സീസി ഒരുങ്ങുന്നു. വിശുദ്ധന്റെ തിരുനാൾ ദിനമായ ഒക്ടോബർ നാലിന് ഇറ്റാലിയൻ പ്രസിഡന്റ് സെർജിയോ മാറ്ററെല്ല നഗരം സന്ദർശിക്കും.
വത്തിക്കാൻ ന്യൂസ് റിപ്പോർട്ട് ചെയ്തതനുസരിച്ച്, ബോലോഗ്ന ആർച്ച് ബിഷപ്പും ഇറ്റാലിയൻ ബിഷപ്പ് കോൺഫറൻസ് പ്രസിഡന്റുമായ കർദിനാൾ മത്തെയോ മരിയ സുപ്പി വിശുദ്ധ കുർബാനയ്ക്ക് കാർമ്മികത്വം വഹിക്കും. അസ്സീസി ബസിലിക്കകളുടെ പേപ്പൽ പ്രതിനിധിയായ കർദിനാൾ ഏഞ്ചൽ ഫെർണാണ്ടസ് അർടൈമും ചടങ്ങിൽ പങ്കെടുക്കും.
സെപ്റ്റംബർ 24-ന് ആരംഭിക്കുന്ന ആഘോഷ പരിപാടികൾ ഒക്ടോബർ അഞ്ചുവരെ നീണ്ടുനിൽക്കും. ആരാധനാക്രമ ചടങ്ങുകൾക്ക് പുറമെ സാംസ്കാരിക പരിപാടികളും വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും നടക്കും. പോർസ്യുങ്കുളയിൽ (Porziuncola) വിശുദ്ധനായി നടത്തുന്ന പരമ്പരാഗത പ്രദക്ഷണവും ഇതിൽ ഉൾപ്പെടുന്നു.
വിശുദ്ധ ഫ്രാൻസിസിന്റെ മരണത്തിന് മുമ്പുള്ള അവസാന നിമിഷങ്ങളെ അനുസ്മരിക്കുന്ന ‘ട്രാൻസിറ്റ്’ (Transit) ചടങ്ങാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. വിശുദ്ധന്റെ വ്യക്തിത്വം ഇറ്റലിക്ക് പുറത്തേക്കും വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്ന് അസ്സീസിയിലെ പുതിയ ബിഷപ്പ് മോൺസിഞ്ഞോർ ഫെലിസ് അക്രോക്ക പറഞ്ഞു.
ഫെബ്രുവരി മാസത്തിനും മാർച്ചിനുമിടയിൽ വിശുദ്ധ ഫ്രാൻസിസിന്റെ ഭൗതികാവശിഷ്ടങ്ങൾ കാണുന്നതിനായി നാല് ലക്ഷത്തിനടുത്ത് തീർഥാടകരാണ് അസ്സീസിയിൽ എത്തിയത്. 1986-ൽ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ അസ്സീസിയിൽ വിളിച്ചുചേർത്ത മതസൗഹാർദ സമ്മേളനത്തിന്റെ 40-ാം വാർഷികത്തോടും ഈ ഒക്ടോബർ ആഘോഷങ്ങൾ ഒത്തുപോകുന്നു.




