
1871 ഒക്ടോബർ എട്ടിനാണ് ഗ്രേറ്റ് ചിക്കാഗോ ഫയർ എന്നറിയപ്പെടുന്ന തീപിടിത്തം ആരംഭിച്ചത്. അമേരിക്കയിലെ ചിക്കാഗോ നഗരത്തെ ചുട്ടെരിച്ച്, മൂന്നുദിവസം നീണ്ടുനിന്ന തീപിടിത്തമാണിത്. അഗ്നിബാധയിൽ ചിക്കാഗോയിലെ വലിയൊരു പ്രദേശം കത്തിനശിച്ചു. മാസങ്ങളായി മഴപെയ്യാതിരുന്നത് പ്രദേശത്തെ ഉണക്ക് വർധിപ്പിക്കുകയും തീ വേഗത്തിൽ പടരാൻ കാരണമാകുകയും ചെയ്തു. നഗരത്തിന്റെ പടിഞ്ഞാറുഭാഗത്ത് സ്ഥിതിചെയ്തിരുന്ന ഒരു അറപ്പുരയിലാണ് തീപിടിത്തം ആരംഭിച്ചത്. അഗ്നിശമനസേനാംഗങ്ങൾ എത്താൻ വൈകിയതും, തുടർച്ചയായ കാറ്റും തീ വേഗത്തിൽ പടരാൻ കാരണമായി. 9 ചതുരശ്രകിലോമീറ്ററിൽ പടർന്ന അഗ്നി 300 ജീവനുകൾ അപഹരിക്കുകയും 17,450 കെട്ടിടങ്ങൾ ചാമ്പലാക്കുകയും ചെയ്തു എന്നാണ് കണക്കുകൾ.
ഇന്ത്യൻ വ്യോമസേന ഔദ്യോഗികമായി സ്ഥാപിച്ചത് 1932 ഒക്ടോബർ എട്ടിനാണ്. ബ്രിട്ടീഷുകാരുടെ സഹായസൈന്യം എന്ന നിലയിലായിരുന്നു സേനയുടെ ആരംഭം. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് സേന ഇന്ത്യയുടെ സ്വന്തമായി മാറിയത്. രണ്ടാം ലോകമഹായുദ്ധത്തിൽ റോയൽ ഇന്ത്യൻ എയർ ഫോഴ്സ് എന്നായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. 1950 ൽ ഇന്ത്യ റിപ്ലബിക് രാഷ്ട്രമായപ്പോൾ റോയൽ എന്ന പേര് എടുത്തു മാറ്റി, ഇന്ത്യൻ എയർ ഫോഴ്സ് എന്നറിയപ്പെട്ടു തുടങ്ങി. ഇന്ത്യൻ ആകാശം സുരക്ഷിതമാക്കുക, സായുധ പോരാട്ടസമയത്ത് വ്യോമയുദ്ധം നടത്തുക എന്നിവയാണ് വ്യോമസേനയുടെ പ്രാഥമിക ദൗത്യം. ഇന്ത്യൻ രാഷ്ട്രപതിയാണ് ഐ എ എഫിന്റെ സുപ്രീം കമാൻഡർ പദവി വഹിക്കുന്നത്.
ആദ്യമായി ഒരു കൃത്രിമ പേസ്മേക്കർ മനുഷ്യശരീരത്തിൽ വച്ചു പിടിപ്പിച്ചത് 1958 ഒക്ടോബർ എട്ടിനായിരുന്നു. ഹൃദയത്തിൽ ഘടിപ്പിച്ച ഇലക്ട്രോഡുകൾ വഴി കൃത്യമായ ഇടവേളകളിൽ വൈദ്യുത ആവേഗങ്ങൾ എത്തിച്ച് ഹൃദയമിടിപ്പിന്റെ താളം നിയന്ത്രിക്കാൻ വൈദ്യശാസ്ത്രത്തിൽ ഉപയോഗിക്കുന്ന യന്ത്രമാണ് കൃത്രിമ പേസ് മേക്കർ. പോൾ സോൾ, സെയ്മർ ഫർമാൻ എന്നീ ശാസ്ത്രജ്ഞർ ഹൃദയാരോഗ്യരംഗത്ത് നടത്തിയ പരീക്ഷണങ്ങളും കണ്ടെത്തലുകളുമാണ് പിന്നീട് ഇലക്ട്രോണിക് പേസ്മേക്കർ നിർമ്മണത്തിലേക്കു നയിച്ചത്. പേസ്മേക്കർ മനുഷ്യശരീരത്തിൽ ആദ്യമായി വച്ചുപിടിപ്പിച്ചത് സ്വീഡനിലായിരുന്നു. സെന്നിംഗ്, എൽമ്ക്വിസ്റ്റ് എന്നീ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ആർനെ ലാർസൺ എന്നയാളുടെ ശരീരത്തിലാണ് പേസ്മേക്കർ ഘടിപ്പിച്ചത്. 2001 ൽ ലാർസൺ മരിക്കുന്നതുവരെ പലതവണ പേസ്മേക്കർ മാറ്റിഘടിപ്പിച്ചു.
സുനീഷ വി എഫ്




