ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഒക്ടോബർ 5

യൂഗോസ്ലാവ്യൻ പ്രസിഡന്റ് സ്ലൊബോദാൻ മെലൊസെവിച്ചിനെ അധികാരഭ്രഷ്ടനാക്കിയ ബുൾഡോസർ വിപ്ലവം അവസാനിച്ചത് 2000 ഒക്ടോബർ അഞ്ചിനായിരുന്നു. സോവിയറ്റ് റിപ്പബ്ലിക്കുകളിൽ നടന്ന ജനാധിപത്യ വിപ്ലവങ്ങളിലൊന്നായിരുന്നു ഇത്. അടുത്ത ഒരു ടേം കൂടി പ്രസിഡന്റായി തുടരാൻ മെലൊസെവിച്ച് നടത്തിയ കുതന്ത്രങ്ങൾക്കെതിരെ യൂഗോസ്ലാവ്യൻ ജനത നടത്തിയ പ്രക്ഷോഭമാണ് ഈ പേരിൽ അറിയപ്പെടുന്നത്. അധികാരത്തിൽ നിന്നു പുറത്തുപോകാൻ പ്രസിഡന്റ് വിസമ്മതിച്ച സാഹചര്യത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് ബെൽഗ്രേഡിലെത്തിയ ജനത പാർലമെന്റ് മന്ദിരത്തിലേക്ക് ഇരച്ചുകയറുകയും അതിന്റെ ഒരുഭാഗത്തിന് തീയിടുകയും ചെയ്തു. അന്നു വൈകുന്നേരം മെലൊസെവിച്ച് രാജിവച്ചതോടെ പ്രക്ഷോഭം അവസാനിച്ചു. പ്രക്ഷോഭകരിലൊരാൾ പാർലമെന്റ് മന്ദിരത്തിലേക്ക് ബുൾഡോസറിലെത്തി എന്ന, ഔദ്യോഗികമായി ഇനിയും സ്ഥിരീകരിക്കാത്ത വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിപ്ലവത്തിന് ‘ബുൾഡോസർ വിപ്ലവം’ എന്ന പേരുവന്നത്.

ഇന്ത്യയിൽ നിർമ്മിച്ച ആൻഡ്രോയിഡ് ടാബ്ലറ്റ് കമ്പ്യൂട്ടറായ ആകാശ് വിപണിയിലെത്തിയത് 2011 ഒക്ടോബർ അഞ്ചിനായിരുന്നു. ഏറ്റവും വിലകുറഞ്ഞ ടാബായിരുന്നു ആകാശ്. 1,130 രൂപായായിരുന്നു ടാബിന്റെ വില. ഇ-ലേണിംഗ് പദ്ധതിയുടെ ഭാഗമായി, 400 യൂണിവേഴ്സിറ്റികളെയും 25,000 കോളേജുകളെയും ബന്ധിപ്പിക്കാൻ ഇന്ത്യൻ സർക്കാർ താൽപര്യമെടുത്തു നടപ്പാക്കിയതായിരുന്നു ആകാശിന്റെ നിർമ്മാണം. ബ്രിട്ടീഷ്-കനേഡിയൻ കമ്പനിയായ ഡാറ്റാവിൻഡും ജോധ്പൂർ ഐഐടിയും സംയുക്തമായി ഹൈദരാബാദിലുള്ള ഫാക്ടറിയിലാണ് ടാബുകൾ നിർമ്മിച്ചത്. 7 ഇഞ്ച് ടച്ച് സ്ക്രീനും 350 ഗ്രാം ഭാരവും 366 മെഗാഹെർട്സ് പ്രൊസസ്സറും 256 എംബി റാമും 2100 എംഎഎച്ച് ബാറ്ററിയുമായാണ് ടാബ് വിൽപനയ്ക്കെത്തിയത്. 2263 രൂപയ്ക്ക് മാനവവിഭവശേഷി മന്ത്രാലയത്തിനു കൈമാറിയ ടാബുകൾ 1,130 രൂപയ്ക്കാണ് വിദ്യാർഥികൾക്കു നൽകിയത്.

ബഹിരാകാശത്തു വച്ച് ചിത്രീകരിച്ച ആദ്യ ചലച്ചിത്രമായ ചലഞ്ചിന്റെ ഷൂട്ടിംഗിനായി സിനിമാസംഘം സ്പേസ് സ്റ്റേഷനിലെത്തിയത് 2021 ഒക്ടോബർ അഞ്ചിനായിരുന്നു. റഷ്യൻ സിനിമാ സംവിധായകൻ കിംലിം ഷിപെൻകോ, നടി യൂലിയ പെരിസിൽഡ് എന്നിവർ ബഹിരാകാശ സഞ്ചാരിയായ ആന്റൺ ഷകപ്ലെർവോയ്‌ക്കൊപ്പമാണ്‌ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ എത്തിയത്. സോയൂസ് എംഎസ് 19 പേടകത്തിൽ കസാഖിസ്ഥാനിലെ ബികനോറിൽ നിന്ന് പ്രാദേശികസമയം ഉച്ചയ്ക്ക് 01.55 നാണ് സംഘം യാത്ര ആരംഭിച്ചത്. മൂന്നര മണിക്കൂർ കൊണ്ട് സഞ്ചാരികൾ ബഹിരാകാശനിലയത്തിൽ എത്തി. 12 ദിവസങ്ങൾ നീണ്ട ചിത്രീകരണത്തിനു ശേഷമാണ് സംഘം തിരികെ ഭൂമിയിലെത്തിയത്. സ്പേസ് സ്റ്റേഷനിൽ വച്ച് ഹൃദ്രോഗമുണ്ടാകുന്ന ബഹിരാകാശ സഞ്ചാരിക്ക് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഭൂമിയിൽ നിന്ന് സർജൻ എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.