
ലു ഷെങ്സിയാങ്! ചൈനയിൽ വിവിധ രാഷ്ട്രീയ പദവികൾ വഹിക്കുകയും ഒടുവിൽ പ്രധാനമന്ത്രിയാവുകയും ചെയ്ത വ്യക്തി. എന്നാൽ പിന്നീട് അദ്ദേഹം ബെനഡിക്റ്റൈൻ സന്യാസിയായി. ചൈനയിലെത്തി മിഷനറിയാകാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും അദ്ദേഹം മരണമടഞ്ഞു. അത്ര പരിചയമല്ലാത്ത ലു ഷെങ്സിയാങിന്റെ ജീവിതം വായിച്ചറിയാം.
ലു ഷെങ്സിയാങിന്റെ ജീവിതം
1871-ൽ ചൈനയിലെ ഷാങ്ഹായിലെ ഒരു പ്രൊട്ടസ്റ്റന്റ് കുടുംബത്തിൽ കടുത്ത ദാരിദ്ര്യത്തിലാണ് ലു ജനിച്ചത്. അദ്ദേഹത്തിന് നല്ല വിദ്യാഭ്യാസം ലഭിച്ചിരുന്നില്ല, എങ്കിലും 1893-ൽ റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിലെ ചൈനീസ് നയതന്ത്ര സേനയിൽ അദ്ദേഹത്തിന് ഒരു സ്ഥാനം ലഭിച്ചു. 1899-ൽ അദ്ദേഹം ഒരു ബെൽജിയൻ സ്ത്രീയെ വിവാഹം കഴിക്കുകയും 1911-ൽ, തന്റെ 40-ാം വയസ്സിൽ, അദ്ദേഹം കത്തോലിക്കാ വിശ്വാസം സ്വീകരിക്കുകയും ചെയ്തു.
വിദേശകാര്യ മന്ത്രി, ചൈനീസ് റിപ്പബ്ലിക്കിന്റെ പ്രധാനമന്ത്രി തുടങ്ങി ചൈനീസ് സർക്കാരിൽ നിരവധി പദവികൾ ലു വഹിച്ചു. 1920-കളിൽ സ്വിറ്റ്സർലൻഡിലെ ജനീവയിലുള്ള ലീഗ് ഓഫ് നേഷൻസിലേക്കുള്ള ചൈനയുടെ ദൂതനായിരുന്നു അദ്ദേഹം. 1926-ൽ ഭാര്യയുടെ മരണശേഷം, ബെൽജിയത്തിലെ ബ്രൂഗസിലുള്ള സെന്റ് ആൻഡ്രൂ ബെനഡിക്റ്റൈൻ ആശ്രമത്തിൽ പ്രവേശിച്ച് 1935-ൽ പുരോഹിതനായി. ഒടുവിൽ അദ്ദേഹം മഠാധിപതിയായി നിയമിതനായി. തുടർന്ന് അദ്ദേഹം ഒരു മിഷനറിയായി ചൈനയിലേക്ക് മടങ്ങാൻ പദ്ധതിയിട്ടു. പക്ഷേ അതിന് മുമ്പ് 1949-ൽ അദ്ദേഹം മരണമടഞ്ഞു.
ചൈനയിലെ ക്രൈസ്തവ സമൂഹം
ചൈനയിലെ കത്തോലിക്കാ സഭയുടെ സ്ഥിതി കൂടുതൽ സംഘർഷഭരിതമാകുന്ന ഈ സാഹചര്യത്തിൽ ലുവിന്റെ ജീവിതം പ്രചോദനാത്മകമാണ്.ചൈനയിൽ ക്രൈസ്തവർ രണ്ട് വിഭാഗങ്ങളാണ്. ഒന്ന്, ചൈനീസ് സർക്കാരുമായി ഔദ്യോഗികമായി ബന്ധപ്പെട്ടിരിക്കുന്നു. സർക്കാർ അംഗീകൃത ബിഷപ്പുമാരും പുരോഹിതന്മാരുമാണ് അവിടെയുള്ളത്. മറ്റൊന്ന്, മാർപാപ്പയോട് വിശ്വസ്തരും നിർബന്ധിതമായി ഒളിവിൽ കഴിയുന്നവരുമാണ്. കത്തോലിക്കർ ഏതുമായി സഹകരിക്കണമെന്ന് തിരഞ്ഞെടുക്കാൻ നിർബന്ധിതരാകുന്നു, ഭൂഗർഭ സഭയിൽ അതായത് പാപ്പയുമായി സഹകരിക്കുന്നവരുടെ ജീവിതം അത്യന്തം ക്ലേശകരമായിരിക്കും.
ലു ഷെങ്സിയാങ് നൽകുന്ന മാതൃക
ചൈനയിലേക്ക് മടങ്ങുകയും അവിടെ ഒരു ബെനഡിക്റ്റൈൻ ആശ്രമം സ്ഥാപിക്കുകയും ചെയ്യണമെന്ന് ലു സ്വപ്നം കണ്ടു. പക്ഷേ അതിന് മുമ്പ് അദ്ദേഹം മരിച്ചു. എങ്കിലും വിശ്വാസത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ദൈവത്തിന്റെ ഇഷ്ടം പിന്തുടരുന്നതിന്റെയും അദ്ദേഹത്തിന്റെ മാതൃക അനുകരണീയമാണ്. ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിൽ എങ്ങനെ മുന്നോട്ട് പോകാമെന്ന് ലുവിന്റെ ജീവിതം നമ്മെ പഠിപ്പിക്കുന്നു. ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും ക്രൈസ്തവർ കടുത്ത പീഡനം, സാമൂഹിക ബഹിഷ്കരണം എന്നിവ അനുഭവിക്കുന്നു.




