ലത്തീൻ ഒക്ടോബർ 23 ലൂക്കാ 12: 54-59 ആത്മീയ-കാലാവസ്ഥാ പ്രവചനം

“കപടനാട്യക്കാരേ, ഭൂമിയുടെയും ആകാശത്തിന്റെയും ഭാവഭേദം വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്കറിയാം. എന്നാല്‍, ഈ കാലത്തെ വ്യാഖ്യാനിക്കാന്‍ നിങ്ങള്‍ക്ക്‌ അറിയാത്തത്‌ എന്തുകൊണ്ട്‌?” (ലൂക്കാ 12:56).

ഉറുമ്പുകൾ കൂട്ടമായെത്തി കയറുന്നതു കാണുമ്പോൾ, അത് മഴ വരുന്നു എന്നതിന്റെ ഒരു അടയാളമാണ്. അതായത്, കാലാവസ്ഥാ വ്യതിയാനമനുസരിച്ച് തങ്ങളുടെ പ്രവർത്തികളെ ക്രമീകരിക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട് എന്നർഥം. ഇതുപോലെ തന്നെ കാലാവസ്ഥാ വ്യതിയാനത്തിനനുസരിച്ച് ജീവിതശൈലിയെ ക്രമീകരിക്കുക എന്നത് മനുഷ്യന്റെ അസ്ഥിത്വത്തിനും അനിവാര്യമാണ്.

ഭൗതികവാതത്തിന്റെയും ഉപഭോഗസംസ്കാരത്തിന്റെയും സ്വാധീനത്താൽ ചുറ്റുപാടുമുള്ള ധാർമ്മിക അന്തരീക്ഷത്തിൽ വ്യതിയാനങ്ങൾ സംഭവിക്കുമ്പോൾ അവയോട് അനുരൂപരാകാതെ ക്രൈസ്തവ വിശ്വാസത്തില്‍ അധിഷ്ഠിതമായ മൂല്യാധിഷ്ഠിത ജീവിതം നയിക്കുക എന്നത് ആത്മീയജീവിതത്തിലുള്ള നിലനിൽപ്പിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണ്.

സ്വവർഗരതിയും ഭ്രുണഹത്യയും വിവാഹേതരബന്ധങ്ങളും തിന്മ തന്നെയാണോ എന്ന് സംശയിക്കുകയും ഗർഭാവസ്ഥയെ രോഗവും, ഭ്രൂണഹത്യയെ ചികിത്സയുമൊക്കെ ആയി കാണുന്ന ആധുനിക സംസ്കാരത്തിന്റെ ചിന്താഗതികളെ ആത്മീയതയുടെ ശോഷണമായി കണ്ടറിഞ്ഞ് അകറ്റിനിര്‍ത്തേണ്ടത് അനിവാര്യമാണ്.

ക്രിസ്തുശിഷ്യർക്ക് വർത്തമാനകാലം സമകാലിക സംഭവങ്ങളുടെ അനുഭവം മാത്രമല്ല, ആന്തരീകജീവിതത്തിന്റെ അഥവാ ആത്മീയ-കാലാവസ്ഥയെ വിവേചിച്ച് ജീവിതത്തെ ക്രമീകരിക്കുക എന്നത് ദൈവമക്കൾക്ക് അനിവാര്യം. ആമേൻ.

ഫാ. ജെറി വള്ളോംകുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.