കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ കത്തീഡ്രലിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാൾ നവംബർ 20, 21, 22 തീയതികളിൽ

കോട്ടയം ക്രിസ്തുരാജ ക്‌നാനായ കത്തോലിക്കാ മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ ക്രിസ്തുരാജന്റെ രാജത്വ തിരുനാളും ദിവ്യകാരുണ്യ ആരാധനയും 2026 നവംബർ 20, 21, 22 (വെള്ളി, ശനി, ഞായർ) തീയതികളിൽ ആഘോഷിക്കും. നവംബർ 20 വെള്ളിയാഴ്ച വൈകിട്ട് 5.45 ന്  കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട് കത്തീഡ്രലിൽ പുതുതായി പണികഴിപ്പിച്ച കൊടിമരം വെഞ്ചരിച്ച് കൊടിയേറ്റുന്നതോടെ തിരുനാളാഘോഷങ്ങൾക്കു തുടക്കമാകും. വികാരി റവ ഡോ. തോമസ് ആദോപ്പിള്ളിൽ ലദീഞ്ഞിന് നേതൃത്വം നൽകും. തുടർന്ന് ചുങ്കം ഫൊറോന വികാരി ഫാ. സ്റ്റീഫൻ കണ്ടാരപ്പള്ളിയുടെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാനയും, അസിസ്റ്റന്റ് വികാരി ഫാ. സിജോ ആൽപ്പാറയിലിന്റെ നേതൃത്വത്തിൽ ക്രിസ്തുരാജന്റെ നൊവേനയും നടക്കും.

നവംബർ 21 ശനിയാഴ്ച രാവിലെ ഏഴുമണിക്ക് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ടിന്റെ കാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ കുർബാനയോടെ ദിവ്യകാരുണ്യ ആരാധന സമാരംഭിക്കും. വൈകിട്ട് 3.15 ന് നടത്തപ്പെടുന്ന ക്രിസ്തുരാജന്റെ നൊവേനയ്ക്ക് കോട്ടയം അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. അബ്രാഹം പറമ്പേട്ട് നേതൃത്വം നൽകും. തുടർന്ന് അതിരൂപതാ സഹായമെത്രാൻ ബിഷപ്പ് ഗീവർഗീസ് മാർ അപ്രേം ദിവ്യകാരുണ്യ പ്രദക്ഷിണത്തിനും ആശീർവാദത്തിനും നേതൃത്വം നൽകും. അന്നേദിവസം വൈകിട്ട് 6.30 ന് ബിസിഎം ഓഡിറ്റോറിയത്തിൽ ‘കലാസന്ധ്യ’ അരങ്ങേറും. കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ റവ. ഡോ. ബിനു കുന്നത്ത് വിശിഷ്ടാതിഥിയായിരിക്കും. രാത്രി 8.30 ന് സ്‌നേഹവിരുന്നും നടത്തപ്പെടും.

നവംബർ 22 ഞായറാഴ്ച രാവിലെ ഏഴുമണിക്ക് വികാരി ഫാ. തോമസ് ആദോപ്പിള്ളിലിന്റെ കാർമ്മികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിക്കും. 9.30 ന് ആഘോഷമായ തിരുനാൾ റാസ കാരിത്താസ് ആശുപത്രി ജോയിന്റ് ഡയറക്ടർ ഫാ. ജോൺ പൂച്ചക്കാട്ടിലിന്റെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. സഹകാർമ്മികരായി ഫാ. ജിബിൽ കാലായിൽകരോട്ട് (പ്രൊക്കുറേറ്റർ, തിരുഹൃദയ ആശ്രമം), ഫാ. ജോസ് കറുകപ്പറമ്പിൽ (വടവാതൂർ സെമിനാരി), ഫാ. ജസ്റ്റിൻ പെരുമ്പളത്തുശേരിൽ (സെക്രട്ടറി, തിരുഹൃദയ ആശ്രമം), ഫാ. റിൻഷോ കട്ടേൽ (വൈസ് റെക്ടർ, മൈനർ സെമിനാരി, കോട്ടയം) എന്നിവർ പങ്കെടുക്കും.

അതിരൂപതാ ഫാമിലി കമ്മീഷൻ ചെയർമാൻ റവ. ഡോ. ജോൺ ചേന്നാകുഴി തിരുനാൾ സന്ദേശം നൽകും. 11.30 ന് കാരിത്താസ് വികാരി ഫാ. സ്റ്റീഫൻ തേവർപറമ്പിലിന്റെ നേതൃത്വത്തിൽ പ്രദക്ഷിണം നടക്കും. 12.15 ന് ഇടയ്ക്കാട്ട് ഫൊറോന വികാരി ഫാ. സൈമൺ പുല്ലാട്ട് വിശുദ്ധ കുർബാനയുടെ ആശീർവാദം നൽകുന്നതോടെ തിരുനാൾ ആഘോഷങ്ങൾ സമാപിക്കും.

വികാരി ഫാ. തോമസ് ആദോപ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. സിജോ ആൽപ്പാറയിൽ, പ്രസുദേന്തിമാരായ ജേക്കബ് സ്റ്റീഫൻ പുളിമൂട്ടിൽ, സ്റ്റീവ് സ്റ്റീഫൻ പുളിമൂട്ടിൽ, കൈക്കാരന്മാരായ ജോർജ് മാളിയേക്കൽ, റോയി പുത്തൻപറമ്പിൽ, പാരിഷ് കൗൺസിൽ അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാൾ ക്രമീകരണങ്ങൾ ഒരുക്കിയിരിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.