ഫ്രാൻസിൽ നിന്ന് ഭാരതത്തിലേക്ക്; വിശുദ്ധ ഗ്രന്ഥ പഠനത്തിൽ വിപ്ലവം തീർത്ത ഫാ. ലെഗ്രാൻഡ് നൂറിന്റെ നിറവിൽ

ഏഴ് പതിറ്റാണ്ടുകളായി ഭാരതസഭയ്ക്ക് വിശുദ്ധ ഗ്രന്ഥത്തോടുള്ള അഗാധമായ സ്നേഹം പകർന്നുനൽകിയ വ്യക്തിയാണ് ഫ്രഞ്ച് മിഷനറിയായ ഫാ. ലൂസിയൻ ലെഗ്രാൻഡ്. ആ മഹാഗുരുവിന്റെ ജീവിതം വിനയത്തിന്റെയും പ്രേഷിത തീക്ഷ്ണതയുടെയും അതുല്യമായ സാക്ഷ്യമാണ്. നവംബർ പത്തിന് നൂറുവയസ്സ് തികഞ്ഞ അദ്ദേഹം 1953-ലാണ് ഇന്ത്യയിലെത്തിയത്.

1926 നവംബർ പത്തിന് ഫ്രാൻസിലെ മോൺസൺ-ബേണിൽ ജനിച്ച അദ്ദേഹം പിൽക്കാലത്ത് ഏഷ്യയിലെ ഏറ്റവും ആദരണീയനായ ബൈബിൾ പണ്ഡിതന്മാരിലും മിഷനറിമാരിലും ഒരാളായി മാറുമെന്ന് അന്നാരും കരുതിയിരിക്കില്ല. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുന്ന ഘട്ടത്തിൽ, തന്റെ പതിനെട്ടാമത്തെ വയസ്സിലാണ് ലൂസിയൻ ലെഗ്രാൻഡ്, ‘മിഷൻസ് എട്രാഞ്ചേഴ്സ് ഡി പാരീസ്’ (Missions Étrangères de Paris – MEP) എന്ന പ്രേഷിത സമൂഹത്തിൽ ചേർന്നത്.

പാരീസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ടിൽ സെമിനാരി പഠനം പൂർത്തിയാക്കിയ അദ്ദേഹം, റോമിലെ ഗ്രിഗോറിയൻ സർവകലാശാലയിൽ നിന്ന് ദൈവശാസ്ത്രവും, പൊന്തിഫിക്കൽ ബിബ്ലിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് വിശുദ്ധ ഗ്രന്ഥത്തിൽ ലൈസൻഷ്യേറ്റും നേടി. 1950 ജൂൺ 29-ന് വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാൾ ദിനത്തിൽ അദ്ദേഹം പൗരോഹിത്യം സ്വീകരിച്ചു.

ഭാരതത്തിലെ പ്രേഷിതൻ

1953-ൽ ഭാരതത്തിലെത്തിയ ഫാ. ലെഗ്രാൻഡ് ആറ് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഒരു മഹത്തായ പ്രേഷിത യാത്രയ്ക്കാണ് തുടക്കമിട്ടത്. തമിഴ്‌നാട്ടിലെ സേലം രൂപതയിലെ ഹ്രസ്വകാല സേവനത്തിന് ശേഷം 1955-ൽ ബെംഗളൂരുവിലെ സെന്റ് പീറ്റേഴ്‌സ് സെമിനാരിയിലേക്ക് അദ്ദേഹം നിയോഗിക്കപ്പെട്ടു. അന്നു മുതൽ ഇന്നുവരെ ആ സ്ഥാപനത്തിന്റെ വളർച്ചയിലും രൂപീകരണത്തിലും നിർണ്ണായകമായ സാന്നിധ്യമായി അദ്ദേഹം തുടരുന്നു.

തലമുറകളോളം വൈദിക വിദ്യാർഥികൾ അദ്ദേഹത്തിന്റെ ക്ളാസുകളിൽ പങ്കെടുക്കുകയും, അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ ഉൾക്കൊള്ളുകയും, രചനകൾ പഠിക്കുകയും ചെയ്തുകൊണ്ട് ഭാരതത്തിലുടനീളമുള്ള ഇടവകകളിലേക്കും വിദ്യാലയങ്ങളിലേക്കും രൂപതകളിലേക്കും ആ ചൈതന്യം പകർന്നു നൽകി. ഒരുകാലത്ത് അദ്ദേഹത്തിന്റെ കാൽക്കലിരുന്ന് ജ്ഞാനം നുകർന്നവർ ഇന്ന് ഇടവക വികാരിമാരും പ്രൊഫസർമാരും മെത്രാന്മാരുമായി സേവനമനുഷ്ഠിക്കുന്നു. അവരിലൂടെ ഭാരതസഭയിലെ ഏഴ് തലമുറകളിലേക്കെങ്കിലും അദ്ദേഹത്തിന്റെ സ്വാധീനം നീണ്ടുകിടക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.