അമേരിക്കയുടെ കാർലോ അക്കുത്തിസ് എന്നറിയപ്പെടുന്ന ഒൻപതു വയസ്സുകാരൻ

ജീവിതത്തിൽ പ്രയാസങ്ങളും പ്രതിസന്ധികളും കടന്നു വരുമ്പോൾ കണ്ണീരും പരാതികളും പരിഭവങ്ങളുമായി അതിനെ നേരിടുന്ന ആളുകളാണ് ഇന്നത്തെ ലോകത്ത് ഭൂരിഭാഗവും. എന്നാൽ മാരകമായ രോഗവും വേദനകളും തളർത്തിയപ്പോഴും അതിനെ ഒക്കെ ദൈവത്തിലുള്ള അടിയുറച്ച വിശ്വാസം കൊണ്ട് നേരിട്ട ഒരു ഒൻപതു വയസ്സുകാരനുണ്ട് അമേരിക്കയിൽ. മകന്റെ ഗുരുതരമായ രോഗാവസ്ഥയ്ക്കു മുന്നിൽ ഒരു നിമിഷം എങ്കിലും പകച്ചു നിന്നുപോയ മാതാപിതാക്കളെകൂടി ദൈവത്തിലുള്ള ആഴമായ വിശ്വാസത്തിലേക്ക് നയിക്കുവാൻ ഈ ഒൻപതു വയസ്സുകാരന് കഴിഞ്ഞു. ആ അത്യപൂർവമായ വിശ്വാസത്തിനു ഉടമയായിരുന്നു ഫ്രാൻസിസ്കോ ഫ്രെഡ്‌റിക്സൻ. 2024 ഡിസംബർ അഞ്ചാം തീയതി ഈ ലോകത്തിലെ തന്റെ ജീവിതം പൂർത്തിയാക്കി സ്വർഗത്തിലേക്ക് യാത്രയായ ആ കുഞ്ഞു മാലാഖ ഇന്ന് അനേകം മനസ്സുകൾക്ക് പ്രചോദനമാകുകയാണ്.

കാർലോ അക്കുത്തിസുമായുള്ള സൗഹൃദം

ഫ്രാൻസിസ്കോയ്ക്ക് ഡി.ഐ.പി.ജി (DIPG) എന്ന അർബുദം ആയിരുന്നു സ്ഥിരീകരിച്ചത്. ചികിൽസിച്ചു മാറ്റാൻ കഴിയാത്ത അവസ്ഥ. അതിലുപരി അങ്ങേയറ്റം വേദനകളും ദുരിതങ്ങളും അഭിമുഖീകരിക്കേണ്ടി വരുന്ന സാഹചര്യം.

വളരെ ചെറുപ്പത്തിൽ തന്നെ ഫ്രാൻസിസ്‌കോ എന്ന കുട്ടി രോഗത്തിന്റെ വേദനകളിലൂടെ കടന്നു പോകുമ്പോൾ അവന്റെ മാതാപിതാക്കൾ വിശുദ്ധ കാർലോ അക്കുത്തിസിനെക്കുറിച്ച് കേട്ടിരുന്നില്ല. എന്നാൽ, സമാനമായി അർബുദം ബാധിച്ച് മരിച്ച ഇറ്റാലിയൻ കൗമാരക്കാരനായ കാർലോ അക്കുത്തിസിനെ കുറിച്ച് അറിയാൻ സുഹൃത്തുക്കൾ അവരെ പ്രോത്സാഹിപ്പിച്ചു. അങ്ങനെയാണ് വിശുദ്ധ കാർലോ തന്റെ മകന്റെ പ്രിയപ്പെട്ട സുഹൃത്തായി മാറിയതെന്ന് അമ്മ ലോറ ഫ്രെഡ്‌റിക്സൻ പറയുന്നു.

ആ സൗഹൃദം ദൈവീകമായ ഒന്നായിരുന്നു എന്ന് ലോറ ഓർക്കുന്നു. “ഇവർ ഇരുവരുടെയും ജീവിതങ്ങൾ തമ്മിലുള്ള സാമ്യങ്ങൾ അമ്പരപ്പിക്കുന്നതാണ്. ഫ്രാൻസിസ്കോയ്ക്ക് നിരവധി വിശുദ്ധരുമായി ആഴത്തിലുള്ള സൗഹൃദമുണ്ടായിരുന്നു, എങ്കിലും അവന്റെ ജീവിതത്തിൽ കാർലോയ്ക്ക് വളരെ സവിശേഷമായ ഒരു സ്ഥാനമാണുണ്ടായിരുന്നത്”- ലോറ പറയുന്നു.

വിശുദ്ധ കാർലോയുടെ ഒരു തിരുശേഷിപ്പ് തങ്ങളുടെ വീട്ടിൽ കൊണ്ടുവരാൻ ഒരു സുഹൃത്ത് സൗകര്യമൊരുക്കിയ നിമിഷത്തെക്കുറിച്ച് അതീവ സന്തോഷത്തോടെയാണ് ലോറ പറയുന്നത്: “ഫ്രാൻസിസ്കോ അന്ന് അങ്ങേയറ്റം ആവേശഭരിതനായിരുന്നു. തന്റെ ഏറ്റവും അടുത്ത കൂട്ടുകാരിലൊരാൾ തന്നെ കാണാൻ വന്നതുപോലെയായിരുന്നു അവന്.”

“കാർലോ, എനിക്ക് നിന്നെ എന്റെ റോക്കറ്റുകൾ കാണിക്കണം. ഞാൻ നിനക്ക് എന്റെ മുറിയും കളിമുറിയുമെല്ലാം ചുറ്റിക്കാണിച്ചു തരാം” എന്ന് ആ തിരുശേഷിപ്പ് കൈകളിൽ മുറുകെ പിടിച്ചുകൊണ്ട് ഫ്രാൻസിസ്കോ പറയുമായിരുന്നു.

സ്വന്തം മാതാപിതാക്കളെ ദൈവത്തിലേക്ക് നയിച്ച ഫ്രാൻസിസ്കോ

തന്റെ മാതാപിതാക്കളെ ആത്മീയമായും ശാരീരികമായും ദൈവത്തോട് ചേർത്തു നിർത്തുവാൻ ഭൂമിയിലെ ചെറിയ ജീവിതം കൊണ്ട് ഫ്രാൻസിസ്കോയ്ക്ക് കഴിഞ്ഞു.

“ഞങ്ങളുടെ കുടുംബത്തിൽ, യഥാർഥത്തിൽ ഞങ്ങളുടെ വിശ്വാസത്തിന് തീപ്പൊരി പകർന്നത് ഫ്രാൻസിസ്കോയാണ്”- ലോറ പറയുന്നു. “അവന് രോഗനിർണ്ണയം നടത്തുന്നതിന് വളരെ മുൻപ് തന്നെ അവൻ വളരെ വ്യത്യസ്തനായ ഒരു കുട്ടിയായിരുന്നു. അവന് മൂന്ന് വയസ്സ് തികയുന്നതുവരെ ഞങ്ങൾ പെറുവിലാണ് ജീവിച്ചിരുന്നത്. പെറു ഒരു കത്തോലിക്കാ രാജ്യമായതുകൊണ്ട്, പാർക്കുകളിലോ തെരുവുകളിലോ ഒക്കെ ഏതെങ്കിലും തരത്തിലുള്ള വിശുദ്ധരുടെ പ്രതിമകൾ കാണുന്നതും വളരെ സാധാരണമായിരുന്നു. വെറും രണ്ടോ മൂന്നോ വയസ്സ് മാത്രം പ്രായമുള്ളപ്പോൾ പോലും ഫ്രാൻസിസ്കോ, ‘ഓ, പരിശുദ്ധ മറിയമേ, ദൈവമാതാവേ!’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ആ രൂപത്തിന്റെ അടുത്തേക്ക് ഓടിച്ചെല്ലുമായിരുന്നു. ഞാനും എന്റെ ഭർത്താവും അതുകണ്ട് ചിരിക്കുമായിരുന്നു. കാരണം, എന്റെ ഭർത്താവ് കത്തോലിക്കാ വിശ്വാസത്തിലേക്ക് പരിവർത്തനം ചെയ്ത ആളും (convert) ഞാൻ വിശ്വാസത്തിലേക്ക് തിരികെവന്ന ആളും (revert) ആയതുകൊണ്ട്, ഞങ്ങളുടെ സ്വന്തം വിശ്വാസം എങ്ങനെ ജീവിക്കണമെന്ന് ഞങ്ങൾ തന്നെ പഠിച്ചുവരുന്നതേ ഉണ്ടായിരുന്നുള്ളൂ.” ലോറ പറയുന്നു.

പലപ്പോഴും വിശ്വാസപരമായ കാര്യങ്ങളെ കുറിച്ച് സംസാരിക്കുമ്പോൾ, അഞ്ചു വയസ്സുള്ള ഒരു കുട്ടിയേക്കാൾ ആഴമായ വിശ്വാസം ഉള്ള ഒരു മുതിർന്ന ആൾ സംസാരിക്കുന്നതുപോലെ ആയിരുന്നു ഫ്രാൻസിസ്‌കോ സംസാരിച്ചിരുന്നത്. സ്വർഗം, മരണം തുടങ്ങിയ വിഷയങ്ങളിൽ വ്യക്തമായ ധാരണ ആ കുഞ്ഞു ബാലന് ഉണ്ടായിരുന്നു.

ഫ്രാൻസിസ്കോയ്ക്ക് അർബുദം സ്ഥിരീകരിക്കുന്നതിന് വെറും അഞ്ച് ദിവസം മുൻപ്, ലോറ ഇരട്ടക്കുട്ടികളെ ഗർഭിണിയാണെന്ന സന്തോഷവാർത്ത ഫ്രെഡ്‌റിക്സൻ കുടുംബം അറിഞ്ഞിരുന്നു. തനിക്ക് ഒരേസമയം രണ്ട് സഹോദരങ്ങളെ ലഭിക്കുന്നതിൽ ഫ്രാൻസിസ്കോ സന്തോഷവാനായിരുന്നു. രോഗനിർണ്ണയത്തിന് ശേഷം അവൻ ആദ്യം ചോദിച്ചത് ആ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു. ഡോക്ടറോട് അവൻ ചോദിച്ച ആദ്യത്തെ ചോദ്യം, “എനിക്ക് എന്റെ ഇരട്ടസഹോദരങ്ങളെ കാണാൻ കഴിയുമോ?” എന്നായിരുന്നു.

പക്ഷെ സങ്കടകരമെന്നു പറയട്ടെ, സാഹചര്യങ്ങൾ അനുകൂലമായിരുന്നില്ല. അവന് ആറു മുതൽ ഒൻപതു മാസം വരെ മാത്രമാണ് ഡോക്ടർമാർ ആയുസ്സ് പ്രവചിച്ചിരുന്നത്. എന്നാൽ ആ പ്രവചനങ്ങളെയെല്ലാം കാറ്റിൽപ്പറത്തി ഫ്രാൻസിസ്കോ ആ ദിവസത്തിന് ശേഷവും 18 മാസത്തോളം ജീവിക്കാൻ വേണ്ടി പൊരുതി, ഒടുവിൽ ആ ഇരട്ടക്കുട്ടികളുടെ ഒന്നാം പിറന്നാൾ കാണുന്നതുവരെ അവൻ പിടിച്ചുനിന്നു. അങ്ങനെ അനേകം വേദനാജനകമായ നിമിഷങ്ങൾ പിന്നിട്ട്, ഈ ലോകത്തിൽ മനോഹരമായ നിമിഷങ്ങൾ സമ്മാനിച്ച്, ആ കുഞ്ഞു മാലാഖ 2024 ഡിസംബർ അഞ്ചാം തീയതി സ്വർഗത്തിലേക്ക് പറന്നുയർന്നു.

ഈ കുഞ്ഞിൻെറ മരണശേഷം അനേകം അദ്ഭുതങ്ങളാണ് പ്രിയപ്പട്ടവർക്കു ചുറ്റിലും നടക്കുന്നത്. തങ്ങളുടെ ഇടവകയിലെ സുഹൃത്തുക്കൾക്ക് അസാധാരണവും മനുഷ്യനാൽ സാധിക്കില്ല എന്ന് തോന്നുന്നതും ആയ ഒരുപാട് അനുഗ്രഹങ്ങൾ ലഭിച്ചതായി ഇവർ വെളിപ്പെടുത്തുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ ഇവിടെ എഴുതാവുന്നതാണ്.