
പ്രശസ്ത ഇന്ത്യൻ ശാസ്ത്രജ്ഞനും നൊബേൽ സമ്മാനജേതാവുമായ സി വി രാമൻ തന്റെ കണ്ടെത്തൽ ഔപചാരികമായും വിശദമായും ആദ്യമായി അവതരിപ്പിച്ചത് 1928 മാർച്ച് 16 നായിരുന്നു. ബാംഗ്ലൂരിൽവച്ചു നടന്ന സൗത്ത് ഇന്ത്യൻ സയൻസ് അസോസിയേഷന്റെ മീറ്റിംഗിൽ A New Radiation എന്ന പേരിലാണ് അദ്ദേഹം തന്റെ കണ്ടെത്തൽ അവതരിപ്പിച്ചത്. മീറ്റിംഗിൽ അദ്ദേഹം നടത്തിയ പ്രസംഗം മാർച്ച് 31 ന് ഇന്ത്യൻ ജേണൽ ഓഫ് ഫിസിക്സിൽ പ്രസിദ്ധീകരിച്ചു.
ഇന്ത്യയിൽ പോളിയോ വാക്സിന്റെ ആദ്യ ഡോസ് നൽകിയത് 1995 മാർച്ച് 16 നായിരുന്നു. അക്കാലത്ത് ഇന്ത്യയിൽ പ്രതിവർഷം അരലക്ഷം എന്ന കണക്കിൽ കുട്ടികൾക്കു ബാധിച്ചിരുന്ന പോളിയോമെലിറ്റസ് എന്ന വൈറസിനെ പ്രതിരോധിക്കുകയായിരുന്നു വാക്സിനേഷന്റെ ലക്ഷ്യം. അന്നുമുതൽ ഈ ദിനം ദേശീയ കുത്തിവയ്പ്പ് ദിനമായി ആചരിച്ചുവരുന്നു. രോഗത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ഭൂമിയിൽനിന്നും രോഗത്തെ ഉന്മൂലനം ചെയ്യാമെന്നതിനെക്കുറിച്ചുമുള്ള സന്ദേശം പ്രചരിപ്പിക്കുക തുടങ്ങിയവയാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. നാഷണൽ ഹെൽത്ത് പ്രോഗ്രാം വെബ്സൈറ്റിലെ കണക്കുകളനുസരിച്ച് ഓരോ ദേശീയ രോഗപ്രതിരോധ ദിനത്തിലും 172 ദശലക്ഷം കുട്ടികൾക്ക് പ്രതിരോധകുത്തിവയ്പ് നൽകുന്നുണ്ട്. പദ്ധതി കാര്യക്ഷമമായി നടത്തിവന്നതിനെ തുടർന്ന് ലോകാരോഗ്യ സംഘടന 2014 ൽ ഇന്ത്യയെ പോളിയോരഹിത രാജ്യമായി പ്രഖ്യാപിച്ചിരുന്നു. 2011 ജനുവരി 30 ന് പശ്ചിമ ബംഗാളിലാണ് ഇന്ത്യയിലെ അവസാനത്തെ പോളിയോ കേസ് റിപ്പോർട്ട് ചെയ്തത്.
ആധുനിക യുദ്ധചരിത്രത്തിലെ ഏറ്റവും ഭീകരമായ കൂട്ടക്കൊലകളിൽ ഒന്ന് വിയറ്റ്നാമിലെ മൈ ലായ് ഗ്രാമത്തിൽ നടന്നത് 1968 മാർച്ച് 16 നായിരുന്നു. വിയറ്റ്നാം യുദ്ധത്തിന്റെ ഭാഗമായി അമേരിക്കൻ സേനയാണ് കൂട്ടക്കൊല നടത്തിയത്. വൃദ്ധരും സ്ത്രീകളും കുട്ടികളുമടങ്ങുന്ന അഞ്ഞൂറോളം നിരായുധരായ ഗ്രാമവാസികളാണ് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്.
2012 മാർച്ച് 16 ക്രിക്കറ്റിൽ സച്ചിൻ ടെണ്ടുൽക്കറുടെ പേരിൽ പുതിയൊരു നേട്ടം കുറിക്കപ്പെട്ട ദിവസമാണ്. സച്ചിൻ തന്റെ കരിയറിലെ നൂറാമത്തെ സെഞ്ച്വറി നേടിയത് അന്നാണ്. ധാക്കയിൽ നടന്ന ഏഷ്യ കപ്പ് ലീഗ് മൽസരത്തിലായിരുന്നു സച്ചിൻ ബംഗ്ലാദേശിനെതിരേ നൂറിൽ നൂറെന്ന മാന്ത്രികസംഖ്യ തന്റെ പേരിൽ എഴുതിച്ചേർത്തത്. ഏഷ്യാ കപ്പിനുമുൻപ് ഇന്ത്യൻ ടീം ഓസ്ട്രേലേയിയയിൽ പര്യടനം നടത്തിയപ്പോൾ ഏവരും കാത്തിരുന്നത് സച്ചിന്റെ നൂറാം സെഞ്ച്വറിക്കായിരുന്നു. പക്ഷെ അത് പിറക്കാൻ ഭാഗ്യമുണ്ടായത് ഏഷ്യാ കപ്പിലായിരുന്നു. അന്ന് 147 പന്തുകളിൽ നിന്നാണ് സച്ചിൻ സെഞ്ച്വറി പൂർത്തിയാക്കിയത്. അദ്ദേഹത്തിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികളിലൊന്നു കൂടിയായിരുന്നു ഇത്.
തയ്യാറാക്കിയത്: സുനിഷ വി. എഫ്.




