മരണപ്പെട്ട അനിയത്തിക്കായി ലോകകപ്പ് പോരാട്ടം: മനസ്സ് തുറന്ന് യാൻ ഡിയോമാൻഡെ

ലോകകപ്പ് വേദികളിൽ ഐവറികോസ്റ്റിനായി ബൂട്ട് അണിയുന്നതിന് തൊട്ടുമുമ്പ് അന്തരിച്ച തന്റെ പ്രിയപ്പെട്ട സഹോദരി റോക്സെയ്ന് ഹൃദയസ്പർശിയായ കത്തെഴുതി ആർ.ബി ലെപ്സിഗ് ഫോർവേഡ് യാൻ ഡിയോമാൻഡെ. ‘ദി പ്ലേയേഴ്സ് ട്രിബ്യൂൺ’ മാഗസിൻ പ്രസിദ്ധീകരിച്ച ഈ കത്ത് ഫുട്ബോൾ ലോകത്തെയാകെ കണ്ണീരിലാഴ്ത്തുകയാണ്. 15 -ാം വയസ്സിൽ അപ്രതീക്ഷിതമായി മരണത്തിന് കീഴടങ്ങിയ തന്റെ അനിയത്തിക്കായുള്ള സമർപ്പണമാണ് ഈ കത്ത്.

​”എനിക്ക് ശരിയായ ഫുട്ബോൾ ബൂട്ട് പോലും ഇല്ലാതിരുന്ന കാലത്ത് ‘എന്റെ ജ്യേഷ്ഠൻ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകും’ എന്ന് നീ എല്ലാവരോടും പറയുമായിരുന്നു. നീ പ്രവചിച്ചത് ഞാൻ യാഥാർഥ്യമാക്കും ഞാൻ അത് സത്യം ചെയ്യുന്നു.” പത്തൊൻപതുകാരനായ ഡിയോമാൻഡെ കത്തിൽ കുറിച്ചു.

​അപ്രതീക്ഷിതമായി എത്തിയ ദുരന്തം

2025 മാർച്ചിൽ സ്പാനിഷ് ക്ലബ്ബ് ലെഗാനസിന് വേണ്ടി അരങ്ങേറ്റം കുറിച്ചതിന് തൊട്ടുപിന്നാലെയാണ് ഡിയോമാൻഡെയെ തേടി ആ ദുരന്തവാർത്തയെത്തുന്നത്. ഒരു പാർട്ടിയിൽ വച്ച് ആരോ അനിയത്തിയുടെ പാനീയത്തിൽ മയക്കുമരുന്ന് കലർത്തുകയും തുടർന്ന് അവൾ മരണപ്പെടുകയുമായിരുന്നു. ഈ വിയോഗം തന്നെ മാനസികമായി പൂർണ്ണമായും തളർത്തിയെന്നും അതിനുശേഷം താൻ ഒരു നിർവികാരനായി മാറിയെന്നും താരം കത്തിൽ തുറന്നുപറയുന്നുണ്ട്.

​മൈതാനം മാത്രമാണ് എന്റെ വീട്

മറ്റെല്ലാവരും പരിഹസിച്ചപ്പോഴും ക്രിസ്റ്റ്യാനോ റൊണാൾഡോയെപ്പോലെ വലിയൊരു കളിക്കാരനാകാൻ തനിക്ക് സാധിക്കുമെന്ന് വിശ്വസിച്ച ഏക വ്യക്തി റോക്സെയ്ൻ ആയിരുന്നുവെന്ന് താരം ഓർക്കുന്നു. ദ്രോഗ്ബയെയും യായ ടൂറെയെയും പോലെ ഐവറികോസ്റ്റിന്റെ ജേഴ്സിയിൽ ലോകകപ്പ് കളിക്കുക എന്ന സ്വപ്നത്തിലേക്ക് താൻ എത്തിച്ചേർന്നത് അവൾക്ക് കാണാൻ കഴിഞ്ഞില്ലെന്ന ദുഃഖം താരം പങ്കുവെക്കുന്നു.

നിലവിൽ ഫുട്ബോൾ മൈതാനം മാത്രമാണ് തനിക്ക് സമാധാനം തരുന്ന ഏക ഇടമെന്നും, അവിടെ വച്ചാണ് താൻ സഹോദരിയോട് സംസാരിക്കുന്നതെന്നും ഡിയോമാൻഡെ എഴുതി. ​”ഞാൻ കളത്തിലിറങ്ങുമ്പോൾ നീ പറഞ്ഞത് ശരിയായിരുന്നുവെന്ന് ഈ ലോകത്തിന് മുന്നിൽ ഞാൻ തെളിയിക്കും. മൈതാനത്ത് ഞാൻ ചെയ്യുന്നതെല്ലാം നിനക്കുവേണ്ടി മാത്രമായിരിക്കും” എന്ന് കുറിച്ചുകൊണ്ടാണ് ഡിയോമാൻഡെ കത്ത് അവസാനിപ്പിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.