ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 20

1756 ജൂൺ 20 നാണ് കൽക്കട്ടയിൽ ബ്ലാക്ക് ഹോൾ ദുരന്തം നടന്നത്. ചെറിയ തടവറയിൽ അടയ്ക്കപ്പെട്ട യുദ്ധത്തടവുകാരായ നിരവധി ബ്രിട്ടീഷുകാർ ഉയർന്ന താപനിലയും ജീവശ്വാസത്തിന്റെ അഭാവവും മൂലം മരണപ്പെട്ട സംഭവമാണ് ‘ബ്ലാക്ക് ഹോൾ ഓഫ് കൽക്കട്ട’ എന്നറിയപ്പെടുന്നത്. ബംഗാൾ നവാബായിരുന്ന സിറാജ് ഉദ് ദൗള നഗരം ആക്രമിച്ചപ്പോൾ കീഴടങ്ങിയ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ സൈനികരെയാണ് തടവറയിലടച്ചത്. അഞ്ചര മീറ്റർ നീളവും നാലു മീറ്റർ വീതിയുമുണ്ടായിരുന്ന മുറിയിൽ 146 പേരെയാണ് തടവിലിട്ടത്. അതിൽ 23 പേർ മാത്രമാണ് മരണത്തെ അതിജീവിച്ചത്.

1887 ജൂൺ 20 നാണ് ബോംബെയിലെ വിക്ടോറിയ ടെർമിനസ് റെയിൽവേ സ്റ്റേഷൻ പ്രവർത്തനം ആരംഭിച്ചത്. ഇന്നത് ഛത്രപതി ശിവജി ടെർമിനസ് എന്നാണ് അറിയപ്പെടുന്നത്. 1996 ൽ റെയിൽവേ മന്ത്രിയായിരുന്ന സുരേഷ് കൽമാഡിയാണ് സ്റ്റേഷന്റെ പേരുമാറ്റിയത്. ബ്രിട്ടീഷ് ശിൽപിയായിരുന്ന എഫ് ഡബ്യു സ്റ്റീവൻസാണ് ബിൽഡിംഗ് ഡിസൈൻ ചെയ്തത്. സഞ്ജയ് ഹദ്കർ ആണ് കെട്ടിടനിർമാണത്തിന് നേതൃത്വം നൽകിയത്. പിന്നീട് കെട്ടിടം ബോംബെയുടെ തന്നെ മുഖമായി മാറി. ഗോഥിക് സിറ്റി എന്ന പേര് ബോംബെയ്ക്കു ലഭിച്ചതും ഈ കെട്ടിടത്തിന്റെ നിർമിതിയുടെ പ്രത്യേകതകൾ കൊണ്ടാണ്.

മദർ തെരേസയ്ക്ക് അമേരിക്ക പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം നൽകി ആദരിച്ചത് 1985 ജൂൺ 20 നായിരുന്നു. അമേരിക്ക നൽകുന്ന ഒരു സിവിലിയൻ അവാർഡാണ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം. പ്രസിഡന്റ് റൊണാൾഡ് റീഗനാണ് മദറിന് ബഹുമതി സമ്മാനിച്ചത്. മദറിനൊപ്പം ഈ മെഡലിനായി തെരഞ്ഞെടുക്കപ്പെട്ട മറ്റു 13 പേർക്കും ഒരുമാസം മുമ്പ് പുരസ്കാരം സമ്മാനിച്ചിരുന്നു. അന്ന് അനുദിന തിരക്കുകൾമൂലം ചടങ്ങിൽ സംബന്ധിക്കാൻ കഴിയാതിരുന്ന മദറിന് പിന്നീട് നടന്ന ചടങ്ങിൽ മെഡൽ സമ്മാനിക്കുകയായിരുന്നു. അമേരിക്കയുടെ പുത്രിയല്ലാതിരുന്നിട്ടും അമേരിക്കയിൽ സേവനം ചെയ്തിട്ടില്ലെങ്കിലും മദറിലൂടെ പ്രസിരിക്കുന്ന നന്മകൾക്ക് അതിരുകളില്ലെന്നു പറഞ്ഞാണ് റൊണാൾഡ് റീഗൻ ഈ മെഡൽ മദറിനു സമ്മാനിച്ചത്.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.