ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ജൂൺ 01

ഇന്ത്യയിൽ നിലനിന്നിരുന്ന ദുരചാരങ്ങളിലൊന്നായ തൊട്ടുകൂടായ്മയെ കുറ്റകൃത്യമായി കണ്ടുതുടങ്ങിയത് 1955 ജൂൺ ഒന്നു മുതലാണ്. ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 17 ലാണ് ഇതേപ്പറ്റി രേഖപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തുനിന്ന് തൊട്ടുകൂടായ്മ തുടച്ചുമാറ്റുന്നതിനായി 1955 മെയ് എട്ടിന് ലോക്സഭയിൽ  ബിൽ അവതരിപ്പിക്കുകയും അതേവർഷം ജൂൺ ഒന്നിന് അത് പ്രാവർത്തികമാകുകയും ചെയ്തു. കുറ്റക്കാരനായ ഏതു വ്യക്തിക്കും ആറുമാസം തടവോ, 500 രൂപ പിഴയോ ഈ നിയമം ചുമത്തുന്നു. അതുവരെ നിലനിന്നിരുന്ന അന്ധവിശ്വാസത്തിനും അനാചാരത്തിനും ഈ നിയമത്തോടെ ഒരു അറുതിവന്നു.

ലാഭകരമായ ഇന്ത്യൻ സുഗന്ധവ്യഞ്ജന വ്യാപാരത്തിൽ ബ്രിട്ടീഷ് സാന്നിധ്യം സ്ഥാപിക്കുന്നതിനായി 1600 ഡിസംബറിൽ രൂപീകരിച്ച സ്വകാര്യ കോർപ്പറേഷനായിരുന്ന ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിട്ടത് 1874 ജൂൺ ഒന്നിനാണ്. അതുവരെ സ്പെയിനിന്റെയും പോർച്ചുഗലിന്റെയും കുത്തകയായിരുന്നു ഇന്ത്യൻവിപണി. കമ്പനി പിന്നീട് ദക്ഷിണേഷ്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ അതിശക്തമായ ഏജന്റായും ഇന്ത്യയുടെ കൊളോണിയൽ ഭരണാധികാരിയായും മാറി. എന്നാൽ, ക്രമേണ പ്രാദേശികമായ അഴിമതി കാരണം കമ്പനിയുടെ വാണിജ്യകുത്തകയും രാഷ്ട്രീയനിയന്ത്രണവും നഷ്ടപ്പെട്ടു. 1858 ൽ ബ്രിട്ടീഷ് കിരീടം അതിന്റെ ഇന്ത്യൻ സ്വത്തുക്കൾ ദേശസാൽക്കരിച്ചു. 1874 ൽ ഈസ്റ്റ് ഇന്ത്യ സ്റ്റോക്ക് ഡിവിഡന്റ് റിഡംപ്ഷൻ ആക്റ്റ് (1873) വഴി കമ്പനി ഔപചാരികമായി പിരിച്ചുവിട്ടു.

തയ്യാറാക്കിയത്: സുനിഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.