ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ആഗസ്റ്റ് 19

ഇംഗ്ലണ്ടിന്റെ രാജാവായുള്ള എഡ്വേർഡ് ഒന്നാമന്റെ കിരീടധാരണം 1274 ആഗസ്റ്റ് 19 നായിരുന്നു. വെസ്റ്റ് മിനിസ്റ്റർ ആബിയിൽ വച്ചായിരുന്നു രാജാവിന്റെ കിരീടധാരണം. ഹെൻറി മൂന്നാമൻ രാജാവിന്റെ മൂത്തമകനായിരുന്നു എഡ്വേർഡ്. 1272 ൽ ഹെൻറി രാജാവ് മരിച്ചെങ്കിലും രണ്ടുവർഷങ്ങൾക്കു ശേഷമാണ് എഡ്വേർഡിന്റെ കിരീടധാരണം നടന്നത്. വെൽഷ്, സ്കോട്ട്സ് എന്നിവർക്കെതിനെ നടത്തിയ യുദ്ധങ്ങളുടെ പേരിലും രാജ്യത്തു നടപ്പാക്കിയ നിയമപരിഷ്കാരങ്ങളുടെ പേരിലുമാണ് എഡ്വേർഡ് രാജാവ് ചരിത്രത്തിൽ അറിയപ്പെടുന്നത്.

സുഭാഷ് ചന്ദ്രബോസിന്റെ നേതൃത്വത്തിൽ നിർമിച്ച മഹാജതി സദന്റെ ശിലാസ്ഥാപനം നടന്നത് 1939 ആഗസ്റ്റ് 19 നായിരുന്നു. മഹാകവി രബീന്ദ്രനാഥ ടാഗോറാണ് തറക്കല്ലിട്ടത്. കൽക്കട്ടയിലെ ചിത്തരഞ്ജൻ നഗർ അവന്യൂവിലാണ് മഹാജതി സദൻ സ്ഥിതിചെയ്യുന്നത്. കോൺഗ്രസിന്റെ പ്രാദേശിക പ്രവർത്തനങ്ങൾക്കു വേണ്ടിയായിരുന്നു ഈ മന്ദിരം നിർമിച്ചത്. 1937 ൽ സുഭാഷ് ചന്ദ്രബോസ് ജയിൽ മോചിതനായശേഷം അദ്ദേഹത്തിന്റെ സുഹൃത്തുക്കൾ സുഭാഷ് കോൺഗ്രസ് ഫണ്ട് എന്ന പേരിൽ ജനങ്ങളിൽ നിന്ന് പിരിച്ചെടുത്ത ഫണ്ട് ഉപയോഗിച്ചായിരുന്നു മഹാജതി സദന്റെ നിർമാണം. ഹൗസ് ഓഫ് ദി നേഷൻ എന്നാണ് ശിലാസ്ഥാപനവേളയിൽ ടാഗോർ ഈ മന്ദിരത്തെ വിശേഷിപ്പിച്ചത്.

മലയാളിയായ പ്രശസ്ത കായികപരിശീലകൻ ഒ എം നമ്പ്യാർ അന്തരിച്ചത് 2021 ആഗസ്റ്റ് 19 നായിരുന്നു. പി ടി ഉഷ ഉൾപ്പെടെയുള്ള നിരവധി കായികതാരങ്ങളുടെ പരിശീലകനായിരുന്നു അദ്ദേഹം. രണ്ട് ഒളിമ്പിക്സുകൾ, നാല് ഏഷ്യാഡുകൾ, ഒരു ലോക ചാമ്പ്യൻഷിപ്പ് തുടങ്ങി നിരവധി രാജ്യാന്തര മത്സരങ്ങളിൽ കായികപരിശീലകനായിരുന്നു. 1955 ൽ വ്യോമസേനയിൽ ചേർന്ന നമ്പ്യാർ മികച്ച ഒരു കായികതാരം കൂടിയായിരുന്നു. പട്യാലയിലെ ദേശീയ കായിക അക്കാദമിയിൽ പഠനം പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം കായികപരിശീലനത്തിലേക്കു പ്രവേശിച്ചത്. കർക്കശക്കാരനായിരുന്ന ആ പരിശീലകന്റെ കായികരംഗത്തെ സംഭാവനകൾ പരിഗണിച്ച് രാജ്യം അദ്ദേഹത്തിന് 1985 ൽ ദ്രോണാചാര്യ പുരസ്കാരവും 2021 ൽ പദ്മശ്രീ പുരസ്കാരവും നൽകി ആദരിച്ചു.

സുനീഷ വി എഫ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.