ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: ഏപ്രിൽ 17

കാർ വിപണിയിൽ പോണി കാറുകൾ എന്ന വിഭാഗത്തിന് തുടക്കം കുറിച്ച് അവതരിപ്പിക്കപ്പെട്ട ഫോർഡ് മസ്താങ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത് 1964 ഏപ്രിൽ 17 നാണ്. യുവാക്കളെ ഉദ്ദേശിച്ചുള്ള സ്പോർട്ടി കാർ എന്ന ആശയമാണ് മസ്താങിന്റെ പിറവിക്കു പിന്നിൽ. ഫോർഡിന്റെ വൈസ് പ്രസിഡന്റും ജനറൽ മാനേജരുമായിരുന്ന ലീ ലാകോക്കയുടേതായിരുന്നു ആശയം. 1964 ലെ വേൾഡ് ഫെയറിലാണ് കാർ അവതരിപ്പിച്ചത്. ആദ്യവർഷത്തിൽ ഒരുലക്ഷം കാറുകൾ വിൽക്കാനാണ് നിർമ്മാതാക്കൾ ഉദ്ദേശിച്ചിരുന്നതെങ്കിലും ആദ്യദിവസം തന്നെ ഇരുപത്തിരണ്ടായിരം കാറുകളാണ് വിറ്റുപോയത്.

തനിയെ ലോകം ചുറ്റിപ്പറന്ന ആദ്യ വനിത എന്ന ബഹുമതി ജെറാൾഡൈൻ മോക്ക് സ്വന്തമാക്കിയത് 1964 ഏപ്രിൽ പതിനേഴിനാണ്. സ്പിരിറ്റ് ഓഫ് കൊളംബസ് എന്ന് പേരിട്ടിരുന്ന തന്റെ വിമാനത്തിൽ, ഒഹിയോയിലെ കൊളംബസിൽ നിന്നാണ് അവർ യാത്ര ആരംഭിച്ചത്; മാർച്ച് 19 നായിരുന്നു അത്. 29 ദിവസങ്ങളെടുത്താണ് 23,000 മൈലുകൾ താണ്ടി അവർ കൊളംബസിൽ തിരിച്ചിറങ്ങിയത്. യാത്രയ്ക്കിടെ 21 തവണ വിമാനം താഴെയിറക്കി. ഭർത്താവിനോടൊപ്പമുള്ള രാജ്യാന്തര യാത്രകളിൽ നിന്നാണ് ലോകം ചുറ്റാനുള്ള ആഗ്രഹം അവരിൽ ജനിക്കുന്നത്. ജെറാൾഡൈന്റെ നേട്ടത്തെ ആദരിച്ച് മെയ് നാലിന് പ്രസിഡന്റ് ലിൻഡൻ ബി. ജോൺസൺ അവർക്ക് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻസ് എക്സെപ്ഷൻ സർവീസ് ഡെക്കറേഷൻ സമ്മാനിച്ചു.

2011 ഏപ്രിൽ 17 നാണ് പ്രേക്ഷകരുടെ പ്രിയ പരമ്പരയായ ഗെയിം ഓഫ് ത്രോൺസ് പ്രക്ഷേപണം ആരംഭിച്ചത്. ജി ഒ ടി എന്ന ചുരുക്കപ്പേരിലറിയപ്പെട്ട പരമ്പര എച്ച് ബി ഒ യിലാണ് പ്രക്ഷേപണം ചെയ്തത്. ജോർജ് ആർ ആർ മാർട്ടിൻ എഴുതി 1996 ൽ പുറത്തുവന്ന എ സോങ്ങ് ഓഫ് ഫയർ ആൻഡ് ഐസ് എന്ന പേരിലുള്ള ഫാന്റസി നോവൽ സീരീസിലെ ആദ്യ നോവലിന്റെ പേരാണ് ‘ഗെയിം ഓഫ് ത്രോൺസ്.’ ഈ സീരീസിനെ ആസ്പദമാക്കിയാണ് ജി ഒ ടി തയ്യാറാക്കിയത്. വെസ്റ്ററോസ് എന്ന സാങ്കൽപിക ലോകത്തിൽ രാജ്യാധികാരത്തിനായുള്ള രാഷ്ട്രീയ യുദ്ധത്തിന്റെ പശ്ചാത്തലത്തിലാണ് ജോർജ് ആർ ആർ മാർട്ടിൻ ഈ നോവൽ പരമ്പര രചിച്ചിട്ടുള്ളത്. ടാർഗെറിയൻ, സ്റ്റാർക്, ലാനിസ്റ്റർ, ബാരാതീയൻ, ഗ്രെജോയ്, ടൈറിൽ, മാർട്ടൽ എന്നീ ഏഴു കുടുംബങ്ങൾ വെസ്റ്റെറോസിലെ അധികാരത്തിന്റെ അടയാളമായ ‘അയൺ ത്രോൺ’ അഥവാ ‘ലോഹസിംഹാസന’ത്തിനായി നടത്തുന്ന ധാർമ്മികവും അധാർമ്മികവുമായ പോരാട്ടങ്ങളും അതിനോട് അനുബന്ധിച്ചുള്ള നിഗൂഢ രഹസ്യങ്ങളുമാണ് പരമ്പരയുടെ ഇതിവൃത്തം. എട്ട് സീസണുകൾ ഉണ്ടായിരുന്ന പരമ്പര 2019 മെയ് മാസത്തിൽ അവസാനിച്ചു.

തയ്യാറാക്കിയത്: സുനിഷ വി. എഫ്.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.