ആഗമനകാലത്തിലുടനീളം ക്രിസ്തുവിനെ ധ്യാനിക്കാം ഈ കുറുക്കുവഴിയിലൂടെ

ആഗമനകാലത്തിലൂടെയാണ് നാം ഇപ്പോൾ കടന്നുപോകുന്നത്. ക്രിസ്തുവിന്റെ ജനനം മുന്നിൽ കണ്ടുകൊണ്ടുള്ള ഒരു ആത്മീയ യാത്രയാണിത്. ഈ യാത്രയിൽ, നമ്മുടെ അനുദിന ജീവിതത്തിലെ ഓരോ കാഴ്ചകളിലൂടെയും ക്രിസ്തുവിനെ ധ്യാനിക്കാൻ നമ്മെ സഹായിക്കുന്ന ചെറിയ നുറുങ്ങുകൾ 17 -ാം നൂറ്റാണ്ടിലെ കാർമലൈറ്റ് സഹോദരൻ ലോറൻസ് പറഞ്ഞുതരുന്നുണ്ട്. അത് എന്താണെന്നു നോക്കാം.

ക്രിസ്തുമസ് ദിനത്തിനായി ആത്മീയമായും ഭൗതികമായും ഒരുങ്ങുന്ന ദിവസങ്ങളിലാണ് നാം. ആത്മീയമായ ഈ യാത്രയ്ക്കിടയിലും വീടുകളിൽ പുൽക്കൂടുകളൊരുക്കാനും അവ അലങ്കരിക്കാനും നാം ശ്രമിക്കുന്നു. പുൽക്കൂടുകളും ക്രിസ്തുമസ് ട്രീകളും അലങ്കരിക്കുന്നതിനായുള്ള സാധനങ്ങളും മറ്റും മാർക്കറ്റുകളിൽ സുലഭമായ സമയവുമാണിത്. ക്രിസ്തുമസ് ദിനങ്ങളിൽ നമ്മെ ആകർഷിക്കുന്ന അല്ലെങ്കിൽ കണ്ണുകൾക്ക് കൗതുകംപകരുന്ന അനേകം കാഴ്ചകൾ നമുക്ക് കാണാൻ സാധിക്കും. ക്രിസ്തുമസ് സ്റ്റാർ, പുൽക്കൂട്, തിരികൾ, ക്രിസ്തുമസ് ട്രീ, ലൈറ്റുകൾ… കൺകുളിർക്കുന്ന ക്രിസ്തുമസ് കാഴ്ചകൾ അങ്ങനെ നീളുന്നു. ഈ കാഴ്ചകളെ എങ്ങനെ ദൈവാനുഭവത്തിന്റെ നിമിഷങ്ങളാക്കമെന്നാണ് കാർമലൈറ്റ് സഹോദരൻ ലോറൻസ് പറഞ്ഞുതരുന്നത്.

നിങ്ങൾ ക്രിസ്തുമസ് മണികൾ കാണുമ്പോൾ ഇപ്രകാരം പ്രാർഥിക്കുക, ‘ഈശോയേ, സന്തോഷത്തോടെ തിന്മയെ ഇല്ലാതാക്കിയതിന് നന്ദി.’ ക്രിസ്തുമസ് അപ്പൂപ്പനെ അല്ലെങ്കിൽ സാന്താക്ളോസിനെ കാണുമ്പോൾ, ‘കർത്താവായ യേശുവേ, അങ്ങയുടെ വിശുദ്ധരിൽ ജീവിക്കുന്ന നിങ്ങളുടെ സ്നേഹത്തിന് നന്ദി’ എന്ന് പ്രാർഥിക്കുക.

‘ഈശോയേ, ഇരുട്ടിനെ കീഴടക്കിയതിന് നന്ദി’ എന്ന് മെഴുകുതിരികൾ കാണുമ്പോൾ പ്രാർഥിക്കാം. കാരണം മെഴുകുതിരികൾ യേശുവിന്റെ പ്രതീകമാണ്. ഇരുട്ടിനെ അകറ്റുന്ന ലോകത്തിന്റെ പ്രകാശമാണ് ക്രിസ്തു. അവിടുത്തെ തന്നെയാണ് മെഴുകുതിരികളും പ്രതിനിധാനംചെയ്യുന്നത്.

ക്രിസ്മസ് ലൈറ്റുകൾ അല്ലെങ്കിൽ ക്രിസ്മസ് മാലാഖമാരെ കാണുമ്പോൾ, ‘ഞങ്ങളെ ചുറ്റിപ്പറ്റിയുള്ള നിങ്ങളുടെ മാലാഖമാരുടെ ആതിഥേയത്തിന് യേശുവേ നന്ദി’ എന്നു പ്രാർഥിക്കാം. ക്രിസ്മസ് സമ്മാനങ്ങൾ കാണുമ്പോൾ പൂജരാജാക്കന്മാരിലൂടെ പകർന്ന മാതൃകയ്ക്ക് നന്ദിപറയാം.

ക്രിസ്മസ് നക്ഷത്രങ്ങൾ കാണുമ്പോൾ, ദൈവപുത്രനെ നമ്മുടെ അടുത്തേയ്ക്കയച്ച ദൈവത്തെ ഓർക്കാം. ക്രിസ്തുമസ് ട്രീ കാണുമ്പോൾ, ‘നമ്മുടെ ജനതയെ പരിവർത്തനം ചെയ്തതിന് യേശുവേ, നന്ദി’ എന്നു പ്രാർഥിക്കാം. ക്രിസ്മസ് ട്രീയിലെ അലങ്കാരങ്ങൾ, ‘പരിശുദ്ധാത്മാവിന്റെ ഫലങ്ങളാൽ നമ്മെ നിറയ്ക്കണമേ’ എന്ന പ്രാർഥനയിലേക്കും നമ്മെ നയിക്കണം.

വളരെ ലളിതമായ നന്ദിപറച്ചിലുകളിലൂടെ ക്രിസ്തുമസിന് നമ്മെ ഒരുക്കുന്ന മനോഹരമായ ഒരു മാർഗമാണ് ബ്ര. ലോറൻസ് പറഞ്ഞുതരുന്നത്. ഈ ചെറുമാർഗങ്ങളിലൂടെ ക്രിസ്തുമസിനായി നമുക്കും തയ്യാറെടുക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.