
നമ്മൾ ശ്വസിക്കുന്ന വായുവും കുടിക്കുന്ന വെള്ളവും ജീവിക്കുന്ന മണ്ണുമെല്ലാം പ്രകൃതി നമുക്ക് നൽകിയ അമൂല്യമായ സമ്മാനങ്ങളാണ്. കാടുകളും പുഴകളും ചെടികളും മൃഗങ്ങളുമെല്ലാം ചേരുമ്പോഴാണ് ഈ ഭൂമി പൂർണ്ണമാകുന്നത്. എന്നാൽ, ഈ വിഭവങ്ങളെല്ലാം നശിച്ചുപോകാതെ വരുംതലമുറയ്ക്കായി കാത്തുസൂക്ഷിക്കുക എന്നതാണ് പ്രകൃതിസംരക്ഷണത്തിന്റെ യഥാർഥ ലക്ഷ്യം. സന്തോഷവും സമാധാനവുമുള്ള ഒരു ജീവിതം മനുഷ്യന് ഭൂമിയിൽ സാധ്യമാകണമെങ്കിൽ പ്രകൃതിയെ കരുതലോടെ ചേർത്തുപിടിച്ചേ മതിയാകൂ.
എന്തുകൊണ്ട് പ്രകൃതിയെ സംരക്ഷിക്കണം?
ശുദ്ധമായ വായുവും വെള്ളവും ഭക്ഷണവും ലഭിക്കാൻ പ്രകൃതി നന്നായിരിക്കണം. മരങ്ങളും കാടുകളും നശിച്ചാൽ വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയ വലിയ ആപത്തുകൾ ഉണ്ടാകും. ഭൂമി മനുഷ്യർക്ക് മാത്രമല്ല, മൃഗങ്ങൾക്കും പക്ഷികൾക്കും കൂടി അവകാശപ്പെട്ടതാണ്. പ്രകൃതിയിലെ എല്ലാ ജീവികൾക്കും അവരുടേതായ സ്ഥാനമുണ്ട്. ഇതിൽ ഏതെങ്കിലും ഒന്നിന് നാശം സംഭവിച്ചാൽ അത് മറ്റു ജീവികളുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും. മരങ്ങളാണ് അന്തരീക്ഷത്തിലെ ചൂട് കുറയ്ക്കാൻ സഹായിക്കുന്നത്. മരങ്ങൾ വെട്ടിനശിക്കുമ്പോൾ ഭൂമിയിൽ ചൂട് കൂടുകയും കാലാവസ്ഥ മാറുകയും ചെയ്യും.
നമുക്ക് എന്തൊക്കെ ചെയ്യാം?
- അനാവശ്യമായി മരങ്ങൾ വെട്ടാതിരിക്കുക, കൂടുതൽ മരങ്ങൾ നട്ടുവളർത്തുക.
- വെള്ളവും വൈദ്യുതിയും ആവശ്യമില്ലാതെ പാഴാക്കരുത്.
- പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കുക, പുഴകളും തോടുകളും വൃത്തികേടാക്കാതിരിക്കുക.
പ്രകൃതി ഇല്ലെങ്കിൽ മനുഷ്യന് ജീവിക്കാൻ കഴിയില്ല. നമ്മൾ ചെയ്യുന്ന ചെറിയ നല്ല കാര്യങ്ങൾ പോലും ഈ ഭൂമിയെ രക്ഷിക്കാൻ സഹായിക്കും. അതിനാൽ, നാളത്തെ തലമുറയ്ക്കായി പ്രകൃതിയെ സ്നേഹത്തോടെ കാത്തുസൂക്ഷിക്കാം.
വിവർത്തനം: ഡിൻസി തോമസ്




