
ഒന്നാം ലോകമഹായുദ്ധത്തിന്റെ ഭീകരതയ്ക്കിടയിൽ മരണത്തിൽ നിന്ന് തന്നെ രക്ഷിച്ചത് വിശുദ്ധ കൊച്ചുത്രേസ്യയാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്ന ഒരു വൈദികനുണ്ടായിരുന്നു; ഡാനിയൽ ബ്രോട്ടിയർ.
സന്യാസ ജീവിതത്തിന്റെ തുടക്കത്തിൽ എട്ടു വർഷത്തോളം ആഫ്രിക്കയിൽ മിഷനറിയായി സേവനമനുഷ്ഠിച്ച അദ്ദേഹത്തിന് മോശമായ ആരോഗ്യസ്ഥിതി മൂലം ഫ്രാൻസിലേക്ക് മടങ്ങേണ്ടി വന്നു. തനിക്ക് ഇനിയൊരിക്കലും മിഷൻ പ്രവർത്തനങ്ങൾക്ക് പോകാൻ കഴിയില്ലെന്ന യാഥാർഥ്യം അദ്ദേഹം വേദനയോടെ അംഗീകരിച്ചു.
യുദ്ധക്കളത്തിലെ കാവൽമാലാഖ
ഒന്നാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ ബ്രോട്ടിയർ സൈന്യത്തിൽ ചാപ്ലയിനായി സേവനമനുഷ്ഠിക്കാൻ അദ്ദേഹം സന്നദ്ധനായി. 121 -ാം ഇൻഫൻട്രി റെജിമെന്റിലെ സൈനികർക്കൊപ്പം കിടങ്ങുകളിൽ കഴിഞ്ഞ അദ്ദേഹം ബോംബുകളും വെടിയുണ്ടകളും ചീറിപ്പായുന്ന യുദ്ധക്കളത്തിൽ സ്വന്തം ജീവൻ പണയപ്പെടുത്തി സൈനികരെ ആശ്വസിപ്പിച്ചു. അതിനിടയിലും അതിശയിപ്പിക്കുന്ന കാര്യം ദീർഘകാലത്തെ യുദ്ധസേവനത്തിനിടയിൽ അദ്ദേഹത്തിന് ഒരിക്കൽ പോലും പരിക്കേറ്റില്ല എന്നതാണ്.
യുദ്ധകാലത്ത് വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടിട്ടില്ലായിരുന്ന കൊച്ചുത്രേസ്യയുടെ മാധ്യസ്ഥമാണ് തന്നെ കാത്തതെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്ദേഹത്തിന്റെ ധീരതയ്ക്ക് ഫ്രഞ്ച് സർക്കാർ ‘ലൂജിയൻ ഓഫ് ഓണർ’, ‘ക്രോയിക്സ് ഡി ഗുറെ’ എന്നീ ബഹുമതികൾ നൽകി ആദരിച്ചു.
ലോകത്തിലെ ആദ്യത്തെ കൊച്ചുത്രേസ്യ ദൈവാലയം
1925 – ൽ കൊച്ചുത്രേസ്യ വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ടപ്പോൾ ഫ്രാൻസിലെ ഓട്ട്യൂളിൽ അവരോടുള്ള ബഹുമാനാർഥം ലോകത്തിലെ ആദ്യത്തെ ദൈവലയം അദ്ദേഹം പണിതു. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മനോഹരമായ ഒരു ദൈവാലയം പണിയാൻ വിശുദ്ധ തന്നെ സഹായിക്കുമെന്ന് അദ്ദേഹം വിശ്വസിച്ചു. അദ്‌ഭുതകരമായ രീതിയിൽ അതിനുള്ള കാര്യങ്ങൾ അദ്ദേഹത്തിന് ലഭിക്കുകയും ചെയ്തു.
അനാഥരുടെ പിതാവ്
ജീവിതത്തിന്റെ അവസാന കാലഘട്ടം പാരീസിലെ അനാഥരായ കുട്ടികളെ സഹായിക്കാനായി മാറ്റിവെച്ചതിലൂടെ ആയിരക്കണക്കിന് കുട്ടികൾക്ക് തണലാകാൻ അദ്ദേഹത്തിന് സാധിച്ചു. 1936 -ൽ അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങിൽ 15,000 – ത്തോളം ആളുകൾ പങ്കെടുത്തു.
അഴുകാത്ത ശരീരം
1984 – ൽ ഡാനിയൽ ബ്രോട്ടിയറെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങൾ പുറത്തെടുത്തപ്പോൾ അത് അഴുകാത്ത നിലയിൽ കാണപ്പെട്ടത് വിശ്വാസികളെ അദ്‌ഭുതപ്പെടുത്തി.
’ദൈവം നിങ്ങളെ സഹായിക്കണമെങ്കിൽ നിങ്ങൾ നിങ്ങളെത്തന്നെ സഹായിക്കാൻ തയ്യാറാകണം’ ഇതായിരുന്നു അദ്ദേഹത്തിന്റെ ജീവിതരഹസ്യം.




