കേരളത്തിൽ ഭീകരവാദമേയില്ല എന്ന് സ്ഥാപിക്കുന്നവരോട്…

“കേരള സ്റ്റോറി” ചലച്ചിത്രം പ്രദർശിപ്പിച്ച കാരണത്താൽ ഇടുക്കി രൂപതയെയും കേരള സഭയെയും കുറ്റപ്പെടുത്തി പ്രസ്താവനകളിറക്കുന്നവർ മനസിലാക്കാതെ പോകുന്ന കാര്യങ്ങൾ

ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദം പ്രമേയമാക്കിയ “കേരള സ്റ്റോറി” എന്ന ചലച്ചിത്രം ഇടുക്കി രൂപതയിലെ മുതിർന്ന കുട്ടികൾക്ക് മുന്നിൽ പ്രദർശിപ്പിച്ചതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രീതിയിലുള്ള പ്രതികരണങ്ങൾ മാധ്യമങ്ങളും സമൂഹമാധ്യമങ്ങളും വഴിയായി പ്രത്യക്ഷപ്പെടുകയുണ്ടായല്ലോ. ആശങ്കകളുടെയും വിമർശനങ്ങളുടെയും രൂപത്തിൽ പ്രചരിക്കപ്പെട്ട അത്തരം പ്രതികരണങ്ങളിലെ ചില ആശയക്കുഴപ്പങ്ങൾ പരിഹരിക്കാനുദ്ദേശിച്ചാണ് ഈ വിശദീകരണക്കുറിപ്പ്‌ തയ്യാറാക്കിയിരിക്കുന്നത്‌. സിനിമയുടെ പ്രദർശനം സംബന്ധിച്ച് രൂക്ഷമായ വിമർശനവുമായി ക്രൈസ്തവ മാധ്യമ – സാമൂഹിക പ്രവർത്തകരുടെ ഒരു സംഘവും പ്രസ്താവന പ്രസിദ്ധപ്പെടുത്തുകയുണ്ടായിരുന്നു.

തീവ്ര ഇസ്ലാമിക സംഘടനകളുടെ സ്വാധീനമുള്ള ഗ്രൂപ്പുകൾ വ്യാപകമായി പ്രചരിപ്പിക്കുന്ന അവാസ്തവങ്ങളുടെയും, ബോധപൂർവ്വം സൃഷ്ടിക്കപ്പെട്ട പുകമറകളുടെയും സ്വാധീനം പല പ്രതികരണങ്ങളിലും പ്രകടമാണ്‌. വളരെ ഗൗരവമായ രീതിയിൽ ആഗോള മാധ്യമങ്ങളും രാഷ്ട്രീയ നിരീക്ഷകരും ഗവേഷകരും ചൂണ്ടിക്കാണിക്കുന്ന കേരള സമൂഹത്തിലെ ഇസ്ലാമിക തീവ്രവാദ സ്വാധീനത്തെ പൂർണ്ണമായും തമസ്മരിക്കാൻ ശ്രമിക്കുന്ന വിധത്തിലുള്ള നിരീക്ഷണങ്ങളാണ്‌ പ്രസ്താവന ഉൾക്കൊള്ളുന്നത്‌. തീവ്ര ഇസ്ലാമിക സംഘടനകളുടെ പ്രവർത്തനങ്ങക്ക്‌ മുന്നിൽ കണ്ണടച്ചുകൊണ്ട്‌ സംഘപരിവാറിനെതിരെ നിലകൊള്ളണമെന്ന നിലപാട്‌ അനാരോഗ്യകരവും അപകടകരവുമാണ്‌. എല്ലാത്തരം തീവ്രവാദങ്ങളെയും ഒരുപോലെ തള്ളിപ്പറയാനും അകറ്റി നിർത്താനും ചിന്തകരും പ്രഭാഷകരും എഴുത്തുകാരും സാമൂഹ്യപ്രവർത്തകരുമായ പ്രബുദ്ധ സമൂഹത്തിന്‌ കഴിയേണ്ടതുണ്ട്‌. “ഉറപ്പായും ഒരു പ്രൊപ്പഗാന്ത ഫിലിം ആയ കേരള സ്റ്റോറി എന്ന സിനിമ കേരളത്തിന്റെ മതേതരത്വം തകർക്കാൻ ഉദ്ദേശിച്ചുള്ള തീവ്രഹിന്ദുത്വ ആഖ്യാനം ഉൾക്കൊള്ളുന്നതാണ്” എന്നതാണ് സിനിമയോടും സിനിമ പ്രദർശിപ്പിച്ചതിനോടും പ്രധാനമായ എതിർപ്പ്!

സിനിമയ്ക്ക് പിന്നിൽ സംഘപരിവാർ ബന്ധമുള്ളവർ ആണെന്നതിൽ തർക്കമില്ല. സിനിമയിലൂടെ ശക്തമായ ഒരു വാദം അവർ മുന്നോട്ടു വച്ചിരിക്കുന്നു എന്നുള്ളതും അത് തീവ്രവാദ സംഘടനകൾക്ക് എതിരാണെന്നുള്ളതും വാസ്തവമാണ്.

കേരളവും ഭീകരവാദ പ്രവർത്തനങ്ങളും: തെളിവുകൾ എണ്ണമറ്റത്

സിനിമ ഉൾക്കൊള്ളുന്ന ആശയം ഭീകരവാദമാണ്. ഇന്ന് ലോകത്തിൽ ഏറ്റവുമധികം ഭീതി വിതയ്ക്കുന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന ഭീകര സംഘടനയുടെ പ്രവർത്തനങ്ങളാണ് സിനിമയുടെ പ്രമേയം. കഴിഞ്ഞ പത്തുവർഷങ്ങൾക്കുള്ളിൽ പതിനായിരക്കണക്കിന് നിരപരാധികളെ കൊന്നൊടുക്കിയ ചരിത്രമാണ് ആ കുപ്രസിദ്ധ ഭീകരസംഘടനയ്ക്കുള്ളത്. അവർ വിവിധ രാജ്യങ്ങളിലായി ലൈംഗിക അടിമകളാക്കിയ സ്ത്രീകളുടെ എണ്ണവും അതുപോലെതന്നെ വളരെയധികമാണ്. ഏറെക്കുറെ എല്ലാ ലോകരാജ്യങ്ങളും നിരോധിച്ചിട്ടുള്ള ബൊക്കോ ഹറാം, അൽ ഖ്വൈദ, ഹിസ്ബുള്ള, ഹമാസ്, താലിബാൻ, ഇസ്ലാമിക് സ്റ്റേറ്റ്, ലഷ്കർ ഇ തയ്ബ തുടങ്ങിയ ഒട്ടേറെ ഭീകര സംഘടനകളുടെ പ്രവർത്തനങ്ങളുടെ വേരുകൾ ഏതാണ്ട് എല്ലാ രാജ്യങ്ങളിലേക്കും നീളുന്നുണ്ട് എന്നുള്ളത് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ള വാസ്തവമാണ്. (https://reliefweb.int/…/world/global-terrorism-index-2023)

പ്രത്യേകിച്ച് കേരളവും, തീവ്രവാദ സംഘടനകളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഒട്ടേറെ സംഭവങ്ങൾ കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2008 മുതലുള്ള പത്തുവർഷക്കാലം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ട തീവ്രവാദ സ്വഭാവമുള്ള കേസുകളുടെ പട്ടികയിൽ അക്കാര്യം വ്യക്തമാണ്. (https://www.satp.org/…/india/database/keralaislamist.htm).

കേരളത്തിലെ ചില സംഘടനകളും ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള തീവ്രവാദ പ്രസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വ്യക്തമാക്കുന്ന ഗവേഷണ റിപ്പോർട്ട്: https://drive.google.com/…/11HIqYu43h5ZK5e0PKuB…/view…

കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റ് ഉൾപ്പെടെയുള്ള ഭീകരസംഘടനകളുടെ പ്രവർത്തനങ്ങൾ നടക്കുന്നു എന്നും, ഒട്ടേറെ പേർ ഭീകരപ്രവർത്തനങ്ങളിൽ ആകൃഷ്ടരായി രാജ്യം വിട്ടു പോയിട്ടുണ്ട് എന്നും, ഇസ്ലാമിക സമൂഹത്തിനിടയിൽ റാഡിക്കലൈസേഷൻ നടക്കുന്നുണ്ട് എന്നും, കേരളത്തിൽ ഇസ്ലാമിക് സ്റ്റേറ്റിന്റെ സ്ലീപ്പർ സെല്ലുകൾ ഉണ്ടെന്നും സമീപകാലത്ത് തുറന്ന് സമ്മതിച്ചിട്ടുളളത് കേരളത്തിന്റെ മുഖ്യമന്ത്രിയും, പോലീസ് മേധാവിയും ഉൾപ്പെടെയുള്ളവർ തന്നെയാണ്.

About 100 people from Kerala joined ISIS over the years – Police: https://www.indiatoday.in/…/about-100-keralites… ;
Since 2018, Kerala Police’s special branch is running de-radicalisation programmes in the state for youth. Some youth who were influenced by ISIS ideas were de- radicalised & brought back to mainstream. Counter radicalisation programs are being run successfully: Kerala CM: https://twitter.com/ANI/status/1440667628041768966?lang=en,
Kerala has become recruiting ground for terror outfits: Outgoing DGP Loknath Behera: https://www.newindianexpress.com/…/kerala-has-become…
മലയാളികളുടെ തീവ്രവാദ ബന്ധങ്ങൾ: https://www.marunadanmalayalee.com/…/isis-recruitment…)

2022 ൽ നിരോധിക്കപ്പെട്ട പോപ്പുലർ ഫ്രണ്ട് എന്ന സംഘടന കേരളത്തിൽ രൂപീകരിക്കപ്പെട്ടതും, കേരളം ആസ്ഥാനമാക്കി പ്രവർത്തിച്ചിരുന്നതുമാണ്. ആ സംഘടനയ്ക്കും പ്രവർത്തകർക്കും എതിരെ ഉയർന്ന ആരോപണം തീവ്രവാദ പ്രവർത്തനങ്ങളാണ്. സമാന രീതിയിൽ രണ്ടു പതിറ്റാണ്ടുകൾക്ക് മുമ്പ് നിരോധിക്കപ്പെട്ട സംഘടനയാണ് സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഇൻ ഇന്ത്യ (SIMI). ആ സംഘടനയുടെയും പ്രവർത്തകരിലും ഭൂരിപക്ഷവും മലയാളികളായിരുന്നു. ഇത്തരം സംഘടനകളിൽ പ്രവർത്തിച്ച കാരണത്താൽ ഇപ്പോഴും വിവിധ ജയിലുകളിൽ കഴിയുന്നവർ നിരവധിയാണ്.

The Indian government has banned the Popular Front of India (PFI) – a controversial Muslim group – for five years for allegedly having links with terror groups: https://www.bbc.com/news/world-asia-india-63004142,
Centre extends ban on terror group SIMI for 5 years; MHA issues notification: https://economictimes.indiatimes.com/…/107238636.cms…)

ഇസ്ലാമിക ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നു എന്ന കാരണത്താൽ നിരോധിക്കപ്പെട്ടിട്ടുള്ള മലയാള ഗ്രന്ഥങ്ങൾ പലതുണ്ട്. അവയിൽ പലതും വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിട്ടുള്ളതും ഒട്ടേറെ പേരെ സ്വാധീനിച്ചിട്ടുള്ളതുമാണ്. ഏറ്റവും ഒടുവിൽ നിരോധിക്കപ്പെട്ട ഒരു ഗ്രന്ഥമാണ് “വിജയത്തിന്റെ വാതിൽ, വാളിന്റെ തണലിൽ”. തീവ്രവാദ സ്വഭാവമുള്ളതും രാജ്യവിരുദ്ധ ഉള്ളടക്കമുള്ളതും മതങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കുന്നതും യുവാക്കളെ തീവ്രവാദ ഗ്രൂപ്പുകളിൽ ചേരുന്നതിനു പ്രേരിപ്പിക്കുന്നതുമായ ഉള്ളടക്കമാണ് പുസ്തകത്തിലെന്നായിരുന്നു പൊലീസിന്റെ കണ്ടെത്തൽ. തുടർന്ന് 2021 ൽ പുസ്തകം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡിജിപി സർക്കാരിന് കത്ത് നൽകുകയായിരുന്നു.

Ban book that can provoke extremism, cops tell Kerala govt: http://timesofindia.indiatimes.com/articl…/86670436.cms…)
തീവ്രവാദ പ്രവർത്തനങ്ങൾ കേരളത്തിൽ നടക്കുന്നുണ്ട് എന്ന സൂചനകൾ ഒന്നര പതിറ്റാണ്ടിന് മുമ്പുമുതലുണ്ട്. വിവിധ അന്വേഷണ ഏജൻസികൾ മുന്നറിയിപ്പുകൾ നല്കിയിട്ടുള്ളതിന് പുറമെ, ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ടിൽ പോലും ഇക്കാര്യം പരാമർശിക്കപ്പെട്ടിട്ടുണ്ട്.
26th report of the analytical support and sanctions monitoring team, 2020, https://www.thehindu.com/…/un…/article32189443.ece കേരളത്തിലും കർണ്ണാടകയിലും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദികളുടെ സാന്നിധ്യം എടുത്തുപറയത്തക്കതായുണ്ട് എന്നാണ് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ച റിയാസ് അബൂബക്കർ എന്ന വ്യക്തി ശ്രീലങ്കൻ പള്ളികളിൽ നടത്തിയ സ്ഫോടനവുമായി ബന്ധമുള്ളയാളും, സമാന രീതിയിലുള്ള ഭീകര പ്രവർത്തനങ്ങൾ കേരളത്തിലുൾപ്പെടെ വ്യാപിപ്പിക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന വ്യക്തിയുമായിരുന്നു. കേരളത്തിൽനിന്ന് പുറപ്പെട്ടുപോയി ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കൊപ്പം ചേർന്ന് പ്രവർത്തിച്ചിരുന്ന മലയാളികളുമായി അയാൾക്ക് ബന്ധമുണ്ടായിരുന്നതായി അന്വേഷണ സംഘം വെളിപ്പെടുത്തുകയുണ്ടായി.

NIA court sentences Kerala man to 10-year RI for links with IS: https://timesofindia.indiatimes.com/…/art…/107567088.cms

എന്നാൽ, ഇത്തരം വാർത്തകൾ അതിന്റെ ഗൗരവത്തിൽ അവതരിപ്പിക്കുന്നതിൽ കേരളത്തിലെ മാധ്യമങ്ങൾ വിമുഖത കാണിക്കുന്നതായിട്ടാണ് കണ്ടിട്ടുള്ളത്. ലോകമെമ്പാടും വല വിരിച്ചിട്ടുള്ള, ലോകത്തെ മുഴുവൻ കാൽക്കീഴിലാക്കാനും ലോക സമാധാനം തകർക്കാനും ലക്ഷ്യം വച്ചിട്ടുള്ള കൊടും ഭീകരവാദ സംഘടനകൾ കേരളത്തിലും നിശബ്ദമായി പ്രവർത്തിക്കുന്നുണ്ട് എന്ന് യഥാർത്ഥ വസ്തുതകൾ തിരിച്ചറിഞ്ഞിട്ടുള്ള ആർക്കും സംശയമില്ല. എങ്കിലും, എല്ലാം കെട്ടുകഥകളാണ് എന്ന വാദത്തിനാണ് ഇവിടെ ശക്തികൂടുതൽ. “എല്ലാം സംഘപരിവാറിന്റെ അജണ്ട മാത്രമാണ്” എന്ന വാദം ചിലർ അവർത്തിച്ചാവർത്തിച്ച് ഒട്ടേറെ സത്യങ്ങൾക്കുമേൽ പുകമറ മൂടിയിരിക്കുന്നു! മുമ്പ് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുള്ള ഒട്ടേറെ ന്യൂസ് റിപ്പോർട്ടുകൾ വിവിധ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകളിൽനിന്ന് അപ്രത്യക്ഷമായിരിക്കുന്നു.

ഭീകരവാദികൾ പെൺകുട്ടികളെ ലക്‌ഷ്യം വയ്ക്കുന്നു എന്നുള്ളത് ദുരാരോപണമോ?

കേരള സ്റ്റോറി എന്ന ചലച്ചിത്രം മതം മാറുകയും, പിന്നീട് ഒരു ഭീകരവാദിയുടെ കൂടെ തീവ്രവാദികളുടെ പാളയത്തിൽ എത്തിപ്പെടുകയും ചെയ്യുന്ന ഒരു പെൺകുട്ടിയുടെ കഥയാണ്. അതേ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയ ഒരു പെൺകുട്ടിയെ കേരളം മുഴുവൻ അറിയും. നിമിഷ എന്നാണ് അവളുടെ പേര്. ഐ.എസ്. ഭീകരനായിരുന്ന ബെക്സിൻ‍ വിൻസെന്റ് എന്ന ഈസയുടെ ഭാര്യയാണ് നിമിഷ. ബെക്സിൻ വിൻസെന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിന്റെ ഭാര്യയാണ് മറിയം എന്നു പേരുമാറ്റിയ മെറിൻ ജേക്കബ് പാലത്ത്. ഭർത്താവ് ബെസ്റ്റിൻ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടപ്പോൾ ഉടുമ്പുന്തല സ്വദേശിയായ ഐ.എസ്. ഭീകരൻ അബ്ദുൾ റഷീദിനെ മെറിൻ വിവാഹം കഴിച്ചു. പിന്നീട് റഷീദും കൊല്ലപ്പെട്ടു. റഷീദിന്റെ മുൻ ഭാര്യമാരിലൊരാൾ മലയാളിയായ സോണിയാ സെബാസ്റ്റ്യനാണ്.

കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജ് അവസാനവർഷ വിദ്യാർഥിനിയായിരിക്കെ, ഒരു സഹപാഠിയുമായി നിമിഷ അടുപ്പത്തിലായി. ഇയാളുമായുള്ള അടുപ്പം നിമിഷയെ കടുത്ത മതവിശ്വാസിയാക്കിയതായി പോലീസ് റിപ്പോർട്ടിൽ പറയുന്നു. തുടർന്ന് 2103 ൽ അവൾ മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ചു. പിന്നീട് നിമിഷ ഫാത്തിമ മതപ്രചാരണ യോഗങ്ങളിലും ക്ലാസുകളിലും സ്ഥിരമായി പങ്കെടുത്തിരുന്നു. പഠിച്ചിരുന്ന കോളേജിലെ സീനിയർ വിദ്യാർഥികളും ആയിശ, മറിയ എന്നിവർ വഴിയാണ് ബെക്സൻ വിൻസെന്റ് എന്ന ഈസയെ നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. പിന്നീട് ഭർത്താവിനൊപ്പം അഫ്ഘാനിസ്ഥാനിലെ ഐ.എസ്. ക്യാംപിലെത്തിയ നിമിഷ ലൈംഗിക അടിമയായി തീർന്നു. പിന്നീട് യുഎസ് സേനയുടെ അക്രമത്തിൽ കുറേ ഭീകരവാദികൾക്കൊപ്പം ഭർത്താവ് കൊല്ലപ്പെട്ട ശേഷം 2019 മുതൽ അവൾ കാബൂളിലെ ജയിലിൽ കഴിയുന്നു. (പ്രണയം, മതംമാറ്റം, ഒടുവിൽ അഫ്ഗാനിലെ ഐഎസ് ക്യാമ്പിൽ; മലയാളി യുവതികൾക്ക് സംഭവിച്ചത്: https://www.mathrubhumi.com/…/story-of-nimisha-fathima…)

നിമിഷ ഫാത്തിമയുടെ ജീവിതത്തിൽ സംഭവിച്ചത് പോലീസിന്റെ വെളിപ്പെടുത്തലിലൂടെയാണ് ലോകം അറിഞ്ഞത്. നിമിഷ ഫാത്തിമയുമായി വളരെയേറെ സാമ്യമുള്ളയാളാണ് കേരള സ്റ്റോറിയിലെ നായിക. ഡെന്റൽ കോളേജിൽ പഠിക്കാനെത്തിയത് മുതൽ നിമിഷയുടെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ എന്തൊക്കെയാവാമെന്ന ഭാവനയാണ് കേരള സ്റ്റോറി എന്ന സിനിമയുടെ തിരക്കഥ. അത് യാഥാർഥ്യവുമായി വളരെയേറെ ചേർന്നു നിൽക്കുന്നതാണ് എന്നതിൽ സംശയമില്ല. കാസർകോട് ജില്ലാ പോലീസ് സൂപ്രണ്ട് 2015 നവംബറിൽ അന്നത്തെ സംസ്ഥാന പോലീസ് മേധാവിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പെൺകുട്ടിയുടെ ജീവിതരീതിയിലുണ്ടായ മാറ്റത്തെക്കുറിച്ചും പറയുന്നുണ്ട്. മതപഠനം അവളെ അടിമുടി മാറ്റി മറിച്ചിരുന്നു.

ഇതേ വഴിയിലൂടെ കടന്നുപോയ ആദ്യത്തെയും അവസാനത്തെയും പെൺകുട്ടിയല്ല നിമിഷ. നിമിഷയെ മത പഠനത്തിലേയ്ക്കും മതം മാറ്റത്തിലേയ്ക്കും നയിച്ച അതേ കൂട്ടർ തന്നെയാണ് മെറിൻ ജേക്കബിനെയും സോണിയ സെബാസ്റ്റ്യനെയും ഐ.എസ്. പാളയത്തിൽ എത്തിച്ചത്. ലോകമെമ്പാടുമുള്ള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ഇവരുടെ അനുഭവങ്ങൾ കെട്ടുകഥകളോ സംഘപരിവാർ സൃഷ്ടിയോ അല്ല. ഇവരെ കെണിയിൽ പെടുത്തിയവർ അതിന് മുമ്പും ശേഷവും മറ്റാരെയും കെണിയിൽ പെടുത്തിയിട്ടില്ല എന്നും, അതിന് ശ്രമിച്ചിട്ടില്ല എന്നും കരുതുന്നത് ബാലിശമാണ്. അതുപോലെ, ഇത്തരത്തിൽ ഒരേയൊരു സംഘം മാത്രമേ കേരളത്തിലുള്ളൂ എന്നും അത് കാസർഗോഡ് മാത്രമാണ് എന്നും കരുതാനാവില്ല. ഇസ്ലാമിക തീവ്രവാദ സംഘടനകളുടെ പ്രവർത്തനങ്ങൾ ഇന്ന് പലരും കരുതുന്നതിനേക്കാൾ വ്യാപകമാണ്.
‘പ്രണയം നടിച്ച് മതം മാറ്റി സിറിയയിലേയ്ക്കോ അഫ്ഘാനിസ്ഥാനിലേയ്ക്കോ കടത്തി ലൈംഗിക അടിമകളാക്കുന്ന/ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിക്കുന്ന പ്രവർത്തനത്തെയാണ് ലൗജിഹാദ് എന്ന് വിശേഷിപ്പിക്കുന്നത്” എന്ന തെറ്റിദ്ധാരണാജനകമായ ഒരു ആഖ്യാനം നിലനിൽക്കുന്നുണ്ട്.

ലൗജിഹാദ് എന്ന വാക്ക് സാങ്കേതികമായി തെറ്റാണോ ശരിയാണോ എന്ന തർക്കവുമുണ്ട്. എന്നാൽ, പ്രണയത്തിന്റെ മുഖമൂടികളുള്ള കെണികൾ ഈ സമൂഹത്തിൽ ഒരുക്കപ്പെടുന്നുണ്ട് എന്നുള്ളത് നിസ്തർക്കമായ കാര്യമാണ്. നിമിഷയുടെ അനുഭവത്തിൽ, മതംമാറ്റത്തിന് കാരണക്കാരനായ കാമുനല്ല പിന്നീട് അവളെ വിവാഹം ചെയ്തത് എന്ന വസ്തുത ശ്രദ്ധേയമാണ്. കാര്യങ്ങൾ ഇപ്രകാരമാണെങ്കിലും അതിൽ ഇസ്ലാമിക സമൂഹം മുഴുവനോടെ തെറ്റുകാരാണ് എന്ന് സ്ഥാപിക്കുന്നതിൽ യുക്തിയില്ല. തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുള്ള ചില സംഘടനകളാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് പിന്നിൽ. അതിന് വളരെ വ്യക്തമായ ഒരു ഉദാഹരണമാണ് മേൽപ്പറഞ്ഞ മൂന്ന് പെൺകുട്ടികളുടെ ജീവിതം.

നിമിഷ ഫാത്തിമയുടെ ജീവിതത്തിൽ, മതം മാറുന്നതിന് മുമ്പ് അവളുടെ പ്രകൃതത്തിൽ കാണപ്പെട്ട മാറ്റങ്ങളെക്കുറിച്ച് പോലീസ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നതുപോലെ, കേരളത്തിലെ വിവിധ രൂപതകളുടെയും കെസിബിസി ജാഗ്രത കമ്മീഷന്റെയും കീഴിൽ ഇത്തരം വിഷയങ്ങളെക്കുറിച്ച് നിരീക്ഷണങ്ങളും പഠനങ്ങളും ഇടപെടലുകളും നടത്തിവരുന്ന പ്രവർത്തകരും കൗൺസിലർമാരും നിരവധി പെൺകുട്ടികളിൽ ഇത്തരത്തിൽ സംഭവിച്ചിട്ടുള്ള മാറ്റങ്ങളെക്കുറിച്ച് നേരിട്ട് മനസിലാക്കിയിട്ടുണ്ട്. പ്രണയം നടിച്ച് മതപഠനത്തിനുള്ള അവസരമൊരുക്കിയ അനുഭവങ്ങൾ നിരവധി പെൺകുട്ടികൾക്കുണ്ടായിട്ടുണ്ട്. പെണ്മക്കളുടെ പെരുമാറ്റത്തിലും, സ്വഭാവത്തിലും രീതികളിലും കാണപ്പെട്ട മാറ്റങ്ങളെ തുടർന്ന്, ചില മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിൽ ഇത്തരം പ്രണയക്കെണികളിൽ മക്കൾ അകപ്പെട്ടിരിക്കുന്നതായി നടുക്കത്തോടെ അവർക്ക് മനസിലാക്കാൻ സാധിച്ചിട്ടുണ്ട്. കൗൺസിലിംഗിലൂടെയും മറ്റും അത്തരത്തിൽ കെണിയിലകപ്പെട്ട പെൺകുട്ടികളിൽ അനേകരെ മോചിപ്പിക്കാൻ കഴിഞ്ഞു.

കെണിയിൽ പെടുന്ന പെൺകുട്ടികളെ കരകയറ്റാൻ പ്രവർത്തിക്കുന്ന ഒട്ടേറെപ്പേരുണ്ട്!
ഇന്ന് കേരളത്തിൽ ഈ മേഖലയിൽ സജീവമായി പ്രവർത്തിക്കുന്ന ഒട്ടേറെ കൗൺസിലർമാരും അവർ നിരന്തരം ഇടപെടുന്ന ഒട്ടേറെ കേസുകളുമുണ്ട്. “കരുതൽ’ എന്ന പേരിൽ കെസിബിസി ജാഗ്രത കമ്മീഷന്റെ നേതൃത്വത്തിൽ ഒരു ഹെല്പ്ലൈൻ പ്രവർത്തിച്ചുവരുന്നു.

ഓർക്കുക, പ്രണയക്കെണികൾ ഒരു കെട്ടുകഥയല്ല. പലപ്പോഴും, പെൺകുട്ടികളുടെ സുരക്ഷിതത്വം, കുടുംബത്തിന്റെ അഭിമാനം തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി വിശദാംശങ്ങൾ വെളിപ്പെടുത്താൻ കഴിയാതെ പോകുന്നു എന്നുള്ളതാണ് യാഥാർഥ്യം. ബഹുഭൂരിപക്ഷം മാതാപിതാക്കളും തങ്ങളുടെ മക്കൾക്ക് സംഭവിച്ച കാര്യങ്ങൾ പൊതുസമൂഹത്തിന് മുന്നിൽ വെളിപ്പെടുത്താൻ തയ്യാറല്ല. എങ്കിലും, ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്കും, യുവജനങ്ങളുമായി അടുത്തിടപെടുന്നവർക്കും, പ്രത്യേകിച്ച് മതപരമായി ജനസംഖ്യയിൽ വലിയ ഏറ്റക്കുറച്ചിലുകളുള്ള ചില മേഖലകളിലെ വൈദികർക്കും ഇക്കാര്യങ്ങളിൽ യാതൊരു സംശയവുമില്ല. അതിനാൽത്തന്നെ, ഈ അപകടത്തിൽനിന്ന് പെൺകുട്ടികളെ അകറ്റി നിർത്താനുള്ള ബോധവൽക്കരണ പ്രവർത്തനങ്ങളിൽ അനേകർ വ്യാപൃതരാണ്. ഇതൊന്നും സംഘപരിവാർ പ്രചരിപ്പിക്കുന്ന കെട്ടുകഥകളല്ല. ഒട്ടേറെ മാതാപിതാക്കളും ഇടവക വൈദികരും കുറെയേറെ പെൺമക്കളുടെ ജീവിതങ്ങൾ കണ്ടു തിരിച്ചറിഞ്ഞ വാസ്തവങ്ങളാണ്.

ഈ സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്ന് മനസിലാക്കിയ ചില കാര്യങ്ങൾ ഒരു സിനിമയുടെ രൂപത്തിൽ ലഭ്യമായപ്പോൾ അതിനെ ബോധവൽക്കരണത്തിനായി ഉപയോഗിച്ചു എന്നതിൽ തെറ്റുകാണേണ്ടതില്ല. ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ച് പറയുന്നതോ, അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുന്നതോ, പ്രണയക്കെണികളെ തടയാൻ ശ്രമിക്കുന്നതോ അതിനെതിരായ മുന്നറിയിപ്പ് നൽകാൻ ശ്രമിക്കുന്നതോ എല്ലാം ഇസ്ലാം സമുദായത്തിനെതിരായ നീക്കമാണെന്നും, അവർക്കെതിരായ ദുഷ്പ്രചാരണമാണെന്നും നാം വിലയിരുത്തുന്നതിൽ വലിയ ശരികേടുണ്ട്.

കേരളത്തിലെ ക്രൈസ്തവ സമൂഹത്തിലെ ചിലരെങ്കിലും വർഷങ്ങൾക്ക് മുമ്പേ തിരിച്ചറിഞ്ഞ വാസ്തവങ്ങൾ (കെസിബിസി ജാഗ്രത കമ്മീഷൻ 2008 ൽ ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു) സംഘപരിവാർ സംഘടനകൾ പറയുന്നു എന്നതുകൊണ്ട് മാത്രം അവ അവാസ്തവങ്ങളാകുന്നില്ല. സംഘ്പരിവാറിനെയും ഹിന്ദുത്വ തീവ്രവാദത്തെയും, തീവ്ര ഇസ്ലാമിക സംഘടനകളെയും ഇസ്ലാമിക തീവ്രവാദത്തെയും രണ്ടായി കാണുകയും രണ്ടിനെയും എതിർക്കുകയും ചെയ്യുകയാണ് കാലഘട്ടത്തിന്റെ ആവശ്യം. ഒന്നിന്റെ പക്ഷം ചേർന്നുകൊണ്ട് മറ്റേതിനെ എതിർക്കുന്നത് ഗുണകരമല്ല.

മാർപ്പാപ്പയുടെ ആഹ്വാനങ്ങളും മതമൈത്രിയും സംബന്ധിച്ച ആശങ്കകൾ കാപട്യം

വിവിധ സംസ്ഥാനങ്ങളിൽ പ്രകടമാകുന്ന ഹിന്ദുത്വ ഭീകരതയെ തുറന്നു കാണിച്ചുകൊണ്ട് അതിനെ എതിർക്കുകയാണ് ഇന്ത്യയിലെ ക്രൈസ്തവ സമൂഹം എന്നും ചെയ്തുവരുന്നത്. അതുതന്നെ കേരളത്തിലെ ക്രൈസ്തവ സഭകളും ചെയ്യുകയും, സമാധാനവും മതേതരത്വവും ആഗ്രഹിക്കുന്ന ഹൈന്ദവ സമൂഹത്തെ ഒപ്പം നിർത്തി സംഘപരിവാറിനെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഇസ്ലാമിക തീവ്രവാദത്തിലും ഈ ശൈലിയാണ് നാം സ്വീകരിക്കേണ്ടത്. കേരളത്തിൽ രഹസ്യമായി നീക്കങ്ങൾ നടത്തുന്ന തീവ്ര ഇസ്ലാമിക സംഘടനകളെ പ്രതിരോധിക്കാൻ മുഖ്യധാരാ ഇസ്ലാം സമൂഹത്തെ കൂടെ നിർത്താൻ സഭയ്ക്ക് കഴിയണം. അതിനാവശ്യം, ഇസ്ലാമിക തീവ്രവാദത്തെ സംഘപരിവാർ ആഖ്യാനങ്ങൾ എന്ന മുൻവിധിയോടെ അന്ധമായി തള്ളിപ്പറയാതിരിക്കുകയാണ്. ഒപ്പം, ഇത്തരം വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാൻ പാടില്ല എന്ന ചിലരുടെ നിർബ്ബന്ധ ബുദ്ധിയെ പ്രതിരോധിക്കുകയും, ഇവിടെ സൃഷ്ടിക്കപ്പെടുന്ന ബൗദ്ധിക സമ്മർദ്ദങ്ങൾ തിരിച്ചറിയുകയും വേണം.

കത്തോലിക്കാ സഭയുടെ പ്രബോധനങ്ങൾക്കോ മാർപ്പാപ്പയുടെ ആഹ്വാനങ്ങൾക്കോ വിരുദ്ധമല്ല ഇത്തരം തുറന്നുപറച്ചിലുകൾ. സമാധാനപൂർണമായ ഒരു സാമൂഹ്യാന്തരീക്ഷം സൃഷ്ടിക്കപ്പെടാൻ ചില തുറന്നുപറച്ചിലുകളും ഉൾക്കൊളളലുകളും ആവശ്യമാണ്. അതിക്രമങ്ങൾക്കും അപചയങ്ങൾക്കും മറപിടിക്കാനുളളതല്ല മതങ്ങൾ തമ്മിലുള്ള ഐക്യം. വർഗീയത, അത് ഏതു മതം പ്രചരിപ്പിച്ചാലും ഒരുപോലെ എതിർക്കപ്പെടേണ്ടതുണ്ട്. വിഭാഗീതയും വർഗീയതയും വളർത്തുന്ന തീവ്രവാദ സ്വാധീനങ്ങളെ അകറ്റിനിർത്തിക്കൊണ്ടുള്ള യഥാർത്ഥ ഐക്യവും സാഹോദര്യവും മതങ്ങൾക്കിടയിൽ വളരട്ടെ. അതിനായി നമുക്കൊരുമിച്ചു പ്രവർത്തിക്കാം.

The Vigilant Catholic

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.