

“ഒന്നര വയസ്സുകാരിക്ക് കാൻസർ ബാധിച്ചതിനെ തുടർന്നാണ് അവർ ആർസിസിയിൽ എത്തിയത്. ‘ഞങ്ങളോട് എന്തുകൊണ്ട് ഇങ്ങനെ എന്നതായിരുന്നു’ ദൈവത്തോടുള്ള അവരുടെ ചോദ്യം.” ആർസിസിയിൽ ആംബുലൻസ് ഡ്രൈവ് ചെയ്ത് രോഗികളെ എത്തിക്കുന്ന കർമ്മലീത്താ വൈദികനായ ഫാ. ജോസഫ് ചക്കാലക്കുടി ലൈഫ്ഡേയോട് മനസ്സ് തുറക്കുന്നു.
“ഇവിടെ വന്നപ്പോൾ മുതൽ ഒരുപാട് അനുഭവങ്ങളുണ്ടായിട്ടുണ്ട്. പല മതത്തിലും വിഭാഗത്തിലുംപെട്ട ആളുകളുമായി സംസാരിക്കുമ്പോൾ ഉണ്ടായ അനുഭവങ്ങൾ വളരെ വലുതായിരുന്നു. ആ അനുഭവങ്ങളാണ് എന്റെ പാഠങ്ങളും പഠനങ്ങളും,” ഫാ. ജോസഫ് ചക്കാലക്കുടി എന്ന കർമ്മലീത്ത വൈദികന്റെ വീക്ഷണങ്ങളുടെ ആകെത്തുകയായിരുന്നു ഈ വാക്കുകൾ. ഫാ. ജോസഫ് ചക്കാലക്കുടി എന്ന പേര് അത്രകണ്ട് പരിചിതമല്ലെങ്കിലും ആർസിസിയിൽ ആംബുലൻസ് ഡ്രൈവ് ചെയ്ത് രോഗികളെ എത്തിക്കുന്ന വൈദികൻ എന്ന ലേബലിൽ കേരളത്തിലെ പലർക്കും ഇദ്ദേഹത്തെ അറിയാം. പ്രത്യേകിച്ചും ആർസിസിയിൽ എത്തുന്ന രോഗികൾക്കു മുന്നിൽ ദൈവത്തിന്റെ സാന്ത്വനമായി മാറുകയാണ് ഈ വൈദികൻ. ഒരു പുരോഹിതൻ ആംബുലൻസ് ഡ്രൈവറായി എത്തുമ്പോഴുള്ള അനുഭവങ്ങളും അത് രോഗികൾക്കു നൽകുന്ന സാന്ത്വനവും ഇപ്രകാരമൊരു ദൗത്യത്തിലേക്ക് എത്തിയതെങ്ങനെയെന്ന് ലൈഫ്ഡേയോട് മനസ്സ് തുറക്കുകയാണ് ഫാ. ജോസഫ് ചക്കാലക്കുടി.
കോവിഡ് കാലത്ത് ആംബുലൻസിന്റെ ഡ്രൈവിങ് സീറ്റിലേക്ക്
കർമ്മലീത്ത സന്ന്യാസ സമൂഹത്തിന്റെ മലബാർ പ്രൊവിൻസിന്റെ കീഴിലുള്ള ഒരു ജീവകാരുണ്യ സംരംഭമാണ് തിരുവനന്തപുരത്ത് സ്ഥിതിചെയ്യുന്ന ബെൻസിഗർ ഹോം. പ്രധാനമായും ആർസിസിയിൽ ചികിത്സയ്ക്ക് എത്തുന്ന രോഗികളാണ് ഈ ഭവനത്തിലെത്തുക. ചികിത്സയിൽ ആയിരുന്നവർ, ചികിത്സ കൊണ്ട് പ്രയോജനമില്ല എന്നു പറഞ്ഞവർ, ജീവിതത്തിന്റെ അന്ത്യത്തോട് അടുത്തവർ… അങ്ങനെ പലതരത്തിലുള്ള കാൻസർ ബാധിതരായ ആളുകൾ ഈ ഭവനത്തിലുണ്ട്. അങ്ങനെയുള്ള ഈ സേവനമേഖലയിലേക്ക് ജോസഫച്ചൻ കടന്നുവന്നത് ഏഴ് വർഷങ്ങൾക്കു മുൻപാണ്.
ഏതാണ്ട് ആ സമയത്തു തന്നെയാണ് കോവിഡ് മഹാമാരി വ്യാപിക്കുന്നതും. ഈ സമയത്ത് ബെൻസിഗർ ഹോമിൽ കാൻസർ ബാധിതരും ഒപ്പം കോവിഡ് ബാധിതരും ഉണ്ടായിരുന്നു. അവരെയൊക്കെ ആശുപത്രിയിലേക്കും മറ്റും എത്തിക്കുക എന്നതും വെല്ലുവിളി നിറഞ്ഞ ഒരു കാര്യമായിരുന്നു. ഇത്തരത്തിലുള്ള സ്ഥാപനങ്ങൾക്ക്, ഒരു ഡ്രൈവറിനെ വച്ച് ആംബുലൻസ് ഓടിക്കുക എന്നതും അൽപം ചിലവേറിയ കാര്യമായിരുന്നു. ഈ സാഹചര്യത്തിലാണ് സകല റിസ്കും ഏറ്റെടുത്ത് ദൈവംതമ്പുരാന്റെ കരം പിടിച്ച് ആ ഡ്രൈവിങ് സീറ്റിലേക്ക് അച്ചൻ എത്തുന്നത്. അന്നുതൊട്ട് ഇന്നുവരെ നിരവധി രോഗികളുമായി ആംബുലൻസ് യാത്രകൾ അച്ചൻ നടത്തിക്കഴിഞ്ഞു. ഇത്തരത്തിലുള്ള ഓരോ യാത്രയും വ്യത്യസ്ത അനുഭവങ്ങളായിരുന്നു എന്ന് അച്ചൻ ഓർക്കുന്നു.
ഗവൺമെന്റിന്റെ അനുമതിയും സൗജന്യ ആംബുലൻസ് സേവനവും
കോവിഡ് കാലത്ത് സർക്കാരിന്റെ പ്രത്യേക അനുമതിയോടെയാണ് അച്ചൻ ആംബുലൻസിൽ രോഗികളെ ആശുപത്രികളിലേക്കും മറ്റും എത്തിച്ചത്. അന്ന് സാധാരണ വാഹനങ്ങൾക്ക് പെർമിഷൻ ഉണ്ടായിരുന്നില്ല. അച്ചന് ഒരു സ്‌പെഷ്യൽ സർവീസിനുള്ള ടാഗ് നൽകിയിരുന്നു. ആ കാർഡ് ഉപയോഗിച്ചാണ് അച്ചൻ സ്ഥാപനത്തിലെയും അല്ലാതെയുമുള്ള രോഗികളെ ദൂരെയുള്ള സ്ഥലങ്ങളിലേക്കും മറ്റും എത്തിച്ചത്. പലപ്പോഴും കോവിഡിന്റെ ആ സാഹചര്യത്തിൽ ബെൻസിഗർ ഹോമിൽ പോലും രോഗബാധിതരായ ആളുകളുണ്ടായിരുന്നു. അവരെ ആശുപത്രിയിലേക്ക് മാറ്റേണ്ടിവന്ന സാഹചര്യത്തിലും അവർക്ക് ഭക്ഷണം കൊടുക്കേണ്ടിവന്ന സാഹചര്യത്തിലുമൊക്കെ ദൈവത്തിൽ അടിയുറച്ച് മുന്നോട്ടുപോവുകയായിരുന്നു അച്ചൻ. ഇതിനിടയിൽ അഞ്ചോളം പ്രാവശ്യം കോവിഡ് ബാധിതനായി. ആദ്യത്തെ മൂന്നുപ്രാവശ്യം രോഗബാധിതനായി ഐസിയുവിൽ കിടക്കേണ്ട അവസ്ഥ വരെ ഉണ്ടായിട്ടുണ്ട്. അവിടുന്നൊക്കെ ദൈവം അദ്ദേഹത്തെ തിരികെ ആരോഗ്യവാനായി എത്തിക്കുകയായിരുന്നു.
അതിനു ശേഷവും രോഗികളുമായുള്ള ശുശ്രൂഷയിൽ മുന്നോട്ട് പോവുകയാണ് അച്ചൻ ചെയ്തത്. ഈ ഇന്റർവ്യൂ എടുത്ത ദിവസവും രാവിലെ എട്ടുമണിക്ക് രോഗികളെ ആംബുലൻസിൽ ആർസിസിയിൽ എത്തിച്ചത് അച്ചനാണ്. ആരെങ്കിലും അത്യാവശ്യമായി ആവശ്യപ്പെട്ടാൽ അവർക്കായും അച്ചന്റെ സേവനം ലഭ്യമാകുന്നു. കൂടാതെ, ആരെങ്കിലും മരിച്ചാൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണെങ്കിൽ സൗജന്യമായി ആംബുലൻസ് സേവനം നൽകാനും ഈ വൈദികൻ തയ്യാറാണ്.
വൈദികൻ എന്ന നിലയിൽ സാന്ത്വനമായി മാറുന്ന ആംബുലൻസ് സേവനങ്ങൾ
പലപ്പോഴും വേദനയുടെയും ഭീതിയുടെയുമൊക്കെ നിമിഷങ്ങളിലുള്ളവരുമായിട്ടായിരിക്കും ഓരോ ആംബുലൻസ് യാത്രകളും നടക്കുക. പ്രാർഥിച്ചും കൊന്ത ചൊല്ലിയുമൊക്കെയാണ് ഓരോ രോഗിയുമായി പോകുന്നത്. മരിച്ചവരുമായി പോകുമ്പോൾ പലപ്പോഴും സങ്കടകരമായ അവസ്ഥയിലുള്ള ബന്ധുക്കളും പ്രിയപ്പെട്ടവരുമൊക്കെയായിരിക്കും ഒപ്പം ഉണ്ടാവുക. അവരെ ആശ്വസിപ്പിക്കുകയും ‘നമുക്ക് മരിച്ച ആൾക്കായി പ്രാർഥിക്കാം’ എന്നൊക്കെ പറയുകയും ചെയ്യുമ്പോൾ അവരും ആ പ്രാർഥനയ്ക്ക് ഒപ്പം കൂടാറുണ്ട്. ഒരു വൈദികൻ എന്ന നിലയിൽ അവരുടെ ആ സമയത്തെ നിലവിളികൾക്ക് അൽപം ആശ്വാസം നൽകാൻ ഇത്തരം പ്രാർഥനകളിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് ജോസഫ് അച്ചൻ പറയുന്നു. ഒരു വൈദികനെന്ന നിലയിൽ കാൻസർ രോഗികളോട് കൂടുതൽ കരുണയോടെ പ്രവർത്തിക്കാൻ കഴിയുമെന്നാണ് അച്ചന്റെ ഇതുവരെയുള്ള അനുഭവങ്ങൾ തെളിയിക്കുന്നത്.
സാക്ഷ്യമായി മാറുന്ന ബെൻസിഗർ ഹോമും പ്രവർത്തനങ്ങളും
2019 ഫെബ്രുവരി പതിമൂന്നാം തീയതിയാണ് ഈ ഭവനം പ്രവർത്തനം ആരംഭിക്കുന്നത്. അന്നു മുതൽ ഇന്നുവരെ നിരവധി രോഗികൾക്ക് അവരുടെ വേദനകളുടെ നടുവിൽ ആശ്വാസം പകരാൻ ഈ സ്ഥാപനത്തിന് കഴിഞ്ഞു. പ്രധാനമായും കാൻസർ രോഗികൾക്ക് അവരുടെ വേദനയുടെയും സങ്കടങ്ങളുടെയും നിമിഷങ്ങളിൽ ആശ്വാസമേകുക എന്ന ലക്ഷ്യത്തോടെയാണ് ബെൻസിഗർ ഹോം പ്രവർത്തനം ആരംഭിച്ചത്. ഇവിടെ 30 മുറികളാണ് ഉള്ളത്. നാനാജാതി മതസ്ഥരായ ആളുകൾക്ക്, പ്രത്യേകിച്ച് ആർസിസിയിലും മറ്റും ചികിത്സയിൽ ആയിരിക്കുന്നവർക്ക് മികച്ച ഒരു അന്തരീക്ഷം നൽകുക, നല്ല പരിചരണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ഭവനം പ്രവർത്തിക്കുന്നത്. വേദനയുടെ നടുവിൽ ആയിരിക്കുന്നവർക്ക് സ്വന്തം ഭവനത്തിൽ ആയിരിക്കുന്നതുപോലെ ഒരു അന്തരീക്ഷം ഒരുക്കിക്കൊടുക്കാൻ ഇവിടെയുള്ളവർ ശ്രദ്ധിക്കുന്നു. കൂടാതെ ലൈബ്രറി, ആഴ്ചയിലൊരിക്കൽ ഒരു സിനിമ, റീഡിങ് റൂം, ടിവി, നല്ല ഭക്ഷണം ഒക്കെ ഇവിടെ നിന്ന് ലഭിക്കുമ്പോൾ അത് അവരുടെ മനസ്സിനെ തന്നെ കൂടുതൽ കരുത്തുള്ളതാക്കി മാറ്റുന്നു. കൂടാതെ, ഒരുപാട് സാമ്പത്തിമില്ലാത്ത ആളുകളെ സഹായിക്കാനുള്ള മാർഗങ്ങളും കണ്ടെത്തി നൽകുന്നു.
പലപ്പോഴും കാൻസർ അഡ്വാൻസ്ഡ് സ്റ്റേജിൽ ആയിരിക്കുന്ന രോഗികൾക്ക് ശാന്തമായ ഒരു അന്തരീക്ഷം ഒരുക്കാനും ബെൻസിഗർ ഹോമിന് കഴിഞ്ഞിട്ടുണ്ട്. ലാസ്റ്റ് സ്റ്റേജിൽ ഒന്നും ചെയ്തിട്ടും രക്ഷയില്ല എന്ന് അറിയുന്ന സമയമുണ്ട്. ആ സമയത്തും പ്രിയപ്പെട്ടവർക്കായി ഉള്ളതെല്ലാം വിറ്റു ചികിത്സിക്കാൻ തയ്യാറായി നിൽക്കുന്ന കുടുംബങ്ങളുണ്ട്. ഇത്തരം കുടുംബങ്ങളെ ആ ശ്രമങ്ങളിൽ നിന്ന് പിന്തിരിപ്പിച്ച്, സ്വസ്ഥമായ ഒരു അന്തരീക്ഷത്തിൽ ചിലവിടാൻ സഹായിക്കാനും ഈ വൈദികൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ചുരുക്കത്തിൽ, ബെൻസിഗർ ഭവനത്തിൽ നടക്കുന്ന ഓരോ പ്രവർത്തനങ്ങളും ദൈവസ്നേഹത്തിന്റെ സാക്ഷ്യമായി മാറുകയാണ്. ഇവിടെ പ്രാർഥനകളും മറ്റും നടക്കുമ്പോൾ മറ്റു മതസ്ഥരും അതിൽ സ്വമേധയാ വന്ന് പങ്കുചേരുന്നത് കാണാറുണ്ട്. അതിനേക്കാളൊക്കെ ഉപരിയായി അവരോട് സ്നേഹത്തോടെ പെരുമാറുമ്പോൾ, അവർക്ക് വേണ്ടതൊക്കെ ചെയ്തുകൊടുക്കുമ്പോൾ അതൊക്കെ അവരുടെ മനസ്സിൽ നിലനിൽക്കുന്നുണ്ട്. ഇവിടെ വരുന്നവർ ചികിത്സയൊക്കെ കഴിഞ്ഞ് മടങ്ങുമ്പോൾ വൈദികരോടും സന്ന്യസ്ഥരോടും ഒക്കെയുള്ള അവരുടെ കാഴ്ചപ്പാടുകൾ പോലും നല്ലതായി മാറിയാണ് മടങ്ങുന്നത് എന്ന് അച്ചൻ സാക്ഷ്യപ്പെടുത്തുന്നു.
അനുഭവങ്ങൾ പകർന്ന പാഠം
അസുഖങ്ങൾ വരിക എന്നത് എപ്പോഴും സങ്കടകരമായ ഒരു കാര്യമാണ്. എന്നാൽ, ആ സങ്കടങ്ങളുടെ സമയത്തെ ഓരോരുത്തരും നേരിടുന്നത് ഓരോ വിധത്തിലാണ്. എന്തിനാണ് ദൈവം ഞങ്ങളോട് ഇങ്ങനെ ചെയ്യുന്നത് എന്ന തരത്തിലുള്ള അനേകം ചോദ്യങ്ങൾ ഈ ഏഴു വർഷത്തിനിടെ അച്ചന് നേരിടേണ്ടിവന്നിട്ടുണ്ട്.
ഒരിക്കൽ തൃശൂരിൽ നിന്നുള്ള ഒരു കുടുംബം ബെൻസിഗർ ഹോമിൽ എത്തിയിരുന്നു. കല്യാണം കഴിഞ്ഞ് നാളുകളുടെ കാത്തിരിപ്പിനൊടുവിൽ കിട്ടിയ കുഞ്ഞ്. ആ ഒന്നര വയസ്സുകാരിക്ക് കാൻസർ ബാധിച്ചതിനെ തുടർന്നാണ് അവർ ആർസിസിയിൽ ട്രീറ്റ്മെന്റിന് എത്തിയത്. വിശ്വാസപരമായി ദൈവത്തോട് ഒരുപാട് അടുത്തുനിന്ന കുടുംബമായിരുന്നു അത്. അതുകൊണ്ടുതന്നെ ഞങ്ങളോട് എന്തുകൊണ്ട് ഇങ്ങനെ എന്നതായിരുന്നു അവരുടെ ചോദ്യം. എങ്കിലും ആദ്യത്തെ പകപ്പിൽ നിന്ന് കരകയറിയ ആ ദമ്പതികൾ കുഞ്ഞിനെയും എടുത്തുകൊണ്ട് ദിവ്യകാരുണ്യത്തിനു മുന്നിൽ നിന്ന് ദൈവത്തോട് പ്രാർഥിക്കുന്നത്, ചലഞ്ച് ചെയ്യുന്നത് ഇന്നും അച്ചന്റെ ഓർമ്മയിൽ തെളിയുന്നു. ഇങ്ങനെ അനേകം അനുഭവങ്ങൾ അച്ചന്റെ ഓർമ്മയിലുണ്ട്. അതിനു ശേഷം ആ കുഞ്ഞ് സുഖമാവുകയും അടുത്ത കുഞ്ഞിനെ ദൈവകരങ്ങളിൽ നിന്ന് സന്തോഷത്തോടെ അവർ സ്വീകരിക്കുകയും ചെയ്തു എന്നും അച്ചൻ ഓർക്കുന്നു.
വേദനയുടെ സമയങ്ങളിൽ, പ്രതേകിച്ച് കാൻസർ എന്ന രോഗത്തിന്റെ അവസരത്തിൽ അവർക്ക് ഒരുപാട് സമാശ്വാസ വചനങ്ങളല്ല ആവശ്യം. അവരുടെ വേദനകളിൽ, മൗനങ്ങളിൽ, കരച്ചിലുകളിൽ ശാന്തമായി അവർക്കൊപ്പം നിൽക്കാനുള്ള ഒരു കരമാണ് ആവശ്യം. ഇത് തിരിച്ചറിഞ്ഞ അച്ചൻ, ബെൻസിഗർ ഹോമിലെത്തുന്ന ആളുകൾക്കു മുന്നിൽ അത്രയും കരുതലോടെയാണ് ആയിരിക്കുന്നത്. പലപ്പോഴും ശിഷ്യന്മാരുടെ കാലുകൾ കഴുകുന്ന ഈശോയുടെ പ്രതിരൂപമാണ് അദ്ദേഹം. രോഗികൾക്ക് ഭക്ഷണം കൊടുക്കാനും ശുചിമുറികൾ വൃത്തിയാക്കാനുമൊക്കെ ഈ വൈദികനും മാറിനിൽക്കാറില്ല.
“ഒരു സ്ഥാപനത്തിന് അതിന്റേതായ നിയമങ്ങളും മറ്റും ഉണ്ടായിരിക്കും. എന്നാൽ, ഇവിടെ വരുന്ന ആളുകളോട് ഞാൻ അങ്ങനെ കണിശമായി ഒന്നും പറയാറില്ല. വേദനയുടെ, രോഗത്തിന്റെ അവസ്ഥയിൽ അവർക്ക് അവരുടെ ഭവനത്തിൽ ആയിരിക്കുന്നതുപോലെ ഒരു ആശ്വാസമാണല്ലോ അവർ തേടുന്നത്. ഇവിടെയും അങ്ങനെ തന്നെയുള്ള ഒരു സാഹചര്യം ഒരുക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നതും. കഴിവതും അവരോട് ഏറ്റവും കാരുണ്യത്തോടെ പെരുമാറുക. അത്രേ ഉള്ളൂ. നമുക്ക് കിട്ടിയിരിക്കുന്ന ഓരോ നിമിഷവും ഓരോ മെറിറ്റല്ലേ? ആ മെറിറ്റിലാണ് നമ്മൾ ജീവിക്കുന്നത് എന്ന ചിന്ത മാത്രം മതി ഒരു നല്ല മനുഷ്യനാകാൻ,” ജോസഫ് അച്ചൻ പറഞ്ഞുനിർത്തി.
ഒരു ചെറുപുഞ്ചിരിയോടെയാണ് അച്ചനുമായുള്ള സംഭാഷണം അവസാനിച്ചത്. അത്രയ്ക്ക് ശാന്തമായിട്ടായിരുന്നു അച്ചൻ ഓരോ കാര്യവും പങ്കുവച്ചത്. ഒരു മനുഷ്യൻ, ഞാൻ വലിയ ആളാണെന്നു പറയുന്നതിനേക്കാൾ, ഞാൻ ഒരു നല്ല മനുഷ്യനാണ് എന്ന് ജീവിതം കൊണ്ട് കാണിച്ചുതരുന്നതിലാണ് ജീവിതത്തിന്റെ മഹത്ത്വം കുടികൊള്ളുന്നതെന്ന് പറയാതെ പറയുകയായിരുന്നു അദ്ദേഹം. ജീവിതത്തിൽ വേദനകളുടെ നടുവിൽ കഴിയുന്ന അനേകം ആളുകൾക്കായി പ്രവർത്തിക്കാൻ ഇനിയും അച്ചന് കഴിയട്ടെ. ആ ജീവിതാനുഭവങ്ങൾക്ക് അനേകരെ സ്വാധീനിക്കാൻ കഴിയട്ടെ.
മരിയ ജോസ്




