ഓൺലൈൻ പഠനത്തിൽ കുടുംബത്തിന്റെ പങ്കും പ്രാധാന്യവും

സാങ്കേതികവിദ്യ വളർന്നതോടെ പഠനം സ്കൂളുകളിൽ നിന്ന് വീടുകളിലേക്ക് എത്തുന്ന കാലമാണിത്. ഫോണിലൂടെയും കമ്പ്യൂട്ടറിലൂടെയും കുട്ടികൾ അറിവ് നേടുമ്പോൾ, അവർക്ക് ഏറ്റവും വലിയ തണലായി മാറുന്നത് കുടുംബമാണ്. ഓൺലൈൻ പഠനത്തിൽ കുട്ടികൾ വിജയിക്കണമെങ്കിൽ നല്ല ഫോണോ ഇന്റർനെറ്റോ മാത്രം പോരാ, മറിച്ച് കുടുംബത്തിന്റെ സ്നേഹവും പിന്തുണയും കൂടി ആവശ്യമാണ്.

ഓൺലൈൻ പഠനത്തിൽ മാതാപിതാക്കൾക്ക് ചെയ്യാവുന്ന കാര്യങ്ങൾ

1. കൃത്യമായ ദിനചര്യ

പഠനത്തിനും കളിക്കാനും ഉറക്കത്തിനും കൃത്യമായ സമയം ഉണ്ടാക്കാൻ കുട്ടികളെ സഹായിക്കുക.

2. മാനസിക പിന്തുണയും ആശ്വാസവും

കൂട്ടുകാരെ നേരിട്ട് കാണാൻ കഴിയാത്തതിന്റെ ഒറ്റപ്പെടലും നീണ്ട സ്ക്രീൻ ഉപയോഗം മൂലമുള്ള മടുപ്പും മാറ്റാൻ കുട്ടികളോട് ചേർന്നുനിന്ന് സംസാരിക്കുകയും അവർക്ക് മാനസികമായ ധൈര്യം നൽകുകയും ചെയ്യുക.

3. പഠനസൗകര്യങ്ങൾ

ശാന്തമായി ഇരുന്ന് പഠിക്കാൻ അനുയോജ്യമായ ഫോൺ, ഇന്റർനെറ്റ് സൗകര്യങ്ങൾ ഒരുക്കി നൽകുക.

രക്ഷിതാക്കൾ നേരിടുന്ന ബുദ്ധിമുട്ടുകൾ

കുട്ടികളെ പഠനത്തിൽ സഹായിക്കുക എന്നത് മാതാപിതാക്കൾക്കും എളുപ്പമല്ല. സ്വന്തം ജോലിത്തിരക്കുകൾക്കിടയിൽ കുട്ടികളുടെ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടി വരുന്നതും, പുതിയ ആപ്പുകളെയും സാങ്കേതികവിദ്യയെയും കുറിച്ച് വലിയ അറിവില്ലാത്തതും പല രക്ഷിതാക്കൾക്കും വെല്ലുവിളിയാകാറുണ്ട്.

പഠനം എളുപ്പമാക്കാൻ ചില വഴികൾ

1. നല്ലൊരു പഠനമുറി

വീട്ടിലെ ബഹളങ്ങളിൽ നിന്ന് മാറി പഠിക്കാൻ ശാന്തമായ ഒരു സ്ഥലം കണ്ടത്തുക.

2. പ്രോത്സാഹനവും ശ്രദ്ധയും

കുട്ടികളുടെ പഠന കാര്യങ്ങൾ അന്വേഷിക്കുകയും അധ്യാപകരുമായി ഇടയ്ക്കിടെ സംസാരിക്കുകയും ചെയ്യുക.

3. വിശ്രമവും വിനോദവും

പഠനഭാരം കുറയ്ക്കാൻ വിനോദക്കളികൾ, വായന, വര തുടങ്ങിയ കാര്യങ്ങളിൽ കുട്ടികളെ പ്രോത്സാഹിപ്പിക്കുക.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ വിജയം എന്നത് കേവലം ഉയർന്ന മാർക്കുകളിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അത് കുട്ടികളുടെ സമഗ്രമായ വ്യക്തിത്വ രൂപീകരണം കൂടിയാണ്. അധ്യാപകരുടെ കൃത്യമായ വഴികാട്ടലും കുടുംബത്തിൽ നിന്നുള്ള സ്നേഹവും പിന്തുണയും ഒത്തുചേരുമ്പോൾ കുട്ടികൾക്ക് പഠനത്തിൽ മികവ് പുലർത്താൻ സാധിക്കും.

വിവർത്തനം: ഡിൻസി തോമസ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.