പുരോഹിത ശാസ്ത്രജ്ഞർ 122: ഫ്രാൻസ് റൈൻസർ (1661-1708)

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

പ്രകൃതിയിൽ സംഭവിക്കുന്ന പ്രതിഭാസങ്ങളെക്കുറിച്ചു പഠിക്കുകയും അതിനെ തത്ത്വചിന്തയുമായും ധാർമ്മികപ്രബോധനങ്ങളുമായും ബന്ധപ്പെടുത്തി അവതരിപ്പിക്കുകയും ചെയ്ത ഓസ്ട്രിയൻ സന്ന്യാസവൈദികനായിരുന്നു ഫ്രാൻസ് റൈൻസർ. ഈശോസഭ സന്ന്യാസ സഭയിലെ അംഗമായിരുന്ന അദ്ദേഹം അധ്യാപകൻ, ദൈവശാസ്ത്രപണ്ഡിതൻ, ഗ്രന്ഥകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച പുരോഹിതാനാണ്. ഭൂമിയിലെ ജലസ്രോതസ്സുകൾ, ധാതുക്കൾ എന്നിവയെക്കുറിച്ചു അദ്ദേഹം എഴുതിയ ഗ്രന്ഥം വളരെ വിലപ്പെട്ടതാണ്. ശാസ്ത്രം, മതം, രാഷ്ട്രീയം എന്നിവ സംയോജിപ്പിച്ചു വലിയ അറിവ് പകർന്നു നൽകിയ ശാസ്ത്രജ്ഞനാണ് റൈൻസർ.

1661 ഒക്ടോബർ 12-ന് ഓസ്ട്രിയയിലെ ഗ്രാസ് നഗരത്തിലാണ് റൈൻസർ ജനിച്ചത്. അദ്ദേഹത്തിന്റെ ബാല്യകാലത്തെയും കുടുംബപശ്ചാത്തലത്തെയും സംബന്ധിച്ച വിശദമായ വിവരങ്ങൾ നമുക്ക് ലഭ്യമല്ല. 1678 ഒക്ടോബറിൽ അദ്ദേഹം ഈശോസഭയിൽ പ്രവേശിച്ചു. സന്ന്യാസജീവിതത്തോടൊപ്പം പഠനവും അധ്യാപനവും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗമായി മാറി. വ്യാകരണം, സാഹിത്യം, പ്രസംഗകല എന്നിവയാണ് റൈൻസർ പഠിപ്പിച്ചത്. അറിവ് പകർന്നു നൽകിയതിനൊപ്പം അത് വായനക്കാരനു മനസ്സിലാകുന്ന ശൈലിയിൽ അദ്ദേഹം അവതരിപ്പിച്ചു എന്നതിലാണ് അദ്ദേഹത്തിന്റെ വിജയം.

1692-ലാണ് അദ്ദേഹം സന്ന്യാസ വൈദികനായി അഭിഷിക്തനായത്. 1694- മുതൽ ലിൻസ് നഗരത്തിൽ നൈതികശാസ്ത്രം, തർക്കശാസ്ത്രം, ഭൗതികശാസ്ത്രം, തത്ത്വമീമാംസ എന്നിവ പഠിപ്പിച്ചു. 1697-ൽ ആദ്യമായി പ്രസിദ്ധീകരിച്ച ‘പ്രകൃതിപ്രതിഭാസങ്ങളുടെ തത്ത്വചിന്താപരവും രാഷ്ട്രീയവുമായ പഠനം’ എന്ന ഗ്രന്ഥം അദ്ദേഹത്തെ പ്രശസ്തനാക്കി.

ആകാശത്തും ഭൂമിയിലും കാണുന്ന സംഭവങ്ങളെ വിശദീകരിക്കുകയാണ് അദ്ദേഹം ഈ ഗ്രന്ഥത്തിൽ ചെയ്തിരിക്കുന്നത്. പന്ത്രണ്ട് പ്രധാന പ്രബന്ധങ്ങളായി ക്രമീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥത്തിൽ 84 ചോദ്യങ്ങൾക്ക് അദ്ദേഹം ഉത്തരം നൽകുന്നു. ധൂമകേതുക്കൾ, ഉൽക്കകൾ, മിന്നൽ, കാറ്റ് തുടങ്ങിയ ആകാശ പ്രതിഭാസങ്ങൾക്കൊപ്പം ഫോസിലുകൾ, ലോഹങ്ങൾ, ജലാശയങ്ങൾ, ഭൂഗർഭത്തിലെ വസ്തുക്കൾ എന്നിവയും അദ്ദേഹം പഠനവിധേയമാക്കി.

ലിൻസിലെ ഏറെ നാളത്തെ അധ്യാപനത്തിന് ശേഷം പാസൗവിലും ഗ്രാസിലും റൈൻസർ ധാർമ്മികദൈവശാസ്ത്രം പഠിപ്പിച്ചു. ഇക്കാലയളവിൽ ഈ പ്രദേശത്തെ ഈശോസഭാ സമൂഹത്തിന്റെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേൽനോട്ടച്ചുമതലയും അദ്ദേഹത്തിനുണ്ടായിരുന്നു.

1705-ൽ വിയന്നയിൽ ദൈവശാസ്ത്രത്തിൽ അദ്ദേഹം ഡോക്ടറേറ്റ് നേടുകയും തന്റെ അധ്യാപനം തുടരുകയും ചെയ്തു. 1707-ൽ ക്രെംസ് ആൻ ഡെർ ഡോണൗവിലെ ഈശോസഭാ കോളേജിന്റെ റെക്ടറായി നിയമിതനായി. ഇവിടെ ഭരണപരമായ ഉത്തവാദിത്വങ്ങൾ വഹിച്ചപ്പോഴും അദ്ദേഹം തന്റെ ശാസ്ത്ര പ്രവർത്തനങ്ങൾ തുടർന്നു.

1708 ഏപ്രിൽ 28-ന് ക്രെംസ് ആൻ ഡെർ ഡോണൗവ് നഗരത്തിൽ വച്ചാണ് റൈൻസർ അന്തരിച്ചത്. എന്നാൽ മരണശേഷവും അദ്ദേഹത്തിന്റെ പ്രധാന കൃതികളുടെ പുതിയ പതിപ്പുകൾ പുറത്തിറങ്ങി. 1709-ൽ ഒരു ലാറ്റിൻ പതിപ്പും 1712-ൽ അതിന്റെ ജർമൻ പരിഭാഷയും പ്രസിദ്ധീകരിക്കപ്പെട്ടു. അങ്ങനെ ലാറ്റിൻ ഭാഷ അറിയാത്തവർക്കും റൈൻസറിന്റെ കൃതികൾ പഠിക്കാൻ അവസരം കൈവന്നു. ശാസ്ത്രീയ വിശദീകരണങ്ങൾക്കൊപ്പം അതിൽ ഉപയോഗിച്ചിരുന്ന ചിത്രങ്ങൾക്കും വലിയ പ്രാധാന്യം ഉണ്ടായിരുന്നു. ഇന്ന് യൂറോപ്പിലെ പല ഗ്രന്ഥശാലകളിലും ഡിജിറ്റൽ ശേഖരങ്ങളിലും ഈ കൃതി ലഭ്യമാണ്. ഇക്കാലത്തെ ശാസ്ത്രചരിത്രത്തെക്കുറിച്ചു പഠിക്കുന്നതിന് ഈ കൃതികൾ വളരെയധികം സഹായകമാണ്.

പ്രകൃതിപഠനം, സന്ന്യാസവിദ്യാഭ്യാസം, ദൈവശാസ്ത്രം, ചിത്രകല, രാഷ്ട്രീയോപദേശം എന്നീ മേഖലകളിൽ സമഗ്ര സംഭാവന നൽകിയ ശാസ്ത്രജ്ഞനാണ് അദ്ദേഹം. പ്രകൃതിയെ വിശദീകരിക്കാനുള്ള ആഗ്രഹത്തോടൊപ്പം മനുഷ്യജീവിതത്തിന് മാർഗനിർദേശം നൽകാനുള്ള ശ്രമവും അദ്ദേഹത്തിന്റെ കൃതികളിൽ ഉണ്ട്. സന്ന്യാസജീവിതവും ബൗദ്ധികപ്രവർത്തനവും സംയോജിപ്പിച്ച റൈൻസറിന്റെ കൃതികൾ പതിനേഴാം നൂറ്റാണ്ടിന്റെ അവസാനത്തിലെ യൂറോപ്യൻ ചിന്താലോകത്തെ പരിചയപ്പെടുത്തുന്ന ശ്രദ്ധേയമായ ചരിത്രരേഖയായി ഇന്നും നിലനിൽക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.