
കത്തോലിക്കാ വിശ്വാസത്തിൽ നിന്ന് ആളുകൾ അകലുന്നു എന്ന് കരുതപ്പെടുന്ന ഫ്രാൻസിൽ, യുവാക്കളുടെയും മുതിർന്നവരുടെയും വിശ്വാസത്തിലേക്കുള്ള കടന്നുവരവ് വർധിക്കുന്നതിനെ സ്വാഗതം ചെയ്ത് ലെയോ പതിനാലാമൻ പാപ്പ. പാരിസിലെ കാത്തലിക് ഇൻസ്റ്റിറ്റ്യൂട്ടിൽ വച്ച് സഭാ അസംബ്ലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പാപ്പ കത്തോലിക്കാ സഭയിലേക്കു അനേകം ആളുകൾ കടന്നു വരുന്നതിനെ കുറിച്ച് സംസാരിച്ചത്.
മതേതരത്വത്തിന് മുൻഗണന നൽകുന്ന ഫ്രഞ്ച് സമൂഹത്തിൽ കത്തോലിക്കാ സഭയിലേക്ക് ആളുകൾ കടന്നുവരുന്നത് വളരെയധികം അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. പുതുതായി വിശ്വാസത്തിലേക്ക് കടന്നുവരുന്നവരെ സഭ ആത്മാർത്ഥമായി സ്വീകരിക്കണമെന്നും, അവർക്ക് കൃത്യമായ ഉപദേശങ്ങളും വിശ്വാസ പരിശീലനവും നൽകി മുന്നോട്ട് നയിക്കണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു.
വ്യക്തിപരമായ പ്രതിസന്ധികളും ജീവിതത്തിന്റെ അർത്ഥം തേടിയുള്ള അന്വേഷണങ്ങളുമാണ് പലരെയും ദൈവവിശ്വാസത്തിലേക്ക് നയിക്കുന്നത്. ഖുറാനും പുതിയ നിയമവും വായിച്ച ശേഷമാണ് താൻ ക്രിസ്തുവിശ്വാസത്തിലേക്ക് എത്തിയതെന്ന് മാമ്മോദീസാ സ്വീകരിച്ച ജാവോയിഡ് (Jaoide) എന്ന യുവാവ് മാർപാപ്പയോട് പങ്കുവെച്ചു.
ഫ്രാൻസിലെ ജനസംഖ്യയിൽ പകുതിയിലധികവും ഏതെങ്കിലും മതത്തിൽ വിശ്വസിക്കാത്തവരാണെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ ഈ പശ്ചാത്തലത്തിലും സഭയിൽ ഉണ്ടാകുന്ന പുതിയ ഉണർവ് വരും തലമുറയ്ക്ക് വലിയ പ്രതീക്ഷ നൽകുന്നതാണെന്ന് മാർപാപ്പ കൂട്ടിച്ചേർത്തു.



