ലൂർദിൽ പ്രാർഥനാപൂർവ്വം തീർഥാടകനായി ലെയോ പാപ്പ

1858-ൽ പരിശുദ്ധ കന്യകാമറിയം വിശുദ്ധ ബെർണഡെറ്റ് സ ഔബിറൂസിന് ദർശനം നൽകുകയും, താൻ ‘അമലോത്ഭവ’ (Immaculate Conception) ആണെന്ന് വെളിപ്പെടുത്തുകയും ചെയ്ത പ്രശസ്തമായ ‘ഔർ ലേഡി ഓഫ് ലൂർദ്സ്’ പുണ്യസങ്കേതത്തിൽ കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഒരു തീർഥാടകനായി എത്തി. സങ്കേതത്തിന് സമീപത്തുകൂടി ഒഴുകുന്ന ഗാവ് ഡി പോ (Gave de Pau) നദിക്കരയിൽ മാർപാപ്പയെ സ്വീകരിക്കാനായി നിരവധി ആളുകൾ തടിച്ചുകൂടിയിരുന്നു. കുട്ടികൾ പതാകകൾ വീശിയും, വർണ്ണാഭമായ അക്ഷരങ്ങളിൽ ‘വെൽക്കം പോപ്പ് ലെയോ’ എന്നെഴുതിയ ബോർഡുകൾ ഏന്തിയും നിന്നു.

എങ്കിലും, ലെയോ പതിനാലാമൻ മാർപാപ്പ മാതാവിന്റെ ദർശന ഗുഹയിൽ (Grotto of the Apparitions) മുട്ടുകുത്തി മിനിറ്റുകളോളം പ്രാർത്ഥിച്ചതോടെ, ഈ ആവേശം ഗൗരവമേറിയ നിശബ്ദതയ്ക്ക് വഴിമാറി. പാപ്പ ഗുഹയ്ക്ക് ചുറ്റും പതുക്കെ നടന്ന്, ചുവരുകളിൽ തൊടുകയും തുടർന്ന് ഒരു മെഴുകുതിരി തെളിയിക്കുകയും ചെയ്തു. പാപ്പയ്ക്ക് മുകളിലായി, ആകാശത്തേക്ക് ഉയർന്നുനിൽക്കുന്ന ഗോപുരത്തോടുകൂടിയ അമലോത്ഭവ മാതാവിന്റെ ബസിലിക്ക (Basilica of Our Lady of the Immaculate Conception) നിലകൊണ്ടു.

രോഗശാന്തിയും സമാധാനവും തേടിയാണ് ലോകമെമ്പാടുമുള്ള തീർത്ഥാടകർ ലൂർദിലെത്തുന്നത്. ലോകത്തിന്റെ മറ്റു ഭാഗങ്ങളെപ്പോലെ തന്നെ സംഘർഷങ്ങളും ഭിന്നതകളും അനുഭവിക്കുന്ന ഫ്രാൻസ് എന്ന രാജ്യത്തെയും, അവിടെയുള്ള ജനങ്ങളെയും, അവിടുത്തെ സഭയെയും പരിശുദ്ധ പിതാവ് മാതാവിന് സമർപ്പിച്ചു. ജനങ്ങൾക്കിടയിലുള്ള സഹോദരസൗഹാർദ്ദത്തിനും, പാവപ്പെട്ടവർക്കും ഏറ്റവും സഹായം ആവശ്യമുള്ളവർക്കും, ദുരിതമനുഭവിക്കുന്നവർക്കും, ലോകസമാധാനത്തിനുമായി പാപ്പ പ്രാർത്ഥിച്ചു.

തുടർന്ന്, മറിയത്തോടുള്ള ഭക്തിയുടെ പ്രതീകമായി മാർപാപ്പമാർ പരമ്പരാഗതമായി നൽകിവരുന്ന സമ്മാനമായ ഒരു സ്വർണ്ണ റോസാപ്പൂവ് പാപ്പ മാതാവിന് സമർപ്പിച്ചു. ജനക്കൂട്ടത്തിന്റെ ആർപ്പുവിളികൾക്കിടയിൽ പാപ്പ ‘സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ’ എന്ന പ്രാർത്ഥന ചൊല്ലുകയും ആശീർവാദം നൽകുകയും ചെയ്തു. ആവേശവും കൈയടിയും വീണ്ടും അന്തരീക്ഷത്തിൽ അലയടിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.