പരിശുദ്ധാത്മാവിനെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന ബൈബിള്‍ ഭാഗങ്ങള്‍ 

സഹായകനായ പരിശുദ്ധാത്മാവിനെ ദൈവം മനുഷ്യനു നല്‍കുന്ന ദിനമാണ് പന്തക്കുസ്താ. ശ്ലീഹന്മാരിലേക്ക് പരിശുദ്ധാത്മാവ് ആവസിച്ചതിന്റെ ഓര്‍മ്മ ആചരിക്കുന്ന പന്തക്കുസ്താ തിരുനാളിന് ഒരുങ്ങുമ്പോള്‍ പരിശുദ്ധാത്മാവിനെക്കുറിച്ചു പറയുന്ന പ്രധാന ബൈബിള്‍ വചനങ്ങള്‍ ഏവയാണെന്നു നോക്കാം.

1. “യേശുക്രിസ്തുവിന്റെ ജനനം ഇപ്രകാരമായിരുന്നു: അവന്റെ മാതാവായ മറിയവും ജോസഫും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞിരിക്കെ, അവര്‍ സഹവസിക്കുന്നതിനു മുമ്പ് അവള്‍ പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായി കാണപ്പെട്ടു” (മത്തായി 1:18).

മറിയം പരിശുദ്ധാത്മാവിനാലാണ് ഗര്‍ഭവതിയായത് എന്ന് വിശുദ്ധ ഗ്രന്ഥം സാക്ഷ്യപ്പെടുത്തുന്നു. അതിനര്‍ത്ഥം ഈശോയ്ക്ക് മാനുഷികമായി ഒരു പിതാവില്ല. പരിശുദ്ധാത്മാവിനാല്‍ ഗര്‍ഭിണിയായ മറിയത്തിലൂടെ ദൈവം ഈശോയെ ഉത്ഭവപാപത്തില്‍ നിന്ന് മോചിതനാക്കി. അവര്‍ ഒരുമിക്കുന്നതിനു മുന്‍പ് മറിയം ഗര്‍ഭിണിയായി കാണപ്പെട്ടു എന്ന് വിശുദ്ധ ഗ്രന്ഥം സൂചിപ്പിക്കുന്നു.

2. “എന്നാല്‍, എന്റെ നാമത്തില്‍ പിതാവ് അയയ്ക്കുന്ന സഹായകനായ പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും നിങ്ങളെ പഠിപ്പിക്കുകയും ഞാന്‍ നിങ്ങളോടു പറഞ്ഞിട്ടുള്ളതെല്ലാം നിങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യും” (യോഹ. 14:26).

പരിശുദ്ധ ത്രീത്വത്തെക്കുറിച്ച് ബൈബിളില്‍ പല ഭാഗങ്ങളില്‍ വിവരിക്കുന്നുണ്ട്. ദൈവം തന്റെ സഹായകനെ അയക്കും എന്നും അത് പരിശുദ്ധാത്മാവാണെന്നും ബൈബിള്‍ പറയുന്നു. പരിശുദ്ധാത്മാവ് എല്ലാ കാര്യങ്ങളും പഠിപ്പിക്കും എന്നും ഈശോ പറഞ്ഞ കാര്യങ്ങള്‍ ഓര്‍മ്മിപ്പിക്കുമെന്നും അവിടുന്ന് പിതാവിനാല്‍ അയക്കപ്പെടുന്നവനാണെന്നും ബൈബിളില്‍ വ്യക്തമാക്കുന്നു. എന്നേക്കും നിങ്ങളോടു കൂടെയായിരിക്കാന്‍ മറ്റൊരു സഹായകനെ അവിടുന്ന് നിങ്ങള്‍ക്കു തരും എന്ന് ഈശോ പറയുന്നു. സത്യത്തിന്റെ ആത്മാവ്, സഹായകന്‍, ആശ്വാസകന്‍ എന്നീ പേരുകളിലാണ് പരിശുദ്ധാത്മാവിനെ ബൈബിള്‍ വിശേഷിപ്പിക്കുന്നത്.

3. “എന്നാല്‍, പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വന്നുകഴിയുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും. ജറുസലെമിലും യൂദയാ മുഴുവനിലും സമരിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍ വരെയും നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുകയും ചെയ്യും” (അപ്പ. പ്രവ. 1:8).

ഇവിടെ പരിശുദ്ധാത്മാവിനെ ശക്തിസ്രോതസ്സായിട്ടാണ് അവതരിപ്പിച്ചിരിക്കുക. പരിശുദ്ധാത്മാവ് ശ്ലീഹന്മാരിലേക്കു വരികയും  ശക്തി പ്രദാനം ചെയ്യുകയും ചെയ്യും. ദൈവപുത്രനില്‍ വിശ്വസിക്കുന്നവരുടെ മേല്‍ പരിശുദ്ധാത്മാവ് വരും. പരിശുദ്ധാത്മാവ് വരുമ്പോള്‍ അവര്‍ ദൈവശക്തിയാല്‍ നിറയും.

4. “ആകയാല്‍, നിങ്ങള്‍ പോയി എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്കു ജ്ഞാനസ്നാനം നല്‍കുവിന്‍” (മത്തായി 28:19).

ഈ വചനഭാഗത്ത്, ലോകം മുഴുവന്‍ സുവിശേഷം അറിയിക്കാനും പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ മാമ്മോദീസ നല്‍കാനും ശിഷ്യന്മാരോട് ഈശോ ആജ്ഞാപിക്കുന്നു. ഇവിടെ ജലത്താല്‍ മാമ്മോദീസ നല്‍കുക എന്നല്ല, മറിച്ച് പരിശുദ്ധ ത്രീത്വത്താല്‍ വ്യക്തികളെ അനുരൂപപ്പെടുത്തുക എന്നാണ് പറയുന്നത്. ഈ പശ്ചാത്തലത്തില്‍, പുതിയ ശിഷ്യന്മാരെ സ്‌നാനപ്പെടുത്തുകയെന്നാല്‍ അര്‍ത്ഥമാക്കുന്നത്, ശിഷ്യനായിത്തീരുന്ന വ്യക്തി ത്രീത്വത്തിലെ മൂന്നു വ്യക്തികളുമായി: പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവരുമായി ഒന്നായിത്തീരുന്നു എന്നാണ്.

5. “പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല. കാരണം, നമുക്ക് നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്ധാത്മാവിലൂടെ ദൈവത്തിന്റെ സ്നേഹം നമ്മുടെ ഹൃദയങ്ങളിലേക്ക് ചൊരിയപ്പെട്ടിരിക്കുന്നു” (റോമ 5:5).

ഇവിടെ ദൈവസ്‌നേഹം നമ്മിലേക്ക് വര്‍ഷിക്കുന്നതിനുള്ള ഉപകരണമായാണ് പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുക. നാം ദൈവത്തെ സ്‌നേഹിച്ചതു കൊണ്ടല്ല, മറിച്ച് ദൈവം നമ്മെ സ്‌നേഹിച്ചതു കൊണ്ടാണ് അവിടുന്ന്  നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തമായി സ്വന്തം പുത്രനെ ബലിയര്‍പ്പിക്കാന്‍ തയ്യാറായത്. ഇവിടെ ദൈവം രക്ഷാകരപദ്ധതിക്ക് തുടക്കം കുറിക്കുന്നു. അത് പൂര്‍ത്തിയാക്കുന്നതും മനുഷ്യരിലേക്ക് എത്തുന്നതും പരിശുദ്ധാത്മാവിലൂടെയാണ്.

6. “നമ്മുടെ ബലഹീനതയില്‍ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാര്‍ത്ഥിക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാല്‍, അവാച്യമായ നെടുവീര്‍പ്പുകളാല്‍ ആത്മാവ് തന്നെ നമുക്കു വേണ്ടി മാദ്ധ്യസ്ഥം വഹിക്കുന്നു. ഹൃദയങ്ങള്‍ പരിശോധിക്കുന്നവന്‍ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാല്‍, ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധര്‍ക്കു വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കുന്നത്” (റോമ 8:26-27).

ഈ വചനഭാഗത്തില്‍ പരിശുദ്ധാത്മാവിനെ നമ്മെ പ്രാര്‍ത്ഥിക്കാന്‍ സഹായിക്കുന്ന വ്യക്തിയായാണ് ചിത്രീകരിക്കുക. പ്രാര്‍ത്ഥനയില്‍ മടുപ്പ് തോന്നുമ്പോള്‍, എങ്ങനെ പ്രാര്‍ത്ഥിക്കണം എന്ന് അറിയാത്തപ്പോള്‍, പരിശുദ്ധാത്മാവ് നമ്മെ സഹായിക്കുകയും നമുക്കായി മാദ്ധ്യസ്ഥം വഹിക്കുകയും ചെയ്യുന്നു. ഒപ്പം തന്നെ ദൈവഹിതം നിറവേറാനായി പ്രാര്‍ത്ഥിക്കാനും നമ്മെ സഹായിക്കുന്നു.

7. “പത്രോസ് പറഞ്ഞു: നിങ്ങള്‍ പശ്ചാത്തപിക്കുവിന്‍, പാപമോചനത്തിനായി എല്ലാവരും യേശുക്രിസ്തുവിന്റെ നാമത്തില്‍ സ്നാനം സ്വീകരിക്കുവിന്‍. പരിശുദ്ധാത്മാവിന്റെ ദാനം നിങ്ങള്‍ക്കു ലഭിക്കും” (അപ്പ. പ്രവ. 2:38).

രക്ഷയിലേക്ക് കരേറാനുള്ള മാര്‍ഗ്ഗമായാണ് ഇവിടെ പരിശുദ്ധാത്മാവിനെ അവതരിപ്പിക്കുക. പരിശുദ്ധാത്മാവ് നമ്മുടെ പാപങ്ങളെക്കുറിച്ച് നമ്മെ ഓര്‍മ്മിപ്പിക്കുകയും അനുതപിച്ച് ദൈവത്തിലേക്ക് എത്താന്‍ സഹായിക്കുകയും ചെയ്യുന്നു. വിശുദ്ധമായ ജീവിതം നയിക്കാന്‍ പരിശുദ്ധാത്മാവ് ഓരോരുത്തരെയും സഹായിക്കുന്നു.

പാപങ്ങളെ ഉപേക്ഷിച്ച് ഈശോയുമായുള്ള ബന്ധത്തില്‍ ആഴപ്പെടാന്‍ ആഗ്രഹിക്കുന്നെങ്കില്‍ പരിശുദ്ധാത്മാവ് നിങ്ങളിലുണ്ട്. പരിശുദ്ധാത്മാവ് നമ്മുടെ പാപങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തുകയും എങ്ങനെയാണ് പ്രാര്‍ത്ഥിക്കേണ്ടതെന്ന് പഠിപ്പിക്കുകയും ദൈവസ്‌നേഹത്താല്‍ നിറയ്ക്കുകയും ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.