ഒരു ‘നന്മനിറഞ്ഞ മറിയ’ത്തിന്റെ അത്ഭുതശക്തി

അമേരിക്കയിലെ പീറ്റ്സ്ബർഗിൽ 2023 മാർച്ച് മാസത്തിൽ നടന്ന ഒരു സംഭവത്തെപ്പറ്റി നാഷണൽ കാത്തലിക് രജിസ്റ്ററിൽ വന്ന വാർത്തയാണ് ഈ കുറിപ്പിന് ആധാരം.

പീറ്റ്സ്ബർഗ് സ്വദേശിയായ ജോൺ പെട്രോവിച്ച് പതിവുപോലെ ജോഗിംങ്ങിന് ഇറങ്ങിയതായിരുന്നു. ചെറുപ്പംമുതലേ ആംബുലൻസിന്റെയോ, പൊലീസ് വാഹനത്തിന്റെയോ സൈറൻ കേട്ടാൽ തന്റെമേൽതന്നെ കുരിശുവരച്ച് ഒരു പ്രാർഥനചെല്ലുന്നത് അവൻ ഒരു ശീലമാക്കിയിരുന്നു. മാർച്ച് മാസത്തിലെ ഒരു ശനിയാഴ്ച രാവിലെ പതിവുപോലെ സമീപത്തുള്ള റോഡിൽ പെട്രോവിച്ച് ജോഗിംങ്ങിനിറങ്ങി. ഓടുന്നതിനിടയിൽ ഒരു വീടിന്റെ മുന്നിൽ ഒരു ആംബുലന്‍സ്‌ നിർത്തിയിട്ടിരിക്കുന്നത് അദ്ദേഹത്തിന്റെ ശ്രദ്ധയിൽപെട്ടു. ഓട്ടംനിർത്തി കുരിശുവരച്ച പെട്രോവിച്ച് ഇത്തവണ ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ഒരുതവണ ചൊല്ലി ആംബുലന്‍സിനുള്ളിലെ രോഗിയുടെ സംരക്ഷണത്തിനായി കാഴ്ചവച്ചു. കൊച്ചുപ്രാർഥനയ്ക്കുശേഷം പെട്രോവിച്ച് ഓട്ടം തുടർന്നു.

അടുത്ത വ്യാഴാഴ്ച, ജോലികഴിഞ്ഞ് പെട്രോവിച്ച് തിരികെ വരുമ്പോൾ അതേ വിടിന്റെ മുമ്പിൽ വീണ്ടും ആംബുലൻസ് നിർത്തിയിട്ടിരിക്കുന്നതായി കണ്ടു. ആബുലൻസിന്റെ സമീപത്തെത്തിയ പെട്രോവിച്ചിനുനേരെ കൈ വീശി ഉള്ളിലുണ്ടായിരുന്ന സ്ത്രീ വണ്ടിയുടെ വാതിൽ തുറക്കാൻ ആവശ്യപ്പെട്ടു. പെട്രോവിച്ചിനെ കണ്ടയുടനെ ആ സ്ത്രീ പറഞ്ഞു: “എനിക്ക് താങ്കളോട് ഒന്നു സംസാരിക്കണം. എനിക്കു തങ്ങളോട് നന്ദിപറയണം. കാരണം താങ്കൾ എന്റെ ജീവൻ രക്ഷിച്ചു.”

“ഞാനെങ്ങനെയാണ് താങ്ങളുടെ ജീവൻ രക്ഷിച്ചത്?” ആകാംഷയോടെ പെട്രോവിച്ച് ആ സ്ത്രീയോട് തിരികെ ചോദിച്ചു.

കഴിഞ്ഞയാഴ്ച സംഭവിച്ചത് എന്താണെന്ന് ആ സ്ത്രീ പെട്രോവിച്ചിനോടു വിവരിച്ചു.

“ഞാൻ വീട്ടിൽ തനിയെ ആയിരുന്നു. പൊടുന്നനെ തളർന്നുവീഴുകയും ബോധം നഷ്ടപ്പെടുകയുംചെയ്തു. ഞാൻ മരണത്തിനു കീഴടങ്ങുകയാണെന്ന് എനിക്കു തോന്നി.
ആശുപത്രിക്കിടക്കയിൽ ആയിരിക്കുമ്പോൾ ഈശോയുടെ ഒരു ദർശനം എനിക്കുണ്ടാവുകയും, ഈ വ്യക്തിയുടെ പ്രാർഥനയാൽ എല്ലാം വേഗം സുഖമാവുകയും ചെയ്യുമെന്ന് ഈശോ എന്നെ അറിയിക്കുകയും ചെയ്തു. അതിനുശേഷം ഈശോ തന്റെ കരം എനിക്കു കാണിച്ചുതന്നു; ആ കരങ്ങളിൽ അങ്ങയുടെ മുഖമുണ്ടായിരുന്നു. അതിനാൽ എന്റെ ജീവൻ രക്ഷിച്ചതിന് താങ്കളോടു നന്ദിപറയാൻ ഞാൻ കടപ്പെട്ടവളാണ്.”

മറുപടിയായി ‘നന്ദി’ എന്ന ഒരു വാക്ക് ഉച്ചരിക്കാനല്ലാതെ മറ്റൊന്നിനും പെട്രോവിച്ചിനു കഴിഞ്ഞില്ല.

ആത്മാർഥത നിറഞ്ഞ പ്രാർഥനയ്ക്ക് അസാധ്യതകളെ സാധ്യതകളാക്കിമാറ്റാൻ കഴിയുമെന്നതിനുള്ള ഒരു നല്ല ഉദാഹരമാണ് ഈ സംഭവം. ഒരു ‘നന്മനിറഞ്ഞ മറിയ’ത്തിന് ഇത്രമാത്രം ശക്തിയുണ്ടെങ്കിൽ ഒരു ജപമാല പ്രാർഥനയിലെ 50 നന്മ നിറഞ്ഞ മറിയമേ എന്ന പ്രാർഥനകൾക്ക് എത്ര അത്ഭുതങ്ങൾ പ്രവർത്തിക്കാൻ സാധിക്കും.

ഒരിക്കൽ ‘നന്മനിറഞ്ഞ മറിയമേ’ എന്ന പ്രാർഥനയെപ്പറ്റി മാത്രം 40 ദിവസം പ്രസംഗിച്ച വി. തോമസ് അക്വീനാസ് ഇപ്രകാരം പഠിപ്പിപ്പിക്കുന്നു: “ഏത് ആപത്തിലും നമുക്ക് മഹത്വമുള്ള ഈ കന്യകയിൽ അഭയംതേടാം. എല്ലാ പുണ്യപ്രവർത്തനങ്ങളിലും സഹായിക്കാൻ നിങ്ങൾ അവളെ സമീപിക്കുക.”

ഈ കൊച്ചുസംഭവം രണ്ടുകാര്യങ്ങൾ നമ്മളെ പഠിപ്പിക്കുന്നു. ഒന്നാമതായി, ചെറിയചെറിയ ആത്മീയശീലങ്ങൾക്ക് വളരെ ശക്തിയുണ്ട്; അവയെ അവഗണിക്കാതിരിക്കുക. രണ്ടാമതതായി, പരിശുദ്ധ കന്യകാമറിയത്തിന്റെ മാധ്യസ്ഥത്തിനു ദൈവസന്നിധിയിൽ അഭിമാനം കൊള്ളുക.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.