
ഇന്ന് ലോകത്തിന്റെ പല ഭാഗത്തും പ്രകൃതി ദുരന്തങ്ങളും യുദ്ധങ്ങളും അരങ്ങേറുകയാണ്. ചിലയിടത്ത് പ്രളയം, മറ്റു ചില സ്ഥലത്ത് തീയും ഭൂചലനവും. ഈ സാഹചര്യത്തിൽ ദുരിതത്തിൽ ആയിരിക്കുന്നവർക്കും അവരെ സഹായിക്കാൻ രാപ്പകൽ കഷ്ടപ്പെടുന്ന രക്ഷാ പ്രവർത്തകർക്കും വേണ്ടി നമുക്ക് മാധ്യസ്ഥ്യം യാചിക്കാൻ കഴിയുന്ന ഏതാനും വിശുദ്ധർ കത്തോലിക്കാ സഭയിലുണ്ട്. അവരെ ഒന്ന് പരിചയപ്പെടാം.
1. വിശുദ്ധ ഫ്ലോറിയാൻ
ഫയർഫോഴ്സ് ജീവനക്കാരുടെയും അഗ്നിബാധയിൽ നിന്ന് സംരക്ഷണം തേടുന്നവരുടെയും മധ്യസ്ഥനാണ് ഈ വിശുദ്ധൻ. റോമൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം. വിശുദ്ധ ഫ്ലോറിയാൻ ഒരൊറ്റ ബക്കറ്റ് വെള്ളം കൊണ്ട് കത്തിപ്പടർന്ന ഒരു വലിയ കെട്ടിടത്തിലെ തീ അണച്ചു എന്ന് വിശ്വസിക്കപ്പെടുന്നു. അതിനാൽ, അഗ്നിബാധയിൽ നിന്നുള്ള രക്ഷയ്ക്കായി വിശ്വാസികൾ ഇദ്ദേഹത്തിന്റെ മധ്യസ്ഥത അപേക്ഷിക്കുന്നു. ഇന്നും യൂറോപ്പിലെ പല അഗ്നിശമന സേനാ വിഭാഗങ്ങളുടെയും ലോഗോകളിലും വസ്ത്രങ്ങളിലും വിശുദ്ധ ഫ്ലോറിയാന്റെ ചിത്രം അല്ലെങ്കിൽ ‘ഫ്ലോറിയാൻ ക്രോസ്’ (Florian Cross) കാണാൻ സാധിക്കും.
ചിത്രങ്ങളിലും പ്രതിമകളിലും വിശുദ്ധ ഫ്ലോറിയാനെ റോമൻ സൈനികന്റെ വസ്ത്രധാരണത്തിലും, ഒരു കയ്യിൽ ബക്കറ്റ് വെള്ളം ഉപയോഗിച്ച് കത്തുന്ന വീടിന്മേൽ ഒഴിക്കുന്ന രീതിയിലുമാണ് സാധാരണയായി ചിത്രീകരിക്കാറുള്ളത്.
2 . വിശുദ്ധ അഗതാ
കത്തോലിക്കാ സഭയിലെ ഏറ്റവും പ്രശസ്തരായ ആദ്യകാല കന്യകാ-രക്തസാക്ഷികളിൽ ഒരാളാണ് വിശുദ്ധ അഗതാ. തീപിടുത്തം, പ്രകൃതിദുരന്തങ്ങൾ, പ്രത്യേകിച്ച് അഗ്നിപർവത സ്ഫോടനങ്ങൾ എന്നിവയിൽ നിന്നുള്ള സംരക്ഷകയായാണ് വിശുദ്ധ അഗതാ അറിയപ്പെടുന്നത്. പ്രത്യേകിച്ച് സ്തനാർബുദത്തിനെതിരെ പോരാടുന്ന രോഗികളുടെ മധ്യസ്ഥ കൂടിയാണ് ഈ വിശുദ്ധ.
വിശുദ്ധ അഗതായുടെ മരണത്തിന് ഒരു വർഷത്തിനുശേഷം, സിസിലിയിലെ പ്രശസ്തമായ എറ്റ്നാ അഗ്നിപർവതം വൻതോതിൽ ലാവ തുപ്പാൻ തുടങ്ങി. ജനങ്ങൾ ഭയന്ന് അഗതായുടെ ശവകുടീരത്തിലുണ്ടായിരുന്ന അവളുടെ തിരുശേഷിപ്പ് (തൂവാല/വസ്ത്രം) ലാവ ഒഴുകി വന്ന പാതയിൽ വച്ച് പ്രാർഥിച്ചു. തുടർന്ന് അദ്ഭുതകരമായി ലാവയുടെ ഒഴുക്ക് നിൽക്കുകയും നഗരം രക്ഷപ്പെടുകയും ചെയ്തു. ഈ സംഭവത്തോടെയാണ് അഗ്നിപർവതങ്ങളിൽ നിന്നും തീയിൽ നിന്നും രക്ഷ നൽകുന്ന മധ്യസ്ഥയായി വിശുദ്ധ അഗത അറിയപ്പെടാൻ തുടങ്ങിയത്.
3 . മിഖായേൽ മാലാഖ
പൊലീസ് ഉദ്യോഗസ്ഥരുടെയും സുരക്ഷാ സേനയുടെയും മധ്യസ്ഥൻ. അപകടകരമായ സാഹചര്യങ്ങളിൽ ആകാശസീമയിൽ നിന്നുള്ള സംരക്ഷകനായി വിശുദ്ധ മിഖായേൽ മാലാഖയെ കരുതുന്നു.
4 . വിശുദ്ധ കാമിലസ് ഡി ലെല്ലിസ്
ആംബുലൻസ് ജീവനക്കാരുടെയും പാരാമെഡിക്കൽ ഉദ്യോഗസ്ഥരുടെയും രോഗികളുടെയും മധ്യസ്ഥൻ ആണ് ഈ വിശുദ്ധൻ. ഒരു പട്ടാളക്കാരനിൽ നിന്നും രോഗീസേവനത്തിനായി ജീവിതം സമർപ്പിച്ച സന്യാസിയായി മാറിയ ഇദ്ദേഹത്തിന്റെ ജീവിതം കരുണയുടെയും സ്നേഹത്തിന്റെയും ഉത്തമ മാതൃകയാണ്. പകർച്ചവ്യാധികൾ പടർന്നുപിടിച്ച സമയത്ത് നഗരങ്ങളിൽ ഇറങ്ങി നടന്ന് രോഗബാധിതരെ തോളിലേറ്റിക്കൊണ്ടുവന്ന് ചികിത്സിച്ചു. ജീവൻപോലും അപകടത്തിലാക്കികൊണ്ട് മറ്റുള്ളവരെ രക്ഷിക്കാൻ ഇറങ്ങുന്നവർക്കുള്ള സംരക്ഷണത്തിനായി ഈ വിശുദ്ധനോട് മാധ്യസ്ഥ്യം യാചിക്കാം.
ആപത്ഘട്ടങ്ങളിൽ ജീവൻ അപകടത്തിലാക്കി മറ്റുള്ളവരെ രക്ഷിക്കാൻ മുന്നിട്ടിറങ്ങുന്ന ഓരോ വ്യക്തിക്കും ദൈവീക സംരക്ഷണം ഉറപ്പാക്കാൻ ഈ വിശുദ്ധരുടെ മധ്യസ്ഥത വലിയ പ്രത്യാശയാണ് നൽകുന്നത്.




