പതിനായിരത്തിൽ തീർന്നല്ലോ എന്ന് സന്തോഷിക്കാൻ

വളരെ സന്തുഷ്ടനായൊരാൾ. എപ്പോഴും അയാളുടെ മുഖത്ത് പുഞ്ചിരിയുണ്ടാവും. എല്ലാവർക്കും പ്രിയപ്പെട്ടൊരാൾ. പക്ഷേ ഒരിക്കൽ കണ്ടപ്പോൾ അയാളുടെ മുഖത്ത് ഒരു നഷ്‌ടബോധം. പതിവുള്ള ചിരിയുമില്ല. കാരണം തിരക്കിയപ്പോൾ അദ്ദേഹം പറഞ്ഞു;

“കഴിഞ്ഞ ദിവസം പതിനായിരം രൂപ വെറുതെ പോയി അച്ചാ.”

എങ്ങനെയാണ് പണം നഷ്ടപ്പെട്ടതെന്നറിയാനുള്ള ആകാക്ഷയോടെ കാരണം തിരക്കി. കുറച്ചുനാളായ് അദ്ദേഹത്തിന് പല ശാരീരിക അസ്വസ്ഥതകളും ഉണ്ടാകുമായിരുന്നു. ഇടക്ക് നെഞ്ചുവേദനയും ശ്വാസം മുട്ടലും വരും. ഭാര്യയുടെയും മക്കളുടെയും നിർബന്ധത്തിന് വഴങ്ങി അങ്ങനെ അദ്ദേഹം ആശുപത്രിയിൽ പോയി. പ്രാഥമിക പരിശോധനകൾക്ക് ശേഷം ഡോക്ടർ സ്‌കാനിങ്ങിനും ചില ടെസ്റ്റുകൾക്കും നിർദേശിച്ചു. ഇതിന്റെ കാഠിന്യം അനുസരിച്ച് തുടർ ചികിത്സകൾ.

പരിശോധനകൾക്ക് ശേഷം ഭയത്തോടെ ഡോക്ടറെ കണ്ടപ്പോഴാണ് കുഴപ്പങ്ങളൊന്നും ഇല്ലെന്നും ടെസ്‌റ്റുകളിൽ യാതൊരു പ്രശ്‌നവും കാണിക്കുന്നില്ലെന്നും ഡോക്ടർ പറയുന്നത്. ഒരു ദീർഘ നിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു: “വെറുതെ പതിനായിരം രൂപ പോയി!”

സ്വതസിദ്ധമായ ശൈലിയിൽ ഞാൻ ചോദിച്ചു: “അസുഖമൊന്നുമില്ലാത്തതാണോ ചേട്ടന്റെ കുഴപ്പം. ഇനി വല്ലതും കണ്ടുപിടിച്ചിരുന്നെങ്കിൽ പതിനായിരത്തിനു പകരം ലക്ഷങ്ങൾ പോകുമായിരുന്നില്ലേ? അതുകൊണ്ട് പതിനായിരം രൂപ പോയി എന്ന് വ്യാകുലപ്പെടാതെ പതിനായിരത്തിൽ തീർന്നല്ലോ എന്ന് കരുതി സന്തോഷിക്കുക.!”

ജീവിതത്തിൽ ചെറിയ നഷ്ടങ്ങളെക്കുറിച്ചുള്ള വലിയ നൊമ്പരങ്ങളുമായ് നടക്കുന്നവരാണ് നമ്മളിൽ പലരും. നമ്മെ അലോസരപ്പെടുത്തുന്ന കാര്യങ്ങളേക്കാൾ വലുപ്പമുണ്ട് നാം അനുഭവിക്കുന്ന നന്മകൾക്ക് എന്ന് പലരും ഓർക്കാറില്ല.

കാലിന്റെ വേദനയെക്കുറിച്ച് ആകുലപ്പെടുന്നവർ കാലുകൾ തളർന്നവരെക്കുറിച്ചോർക്കുക. വീടിന് വലുപ്പം കുറവെന്ന് കരുതി പുതിയ വീടിനെക്കുറിച്ചുള്ള ചിന്തകളാൽ നൊമ്പരപ്പെടുന്നവർ വീടില്ലാത്തവരെക്കുറിച്ചോർത്ത് നോക്കുക. ആഗ്രഹിക്കുന്ന ആഹാരപദാർഥങ്ങൾ ലഭിക്കാത്തവർ ഭക്ഷണമില്ലാത്തവരെക്കുറിച്ച് ഓർക്കുക. അപ്പോഴാണ് നമ്മുടെ സങ്കടങ്ങൾ എത്ര നിസാരമെന്ന് മനസ്സിലാകുന്നത്.

പലപ്പോഴും ഇങ്ങനെയൊന്നും ചിന്തിക്കാൻ നമുക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. കാരണം നമ്മൾ നമ്മിൽ തന്നെ കുടുങ്ങി കിടക്കുന്നു. സ്വന്തം രോഗങ്ങളും നൊമ്പരങ്ങളുമാണ് ഏറ്റവും വലുതെന്ന് കരുതുന്നു. നമ്മേക്കാൾ കഷ്ടപ്പെടുന്നവരിലേക്ക് നോക്കാൻ കഴിയാത്തപ്പോൾ നമ്മുടെ ആകുലതകൾ ഏറ്റവും വലുതെന്ന് തോന്നുന്നത് സ്വാഭാവികം.

ജീവിതത്തിൽ സന്തോഷം ലഭിക്കണമെങ്കിൽ ദൈവാശ്രയം അത്യന്താപേക്ഷിതം. എന്നെ നടത്തുന്ന ഒരു ദൈവമുണ്ടെന്നും അവൻ തക്ക സമയത്ത് ഇടപെടുമെന്നും വിശ്വസിക്കണം. അതേക്കുറിച്ചാണ് പൗലോസ് അപ്പസ്തോലൻ ഇങ്ങനെ പറയുന്നത്: “പ്രത്യാശ നമ്മെനിരാശരാക്കുന്നില്ല. കാരണം, നമുക്കു നല്‍കപ്പെട്ടിരിക്കുന്ന പരിശുദ്‌ധാത്‌മാവിലൂടെ ദൈവത്തിന്റെ സ്‌നേഹം നമ്മുടെ ഹൃദയങ്ങളിലേക്കു ചൊരിയപ്പെട്ടിരിക്കുന്നു” (റോമാ 5: 5).

ദൈവത്തിൽ പ്രത്യാശയർപ്പിക്കുന്നത് ശീലമാക്കാം. അവിടുന്ന് ഒരിക്കലും കൈവിടില്ലെന്ന് നമ്മോടു തന്നെ ആവർത്തിച്ച് പറയാം.

ഫാ. ജെൻസൺ ലാസലെറ്റ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.