
നമ്മുടെ ദിവസങ്ങൾ പലവിധ ഉത്തരവാദിത്വങ്ങളും തിരക്കുകളും കൊണ്ട് നിറഞ്ഞതാണ്. ചെയ്യാനുള്ള കാര്യങ്ങൾ ഏറെയുണ്ടാകുമ്പോൾ, ദൈവത്തോടൊപ്പം ചെലവഴിക്കേണ്ട വിലപ്പെട്ട നിമിഷങ്ങൾ പലപ്പോഴും നാം മാറ്റിവയ്ക്കുന്നു. എന്നാൽ, ജീവിതത്തിന്റെ തിരക്കുകൾക്കിടയിലും ദൈവത്തോട് സംസാരിക്കാനും അവിടുത്തെ സാന്നിധ്യത്തിൽ അൽപ്പസമയം ചെലവഴിക്കാനും കഴിയുന്നിടത്താണ് പ്രാർഥനയുടെ സൗന്ദര്യം വെളിവാക്കപ്പെടുന്നത്. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ആശങ്കകളും പ്രതീക്ഷകളും ദൈവത്തിന്റെ മുൻപിൽ തുറന്നുവയ്ക്കാനുള്ള അവസരമാണ് പ്രാർഥന.
പ്രാർഥനയിലൂടെ ദൈവസാന്നിധ്യത്തിലേക്ക്
പരസ്പരം സംസാരിക്കുകയും സമയം പങ്കിടുകയും ചെയ്യുമ്പോഴാണ് ഒരു ബന്ധം കൂടുതൽ ആഴപ്പെടുന്നത്; ദൈവവുമായുള്ള ബന്ധവും അങ്ങനെ തന്നെയാണ്. പ്രാർഥനയിലൂടെ നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ആശങ്കകളും ദൈവത്തോട് പങ്കുവയ്ക്കാം. അങ്ങനെ ദൈവത്തിന്റെ സ്നേഹവും കരുതലും കൂടുതൽ അടുത്തറിയാൻ നമുക്ക് കഴിയും. നമ്മുടെ ആവശ്യങ്ങൾ മാത്രം ദൈവത്തോട് ചോദിക്കുന്നതിനു പകരം, അവിടുത്തെ ഹിതം മനസ്സിലാക്കാനും ജീവിതത്തിൽ അവിടുത്തെ വഴിയിൽ നടക്കാനും പ്രാർഥന നമ്മെ സഹായിക്കുന്നു.
“ദൈവത്തോടു ചേർന്നുനിൽക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നുനിൽക്കും” (യാക്കോബ് 4 : 8)
ഈ വചനം ദൈവവുമായുള്ള ഈ ബന്ധത്തിന്റെ മനോഹാരിത ഓർമ്മിപ്പിക്കുന്നു. ഓരോ പ്രാർഥനയും ദൈവത്തോട് അടുക്കാനുള്ള ഒരു പടിയാണ്. അവിടുത്തെ സാന്നിധ്യത്തിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും നമ്മുടെ വിശ്വാസത്തെ കൂടുതൽ ശക്തമാക്കുകയും ഹൃദയത്തിന് സമാധാനം നൽകുകയും ചെയ്യുന്നു.
യേശു കാണിച്ച മാതൃക
പ്രാർഥനയുടെ പ്രാധാന്യം മനസ്സിലാക്കാൻ യേശുവിന്റെ ജീവിതം നോക്കിയാൽ മതി. തിരക്കേറിയ ശുശ്രൂഷയ്ക്കിടയിലും യേശു പ്രാർഥനയ്ക്കായി സമയം കണ്ടെത്തിയിരുന്നു. പലപ്പോഴും ആളുകളിൽനിന്ന് മാറി ഏകാന്തമായ സ്ഥലങ്ങളിൽ പോയി പിതാവിനോട് പ്രാർഥിച്ചു. പ്രധാനപ്പെട്ട തീരുമാനങ്ങൾക്ക് മുമ്പും വേദനയുടെയും പരീക്ഷണങ്ങളുടെയും സമയത്തും അവിടുന്ന് പ്രാർഥിച്ചു.
യേശുവിന് പ്രാർഥന ഒരു പതിവ് മാത്രമായിരുന്നില്ല; പിതാവുമായുള്ള ആഴത്തിലുള്ള ബന്ധത്തിന്റെ ഭാഗമായിരുന്നു. അതുകൊണ്ടുതന്നെ നമ്മുടെ തിരക്കുകൾക്കിടയിലും ദൈവത്തിനായി സമയം മാറ്റിവയ്‌ക്കേണ്ടതിന്റെ നല്ല മാതൃകയാണ് യേശുവിന്റെ ജീവിതം.
മാറ്റങ്ങൾ കൊണ്ടുവരുന്ന പ്രാർഥന
പ്രാർഥന നമ്മുടെ സാഹചര്യങ്ങളെ മാത്രമല്ല നമ്മെത്തന്നെയും മാറ്റുന്നു. ആശങ്കകളുടെ നടുവിൽ സമാധാനം കണ്ടെത്താനും, ഭയത്തെ മറികടക്കാനും, നിരാശയിൽ പ്രതീക്ഷ കൈവിടാതിരിക്കാനും പ്രാർഥന നമ്മെ സഹായിക്കുന്നു. മറ്റുള്ളവരെ സ്നേഹിക്കാനും ക്ഷമിക്കാനും അപാരനോട് കരുണയോടെ പെരുമാറാനും അത് നമ്മെ പഠിപ്പിക്കുന്നു.
ജീവിതത്തിൽ ഏത് വഴി തിരഞ്ഞെടുക്കണമെന്ന് അറിയാതെ നിൽക്കുന്ന സമയങ്ങളിൽ ദൈവത്തിന്റെ വഴിനടത്തൽ തേടാനും പ്രാർഥന സഹായിക്കാറുണ്ട്. ശരിയായ തീരുമാനങ്ങൾ എടുക്കാനും ജ്ഞാനം ലഭിക്കാനും, ജീവിതത്തിൽ ലഭിക്കുന്ന ചെറിയ അനുഗ്രഹങ്ങൾ പോലും തിരിച്ചറിഞ്ഞ് നന്ദിയുള്ളവരാകാനും പ്രാർഥന നമ്മെ പ്രാപ്തരാക്കും
പ്രാർഥനയ്ക്കായി ദിവസവും സമയം കണ്ടെത്താം
പ്രാർഥിക്കാൻ പ്രത്യേക സമയമോ സ്ഥലമോ നിർബന്ധമില്ല. ദിവസത്തിന്റെ ഏത് സമയത്തും ദൈവത്തോട് സംസാരിക്കാം, രാവിലെ ഉണരുമ്പോൾ നന്ദി പറഞ്ഞുകൊണ്ട് ദിവസം തുടങ്ങാം, ജോലിക്കിടയിൽ ഒരു നിമിഷം ദൈവത്തെ ഓർക്കാം, വിഷമമുള്ളപ്പോൾ സഹായത്തിനായി അപേക്ഷിക്കാം, സന്തോഷമുള്ളപ്പോൾ നന്ദി പറയാം, ഉറങ്ങുന്നതിനുമുമ്പ് അന്നത്തെ ദിവസവും അന്ന് സംഭവിച്ച കാര്യങ്ങളും ദൈവത്തിന്റെ കരങ്ങളിൽ സമർപ്പിക്കാം.
പ്രാർഥനയിൽ വാക്കുകളുടെ വലുപ്പമല്ല, ഹൃദയത്തിന്റെ സത്യസന്ധതയാണ് പ്രധാനം. വലിയ വാക്കുകളോ നീണ്ട പ്രാർഥനകളോ ആവശ്യമില്ല. ദൈവത്തോട് മനസ്സുതുറന്ന് സംസാരിക്കാനുള്ള ഒരു ചെറിയ സമയം പോലും നമ്മുടെ ദിവസത്തിന് പുതിയ പ്രതീക്ഷയും സമാധാനവും നൽകും. അതുകൊണ്ട്, തിരക്കുകൾക്കിടയിലും ദൈവത്തിനായി അൽപ്പസമയം മാറ്റിവയ്ക്കാം. നമ്മുടെ സന്തോഷങ്ങളും സങ്കടങ്ങളും ആശങ്കകളും പ്രതീക്ഷകളും അവിടുത്തെ മുമ്പിൽ സമർപ്പിക്കാം. ദൈവത്തോട് സംസാരിക്കാൻ ഹൃദയം തുറക്കുമ്പോൾ, അവിടുത്തെ സ്നേഹവും സമാധാനവും ശക്തിയും നമ്മുടെ ജീവിതത്തിന് താങ്ങായി മാറും.
വിവർത്തനം: ഡിൻസി തോമസ്



