
സന്തോഷത്തോടെ ജീവിക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ യഥാർഥ സന്തോഷം വലിയ വിജയങ്ങളിലോ ഭൗതിക നേട്ടങ്ങളിലോ മാത്രം കണ്ടെത്താനാകില്ല. നമ്മുടെ ജീവിതത്തിലെ ചെറിയ നല്ല ശീലങ്ങളും പോസിറ്റീവ് സമീപനവുമാണ് സന്തോഷകരമായ ജീവിതത്തിന്റെ അടിത്തറ. ദിനംപ്രതി ചെയ്യുന്ന ചെറിയ മാറ്റങ്ങൾ പോലും മനസ്സിനും ശരീരത്തിനും പുതുമയും ഊർജവും നൽകും. അതുകൊണ്ട് സന്തോഷം തേടിപ്പോകേണ്ട ഒന്നല്ല; നല്ല ശീലങ്ങളിലൂടെ പതിയെ വളർത്തിയെടുക്കാവുന്ന ഒരു ജീവിതശൈലിയാണ്.
1. ദിവസവും കുറച്ച് സമയം വ്യായാമം ചെയ്യുക
വ്യായാമം ശരീരത്തിന് മാത്രമല്ല, മനസ്സിനും ഗുണം ചെയ്യുന്നു. ഇത് സമ്മർദവും ഉത്കണ്ഠയും കുറയ്ക്കാനും മനസ്സിന് ഉന്മേഷം നൽകാനും സഹായിക്കും. ദിവസവും 20–30 മിനിറ്റ് നടക്കുകയോ ലളിതമായ വ്യായാമങ്ങൾ ചെയ്യുകയോ ചെയ്താൽ മതി.
2. ആവശ്യത്തിന് ഉറങ്ങുക
നല്ല ഉറക്കം നല്ല ആരോഗ്യത്തിനും സന്തോഷത്തിനും വളരെ പ്രധാനമാണ്. ദിവസവും 7 മുതൽ 8 മണിക്കൂർ വരെ ഉറങ്ങാൻ ശ്രമിക്കുക. ശരിയായ ഉറക്കം മനസ്സിനെ ശാന്തമാക്കുകയും അടുത്ത ദിവസത്തേക്കുള്ള ഊർജം നൽകുകയും ചെയ്യും.
3. നന്ദിയുള്ള മനോഭാവം വളർത്തുക
ജീവിതത്തിൽ ലഭിക്കുന്ന ചെറിയ കാര്യങ്ങൾക്കും നന്ദി പറയാൻ പഠിക്കുക. ഒരാളുടെ സഹായം, ഒരു പുഞ്ചിരി, അല്ലെങ്കിൽ ഒരു നല്ല ദിവസം പോലും നന്ദിയോടെ സ്വീകരിക്കാം. നന്ദിയുള്ള മനോഭാവം ജീവിതത്തെ കൂടുതൽ സന്തോഷകരമാക്കും.
4. ആവശ്യമില്ലാത്ത സാധനങ്ങൾ ഒഴിവാക്കുക
വീടും ജോലിസ്ഥലവും വൃത്തിയായി സൂക്ഷിക്കുന്നത് മനസ്സിന് ശാന്തതയും സന്തോഷവും നൽകും. വൃത്തിയും ചിട്ടയുമുള്ള അന്തരീക്ഷം കൂടുതൽ ഉന്മേഷത്തോടെയും സന്തോഷത്തോടെയും പ്രവർത്തിക്കാൻ സഹായിക്കും.
5. സുഹൃത്തുക്കൾക്കും കുടുംബത്തിനും വേണ്ടി സമയം കണ്ടെത്തുക
നല്ല ബന്ധങ്ങൾ സന്തോഷകരമായ ജീവിതത്തിന്റെ പ്രധാന ഘടകമാണ്. ആഴ്ചയിൽ ഒരിക്കൽ എങ്കിലും സുഹൃത്തുക്കളെയോ കുടുംബാംഗങ്ങളെയോ കാണുകയോ സംസാരിക്കുകയോ ചെയ്യുക. അവരുടെ സാന്നിധ്യം മാനസിക സന്തോഷം വർധിപ്പിക്കും.
6. പ്രകൃതിയുടെ സൗന്ദര്യം ആസ്വദിക്കാൻ സമയം കണ്ടെത്തുക
പാർക്കിലോ തോട്ടത്തിലോ മരങ്ങൾ നിറഞ്ഞ സ്ഥലങ്ങളിലോ കുറച്ച് സമയം ചെലവഴിക്കുന്നത് മനസ്സിന് ശാന്തതയും പുതുമയും നൽകും. ശുദ്ധവായുവും പ്രകൃതിയുടെ ഭംഗിയും മാനസിക സമ്മർദം കുറയ്ക്കാൻ സഹായിക്കും.
7. മറ്റുള്ളവരെ സഹായിക്കുക
ചെറിയ സഹായങ്ങൾ പോലും മറ്റൊരാളുടെ ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാം. സഹായിക്കുന്നതിലൂടെ മറ്റുള്ളവർക്ക് മാത്രമല്ല, നമുക്കും സന്തോഷം ലഭിക്കും.
8. സ്വയം സമയം കണ്ടെത്തുക
ഒറ്റയ്ക്ക് കുറച്ച് സമയം ചെലവഴിക്കുന്നത് സ്വയം കൂടുതൽ മനസ്സിലാക്കാൻ സഹായിക്കും. ഇഷ്ടമുള്ള ഒരു പുസ്തകം വായിക്കുകയോ ഇഷ്ടപ്പെട്ട സ്ഥലത്ത് പോകുകയോ ചെയ്യാം. ഇത് മനസ്സിന് പുതുമ നൽകും.
9. നല്ല ഓർമ്മകൾ കുറിച്ചുവയ്ക്കുക
നിങ്ങളെ സന്തോഷിപ്പിച്ച അനുഭവങ്ങളോ നിങ്ങൾ കാത്തിരിക്കുന്ന നല്ല കാര്യങ്ങളോ ഒരു ഡയറിയിൽ എഴുതിവയ്ക്കുക. വിഷമമുള്ള സമയങ്ങളിൽ അവ വായിക്കുന്നത് മനസ്സിന് ആശ്വാസം നൽകും.
10. ജീവിതത്തെക്കുറിച്ച് ഇടയ്ക്കിടെ വിലയിരുത്തുക
ഇടയ്ക്കിടെ സ്വയം വിലയിരുത്താൻ സമയം കണ്ടെത്തുക. ഇതുവരെ നേടിയ നേട്ടങ്ങളെക്കുറിച്ചും നേരിട്ട അനുഭവങ്ങളെക്കുറിച്ചും ഇനി കൈവരിക്കേണ്ട ലക്ഷ്യങ്ങളെക്കുറിച്ചും ശാന്തമായി ചിന്തിക്കുക. ഇത്തരത്തിലുള്ള ആത്മപരിശോധന നിങ്ങളുടെ ശക്തിയും മെച്ചപ്പെടുത്തേണ്ട മേഖലകളും തിരിച്ചറിയാൻ സഹായിക്കും. അതുവഴി ജീവിതത്തിൽ കൂടുതൽ നല്ല തീരുമാനങ്ങൾ എടുക്കാനും സന്തോഷകരമായ മാറ്റങ്ങൾ കൊണ്ടുവരാനും സാധിക്കും.
സന്തോഷം ഒരൊറ്റ ദിവസം കൊണ്ട് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല. ചെറിയ നല്ല ശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കുമ്പോഴാണ് യഥാർഥ സന്തോഷവും മാനസിക സമാധാനവും അനുഭവിക്കാൻ കഴിയുന്നത്. എല്ലാ മാറ്റങ്ങളും ഒരേസമയം കൊണ്ടുവരാൻ ശ്രമിക്കേണ്ടതില്ല. ഓരോ ശീലവും പതിയെ ജീവിതത്തിൽ ഉൾപ്പെടുത്തുക. കാലക്രമേണ ആ ചെറിയ മാറ്റങ്ങൾ വലിയ നേട്ടങ്ങളായി മാറുകയും കൂടുതൽ സന്തോഷകരവും സംതൃപ്തവുമായ ഒരു ജീവിതത്തിലേക്ക് നിങ്ങളെ നയിക്കുകയും ചെയ്യും.
വിവർത്തനം: ഡിൻസി തോമസ്




