മനസിലെ സങ്കടങ്ങളെ അകറ്റാന്‍ വി. തോമസ് അക്വീനാസ് നിര്‍ദ്ദേശിക്കുന്ന അഞ്ച് കാര്യങ്ങള്‍

നമ്മുടെ ഉള്ളിലെ നന്മകളും മേന്മകളും കണ്ടെത്താന്‍ നാം പരാജയപ്പെടുമ്പോഴാണ് നാം നിരാശയിലേക്ക് കൂപ്പുകുത്തുന്നത്. നമ്മുടെ സങ്കടങ്ങള്‍, അവയെക്കുറിച്ചുള്ള പതിവായ ചിന്തകള്‍ നമ്മുടെ ഹൃദയവ്യഥയെ കൂട്ടുകയും നിരാശയിലേക്ക് നയിക്കുകയും ചെയ്യുന്നു. ഇത്തരം പ്രതിസന്ധികളെ നേരിടാന്‍ അഞ്ചു മാര്‍ഗ്ഗങ്ങള്‍ വി. തോമസ് അക്വീനാസ് നിര്‍ദ്ദേശിക്കുന്നുണ്ട്.

1. നമുക്ക് ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാന്‍ സമയം കണ്ടെത്താം

നമ്മുടെ ഉള്ളില്‍ വേദനയുണ്ട്, സങ്കടമുണ്ട്. എന്നാൽ അതിനെക്കുറിച്ചു മാത്രം  എപ്പോഴും ചിന്തിച്ചുകൊണ്ടിരുന്നാല്‍ ആ സങ്കടങ്ങളില്‍ നിന്ന് ഒരിക്കലും നമുക്ക് മോചനം ഉണ്ടാകില്ല.

ഈ സങ്കടങ്ങളില്‍ നിന്ന് മോചനം നേടാന്‍ ആദ്യം ചെയ്യേണ്ടത്, നമുക്ക് ഇഷ്ടമുള്ള മറ്റു കാര്യങ്ങൾ ചെയ്യുക എന്നതാണ്. സങ്കടം കൂടുന്നു അല്ലെങ്കില്‍ നാം പ്രത്യേക ഒരു അവസ്ഥയില്‍ കൂടിയാണ് കടന്നുപോകുന്നത് എന്നു തോന്നിയാൽ ഒരു യാത്രക്ക് തയ്യാറെടുക്കാം. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ളവരുമായി സംസാരിക്കുന്നതിനോ, വിരുന്നില്‍ പങ്കെടുക്കുന്നതിനോ ശ്രമിക്കാം. അങ്ങനെ മനസിനെ ഫ്രീ ആക്കാം.

2. ഉള്ളിലുള്ള സങ്കടം പ്രകടിപ്പിക്കാം 

ഉള്ളിലെ സങ്കടം പിടിച്ചുവയ്ക്കാതെ അത് പ്രകടിപ്പിക്കാന്‍ കഴിയണം. സങ്കടം വരുമ്പോള്‍ കരഞ്ഞുതീര്‍ക്കണം; പിടിച്ചുവച്ചാല്‍ സങ്കടം കൂടുകയേ ഉള്ളൂ. തന്നെയുമല്ല, ആ ദുഃഖങ്ങള്‍ മനസില്‍ കിടക്കുകയും അതിനെക്കുറിച്ചു തന്നെ ചിന്തിക്കുകയും ചെയ്യും. അതിനാല്‍ കരയണം എന്ന് തോന്നുമ്പോൾ കരഞ്ഞുതീര്‍ക്കാം.

3. വേദനകള്‍ മനസു തുറന്ന് പങ്കുവയ്ക്കാന്‍ ഒരു സുഹൃത്തിനെ കണ്ടെത്താം 

നമ്മുടെ സങ്കടങ്ങള്‍ മറ്റൊരാളുമായി പങ്കുവയ്ക്കുമ്പോള്‍ മനസിന് കൂടുതല്‍ ആശ്വാസം ലഭിക്കും. അതിനായി ഒരു ഉത്തമസുഹൃത്ത് നമ്മുടെ ജീവിതത്തില്‍ ഉണ്ടാവുക ആവശ്യമാണ്. പലപ്പോഴും പലര്‍ക്കും സങ്കടം തുറന്നുപറയാന്‍ കഴിയാറില്ല. മറ്റുളവര്‍ എന്തു വിചാരിക്കും എന്നതാണ് പ്രധാന കാരണം. എന്നാല്‍ മറ്റൊരു വശം കൂടിയുണ്ട്. നല്ലൊരു കേള്‍വിക്കാരനായി ആളുകള്‍ മാറുന്നില്ല എന്നതും പ്രശ്നമാണ്. നമ്മുടെ പക്കല്‍ ഒരാള്‍ സങ്കടം പറയുമ്പോള്‍, അയ്യേ ഇത്ര ചെറിയ കാര്യമാണോ എന്ന് ചോദിച്ച് കളിയാക്കാന്‍ മുതിരരുത്. ക്ഷമയോടെ കേള്‍ക്കാന്‍ ശ്രമിക്കണം. അതും പ്രധാനപ്പെട്ട ഒന്നാണ്.

4. സത്യത്തെക്കുറിച്ചു ചിന്തിക്കുക

സങ്കടങ്ങളും വേദനകളും ഉണ്ടാകുമ്പോള്‍ സത്യത്തെക്കുറിച്ച് ധ്യാനിക്കുക, ചിന്തിക്കുക. കലകള്‍ കാണാനും സംഗീതം ആസ്വദിക്കാനും ശ്രമിക്കുക. ചില സംഗീതങ്ങള്‍, കണ്ണും മനസും തുറന്നുള്ള കാഴ്ചകള്‍ ഇവയൊക്കെ നമ്മെ ചിന്തിപ്പിക്കുകയും പരിവര്‍ത്തനപ്പെടുത്തുകയും ചെയ്യും. വേദനയുടെ മൂര്‍ത്തീഭാവങ്ങളില്‍ ചില പാട്ടുകള്‍ നമ്മുടെ ഹൃദയങ്ങളെ സ്പര്‍ശിക്കും. നമുക്ക് ആശ്വാസം പകരാന്‍ അവയ്ക്കു കഴിയും. അത്തരം കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കാന്‍ ശ്രമിക്കാം.

5. കുളിക്കുകയും ഉറങ്ങുകയും ചെയ്യാം

ഈ അത്ഭുതകരമായ മാര്‍ഗ്ഗം വിശുദ്ധന്‍ പ്രത്യേകം നിര്‍ദ്ദേശിക്കുന്ന ഒന്നാണ്. കുളി എന്ന് ഉദ്ദേശിച്ചതിന് രണ്ടു തലങ്ങളുണ്ട് – ആത്മീയവും ഭൗതികവുമായ തലം. നല്ല ഒരു കുളി ഭൗതികമായി ശുദ്ധി നല്‍കുന്നു, ഉണര്‍വ്വ് നല്‍കുന്നു. ആത്മീയമായ കുളി – കുമ്പസാരം നമ്മുടെ ആത്മാവിനെ പാപങ്ങളില്‍ നിന്ന് മോചിപ്പിക്കുന്നു, പരിശുദ്ധാത്മാവിനാല്‍ നിറയ്ക്കുന്നു. പരിശുദ്ധാത്മാവ് വന്നുകഴിയുമ്പോള്‍ നാം ആനന്ദത്താല്‍ നിറയും.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.