ഏകാന്തതയിൽ ഉറപ്പിക്കപ്പെട്ട വ്യക്തി: കുരിശിന്റെ വിശുദ്ധ യോഹന്നാൻ

“ഞാനായിരിക്കുമോ തെറ്റുകാരൻ? അവരായിരിക്കും ശരി. ഞാൻ നരകത്തിൽ പോകേണ്ടിവരുമോ? ഞാൻ സത്യസഭയിൽനിന്നും അകറ്റപ്പെട്ട് പിശാചിനെയാണോ സേവിക്കുന്നത്?” ജോൺ ചിന്തിച്ചു. ആത്മാവിന്റെ ഇരുണ്ടരാത്രി അതിന്റെ പാരമ്യത്തിലെത്തി. എല്ലാ ശാരീരികവേദനകളെയും അതിലംഘിക്കുന്ന ആത്മീയവേദന. “അടുത്തദിവസം സ്വർഗാരോപണത്തിരുനാളിൽ ബലിയർപ്പിക്കാൻ അനുവാദം നൽകണേ” ജോൺ അധികാരികളോടു യാചിച്ചു. കിട്ടിയ മറുപടി, “എന്റെ ജീവിതകാലത്ത് അത് ഉണ്ടാവില്ല” എന്നായിരുന്നു.

തെറ്റിധാരണകളും തേജോവധങ്ങളും തകർത്തുകളയുന്ന ചില ജീവിതങ്ങളെ നമ്മൾ കാണാറുണ്ട്. നീതി ലഭിക്കാതെ അന്യായമായി കഠിനസഹനങ്ങളിലൂടെ കടന്നുപോവേണ്ടിവരുമ്പോഴും സമചിത്തത വെടിയാതെ ദൈവത്തിൽമാത്രം ശരണംതേടാനും ദൈവകൃപ നഷ്ടപ്പെടുത്താതിരിക്കാനും ദൈവത്തോട് അത്രയും ചേർന്നുനിൽക്കുന്നവർക്കേ കഴിയൂ. അങ്ങനെയായിരുന്ന ഒരു വിശുദ്ധന്റെ തിരുനാളാണ് തിരുസഭ ഇന്ന് കൊണ്ടാടുന്നത്. പേരിൽത്തന്നെ സഹനമുള്ള കർമ്മലീത്ത സഭയുടെ നവോത്ഥാന നായകൻ, നിഷ്‌പാദുകസഭയുടെ, സ്ഥാപകരിലൊരാൾ, സ്പാനിഷ് മിസ്റ്റിക്ക്, സഭയുടെ വേദപാരംഗതരിലൊരാൾ… ഇങ്ങനെ ഒട്ടേറെ വിശേഷണങ്ങളുള്ള കുരിശിന്റെ വിശുദ്ധ യോഹന്നാൻ (സെന്റ് ജോൺ ഓഫ് ദി ക്രോസ്സ്).

വി. ആൽബർട്ട് കർമ്മലീത്ത സഭയ്ക്കുവേണ്ടി എഴുതിയുണ്ടാക്കിയ നിയമങ്ങൾ യൂജിനിയസ് പാപ്പ 1432 -ൽ ലഘൂകരിച്ചതിനുശേഷം കർമ്മലീത്ത സഭാസമൂഹങ്ങളിലേക്ക് ലോകാരൂപി കടന്നുകയറി. പ്രാർഥനയും പരിഹാരങ്ങളുമൊക്കെ കുറഞ്ഞുവരികയും സുഖലോലുപത കൂടാനും തുടങ്ങി. ഈ കാലഘട്ടത്തിലാണ് ആവിലായിലെ അമ്മത്രേസ്യയും ജോണും ചേർന്ന് ആവൃതികളിൽ ധ്യാനാത്മകത തിരികെകൊണ്ടുവരാനും കർമ്മലീത്ത സഭയെ നവീകരിക്കാനും തീരുമാനിച്ചത്. അവർ കണ്ടുമുട്ടുമ്പോൾ വി. ത്രേസ്യയ്ക്ക് 52 വയസ്സും ജോണിന് 25 വയസ്സുമായിരുന്നു പ്രായം. കർമ്മലീത്ത സഭയിലെ സ്ത്രീവിഭാഗത്തെ നവീകരിക്കാനുള്ള നേതൃത്വം ത്രേസ്യ ഏറ്റെടുത്തപ്പോൾ, ജോൺ പുരുഷന്മാർക്കുള്ള നവീകൃത സന്യാസഭവനങ്ങൾ സ്ഥാപിച്ചു. കർമ്മലീത്തസഭയ്ക്ക് സ്വയം ഭരണാധികാരമുള്ള പ്രോവിൻസ് രൂപീകരിക്കാൻ മാർപാപ്പ അനുവാദംനൽകി. പാദുകസഭയും നിഷ്‌പാദുകസഭയും (പാദരക്ഷ ധരിക്കാത്തവർ) ഉണ്ടായി. ആദ്യത്തെ കൂട്ടർ പഴയപടി അയഞ്ഞ നിയമത്തിൽ തുടരാൻ തീരുമാനിച്ചപ്പോൾ നിഷ്‌പാദുകസഭക്കാർ വി. ആൽബർട്ടിന്റെ നിയമം പിന്തുടർന്നു.

അമ്മത്രേസ്യയ്ക്കും കുരിശിന്റെ വിശുദ്ധ യോഹന്നാനും (ജോൺ ഓഫ് ദി ക്രോസ്സ്) സഭയുടെ നവീകരണത്തിൽ നേരിടേണ്ടിവന്ന തടസ്സങ്ങൾ നിരവധിയാണ്. അവരുടെ ശ്രമങ്ങൾ ആ സമയത്ത് സന്യാസ സഭ വിലമതിച്ചിരുന്നില്ലെന്നുമാത്രമല്ല ചിലപ്പോഴൊക്കെ സർവശക്തിയോടെ എതിർക്കുകയുംചെയ്തു. രാജ്യാധികാരവും സഭാധികാരവും പ്രാദേശികാധികാരവും സാർവത്രികാധികാരവും എല്ലാം കൂടിക്കുഴഞ്ഞ് ആശയക്കുഴപ്പങ്ങളും സംഘർഷവും സൃഷ്ടിച്ചു. അമ്മത്രേസ്യയുടെപോലെ ജോണിന്റെ ജീവിതവും ദൈവത്തോട് എത്രയും കൂടുതൽ അടുക്കാനുള്ള അശ്രാന്തപരിശ്രമമായിരുന്നു. ദൈവത്തെ നേടാനും ആഴത്തിൽ ഒന്നാവാനും പൂർണ്ണമായി തന്നെത്തന്നെ സമർപ്പിക്കാനുംവേണ്ടി സഹനമോ, അപമാനങ്ങളോ, പരിത്യാഗമോ, തിരസ്കരണമോ എന്തും സ്വീകരിക്കാൻ അദ്ദേഹം ഒരുക്കമായിരുന്നു.

തന്റെ ജീവിതശൈലി ആറു തത്വങ്ങളിൽ ജോൺ ഒതുക്കി – 1. വായനയിൽ നീ അന്വേഷിക്കുക; ധ്യാനത്തിൽ നീ കണ്ടെത്തുക, 2. പ്രാർഥനയിൽ നീ മുട്ടുക; സമാധിയിൽ നിനക്ക് ഉത്തരം ലഭിക്കും, 3. നിന്റെ ശത്രു ആരാണെന്നോ മിത്രം ആരാണെന്നോ അധികം ചിന്തിക്കാതിരിക്കുക, 4. എപ്പോഴും ദൈവത്തെ പ്രീതിപ്പെടുത്താൻ ശ്രമിക്കുക, 5. ദൈവം സ്നേഹയോഗ്യനായിരിക്കുന്നതുപോലെ ദൈവത്തെ അധികമായി സ്നേഹിക്കുക, 6. ദൈവം നിനക്ക് തന്നതിനെക്കുറിച്ചു മൗനമായിരിക്കുക.

ഏകാന്തതയിൽ ഉറപ്പിക്കപ്പെട്ട വ്യക്തിയായിരുന്നു ജോൺ. ഇരുപത്തിരണ്ടാം വയസ്സുമുതൽ അദ്ദേഹം ഒറ്റപ്പെടൽ അനുഭവിച്ചു. കൃത്യമായി നിയമം അനുഷ്ഠിക്കുന്നവനും കാർക്കശ്യക്കാരനും ദൃഢചിത്തനും ആയതുകൊണ്ട് പലരും ജോണിൽനിന്ന് അകലം പാലിച്ചുനിന്നു. താൻ ആരുടേതുമല്ല എന്ന ചിന്ത ശക്തിപ്പെട്ടു. പിൽക്കാലത്ത് അദ്ദേഹം അനുഭവിക്കേണ്ടിയിരുന്ന തടവറയുടെ ഏകാന്തതയ്ക്കുമുൻപിൽ പതറിപ്പോകാതിരിക്കാൻ ഈശോ ജോണിനെ പരിശീലിപ്പിക്കുകയായിരുന്നു. താൻ അനുഭവിച്ച ആത്‌മാവിന്റെ ഇരുണ്ടരാത്രികളെപ്പറ്റി – ദൈവം തന്നെ കാണുന്നില്ലെന്നും ഉപേക്ഷിച്ചെന്നും കരുതുന്ന ആത്മാവിന്റെ വേദന – ജോൺ തൻറെ കൃതികളിൽക്കൂടി പറഞ്ഞിട്ടുണ്ട്. പക്ഷേ, ശരീരത്തിൽ സഹിക്കേണ്ടിവന്നതും ഒട്ടും കുറവായിരുന്നില്ല.

തന്റെ അനുഭവത്തിൽ നിന്ന് അദ്ദേഹം പറഞ്ഞു: “ഏതെങ്കിലും സൃഷ്ടിയുടെ ഉറ്റബന്ധത്തിലിരിക്കുന്ന ആത്മാവ്, അതിനു മറ്റു ധാരാളം പുണ്യങ്ങളുണ്ടായിരുന്നാലും ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യം ഒരിക്കലും നേടിയെടുക്കുകയില്ല.” ഇതാണല്ലോ ഈശോ പറഞ്ഞ ഉപേക്ഷയുടെ കാതൽ.

ദൈവഹിതത്തിനെ എതിർക്കാതെ ജോൺ എപ്പോഴും കീഴടങ്ങി. രോഗിയായിക്കഴിഞ്ഞിരുന്ന ഒരു വൈദികന് ജോൺ ഇങ്ങനെ എഴുതി: “എന്റെ പ്രിയ സ്നേഹിതാ, സുഖപ്പെടുകയാണെങ്കിൽ ചെയ്യാൻപോകുന്ന കാര്യങ്ങൾ ആസൂത്രണംചെയ്ത് സ്വയം ക്ഷീണിപ്പിക്കരുത്; സമയം വൃഥാവിലാക്കരുത്. പകരം ദൈവം ആഗ്രഹിക്കുന്നിടത്തോളംകാലം രോഗിയായിരിക്കുന്നതിൽ സന്തോഷവാനായിരിക്കുക. ദൈവഹിതം നിറവേറ്റുക എന്നതാണ് താങ്കൾ ലക്ഷ്യംവച്ചിരിക്കുന്നതെങ്കിൽ രോഗിയായിരിക്കുന്നതോ, സൗഖ്യമായിരിക്കുന്നതോ വ്യത്യാസമില്ല. ദൈവം മഹത്വപ്പെടുന്നത് നമ്മുടെ പ്രവർത്തനമികവ് കൊണ്ടല്ല, നാം ദൈവതിരുമനസ്സിനു സ്വയം സമർപ്പിക്കപ്പെടുന്നതിനാലും തിരുഹിതത്തോടു ഐക്യപ്പെടുന്നതിനാലുമത്രെ.”

തുടക്കത്തിലേ കൂടെക്കൂടിയ സഹനങ്ങൾ

ജോൺ ഡെ യെപെസ് ജനിച്ചത്, 1542 -ൽ സ്പെയിനിൽ ഫോണ്ടിവെറോസ് എന്ന സ്ഥലത്തായിരുന്നു. അവന്റെ പിതാവ് ഗോൺസാലോ ഡെ യെപെസ് ഒരു സമ്പന്നപ്രഭു കുടുംബത്തിലാണ് ജനിച്ചതെങ്കിലും പാവപ്പെട്ടവളും ഭക്തയും സുന്ദരിയുമായ ക്യാറ്റലീന അൽവാരസിനെ ഇഷ്ടപ്പെട്ടു വിവാഹംകഴിച്ചതുമൂലം വീട്ടിൽനിന്ന് പുറത്തായി, ഒരു സാധാരണ നെയ്ത്തുകാരനായി പിന്നീട് ജീവിതം കഴിച്ചു. അവരുടെ മൂന്നുമക്കളിൽ ഏറ്റവും താഴെ ആയിരുന്നു ജോൺ. സഹോദരൻ ലൂയിസ് ചെറുപ്പത്തിൽ തന്നെ മരിച്ചു. ഫ്രാൻസിസ്കോ എന്ന സഹോദരൻ ജോണിന്റെ വാഴ്ത്തിപ്പെട്ടവനായി ഉയർത്തുന്ന പ്രക്രിയയിൽ സാക്ഷ്യം പറയാനായി ജീവിച്ചിരുന്നു.

ജോണിന് ഏഴുവയസ്സാകുമ്പോഴേക്ക് അവന്റെ പിതാവ് മരിച്ചു. പട്ടിണി കിടക്കാതിരിക്കാൻ ക്യാറ്റലീന ഓരോരോ പണികൾ എടുത്തെങ്കിലും അതൊന്നും മതിയാകുമായിരുന്നില്ല. ഏറെ ബുദ്ധിമുട്ടുകൾ ചെറുപ്പംമുതലേ സഹിക്കേണ്ടിവന്നെങ്കിലും ജോൺ നിരാശയിലേക്കു വീണില്ല. ദൈവത്തിനോടടുത്ത ജീവിതത്തിനുള്ള പരിശീലനം ചെറുപ്പത്തിൽതന്നെ അവൻ ലഭിച്ചു. പാവപ്പെട്ടവർക്കുള്ള സ്കൂളിൽ അവൻ പഠിച്ചു, വർക്ഷോപ്പുകളിൽ സഹായിയായി, പള്ളിയിൽ ശുശ്രൂഷിയായി, ഒരു ആശുപത്രിയിൽ തൂപ്പുകാരനായി (പാവങ്ങളോടും രോഗികളോടും പണ്ടുമുതലേ അവന് അലിവ് തോന്നിയിരുന്നു), വീണുകിട്ടുന്ന ചുരുങ്ങിയ ഒഴിവുസമയത്ത് പൗരോഹിത്യവേലക്കായി ആഗ്രഹിച്ചു പഠിച്ചു.

പതിമൂന്നു വയസുള്ളപ്പോൾ ടൗണിലെ, ഈശോസഭക്കാരുടെ പുതിയ കോളേജിൽ പോകാൻതുടങ്ങി. കലയിലും സംഗീതത്തിലും കൊത്തുപണിയിലുമൊക്കെയുള്ള അവന്റെ കഴിവുകൾ മറ്റുള്ളവർ അറിയാൻ തുടങ്ങി. പക്ഷേ സാഹിത്യത്തിൽ, പ്രത്യേകിച്ച് കവിതയിലാണ് ജോൺ പ്രാവീണ്യം തെളിയിച്ചത്.

കർമ്മലീത്ത സഭയിൽ

1563 -ൽ മെദീനയിലെ കർമ്മലീത്താ ആശ്രമത്തിൽ നോവീഷ്യേറ്റിൽ ചേർന്നു, ജോൺ ഓഫ് സെന്റ് മത്തിയാസ് എന്ന പേരിൽ. ആ സമയത്ത് കർമ്മലീത്ത സഭയിൽ ലഘുവായ നിയമമായിരുന്നല്ലോ. സെന്റ് ആൽബർട്ടിന്റെ കർക്കശമായ നിയമാവലി പിന്തുടരാനുള്ള അനുവാദം ജോൺ ചോദിച്ചുവാങ്ങി.

ദാരിദ്ര്യാരൂപി വിട്ടുകളയാൻ ഇഷ്ടമില്ലാതിരുന്ന ജോൺ, ചാപ്പലിലെ സക്രാരി കാണാൻകഴിയുന്ന ജനലുള്ള ഒരു കൊച്ചുമുറിയിൽ താമസിച്ചു. ഒരു പലകപ്പുറത്ത്  വൈക്കോലിട്ട് ഒരു മരക്കഷണം തലയിണയായി ഉപയോഗിച്ച്, മൂന്നു മണിക്കൂറിൽ കുറച്ചുറങ്ങി ജോൺ അവിടെ കഴിഞ്ഞു. പക്ഷേ, സുഖാലസരായിക്കഴിഞ്ഞിരുന്ന സഭാസമൂഹത്തിലെ മറ്റുള്ളവർക്ക് ഈ ജീവിതശൈലി ഒരു ഭീഷണിയായി. ജോണിനെ ചാട്ടവാറിനടിച്ചുകൊണ്ടാണ് അവർ തങ്ങളുടെ വെറുപ്പ് കാണിച്ചത്. ആഴ്ചയിൽ മൂന്നുപ്രാവശ്യം, ചാട്ടവാറടിക്കായി മേലധികാരിക്കുമുൻപിൽ ജോണിന് ഉടുപ്പഴിക്കേണ്ടിവന്നു. പക്ഷേ, ദൈവസ്നേഹത്തെപ്രതി തന്റെ സഹനത്തിൽ അദ്ദേഹം ആനന്ദിച്ചു.

1567 -ൽ വൈദികനായി. കൂടുതൽ നിശബ്ദതയും ധ്യാനവും വേണമെന്നാഗ്രഹിച്ച് കാർത്തൂസിയൻ സന്യാസിയാവാൻ പുറപ്പെട്ട ജോണിനെ അമ്മത്രേസ്യ വഴിക്കുവച്ച് കണ്ട് പിന്തിരിപ്പിച്ചു. രണ്ടാമത്തെ കോൺവെന്റ് സ്ഥാപിക്കാനുള്ള ശ്രമത്തിലായിരുന്ന അപ്പോൾ അമ്മത്രേസ്യ. ഇടിഞ്ഞുപൊളിഞ്ഞ ചെറിയ കുടിൽ സ്വന്തം കയ്യാൽ പുതുക്കിപ്പണിത് ജോൺ നിഷ്പാദുകസഭയിലെ ആദ്യപുരുഷസമൂഹത്തെ സ്വീകരിക്കാനൊരുങ്ങി. 1568 -ലെ ആഗമനകാല ഞായറാഴ്ച ഏഴുപേർ വ്രതവാഗ്ദാനം ചെയ്തു. അവരുടെ നേതാവായ ജോൺ, ജോൺ ഓഫ് ദി ക്രോസ്സ് (കുരിശിന്റെ വിശുദ്ധ യോഹന്നാൻ) എന്ന പേര് സ്വീകരിച്ചു. ദൈവവിളികൾ കൂടിക്കൂടി വന്നു. പുതിയ ആശ്രമങ്ങൾ പണിതു. ജോൺ നിഷ്പാദുകസഭയിലെ ആദ്യ റെക്ടറായി.

കയ്പ്പു നിറഞ്ഞ പരീക്ഷണങ്ങൾ

“ദുരിതവേളകളിൽ ഒരുതവണ മാത്രം പറയുന്ന ‘ദൈവത്തിനു സ്തുതി’ ഐശ്വര്യസമൃദ്ധിയിൽ പറയുന്ന ആയിരം കൃതജ്ഞതകളേക്കാള് വിലയുള്ളതാണ്” – അദ്ദേഹം പറഞ്ഞിട്ടുള്ളതാണ്. ജോണിന്റെ നേതൃത്വത്തിലുള്ള സഭാനവീകരണം, പ്രായമുള്ള സഹോദരർ വിപ്ലവവും പാഷണ്ഡതയും ആയെല്ലാമാണ് കരുതിയത്. ജോൺ സഭയെ നശിപ്പിക്കുന്നു എന്ന ആരോപണവുമായി 1577 ഡിസംബർ 2 -നു രാത്രി പൊലീസ് അകമ്പടിയോടെ എത്തിയ ‘പാദുകസഭയിലെ’ (calced order) സന്യാസികൾ ജോണിനെ വിലങ്ങുവച്ചുകൊണ്ടു പോയി. നവീകരണശ്രമങ്ങൾ ഉപേക്ഷിക്കില്ല എന്ന് പറഞ്ഞതുകൊണ്ട് കഠിനപരീക്ഷണങ്ങളായിരുന്നു പിന്നീട്.

ആശ്രമത്തിലെത്തിയപ്പോൾ ജോണിന്റെ പരുക്കൻ വസ്ത്രങ്ങൾ മാറ്റി മൃദുലവസ്ത്രങ്ങൾ ധരിപ്പിച്ചു. ചമ്മട്ടിയടി നൽകി മുറിയിലടച്ചു. സന്ദർശനമുറിയോടുചേർന്ന് ആദ്യകാലത്ത് കക്കൂസായി ഉപയോഗിച്ചിരുന്ന ഇടുങ്ങിയ മുറിയിലാണ് പാർപ്പിച്ചത്. ജനാലകളില്ല , ബലവത്തായ തടികൊണ്ടുള്ള ഒരു വാതിൽമാത്രം. മുറിക്ക് പത്തടി നീളവും ആറടി വീതിയും മാത്രം. വായിക്കാൻ സാധ്യമല്ലാത്തവിധം ഇരുട്ട്. എന്തിന്റെയെങ്കിലും മുകളിൽ കയറിനിന്നാൽ കിട്ടുന്ന അരണ്ടവെളിച്ചത്തിൽ കഷ്ടിച്ച് വായിക്കാം. അങ്ങനെ നിന്നാണ് ജോൺ യാമപ്രാർഥന ചൊല്ലിയിരുന്നത്. തറയിൽ രണ്ടു പലകക്കഷണങ്ങൾ, കല്ലുവിരിച്ച തണുത്ത തറ, ആ പലകയിൽ കിടന്നുറങ്ങണം. പഴയ രണ്ടു പുതപ്പുകൾ, മുറിയുടെ കോണിൽ ഒരു തൊട്ടി. ഇത്രയാണുണ്ടായിരുന്നത്. മുറി, സമൂഹത്തിന്റെ വിസർജ്ജനസ്ഥലത്തിനു സമീപമായിരുന്നതിനാൽ ദുർഗന്ധം വമിച്ചിരുന്നു. ഭക്ഷണം നാമമാത്രം. അതിൽക്കൂടി വിഷംതരുമെന്നു തോന്നിയതിനാൽ ശത്രുക്കളോട് ക്ഷമിച്ച് അവർക്കുവേണ്ടി പ്രാർഥിച്ചുകൊണ്ടായിരുന്നു ആ റൊട്ടിക്കഷണങ്ങൾ കഴിച്ചിരുന്നത്.

എല്ലാ വെള്ളിയാഴ്ചയും ജോണിനെ പൊതുഭക്ഷണശാലയിലേക്ക് ആനയിക്കും. കഴിക്കാനുള്ള റൊട്ടിക്കഷണവും വെള്ളവും അവിടെ കൊടുക്കും. ജോൺ അവരുടെ മുൻപിൽ തറയിൽ മുട്ടിന്മേൽ നിന്ന് ഭക്ഷിക്കണം. അതിനിടയിൽ കുറ്റാരോപണങ്ങൾ, പരിഹാസങ്ങൾ, സങ്കീർത്തനം ഉരുവിട്ടുകൊണ്ട് തലങ്ങുംവിലങ്ങുമുള്ള ചമ്മട്ടിയടികൾ. അമ്മത്രേസ്യ നവീകരണശ്രമങ്ങൾ ഉപേക്ഷിച്ചെന്ന് പലരും നുണപറഞ്ഞു. തിരിച്ചു മുറിയിൽ പോവുമ്പോഴേക്ക് ശരീരത്തിലെ മുറിവുകളിൽനിന്ന് രക്തം വാർന്നൊഴുകുന്നുണ്ടാവും. ജയിൽവാസം പല മാസങ്ങൾ നീണ്ടു. കൂദാശകൾ പരികർമ്മം ചെയ്യാൻ അനുവദിക്കാത്ത അവസ്ഥ, മോശമായ ഭക്ഷണം, ഉറക്കമില്ലായ്മ, വെളിച്ചമില്ലായ്മ, തൊട്ടി വൃത്തിയാക്കാൻ സമ്മതിക്കാത്തതുമൂലം അസഹ്യമായ ദുർഗന്ധം. ഒരേ വസ്ത്രം അനേകം മാസങ്ങൾ ധരിക്കേണ്ടിവന്നു. ഇതെല്ലാം ജോൺ പരാതിയില്ലാതെ സഹിച്ചുകൊണ്ടിരുന്നു.

ജോണിന്റെ ഇരുണ്ട രാത്രികൾ അതിന്റെ പാരമ്യത്തിലെത്തുകയായിരുന്നു. ശാരീരികവേദനയേക്കാൾ രൂക്ഷമായതായിരുന്നു ആത്മീയവേദന. തനിക്കാണോ തെറ്റുപറ്റിയതെന്ന് ജോണിന് സംശയമായി. ഉറപ്പില്ലാത്ത ആ അവസ്ഥയിൽ വേദന അടുത്ത തലത്തിലേക്കു നീങ്ങി. ദൈവത്തിന്റെ പൂർണ്ണമായ അസാന്നിധ്യം അദ്ദേഹത്തിന് സഹിക്കാവുന്നതിലധികമായിരുന്നു. ജീവിതം നിരർഥകമായി തോന്നി, പ്രാർഥന അസാധ്യമായി, ‘ഏലി ഏലി ലമ്മാ സബക്താനി’ എന്ന് അദ്ദേഹം ഒരുപാടുതവണ നിലവിളിച്ചിരിക്കണം. വേനൽക്കാലത്തും ജോണിനെ കുളിക്കാൻ സമ്മതിച്ചില്ല. മുറി ചുട്ടുപൊള്ളുന്ന അടുപ്പ് പോലെയായി.

ദൈവത്തിന്റെ പക്കലേക്ക് ഹൃദയമൊന്നുയർത്താൻ കഴിയാത്ത തന്റെ ആ അവസ്ഥയെക്കുറിച്ച് പിൽക്കാലത്ത് അദ്ദേഹം എഴുതിയിരുന്നു. അത്രയും ദുരനുഭവങ്ങൾക്കു വിധേയനാകുമ്പോൾ ദൈവം തന്റെനേർക്ക് നിഷ്ഠൂരത കാണിക്കുന്നെന്നും തന്നെ വെറുക്കുന്നെന്നുമാവും ആത്മാവിനു തോന്നുക.

കുർബാന അർപ്പിക്കാനുള്ള സൗകര്യംപോലും ലഭിക്കാതെ അവിടെ ജോൺ കഴിഞ്ഞു. 1578 -ൽ അദ്ദേഹത്തിന് ഒരു പുതിയ കാവൽക്കാരനെ നിയമിച്ചു. കരുണയുള്ളവനായ അദ്ദേഹം കുറച്ചുസമയം പുറത്തിറങ്ങി വെളിച്ചംകാണാൻ അനുവദിച്ചു. ജോൺ പേനയും കടലാസും ചോദിച്ചുവാങ്ങി. അവിടെ വച്ചാണ് വിശ്വോത്തര മിസ്റ്റിക്കൽ രചനയായ ആത്മീയഗീതം രചിച്ചത്. ആദ്യത്തെ മുപ്പതു പദ്യങ്ങളും മറ്റു ചില കവിതകളും എഴുതി.

1578 ആഗസ്റ്റ് 15 -ന് പരിശുദ്ധ അമ്മയുടെ ഒരു ദർശനത്താൽ നയിക്കപ്പെട്ട് അവിടെനിന്ന് (ഹാളിലെ ജനൽവഴി പുതപ്പ് കയറുപോലെ കെട്ടി) ജോൺ രക്ഷപെട്ടു. നിഷ്‌പാദുകസഭാ സഹോദരർ അദ്ദേഹത്തെ സ്വാഗതംചെയ്ത് പ്രിയോരച്ചനാക്കി. അവിടെയിരുന്ന് ‘ആത്മീയഗീതം’ എഴുതി പൂർത്തിയാക്കി. അതിന്റെ കൂടെ മറ്റു രചനകളായ കർമ്മല മലകയറ്റം, ആത്മാവിന്റെ ഇരുണ്ടരാത്രികൾ, സ്നേഹജ്വാല തുടങ്ങിയ കൃതികൾ ‘മിസ്റ്റിക്കുകളുടെ രാജകുമാരൻ ‘ എന്ന പേരുവരെ അദ്ദേഹത്തിന് നേടിക്കൊടുത്തു. അടുത്ത 13 കൊല്ലങ്ങൾ ജോൺ സന്യാസ സഭകൾ സ്ഥാപിച്ചും ഒരുപാട് പേർക്ക് ആത്മീയവഴികാട്ടിയായും ധ്യാനാത്മക പ്രാർഥനയുടെ കൊടുമുടിയിൽ ദൈവവുമായുള്ള ആത്മാവിന്റെ ഒന്നാകൽ അനുഭവിച്ചുമൊക്കെ ചിലവഴിച്ചു.

സഹനപാരമ്യം

കുരിശ് വഹിച്ച് ഈശോ കാൽവരിയിലേക്കുപോകുന്ന രൂപത്തിനുമുൻപിൽ ധ്യാനനിമഗ്നനായിരിക്കെ ഈശോ തന്നെ വിളിക്കുന്നതായി അദ്ദേഹം കേട്ടു.

“ഇതാ ഞാൻ” – അദ്ദേഹം പ്രത്യുത്തരിച്ചു.

ഈശോ ചോദിച്ചു: “നീ സഹിച്ചതിനും പ്രവർത്തിച്ചതിനും ഞാൻ എന്തു സമ്മാനമാണ് നൽകേണ്ടത്?”

ജോൺ മറുപടി പറഞ്ഞു: “നിനക്കുവേണ്ടി കൂടുതൽ സഹിക്കാനും നിന്ദിക്കപ്പെടാനും ഞാൻ ആഗ്രഹിക്കുന്നു.”

അതിനുശേഷം 1591 സെപ്റ്റംബറിൽ അദ്ദേഹത്തിന്റെ ആരോഗ്യം മോശമായി. ആരോഗ്യം വീണ്ടെടുക്കാനും വിശ്രമത്തിനുമായി ബൈസയിലുള്ള സന്യാസ ഭവനത്തിൽ പോണോ, അതോ യുബെഡയിൽ പോണോ എന്ന് ജോണിനോടു ചോദിച്ചു. ബൈസയിലെ മഠാധിപതി ജോണിനോട് സൗഹൃദമുള്ളയാളും യുബെഡയിലെ മഠാധിപതി ജോണിനോട് വളരെ വിരോധം വച്ചുപുലർത്തുന്ന ആളുമായിരുന്നു. യൂബെഡയിൽ പോകാമെന്നായിരുന്നു ജോണിന്റെ മറുപടി.

അവിടെയെത്തിയ ജോണിന് ഏറ്റവും ചെറിയ, തണുപ്പുള്ള, വൃത്തികേടായ മുറി കിടക്കാൻ കൊടുത്തു. ജോണിനെ സന്ദർശിക്കാൻ ആരെയും അനുവദിച്ചില്ല. കുറച്ചു കാരുണ്യം കാണിച്ച രോഗിശുശ്രൂഷകനെപ്പോലും അവിടത്തെ പ്രിയോരച്ചൻ മാറ്റി. സാധാരണ ഭക്ഷണത്തിൽകവിഞ്ഞ് വേറൊന്നും കൊടുത്തിരുന്നില്ല. ജോണിന്റെ വലതുകാലിൽ വ്രണവും പഴുപ്പുമായി. ഓരോ വ്രണഭാഗവും മരവിപ്പിക്കാതെ മുറിച്ചുനീക്കുകയോ, തുറന്നുകളയുകയോ ചെയ്തു. അവിടെയുള്ള മൂന്നുമാസത്തെ യാതനകൾക്കുശേഷം, തന്റെ അന്ത്യമടുത്തെന്നു ജോണിനു മനസ്സിലായി. ഡിസംബർ 12 -ന് രോഗീലേപനം സ്വീകരിച്ചു. അദ്ദേഹം ദൈവത്തിനുവേണ്ടി സഹിച്ച കഷ്ടതകളെയും സത്കർമ്മങ്ങളെയും മറ്റ് സന്യാസിമാർ ഓർമ്മിപ്പിച്ചപ്പോൾ ജോണിന്റെ മറുപടി അവരെ നിശബ്ദരാക്കി. “അച്ചാ, അതിനെപ്പറ്റി ചിന്തിക്കാനുള്ള സമയമല്ലിത്. നമ്മുടെ കർത്താവായ ഈശോമിശിഹായുടെ രക്തത്തിന്റെ യോഗ്യതകളാൽ രക്ഷിക്കപ്പെടുമെന്നാണ് ഞാൻ പ്രത്യാശിക്കുന്നത്.”

വെള്ളിയാഴ്ചയായപ്പോൾ തന്നെ പരിചരിച്ചിരുന്ന സഹോദരനോട് ജോൺ പറഞ്ഞു: “ഇന്ന് അർധരാത്രിക്കുശേഷം ഞാൻ സ്വർഗത്തിൽ കീർത്തനങ്ങൾ ആലപിക്കയായിരിക്കും.” ഇതറിഞ്ഞ പ്രിയോരച്ചൻ ഓടി ജോണിന്റെ അടുക്കൽ വന്നു മുട്ടിൽനിന്നു. ഒരു ദാക്ഷിണ്യവും കൂടാതെയുള്ള തന്റെ പെരുമാറ്റത്തിന് ക്ഷമാപണംചെയ്തു. “ഞാൻ തികഞ്ഞ സന്തോഷത്തിലാണ് പ്രിയോരച്ചാ” – ജോൺ പറഞ്ഞു. “ഞാൻ അർഹിക്കുന്നതിൽ കൂടുതൽ എനിക്ക് ലഭിച്ചു.”

മരണാസന്നർക്കായുള്ള പരമ്പരാഗത പ്രാർഥന ചൊല്ലാതെ ബൈവിളിലെ ഉത്തമഗീതം തന്നെ വായിച്ചുകേൾപ്പിക്കാൻ ജോൺ ആവശ്യപ്പെട്ടു. ക്രിസ്തുവും ആത്മാവും തമ്മിലുള്ള ഹൃദയസ്പർശിയായ സ്നേഹത്തിന്റെ ഭാഗങ്ങൾ കേട്ടുകിടന്നു. 1591 ഡിസംബർ 14 -ന് ക്ലോക്കിൽ പന്ത്രണ്ടുമണി അടിക്കുമ്പോൾ, ജോൺ തന്റെ അവസാനവാക്കുകൾ ഉരുവിടുകയായിടുന്നു – “ഓ ദൈവമേ, അങ്ങേ കൈകളിൽ എന്റെ ആത്മാവിനെ ഞാൻ സമർപ്പിക്കുന്നു” എന്ന് പറഞ്ഞുകൊണ്ട് സഹനത്തിന്റെ പാനപാത്രം അവസാനതുള്ളിയും സന്തോഷത്തോടെ സ്വീകരിച്ച് ഈശോയിൽനിന്ന് നിത്യസമ്മാനം വാങ്ങാൻ അദ്ദേഹം യാത്രയായി.

1675 ജനുവരി 25 -ന് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ട ആ ധന്യാത്മാവിനെ 1726 ഡിസംബർ 26 -ന് വിശുദ്ധനായി ഉയർത്തി. പീയൂസ് പതിനൊന്നാമൻ പാപ്പയാൽ സഭയിലെ വേദപാരംഗതനായി അവരോധിക്കപ്പെട്ടു.

‘തന്നെത്താൻ താഴ്ത്തുന്നവൻ ഉയർത്തപ്പെടും.’ ഈശോയെപ്രതി സഹിക്കാനും നിന്ദിക്കപ്പെടാനും ആഗ്രഹിച്ച ആ ‘സഹനരാക്ഷസൻ’ ഈശോയുടെ മുറിവുകളുടെ ഭാഗഭാഗിത്വം കൈക്കൊണ്ട് വിശുദ്ധപദവിയിൽ ആയിരിക്കുന്നു.

കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ തിരുനാൾ ആശംസകൾ! 

ജിൽസ ജോയ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.