വേദപാഠ അധ്യാപകരുടെ സ്വർഗീയമധ്യസ്ഥനായ വി. ചാൾസ് ബൊറോമിയോ

“എപ്പോഴെല്ലാം ഞാൻ ബന്ധുക്കളെ സന്ദർശിക്കാൻ പോയിട്ടുണ്ടോ അപ്പോഴെല്ലാം ദൈവമഹത്വത്തിനുവേണ്ടിയുള്ള ആവേശം കുറഞ്ഞിട്ടാണ് മടങ്ങിയെത്തിയിട്ടുള്ളത്.”

ദൈവവുമായുള്ള സമ്പൂർണ്ണ ഐക്യത്തിൽ എത്തിച്ചേരുന്നതിന് സൃഷ്ടികളിൽനിന്ന്, ബന്ധുക്കളുമായുള്ള ഉറ്റബന്ധത്തിൽനിന്നൊക്കെ വിച്ഛേദിക്കപ്പെടണമെന്ന് വിശുദ്ധർക്ക് അറിയാമായിരുന്നു. ചാൾസ് ബൊറോമിയോയുടെ ബന്ധുക്കളാവട്ടെ, എല്ലാവരും പ്രഭുകുടുംബത്തിൽപെട്ടവരും. വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചെന്നു പറയാൻ പറ്റുന്നതരത്തിൽ അത്രയും ഉയർന്ന കുടുംബത്തിലായിരുന്നു ഇറ്റലിയിൽ വിശുദ്ധന്റെ ജനനം. അമ്മയുടെ ഇളയ സഹോദരനായിരുന്നു പിന്നീട് പീയൂസ് നാലാമൻ എന്ന പേരിൽ മാർപാപ്പയായിത്തീർന്നത്. പക്ഷേ, പണത്തിനും പ്രതാപത്തിനുമൊന്നും ചാൾസിനെ എന്നേക്കുമായി സ്വാധീനിക്കാൻ കഴിഞ്ഞില്ല.

പതിനാറാം നൂറ്റാണ്ടിൽ പ്രൊട്ടസ്റ്റന്റ് നവീകരണം കത്തിനിന്ന സമയമായിരുന്നു. മാർട്ടിൻ ലൂഥർ, ഹൾഡ്രിക്ക്‌ സ്വിൻഗ്ലി, ജോൺ കാൽവിൻ എന്നിവർ സഭയിൽനിന്ന് അകന്നപ്പോൾ വലിയൊരു വിഭാഗം ജനം സഭവിട്ട് അവരുടെ കൂടെ ചേർന്നു. ഹെൻറി എട്ടാമൻ സഭാതലവനായി സ്വയം പ്രഖ്യാപിച്ചു. ഈ കലുഷിതാവസ്ഥയിൽ വിശ്വാസം സംരക്ഷിക്കാനും പുരോഹിതഗണങ്ങളെ പുനഃസംഘടിപ്പിക്കാനും മതബോധന പരിശീലനത്തിനും ആരാധനാക്രമത്തെ പുനരുജ്ജീവിപ്പിക്കാനും ശരിയായ ഇടയന്റെ മാതൃക കാണിക്കാനുമൊക്കെയായി പ്രത്യേകവിളി ലഭിച്ച വിശുദ്ധനായിരുന്നു ചാൾസ് ബൊറോമിയോ.

സമ്പത്തിന്റെയും ധാരാളിത്തത്തിന്റെയും നടുവിലായിരുന്നെങ്കിലും ചെറുപ്പത്തിൽതന്നെ അതിലൊന്നും മനസ്സുവയ്ക്കാതിരുന്നതുകൊണ്ട് പന്ത്രണ്ടാം വയസ്സിൽതന്നെ ചാൾസിന് മതപരമായ മുണ്ഡനം നടത്തിയിരുന്നു. ആ സമയത്ത്  അവന്റെ അമ്മാവൻ വലിയൊരു തുക അവന് വരുമാനമായി കൊടുത്തു. പക്ഷേ, തനിക്ക് പഠനത്തിന് വേണ്ടിവരുന്ന അത്യാവശ്യം കുറച്ചു പണമൊഴികെ ബാക്കിയെല്ലാം പാവങ്ങൾക്ക് അവകാശപ്പെട്ടതാണെന്ന് അവൻ പറഞ്ഞു. ധാർമ്മിക അധഃപതനത്തിന്റെയും അഴിമതിയുടെയും ആ സമയത്ത് വളർന്നുവരുന്ന ഒരു യുവാവെടുത്ത ധീരമായ തീരുമാനം.

ഇരുപത്തിരണ്ടാമത്തെ വയസ്സിൽ സിവിൽ നിയമം, കാനോനിക നിയമം തുടങ്ങിയവ പഠിച്ച് പാവിയ യൂണിവേഴ്സിറ്റിയിൽനിന്ന് ഡോക്ടറേറ്റ് എടുത്തു. അപ്പോൾത്തന്നെ റോമിലേക്ക് വിളിക്കപ്പെട്ടു. പോപ്പ് ആയ അമ്മാവൻ അനേകം ചുമതലകളാണ് അവന്റെ തലയിൽവച്ചത്. കർദിനാൾ – ഡീക്കൻ, അഡ്മിനിസ്ട്രേറ്റർ (മിലാൻ), ബൊളോണിയിലെയും റൊമാനിയയിലെയും അങ്കോണയിലെയും മാർപാപ്പയുടെ സ്ഥാനപതി, പോർച്ചുഗലിന്റെയും ഹോളണ്ടിന്റെയും ബെൽജിയത്തിന്റെയും ലക്സംബെർഗിന്റെയും സംരക്ഷകൻ, ഫ്രാൻസിസ്കൻ, കർമ്മലീത്ത സഭകളുടെ സൂപ്പർവൈസർ, മാൾട്ടയിലെ പ്രഭു, പേപ്പൽ സ്‌റ്റേറ്റ്സിന്റെ അഡ്മിനിസ്ട്രേറ്റർ എന്നിങ്ങനെ.

ചാൾസ് തന്നാലാവുംവിധം കൃത്യമായി കടമകളെല്ലാം നിർവഹിച്ചു. ഇത്രയും ഉത്തരവാദിത്വങ്ങൾ വഹിക്കുന്ന വ്യക്തിക്ക് സുഖലോലുപനായും സമ്പന്നതയുടെ എല്ലാ മഹത്വത്തിലും കഴിഞ്ഞുപോവാൻ പറ്റുമായിരുന്നു. പക്ഷേ, ലാളിത്യവും എളിമയുമാണ് ചാൾസ് ഇഷ്ടപെട്ടത്. ശാന്തമായ ജീവിതം അവൻ ഇഷ്ടപ്പെട്ടു. അവൻ മറ്റൊരു ആർച്ചുബിഷപ്പിനോട് തൻറെ ഹൃദയം തുറന്നു സംസാരിച്ചു: “ഒരു പോപ്പിന്റെ അനന്തിരവനാകുക; അതും പ്രിയപ്പെട്ട അനന്തരവനാകുക എന്നുവച്ചാൽ എങ്ങനാണെന്നറിയാമല്ലോ; റോമിലെ കൊട്ടാരത്തിൽ താമസിക്കുക എന്നതും. ഇത്രയും ചെറുപ്പമായ, അനുഭവജ്ഞാനം കുറഞ്ഞ ഞാൻ എന്താണ് ചെയ്യേണ്ടത്? ദൈവം എനിക്ക് പ്രായശ്ചിത്തത്തിനുള്ള തീക്ഷ്ണമായ ആഗ്രഹം തന്നിട്ടുണ്ട്; എല്ലാറ്റിനുമുപരിയായി അവനെ പരിഗണിക്കാനുള്ള ആഗ്രഹവും. ഏതെങ്കിലുമൊരു ആശ്രമത്തിലേക്കു പോയാൽകൊള്ളാമെന്നുണ്ട് എനിക്ക്; ഈ ലോകത്തിൽ ദൈവവും ഞാനുമേയുള്ളൂ എന്നപോലെ ജീവിക്കാൻ.”

പക്ഷേ, അദ്ദേഹം ചാൾസിനോട് അവന്റെ കഴിവുകൾ നന്നായി ആവശ്യമുള്ള റോമിൽതന്നെ തുടരാനാണ് പറഞ്ഞത്.

പീയൂസ് നാലാമൻ പാപ്പ ട്രെന്റ് സൂനഹദോസ് വിളിച്ചുകൂട്ടിയപ്പോൾ ചാൾസിന് അതിന്റെ ഉത്തരവാദിത്വങ്ങൾ വളരെയുണ്ടായിരുന്നു. അതെല്ലാം നന്നായിത്തന്നെ നിർവഹിച്ചു. അതിനിടയിൽ ചാൾസിന്റെ ജ്യേഷ്ഠസഹോദരൻ ഫ്രെഡറിക് മരണമടഞ്ഞു. മൈനർ സഭയിലാണ് അപ്പോഴും എന്നുള്ളതുകൊണ്ട് എല്ലാവരും വിചാരിച്ചു അതെല്ലാം ഉപേക്ഷിച്ചുവന്ന് ചാൾസ് വിവാഹം കഴിച്ച് കുടുംബനാഥനായി ജീവിക്കുമെന്ന്. പക്ഷേ, ഉത്തരവാദിത്വങ്ങളും സമ്പത്തും തന്റെ അമ്മാവനെ ഏല്പിച്ച് 1563 സെപ്റ്റംബറിൽ നടക്കാനിരുന്ന തന്റെ പൗരോഹിത്യ വ്രതവാഗ്ദാനത്തിൽ ശ്രദ്ധിക്കുകയാണ് ചാൾസ് ചെയ്തത്. അതിനുശേഷം ആ കൊല്ലം ഡിസംബറിൽ തനിക്ക് 25 വയസ്സുള്ളപ്പോൾ മിലാന്റെ ആർച്ചുബിഷപ്പായി ചാൾസ് ബൊറോമിയോ അവരോധിക്കപ്പെട്ടു. 80 കൊല്ലമായിട്ട് മിലാന് ഒരു സ്ഥിരം ബിഷപ്പുണ്ടായിരുന്നില്ല. റോമിലെ ഉത്തരവാദിത്വങ്ങളിൽനിന്ന് തന്നെ മുക്തനാക്കാനും മിലാനിലേക്ക് പറഞ്ഞയയ്ക്കാനും പോപ്പിനോട് അപേക്ഷിച്ചത് നടന്നുകിട്ടി.

ഒരു നവോത്ഥാനത്തിന് ആര് വഴികാണിക്കുമെന്ന ചോദ്യത്തിന് ഉത്തരമായി ട്രെന്റ് സൂനഹദോസ് മുന്നോട്ടുവച്ച മാറ്റങ്ങൾ നടപ്പിലാക്കാനായി ചാൾസ് ഇറങ്ങിത്തിരിച്ചു. സ്‌കൂളുകളും സെമിനാരികളും കോൺവെന്റുകളും സ്ഥാപിച്ചു. മതപരമായ പരിശീലനങ്ങൾ നടപ്പിലാക്കാൻ തുടങ്ങി. കുട്ടികൾക്ക് മതബോധനപരിശീലനത്തിനുള്ള ക്രിസ്തീയതത്വസഖ്യങ്ങൾ സ്ഥാപിച്ചു. പ്രൊവിൻഷ്യൽ കൗൺസിലുകൾ, രൂപത സിനഡുകൾ, ഇടയലേഖനങ്ങൾ ഇതിലൂടെയൊക്കെ പുരോഹിതരുടെയും അത്മായരുടെയും ആത്മീയത ഉണർത്താൻ വേണ്ടതെല്ലാം ചെയ്തു.

ചാൾസ് ആൽപ്പൈൻ താഴ്‌വരകളിലേക്കും മലമുകളിലേക്കും യാത്രകൾനടത്തി. കർഷകരോട് ദൈവത്തെപ്പറ്റി പറഞ്ഞു, ഇടയന്മാരോട് ക്രിസ്തുമതത്തെപ്പറ്റി സംസാരിച്ചു. തന്റെ കുടുംബസ്വത്തൊക്കെ പാവങ്ങൾക്കുവേണ്ടി വിനിയോഗിച്ചു. വെള്ളിപ്പാത്രങ്ങളും മറ്റു വിലപിടിപ്പുള്ള വസ്തുക്കളും വിറ്റിട്ടും ദരിദ്രരെ ഊട്ടി. വളരെ ലളിതമായ ജീവിതം നയിച്ചു. കുറച്ചു ഭക്ഷണംമാത്രം കഴിച്ചു. ഭവനത്തിനുള്ളിൽ ബിഷപ്പിന്റേതായ വസ്ത്രങ്ങൾ ഉപേക്ഷിച്ച് പഴയതും കീറിയതുമായ ളോഹ ധരിച്ചു. പ്രാർഥനയിലും പഠനത്തിലും സമയം ചിലവിട്ടു. ഒന്നിലും തളരാത്ത തൊഴിലാളി ആയിക്കൊണ്ട് അഭംഗുരം അധ്വാനിച്ചു.

‘Nunc coepi’ ഇതായിരുന്നു അദ്ദേഹത്തിന്റെ മുദ്രാവാക്യം. അതിന്റെ അർഥം ‘ഞാനിതാ തുടങ്ങുന്നു’ എന്നാണ്. കുറച്ചെങ്കിലും വിശ്രമിക്കാൻ മറ്റുള്ളവർ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു: “ഞാനിപ്പോൾ തുടങ്ങിയതല്ലേയുള്ളൂ, എനിക്കെങ്ങനെ വിശ്രമിക്കാൻ കഴിയും?”

1570 -ൽ വിളകളെല്ലാം നശിച്ച് മിലാനിൽ വലിയ ക്ഷാമം ഉണ്ടായി. ചാൾസ് ആവശ്യക്കാർക്ക് ഭക്ഷ്യലഭ്യത ഉറപ്പാക്കി. മൂന്നുമാസത്തോളം ദിവസവും മൂവായിരത്തോളം പേരെ പോറ്റി. അതുപോലെ 1576 -ൽ പ്ലേഗ് പടർന്നുപിടിച്ചപ്പോൾ ആയിരങ്ങൾ മിലൻ നഗരത്തിലേക്ക് വന്നു, ദണ്ഡവിമോചനങ്ങൾക്കായി. വ്യവസായങ്ങൾ തകർന്നു, വരുമാനം നിലച്ചു. ഗവർണറും മറ്റു മേലുദ്യോഗസ്ഥരും ഒളിച്ച് നാടുവിട്ടു. ചാൾസ് ഗവണ്മെന്റിന്റെ നടത്തിപ്പ് ഏറ്റെടുത്തു. പാവങ്ങൾക്ക് വസ്ത്രത്തിനായി മാളികയിലെ മേശവിരിപ്പുകളും കർട്ടനുകളും ബെഡ്ഷീറ്റുകളും വലിച്ചെടുത്തു കൊടുത്തു. പാവങ്ങൾക്ക് ഭക്ഷണംകൊടുക്കാൻ തന്റെ ആകെ ബാക്കിയുണ്ടായിരുന്ന സമ്പാദ്യംമുഴുവൻ ഉപയോഗിച്ച് വലിയ കടത്തിലായി. വളരെപ്പേരെ സംരക്ഷിച്ചു, മരിക്കാറായവർക്ക് അന്ത്യകൂദാശകൾ കൊടുത്തു. ചാൾസിന്റെ പ്രവൃത്തികൾ ഒളിച്ചോടിപ്പോയ ഗവർണ്ണരെയും മറ്റുള്ളവരെയും ലജ്ജിപ്പിച്ചു, അവസാനം അവർ തിരിച്ചുവന്നു.

ചാൾസ് കാരണം സഭാധികാരികളുടെ താൻ മുന്നില് വേണ്ടത്ര ശ്രദ്ധിക്കപ്പെടുന്നില്ല എന്നുചിന്തിച്ച് നീരസംപൂണ്ട ഒരു മത പുരോഹിതന് അദ്ദേഹത്തെ വധിക്കാനുള്ള ശ്രമവും നടത്തി. ചാള്സ് അള്ത്താരയ്ക്കുമുന്നില് മുട്ടിന്മേല് നിന്നു പ്രാർഥിക്കുന്ന സമയം ഈ പുരോഹിതന് പുറകില്നിന്നും അദ്ദേഹത്തിനുനേരെ വെടിയുതിര്ത്തു.

ആദ്യം താന് മരിക്കുകയാണെന്നാണ് അദ്ദേഹം കരുതിയത്. പക്ഷേ, ആ വെടിയുണ്ടയ്ക്ക് അദ്ദേഹത്തിന്റെ മേല്വസ്ത്രത്തെ തുളച്ചുപോകാന് കഴിഞ്ഞില്ല. ഒരു ക്ഷതമേല്പ്പിക്കാന് മാത്രമേ ഇതുകൊണ്ട് കഴിഞ്ഞുള്ളൂ.

ചാൾസ് എല്ലാ കൊല്ലവും വാർഷികധ്യാനങ്ങൾക്കായി പോയിരുന്നു. എല്ലാ ദിവസവും കുമ്പസാരിച്ചിരുന്നു. 1584 ഒക്ടോബറിൽ വാർഷികധ്യാനത്തിനായി പോയ ചാൾസ് ഒക്ടോബർ 24 -ന് രോഗഗ്രസ്തനായി, ഒക്ടോബർ 29 -ന് മിലാനിലേക്കു തിരിച്ചു. വരുന്നവഴി തന്റെ ജന്മസ്ഥലമായ അരോണയിൽ സകല മരിച്ചാത്മാക്കളുടെ ദിവസം അവസാനമായി കുർബാന അർപ്പിച്ചു. അടുത്ത ദിവസം മിലാനിലെത്തി നേരെ കിടക്കയിലേക്കുപോയി. അന്ത്യകൂദാശകൾ നൽകപ്പെട്ടു. ചാക്കുവസ്ത്രം ധരിച്ച്, ചാരംപൂശിയ നിലയിൽ ക്രൂശിതന്റെ ചിത്രം ഉറ്റുനോക്കി കിടന്ന ചാൾസ് ബൊറോമിയോ ആ നിലയിൽ തന്നെ നവംബർ 3 -നും 4 -നുമിടയിൽ തന്റെ  ആത്മാവിനെ ദൈവത്തിലർപ്പിച്ചു. 46 വയസ്സ് മാത്രമായിരുന്നു അപ്പോൾ പ്രായം. വിശുദ്ധന്റ അപ്പസ്തോലിക തീക്ഷ്ണതയും വീരോചിതമായ ഉപവിയുംകൊണ്ട് രണ്ടാം അംബ്രോസ് എന്ന് അക്കാലത്ത് വിശുദ്ധൻ വിളിക്കപ്പെട്ടു. 1610 -ൽ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടു.

അഴിമതിക്കും പാഷണ്ഡതകൾക്കുമിടയിൽ ജീവിച്ചിട്ടും സുഖലോലുപതക്കുള്ള എല്ലാ സാഹചര്യമുണ്ടായിട്ടും വിശുദ്ധിയും ലാളിത്യവുമാണ് വി. ചാൾസ് ബൊറോമിയോ തിരഞ്ഞെടുത്തത്. അധികാരത്തിന്റെയും സമ്പത്തിന്റെയും മഹത്വത്തിൽ വിരാജിച്ചിരുന്നവരെല്ലാം കാലയവനികക്കുള്ളിൽ മണ്മറഞ്ഞു മറവിയിലാണ്ടപ്പോൾ, എളിമയുടെയും ശൂന്യവൽക്കരണത്തിന്റെയും വിശുദ്ധിയുടെയും പാത തിരഞ്ഞെടുക്കുന്നവരെ ദൈവം ഉയർത്തുന്നു, എന്നെന്നും അവർ മറ്റുള്ളവർക്ക് മാതൃകയായി വണങ്ങപ്പെടുന്നു.

വി. ചാൾസ് ബൊറോമിയോയുടെ തിരുനാൾ മംഗളങ്ങൾ!

ജിൽസ ജോയ് 
Reposted

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.