ഇരുപത്തിയൊന്നാം വയസില്‍ കര്‍ദ്ദിനാളായ വി. ചാള്‍സ് ബറോമിയ

ജീവിതരേഖ

1538- ല്‍ വടക്കേ മിലാനിലെ അറോണയില്‍ ഗില്‍ബര്‍ട്ടിന്റെയും മാര്‍ഗരറ്റിന്റേയും രണ്ടാമത്തെ മകനായി ചാള്‍സ് ജനിച്ചു. പവിയ സര്‍വ്വകലാശാലയില്‍ നിന്നും ഇരുപത്തിയൊന്നാമത്തെ വയസില്‍ (1559) സിവില്‍ നിയമത്തിലും സഭാനിയമത്തിലും ഡോക്ടറല്‍ ബിരുദം കരസ്ഥമാക്കിയ ചാള്‍സ്, പുരോഹിതനാകുന്നതിനു മുമ്പേ തന്നെ കര്‍ദ്ദിനാളായി (ഇരുപത്തിയൊന്നാമത്തെ വയസില്‍). അമ്മാവനായ പീയൂസ് നാലാമന്‍ പാപ്പായാണ് 1560 ജനുവരി 31- ന് ചാള്‍സിനെ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തിയത്.

മൂത്ത സഹോദരന്‍ ഫെഡറികോയുടെ മരണശേഷം സഭാപരമായ ഉത്തരവാദിത്വങ്ങളില്‍ നിന്നു പിന്മാറി കുടുംബത്തിന്റെ നായകത്വം ഏറ്റെടുക്കാന്‍ പലരും നിര്‍ബദ്ധിച്ചെങ്കിലും പൗരോഹിത്യവഴിയില്‍ തുടരാനായിരുന്നു ചാള്‍സിന്റെ തീരുമാനം.

1563 സെപ്റ്റംബര്‍ നാലാം തീയതി ഇരുപത്തിയഞ്ചാമത്തെ വയസില്‍ പുരോഹിതനായി അഭിഷിക്തനായ ചാള്‍സ്, അതേ വര്‍ഷം ഡിസംബര്‍ ഏഴാം തീയതി മെത്രാന്‍സ്ഥാനത്തേക്കും ഉയര്‍ത്തപ്പെട്ടു. തല്‍ഫലമായി തെന്ത്രോസ് സുനഹദോസിന്റ അവസാനഘട്ടത്തില്‍ പങ്കെടുക്കാന്‍ സാധിച്ചു. കത്തോലിക്കാ സഭയില്‍ നവീകരണം (Counter-Reformation) വേണം എന്നതിന്റെ മുഖ്യപ്രചാരകരില്‍ ഒരാളായി ചാള്‍സ് മാറി. തെന്ത്രോസ് സുനഹദോസിനു ശേഷം നിലവില്‍ വന്ന മതബോധന ഗ്രന്ഥത്തിന്റെ മുഖ്യശില്പി ചാള്‍സ് ബറോമിയ ആയിരുന്നു.

ഇരുപത്തിയേഴാം വയസില്‍ മിലാന്‍ ആര്‍ച്ചുബിഷപ്പ് 

മെത്രാന്മാര്‍ അവരുടെ രൂപതയില്‍ തന്നെ വസിക്കണം എന്നത് തെന്ത്രോസ് സൂനഹദോസിന്റ നിയമം മൂലം, 1565- ല്‍ ഇരുപത്തിയേഴാം വയസില്‍ ചാള്‍സ് മിലാന്‍ രൂപതയുടെ ആര്‍ച്ചുബിഷപ്പായി. മൂന്നു പ്രാവശ്യം അതിരൂപത മുഴുവനും അജപാലനസന്ദര്‍ശനങ്ങള്‍ നടത്തിയ ചാള്‍സ് മെത്രാന്‍ രൂപതയിലെ വിശ്വാസികളെ പല ഇടവക സമൂഹങ്ങളായി ക്രോഡീകരിച്ചു.

വൈദികവിദ്യാര്‍ത്ഥികളുടെ പരിശീലനത്തിനായി സെമിനാരികള്‍ സ്ഥാപിച്ച ചാള്‍സ്, ദൈവാലയങ്ങളും കോളേജുകളും ആശുപത്രികളും നിര്‍മ്മിക്കാന്‍ നേതൃത്വം നല്‍കി. ഇടവക വൈദികരെ കൂടി ഉള്‍പ്പെടുത്തി Congregation of Oblates എന്ന വൈദിക കൂട്ടായ്മ സ്ഥാപിച്ചു. ചാള്‍സിനു കിട്ടിയ കുടുംബസ്വത്ത് മുഴുവന്‍ പാവപ്പെട്ടവര്‍ക്കായി ദാനം ചെയ്തു. മിലാനില്‍ അദ്ദേഹം സ്ഥാപിച്ച മതബോധന കേന്ദ്രങ്ങള്‍ കാരണം പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് മിലാനില്‍ വേരുപിടിക്കാന്‍ സാധിച്ചില്ല. ചാള്‍സ് ബറോമിയുടെ കീര്‍ത്തി അനുദിനം വര്‍ദ്ധിച്ചിരുന്നതിനാല്‍ പലരും അസൂയാലുക്കളായിരുന്നു. 1569- ൽ ഒരു പുരോഹിതന്‍ തന്നെ ചാള്‍സിനെ വധിക്കാന്‍ ശ്രമിച്ചിരുന്നു.

യേശുക്രിസ്തുവിന്റെ തിരുക്കച്ച ഇറ്റലിയിലേക്ക് തിരികെ കൊണ്ടുവരുന്നതില്‍ ചാള്‍സ് ബറോമിയ പ്രമുഖ പങ്കു വഹിച്ചു. ക്രിസ്തുവിന്റെ തിരുക്കച്ചയുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കണം എന്ന ചാള്‍സിന്റെ തീവ്രമായ ആഗ്രഹം കൊണ്ടാണ് തിരുക്കച്ച ഫ്രാന്‍സില്‍ നിന്നും ഇറ്റലിയിലെ ടൂറിനിലേക്കു കൊണ്ടുവരാന്‍ 1578- ല്‍ സാവോയിലെ ഡ്യൂക്ക് (Duke of Savoy) തീരുമാനിച്ചത്. മിലാനില്‍ നിന്നു ടൂറിനിലേക്ക് കാല്‍നടയായി ചാള്‍സ് തീര്‍ത്ഥാനം നടത്തിയിരുന്നു.

1564 മുതല്‍ 1572 വരെ റോമിലെ സാന്താ മരിയ മജോറ ബസിലിക്കയിലെ ആര്‍ച്ചുപ്രീസ്റ്റായിരുന്നു വി. ചാള്‍സ്. നാല്‍പത്തിയാറാമത്തെ വയസില്‍ 1584 നവംബര്‍ മാസത്തില്‍ ചാള്‍സ് ബറോമിയ മരണമടഞ്ഞു. മിലാന്‍ കത്തീഡ്രലിലാണ് അദ്ദേഹത്തെ സംസ്‌കരിച്ചിരിക്കുന്നത്. ചാള്‍സിനെ 1602 മെയ് മാസം പന്ത്രണ്ടാം തീയതി ക്ലമന്റ് എട്ടാമന്‍ പാപ്പാ വാഴ്ത്തപ്പെട്ടവനായും 1610 നവംബര്‍ ഒന്നാം തീയതി പോള്‍ അഞ്ചാമന്‍ മാര്‍പാപ്പാ വിശുദ്ധനായും പ്രഖ്യാപിച്ചു. വയറില്‍ ഉണ്ടാകുന്ന അള്‍സര്‍ രോഗങ്ങളുടെ മദ്ധ്യസ്ഥനാണ് ചാള്‍സ് ബറോമിയ.

വി. ചാള്‍സ് ബറോമിയയും പ്ലേഗും

1570- കളില്‍, ഇറ്റലിയിലെ മിലാനില്‍ പ്ലേഗ് രോഗം പടര്‍ന്നുപിടിച്ചപ്പോള്‍ 30 % ജനങ്ങള്‍ മരണത്തിനു കീഴടങ്ങി. പില്‍ക്കാലത്ത് ഈ മഹാമാരി, മിലാനിലെ ആര്‍ച്ചുബിഷപ്പായിരുന്ന വി. ചാള്‍സ് ബറോമിയോടുള്ള ബഹുമാനാര്‍ത്ഥം വി. ചാള്‍സിന്റെ പ്ലേഗ് (Plague of St. Charles) എന്നാണ് അറിയപ്പെടിരുന്നത്. പ്ലേഗ് ബാധിച്ച മിലാന്‍ നിവാസികളെ പരിചരിക്കുന്നതില്‍ ചാള്‍സ് മെത്രാന്‍ കാണിച്ച ഹൃദയവിശാലതക്കുള്ള അംഗീകാരമായിരുന്നു ഇത്. സിവില്‍ ഭരണകര്‍ത്താക്കള്‍ പ്ലേഗിനെ പേടിച്ച് മിലാന്‍ നഗരം വിട്ടപ്പോള്‍ സ്ഥലത്തെ മെത്രാനായിരുന്ന ചാള്‍സ് ആരോഗ്യപ്രവര്‍ത്തകരെ ഏകോപിപ്പിച്ച് പ്ലേഗിനെതിരെ പോരാടി. ദിവസവും അറുപതിനായിരം മുതല്‍ എഴുപതിനായിരം വരെ ജനങ്ങള്‍ക്ക് അദ്ദേഹം ഭക്ഷണം നല്‍കിയിരുന്നു.

പൊതുജനാരോഗ്യ കാരണങ്ങളാലും പ്ലേഗിന്റെ വ്യാപനം തടയാനുമായി എല്ലാ ദൈവാലയങ്ങളും അടച്ചിടാന്‍ ഉത്തിരവിറക്കി. പള്ളികള്‍ അടച്ചിടാന്‍ ഉത്തരവിട്ട ചാള്‍സ് മെത്രാന്‍ വിശ്വാസികള്‍ക്ക് പ്രാര്‍ത്ഥനക്ക് ഇടം നല്‍കുന്നതിന് ദൈവാലയങ്ങള്‍ക്കു പുറത്ത് ബലിപീഠങ്ങള്‍ നിര്‍മ്മിക്കാന്‍ ആഹ്വാനം ചെയ്തു. അതുവഴി വിശ്വാസികള്‍ക്ക് അവരുടെ ആരോഗ്യത്തെയും മറ്റുള്ളവരുടെ ആരോഗ്യത്തെയും അപകടത്തിലാക്കാതെ വിശുദ്ധ കുര്‍ബാനക്കും പ്രാര്‍ത്ഥനക്കുമായി എത്താന്‍ കഴിഞ്ഞു.

പ്ലേഗ് മഹാമാരി അവസാനിച്ചപ്പോള്‍, ഈ ബലിപീഠങ്ങള്‍ പൊളിച്ചുമാറ്റുകയും വിശ്വാസികള്‍ വിശുദ്ധ കുര്‍ബാനക്കായി ദൈവാലയത്തിനകത്ത് വീണ്ടും പ്രവേശിക്കാനും തുടങ്ങി. പക്ഷേ, അവര്‍ പണിത ബലിപീഠങ്ങളുടെ സ്ഥാനത്ത് ദൈവത്തോടുള്ള നന്ദിസൂചകമായി വിശ്വസികള്‍ ‘പ്ലേഗ് കുരിശുകള്‍’ എന്ന് അറിയപ്പെടുന്ന ചെറുസ്മാരകങ്ങൾ നിര്‍മ്മിച്ചു. ഇന്നും ചില ‘പ്ലേഗ് കുരിശുകള്‍’ മിലാന്‍ നഗരത്തിലുണ്ട്.

ഫാ. ജയ്‌സണ്‍ കുന്നേല്‍ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.